ആരോഗ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിനെതിരെ പരാതി; ഡോക്ടര്‍ നിയമനത്തിന് 5ലക്ഷം കൈക്കൂലി വാങ്ങി; അന്വേഷണം

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരെ കൈക്കൂലി വാങ്ങിയതായി പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ പറഞ്ഞു. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയത്. 

ഇടനിലക്കാരന്‍ പത്തനംതിട്ട സ്വദേശി അഖില്‍ സജീവാണെന്നും ഇയാള്‍ സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ ഓഫിസ് നല്‍കിയ പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം നടത്തും.