കിളിമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 63 കാരിക്ക് ദാരുണാന്ത്യം.

കിളിമാനൂർ :- കിളിമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 63 കാരിക്ക്  ദാരുണാന്ത്യം. കിളിമാനൂർ ഇരട്ടച്ചിറക്ക് സമീപം എംജിഎം സ്ക്കൂളിനുസമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

കിളിമാനൂർ,ഊമൺപള്ളിക്കര മുളങ്കുന്ന്. അവാസ്ഭവനിൽ വസന്തകുമാരിയാണ് മരണപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്തുനിന്നും വന്ന മാരുതി ബലേനോ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വസന്തകുമാരിയെ  ഉടനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിയുകയും കാറിൽ ഉണ്ടായിരുന്നവരിൽ 11 വയസ്സുള്ള കുട്ടിയടക്കം രണ്ടു പേരെ പരുക്കുകളോടെ  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പട്ടം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
 
വസന്തകുമാരിയുടെ മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടക്കും.കിളിമാനൂർ  പോലീസ് നടപടികൾ സ്വീകരിച്ചു.