ലഹരിമരുന്നുമായി നിയമ വിദ്യാർ‌ഥികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

 എംഡിഎംഎയുമായി നിയമ വിദ്യാർഥികൾ ഉൾപ്പെടെ 3 പേർ
 അറസ്റ്റിൽ. കഠിനംകുളം എ.കെ. ഹൗസിൽ അൻസീർ (25), അണ്ടൂർക്കോണം എസ്.ആർ. 
നിവാസിൽ അജ്മൽ (28), കഠിനംകുളം ഷിയാസ് മൻസിലിൽ മുഹമ്മദ് നിഷാൻ (27) 
എന്നിവരെയാണ് പൂവാർ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 15.62 ഗ്രാം 
എംഡിഎംഎയും ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പിടിച്ചെടുത്തു.


കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് 
തമിഴ്‌നാട്ടിലൂടെ ലഹരിമരുന്നുമായി ഒരു സംഘം വരുന്നുണ്ടെന്ന വിവരത്തിന്റെ 
അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. കഴക്കൂട്ടം – കാരോട്
 ബൈപാസിലെ പുറുത്തിവിള ജംക്‌ഷനു സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് 
പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. 
 
   
 

ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്. ബെംഗളൂരുവിൽ നിന്ന് 
തമിഴ്നാട് വഴിയുള്ള യാത്രയ്ക്കിടെ പലർക്കും ഇവർ എംഡിഎംഎ വിൽപന നടത്തിയതായും
 പൊലീസിനു വിവരം ലഭിച്ചു. അജ്മൽ, മുഹമ്മദ് നിഷാൻ എന്നിവരാണ് എൽഎൽബി 
വിദ്യാർഥികൾ. ഇവർ ബെംഗളൂരുവിൽ ആണ് പഠിക്കുന്നത്. അൻസീൽ ലഹരിക്കടത്ത് 
ഉൾപ്പെടെ  ഒട്ടേറെ കേസുകളിലെ പ്രതിയാണ്.