പ്രഭാത വാർത്തകൾ 21/ 9 / 2023വ്യാഴം.

◾വനിതാ സംവരണ ബില്‍ ലോക്സഭ ഒറ്റക്കെട്ടായി പാസാക്കി. 454 എംപിമാര്‍ പിന്തുണച്ചു. രണ്ട് എംപിമാര്‍ മാത്രമാണ് എതിര്‍ത്തത്. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുന്ന 'നാരിശക്തി വന്ദന്‍ അധിനിയം' എന്ന ബില്‍ അടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനു ബാധകമാകില്ല. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും പൂര്‍ത്തിയാക്കിയശേഷമേ നടപ്പാക്കൂ. ബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.

◾എന്‍ഫോഴ്സ്മെന്റിനെ പോലീസിനെക്കൊണ്ടു കുരുക്കിടാന്‍ പിണറായി സര്‍ക്കാര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന് ആരോപിച്ചുള്ള പരാതിയില്‍ പോലീസ് കൊച്ചി ഇ ഡി ഓഫിസില്‍ പരിശോധന നടത്തി. മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. കള്ളമൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് പരാതി. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തേക്കും. സ്വര്‍ണ്ണക്കടത്ത് കേസിലും സമാനമായ രീതിയില്‍ പൊലീസ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു.

◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും വിവിധ വിഭാഗം ജനങ്ങളുമായി സംവദിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണു പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലേയും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബര്‍ മാസത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ സംഘാടകസമിതി രൂപീകരിക്കും.

◾നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി കണ്ണൂര്‍ സ്വദേശി രതീഷിനെ എന്‍ഐഎ അറസ്റ്റു ചെയ്തു. ദുബൈയില്‍നിന്ന് മുംബൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.

◾പ്രതികളെ ആശുപത്രികളില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് തയാറാക്കിയ മാര്‍ഗരേഖ മന്ത്രിസഭ അംഗീകരിച്ചു. അക്രമാസക്തരായ വ്യക്തികളെ കൈവിലങ്ങുവച്ചാണ് ആരോഗ്യപ്രവര്‍ത്തകനു മുന്നില്‍ എത്തിക്കേണ്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കേണ്ടതാണ്. പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥര്‍ക്കായിരിക്കും.

◾നിപ പരിശോധന ഇനി ട്രൂനാറ്റ് സൗകര്യമുള്ള ലാബുകളിലും നടത്താം. കേരളം ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് അനുമതി. ട്രൂനാറ്റ് പരിശോധനയില്‍ ഫലം വ്യക്തമായാലും നിലവിലെ മാനദണ്ഡം അനുസരിച്ച് പൂനെയിലേക്ക് സാമ്പിള്‍ അയക്കുന്നത് തുടരും.

◾ദേവപൂജ കഴിയുന്നതുവരെ ആരേയും തൊടില്ലെങ്കില്‍ പൂജാരി ശ്രീകോവിലില്‍നിന്നു പുറത്തിറങ്ങിയത് എന്തിനെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നതെന്നും മറ്റെവിടേയും കാണാത്തതാണ് അവിടെ കണ്ടതെന്നും മന്ത്രി പറഞ്ഞു.

◾മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി. ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലന്‍സിന് അനുമതി നല്‍കിയത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിശദമായി ഇന്നു പ്രതികരിക്കാമെന്നും മാത്യു കുഴല്‍നാടന്‍.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാക്കളായ ഇ.പി ജയരാജന്‍, എ.സി മൊയ്തീന്‍, എം.കെ കണ്ണന്‍ എന്നിവര്‍ക്കെതിരേ വ്യാജരേഖ എഴുതി നല്‍കാനാവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചതെന്ന് വടക്കാഞ്ചേരിനഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അരവിന്ദാക്ഷന്‍ ചികില്‍സ തേടിയിരുന്നു.

◾കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍ നിന്ന് രാത്രി പത്തരയോടെ പാലക്കാടെത്തി. ഇന്നു രാവിലെ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും.

◾മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും. വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതിയെ ചുമതലപ്പെടുത്തി.

◾കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേ പ്രതിഷേധിച്ച് താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിലെ 34 പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവില്ലെന്നു കണ്ടാണ് കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. കേസ് ഡയറി കാണാതാകുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂറുമാറുകയും ചെയ്ത കേസാണിത്. 2013 ലെ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ 80 ലക്ഷം രൂപയോളം നഷ്ടമുണ്ടാക്കിയെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്.

