മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തദാനം ചെയ്ത് ആരാധകർ. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ക്യാമ്പെയിന് ലഭിച്ചത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ക്യാമ്പെയിന്റെ ഭാഗമായി ഇതിനോടകം ഏഴായിരം രക്തദാനം നടന്നതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷന്റെ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. ലോകമെമ്പാടുമായി 25,000 രക്തദാനം നടത്താനാണ് ആരാധകരുടെ പദ്ധതി.തിരുവോണനാളിൽ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ വച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസാണ് മെഗാ രക്തദാനത്തിന് തുടക്കമിട്ടത്. ഇന്ത്യക്ക് പുറത്ത് യുഎഇ, സൗദി അറേബ്യ, കുവെയ്റ്റ്, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലും ആരാധകർ രക്തദാനത്തിന് സന്നദ്ധരായി എത്തുന്നുണ്ട്. പതിനേഴ് രാജ്യങ്ങളിലെ ഫാൻസ് കൂട്ടായ്മകളാണ് രക്തദാന ക്യാമ്പയിന് നേതൃത്വം വഹിക്കുന്നത്. കേരളത്തിൽ രക്തദാനം ഈ ആഴ്ച ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ പറഞ്ഞു. ഈ മാസം മുഴുവൻ പല സ്ഥലങ്ങളിലായി ക്യാമ്പുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 7 നാണ് മമ്മൂട്ടിയുടെ ജന്മ ദിനം. രക്തദാനവും ജീവകാരുണ്യ പ്രവർത്തനങ്ങളുമായാണ് മമ്മൂട്ടി ആരാധകർ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാറ്. സെപ്റ്റംബർ മാസം ആരംഭിച്ചത് മുതൽ എല്ലാദിവസവും രക്തദാന ക്യാമ്പുകൾ നടക്കുന്നുണ്ട്.