കെട്ടിട അനുമതിക്ക് പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ, 25,000 ആവശ്യം; കാറിൽ കാത്തിരുന്ന ഓവർസിയറെ തേടി വിജിലൻസ് എത്തി

കണ്ണൂർ: കണ്ണൂർ പയ്യന്നൂർ മുൻസിപ്പാലിറ്റിഫസ്റ്റ് ഗ്രേഡ് ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. ഓവർസിയർ ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കെട്ടിട നിർമ്മാണ അനുമതി നല്‍കുന്നതിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു വിജിലൻസ് ഇയാളെ പിടികൂടിയത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി പയ്യന്നൂരിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ അനുമതിക്കായി ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയത്. തുടർന്ന് പരാതിക്കാരൻ പലപ്രാവശ്യം അനുമതിക്കായി മുൻസിപ്പാലിറ്റിയിൽ അന്വേഷിച്ചു ചെന്നെങ്കിലും ഓവർസിയർ ആയ ബിജു ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇക്കഴിഞ്ഞ 21-ാം തീയതി പരാതിക്കാരൻ ബിജുവിനെ കണ്ടപ്പോൾ 25,000 രൂപ കൈക്കൂലി നൽകിയാൽ നിർമ്മാണാനുമതി വേഗത്തിൽ നൽകാമെന്നറിയിച്ചു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് കണ്ണൂർ ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കുകയായിരുന്നു.കൈക്കൂലി വാങ്ങാനായി ഇന്ന് ഉച്ചയ്ക്ക് 1.30 -ഓടെ മുനിസിപ്പാലിറ്റി ഓഫീസിന് പുറത്ത് കാറിൽ കാത്തിരുന്ന ബിജുവിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്.പി യെ കൂടാതെ ഇൻസ്പെക്ടര്‍ അജിത്ത്, സബ് ഇൻസ്പെക്ടര്‍ അശോകൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രവീൺ, നിജേഷ്, ജയശ്രീ എസ്.സി.പി.ഒ മാരായ സുകേഷ്, സജിൻ, വിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ വിനോദ്കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു