കെഎൽ രാഹുലിനും കോലിക്കും സെഞ്ചുറി. പാകിസ്താന് വിജയലക്ഷ്യം 357


കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 357 റണ്‍സ് വിജലക്ഷ്യം. 24.1 ഓവറില്‍ 147-2 എന്ന സ്കോറില്‍ റിസര്‍വ് ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്‍റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സടിച്ചു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 233 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ രാഹുലും കോലിയും ചേര്‍ന്ന് പാക് ബൗളര്‍മാരെ അടിച്ചുപറത്തിയപ്പോള്‍ ഹാരിസ് റൗഫിന് പന്തെറിയാനാകാതിരുന്നത് പാക്കിസ്ഥാന് തിരിച്ചടിയായി. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണിത്.തുടക്കത്തില്‍ രാഹുല്‍ തകര്‍ത്തടിച്ചപ്പോള്‍ കോലി പിന്തുണ നല്‍കി. അര്‍ധസെഞ്ചുറിക്ക് പിന്നാലെ കോലിയും തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ വമ്പന്‍ സ്കോര്‍ ഉറപ്പിച്ചത്. രാഹുല്‍ 100 പന്തില്‍ ആറാം സെഞ്ചുറി തികച്ചപ്പോള്‍ കോലി 84 പന്തില്‍ 47ാം ഏകദിന സെഞ്ചുറി തികച്ചു. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 13000 റണ്‍സ് പിന്നിടുന്ന ബാറ്ററെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. ഫഹീം അഷ്റഫ് എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സടിച്ച ഇന്ത്യക്കായി കോലി അവസാന പന്തില്‍ സിക്സ് പറത്തിയാണ് ഇന്ത്യയെ 356 രണ്‍സിലെത്തിച്ചത്.

രാഹുല്‍ കാ ഹുക്കൂം, കിംഗ് കോലി

മാസങ്ങളുടെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുലാണ് റിസര്‍വ് ദിനത്തില്‍ തുടക്കത്തില്‍ ഇന്ത്യന്‍ ആക്രമണം നയിച്ചത്. സിംഗിളുകളും ഡബിളുകളുമായി വിരാട് കോലി രാഹുലിന് മികച്ച പങ്കാളിയായി.രാഹുല്‍ 60 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയപ്പോള്‍ കോലിക്ക് ഫിഫ്റ്റി അടിക്കാന്‍ വേണ്ടിവന്നത് 55 പന്തുകള്‍. 33-ാം ഓവറില്‍ 200 കടന്ന ഇന്ത്യ 45-ാം ഓവറില്‍ 300 കടന്നു. അവസാന അഞ്ചോവറിൽ 56 റൺസ് അടിച്ച കോഹ്ലി രാഹുൽ സഖ്യം ഇന്ത്യയെ മുന്നൂറ്റി അമ്പത് കടത്തി.പുറംവേദനമൂലം റിസര്‍വ് ദിനത്തില്‍ പേസര്‍ ഹാരിസ് റൗഫിന് പന്തെറിയാനാകാതിരുന്നത് പാക്കിസ്ഥാന്‍ ബൗളിംഗിനെ ബാധിച്ചു. പകരം പന്തെറിഞ്ഞ ഇഫ്തീഖര്‍ അഹമ്മദിന്‍റെ അഞ്ചോവറില്‍ ഇന്ത്യ 46 റണ്‍സടിച്ചു.അവസാന ഓവറുകളില്‍ പന്തെറിയാനാകാതെ നസീം ഷാ മടങ്ങിയതും പാക്കിസ്ഥാന് തിരിച്ചടിയായി. ഇന്ത്യക്ക് ഭീഷണിയാകുമെന്ന് കരുതിയ ഷഹീന്‍ അഫ്രീദിയെ പത്തോവറില്‍ 79 റണ്‍സടിച്ചാണ് ഇന്ത്യ കണക്കു തീര്‍ത്തത്. ഷദാബ് ഖാന്‍ പത്തോവറില്‍ 71 രണ്‍സുംഫഹീം അഷ്റഫ് പത്തോവറില്‍ 74 രണ്‍സും വഴങ്ങി.