◾25 കോടി രൂപയുടെ തിരുവോണം ബമ്പര്‍ കോയമ്പത്തൂര്‍ സ്വദേശിക്ക്. അന്നൂര്‍ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനം. പാലക്കാട്ടെ ഏജന്റ് ഗുരുസ്വാമി ഇയാള്‍ക്കു വിറ്റ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് 25 കോടി രൂപയുടെ ഭാഗ്യം ലഭിച്ചത്.

◾തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെചൊല്ലി മദ്യാസക്തിയിലായിരുന്ന സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ വെട്ടിക്കൊന്നു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് അജിത്തിന്റെ കൈവശം സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. ടിക്കറ്റ് തിരികേ ചോദിച്ചതോടെയാണ് തര്‍ക്കവും കൊലപാതകവും നടന്നത്.

◾കരിമണല്‍ കമ്പനിയില്‍നിന്നു മാസപ്പടി കൈപ്പറ്റിയ പട്ടികയിലെ പിവി എന്ന ചുരുക്കപ്പേര് താനല്ലെന്ന നട്ടാക്കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കരിമണല്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയില്‍ പിവി എന്നതു പിണറായി വിജയന്‍ എന്നാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സുധാകരന്‍ പറഞ്ഞു.

◾പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി നാളെ തുറക്കും. രാവിലെ 10 ന് രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതം തുറന്ന് 2.60 ക്യൂമെക്സ് വരെ കുണ്ടളയാറു വഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കി വിടും.

◾കൊച്ചി മറൈന്‍ ഡ്രൈവ് വാക്ക് വേയില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ പ്രവേശനം നിരോധിക്കും. മറൈന്‍ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സംരക്ഷിക്കാനാണ് നടപടിയെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍ അറിയിച്ചു. മറൈന്‍ ഡ്രൈവ് നടപ്പാതയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും.

◾ഇടുക്കിയിലെ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ കിടപ്പു സമരം. കെട്ടിടത്തിന് ഫിറ്റ്നസില്ലെന്ന കാരണം പറഞ്ഞ് ഹോസ്റ്റലുകള്‍ അടച്ചു പൂട്ടിയതാണ് സമരത്തിനു കാരണം.

◾ഫറോഖ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ ബിഹാര്‍ സ്വദേശി മന്‍ദീപ് ഭാരതി അറസ്റ്റിലായി. കുറ്റിപ്പുറത്ത് ജോലി ചെയ്ത വകയില്‍ കിട്ടാനുള്ള 16,500 രൂപ തരണമെന്ന് ആവശ്യപ്പെട്ടും പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് ട്രെയിന്‍ തടഞ്ഞത്. കാവിക്കൊടി വടിയില്‍ കെട്ടി മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ട്രെയിനിന് മുന്നില്‍ നിന്നതുമൂലം ട്രെയിന്‍ ഒന്‍പത് മിനുട്ട് വൈകി.

◾തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പിനു പിന്നില്‍ ഇ.പി. ജയരാജന്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഇ.പി. ജയരാജന്‍ തൃശൂരില്‍ എത്തിയതോടെയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ നാശം തുടങ്ങിയത്. അദ്ദേഹം ആരോപിച്ചു.  

◾മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ തോട്ടം തൊഴിലാളികളായ ഒമ്പതു സ്ത്രീകളാണു മരിച്ചത്.

◾സിഗ്നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഗീതാ വിഹാറില്‍ വിജയന്‍ പിള്ള (73)യാണ് മരിച്ചത്.

◾തിരുവനന്തപുരം വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്‍ഡന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. ഡ്രൈവര്‍ കാറില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

◾വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് രണ്ടു കോടിയോളം രൂപ തട്ടിയെടുത്ത രണ്ടുപേരെ അരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ആലുവ സ്വദേശികളായ എം.ആര്‍ രാജേഷ് (50), മകന്‍ അക്ഷയ് രാജേഷ്(23) എന്നിവരെയാണ് പിടികൂടിയത്. നാല്‍പതോളം ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചെന്നു പോലീസ്.

◾കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. ഇരിങ്ങാലക്കുടയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ മനവലശ്ശേരി കനാല്‍ബേസ് സ്വദേശി വടക്കുംതറ വീട്ടില്‍ മിഥുനെ (37)യാണ് നാടുകടത്തിയത്.

◾നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. നിയമസഭയിലോ ലോക്സഭയിലോ കോഴ വാങ്ങി വോട്ടു ചെയ്യുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നിയമ പരിരക്ഷയുണ്ടെന്ന വിധിയാണ് സുപ്രീം കോടതി 25 വര്‍ഷങ്ങള്‍ക്കുശേഷം പുനഃപരിശോധിക്കുന്നത്. നിലവിലെ പല എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും ഇതു തിരിച്ചടിയാകും.

