ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; വരുന്ന 5 ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴകനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ വരുന്ന 5 ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തി കൂടിയ ന്യൂനമർദ്ദം വടക്കൻ ഒഡിഷക്ക് മുകളിലായി സ്ഥിതി ചെയ്യുന്നു.

അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ്-കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാലും, തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതച്ചുഴി നില നിൽക്കുന്നതിനാലുമാണ് മഴ ശക്തിപ്പെടുക. ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.