ഇന്ത്യയുടെ 'അശ്വമേധം'; അശ്വാഭ്യാസത്തിൽ 41 വർഷത്തിന് ശേഷം സ്വർണം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. അശ്വാഭ്യാസം (ഡ്രെസ്സേജ്) വിഭാ​ഗത്തിലാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. ഈ ഇനത്തിൽ 41 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ സ്വർണം അണിയുന്നത്. സുദീപ്തി ഹജേല, ദിവ്യകൃതി സിങ്, ഹൃദയ് ഛേദ, അനുഷ് അഗർവാല എന്നിവരുടെ സംഘമാണ് സുവർണത്തിളക്കം നേടിയെടുത്തത്. 209.205 സ്കോർ നേടിയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. മുമ്പ് 1982ലാണ് ഇന്ത്യ ഈ ഇനത്തിൽ അവസാനമായി സ്വർണം നേടിയത്.

അനുഷ് അഗർവാലയുടെ കുതിരയായ ഇ ടി ആർ ഒ (ETRO) 71.088 എന്ന ഉയർന്ന സ്‌കോർ നേടി. ഹൃദയ് ഛേദ 69.941 സ്‌കോർ ചെയ്തു. ദിവ്യകൃതി സിംഗിന്റെ കുതിരയായ അഡ്രിനാലിൻ ഫിർദോദ് 68.176 സ്കോറാണ് നേടിയത്. സുദീപ്തി ഹജേല വക 66.706 സ്കോർ ലഭിച്ചു. ഈ വിഭാ​ഗത്തിൽ ചൈനയ്ക്കാണ് രണ്ടാം സ്ഥാനം.

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്. 14 മെഡലോടെ ഇന്ത്യ ആറാം സ്ഥാനത്ത് തുടരുകയാണ്. നാല് വെള്ളിയും ഏഴ് വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതിനോടകം സ്വന്തമാക്കി. ഏഷ്യൻ ​ഗെയിംസിന്റെ മൂന്നാം ദിനം ഇന്ത്യ ഇതുവരെ മൂന്ന് മെഡലുകൾ സ്വന്തമാക്കി. മെഡൽ പട്ടികയിൽ ചൈനയാണ് ഒന്നാമത്.