ഭീഷണിയായി ഒന്നല്ല, രണ്ട് ചക്രവാതച്ചുഴികള്‍, അതിനിര്‍ണായക മണിക്കൂറുകൾ; 5 ദിനം മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായേക്കാൻ സാധ്യത. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായി ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.