തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.തൃശൂർ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ, കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയത്.
ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. വൈറ്റ് കളർ ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് വിവരം. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ പതിവായി കൊണ്ട് പോകാറുള്ളത്. ഇക്കാര്യം അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.