◾ലോക്സഭ പാസാക്കിയ വനിതാ സംവരണ ബില്ലിനെതിരേ വോട്ടുചെയ്തത് രണ്ട് എംപിമാര്‍ മാത്രം. ഓള്‍ ഇന്ത്യ മജിലിസ് ഇ ഇത്തേഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി അധ്യക്ഷന്‍ അസദുദീന്‍ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിര്‍ത്തത്. ന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേക സംവരണം വേണമെന്ന ഇവരുടെ ആവശ്യം സഭ തള്ളിയിരുന്നു. സവര്‍ണ സ്ത്രീകള്‍ക്കു മാത്രമേ ഗുണം ലഭിക്കൂവെന്ന് ഉവൈസി പറഞ്ഞു.

◾അടുത്ത ജനുവരി 26 നു റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് അതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു. യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി അറിയിച്ചതാണ് ഇക്കാര്യം.

◾പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയും അവധിയെടുക്കുകയും ചെയ്തതോടെ ആകാശ എയര്‍ലൈന്‍സ് പ്രതിസന്ധിയിലായി. നിരവധി ഫ്ളൈറ്റുകള്‍ വെട്ടിച്ചുരുക്കുകയാണെന്ന് കമ്പനി അറിയിച്ചു.

◾കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്മാര്‍ തിരിച്ചുവരുന്നതാണ് ഉചിതമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതിനു പിറകേയാണ് ഇന്ത്യ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ത്യാവിരുദ്ധ കാര്യങ്ങള്‍ നടക്കുന്ന ഇടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ ഗഞ്ചാരിയില്‍ അത്യാധുനിക സംവിധാനങ്ങളും കൈലാസത്തിന്റെ മാതൃകയിലുമുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നു. 450 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന 30,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിനു ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. മേല്‍ക്കൂര ശിവന്റെ ചന്ദ്രക്കലയോട് സാമ്യമുള്ളതാകും. ഫ്‌ളഡ്‌ലൈറ്റ് തൂണുകള്‍ ത്രിശൂലത്തിന്റെ മാതൃകയിലാണ്. കാശിയുടെ ഘാട്ടുകളുടെ മാതൃകയിലാണു ഗ്യാലറി ഒരുക്കുന്നത്.

◾2023-24 ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ നയിക്കും. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന പുതിയ സീസണിനുള്ള
ടീമില്‍ 29 അംഗങ്ങളാണുള്ളത്. 

◾ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് ഏഷ്യന്‍ ഗെയിംസിലെ വോളിബോളില്‍ ഇന്ത്യന്‍ ടീമിന്റെ വിജയഗാഥ. നേരത്തെ കംബോഡിയായെ തോല്‍പിച്ച ഇന്ത്യ ഈ വിജയത്തോടെ പൂള്‍ സിയില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് കടന്നു.

◾നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ ഒലീവിയ ഡൊമിനിക് പാറിഷിനെ അട്ടിമറിച്ച് ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗല്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് അന്തിമിന്റെ വിജയം.

◾ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് ബൗളര്‍മാരുടെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രിലങ്കക്കെതിരായ ആറു വിക്കറ്റ് പ്രകടനത്തിനു പിന്നാലെയാണ് റാങ്കിങ്ങിലെ ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം. കരിയറില്‍ രണ്ടാം തവണയാണ് സിറാജ് റാങ്കിങ്ങില്‍ ഒന്നാമതാകുന്നത്.

◾വിദേശ ഇന്ത്യക്കാര്‍ക്ക് എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ അക്കൗണ്ട് തുറക്കാന്‍ സൗകര്യവുമായി എസ്.ബി.ഐയുടെ യോനോ ആപ്പ്. സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ തുറക്കാനാകും. പുതിയ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് തുടങ്ങുന്നത് എളുപ്പമാക്കാനും കാര്യക്ഷമമാക്കാനുമാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. റിയല്‍-ടൈമായി ഉപയോക്താക്കള്‍ക്ക് അപേക്ഷയുടെ പുരോഗതി അറിയാനും സാധിക്കും. വിദേശ ഇന്ത്യക്കാര്‍ക്ക് അവിടെ നിന്ന് ലഭിക്കുന്ന പണം നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ അവരുടെ പേരില്‍ തുറക്കുന്നതാണ് എന്‍.ആര്‍.ഇ അക്കൗണ്ട്. അതേസമയം, എന്‍.ആര്‍.ഐയുടെ പേരില്‍ ഇന്ത്യയിലെ പണം സൂക്ഷിക്കാന്‍ തുറക്കുന്ന അക്കൗണ്ടാണ് എന്‍.ആര്‍.ഒ അക്കൗണ്ട്. വാടക, ഡിവിഡന്റ്, പെന്‍ഷന്‍, പലിശ എന്നിവയൊക്കെ ഇതില്‍ നിക്ഷേപിക്കാം. എന്‍.ആര്‍.ഇ അക്കൗണ്ടിന് നികുതി ബാധകമല്ല. അതായത് അക്കൗണ്ടിലുള്ള ബാലന്‍സിനും അതിനു ലഭിക്കുന്ന പലിശയ്ക്കും നികുതി നല്‍കേണ്ട. അതേ സമയം എന്‍.ആര്‍.ഒ അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് 30 ശതമാനം നികുതി നല്‍കണം.

◾ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്ഡേറ്റുകള്‍ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റര്‍ ഇന്ന് റിലീസായി. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലില്‍ ഇറങ്ങിയ പോസ്റ്ററില്‍ വിജയുടെ തീപ്പൊരിപ്പാറിക്കുന്ന ലുക്ക് അതിഗംഭീരമാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്നര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്.

◾രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാര്‍, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ തുടങ്ങിയവര്‍ അഭിനയിക്കുന്ന 'ടോബി' എന്ന ചിത്രത്തിലെ 'തെന്നലെ' എന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ റിലീസായി. ഗാനത്തിന് മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് രചന. ഹരിചരണ്‍ ആണ് തെന്നലെ ഗാനം ആലപിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി എഴുതിയ ടോബിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ബാസില്‍ എഎല്‍ ചാലക്കല്‍ ആണ്. ലൈറ്റര്‍ ബുദ്ധ ഫിലിംസ് - അഗസ്ത്യ ഫിലിംസ് - കോഫി ഗാംഗ് ബാനറില്‍ ഒരുങ്ങിയ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് സെപ്റ്റംബര്‍ 22 ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.

◾ഹോണ്ട ഒടുവിലായി വിപണിയിലെത്തിച്ച ഇ സ്‌കൂട്ടറാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്യൂട്ട്കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാന്‍ സാധിക്കുകയും ആവശ്യസമയത്ത് ഇലക്ട്രിക് സ്‌കൂട്ടറാക്കാന്‍ സാധിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ വാഹനത്തിന്റെ രൂപരേഖ. എണ്‍പതുകളില്‍ ചൈനയില്‍ പ്രചാരം നേടിയ മോട്ടോകോംപാക്ടോ എന്ന കുഞ്ഞന്‍ സ്‌കൂട്ടറിനെ അനുസ്മരിച്ചാണ് ഹോണ്ട ഇത്തരത്തിലൊരു വാഹനം രൂപപ്പെടുത്തിയത്. വിദേശ വിപണികളില്‍ ഏറെ പ്രായോഗികമായ വിധത്തിലുള്ള മോഡല്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും എത്തുമോ എന്നുപോലും ഉറപ്പില്ല. പൂര്‍ണമായി വെള്ള നിറത്തില്‍ പ്രത്യക്ഷപ്പെട്ട വാഹനത്തിന്റെ ചിത്രം ഒരു യഥാര്‍ഥ സ്യൂട്ട്കെയ്സിനെ അന്വര്‍ഥമാക്കുന്ന വിധത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. മുന്‍വീലിലാണ് കരുത്ത്. പരമാവധി 24 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുള്ള വാഹനത്തിന് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 19 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 110 വാട്ട് ഔട്ട്പുട്ട് ഉപയോഗിച്ച് 3.5 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 742 എംഎം ആണ് വാഹനത്തിന്റെ വീല്‍ബേസ്. തുറന്നു ഉപയോഗിക്കുന്ന സമയത്ത് 968 എംഎം നീളമാകും.

◾മാനുഷികതയും സര്‍ഗപ്രതിഭയും സമന്വയിപ്പിച്ച് കവിതയെ മൂല്യസമൃദ്ധമാക്കി മാതൃസ്‌നേഹവും നിലാവിന്റെ പ്രകാശവും നമുക്കു സമ്മാനിച്ച ബാലാമണിയമ്മയുടെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട 101 കവിതകള്‍ സമാഹരിച്ചിരിക്കുകയാണ് മകള്‍ സുലോചന നാലപ്പാട്ട് ഈ പുസ്തകത്തില്‍. ഒപ്പം മുത്തുച്ചിപ്പികള്‍ എന്ന അനുബന്ധത്തില്‍ 23 ഒറ്റശ്ലോകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 'പ്രിയപ്പെട്ട 101 ബാലാമണിയമ്മകവിതകള്‍'. മാതൃഭൂമി. വില 255 രൂപ.

◾ചെറുപ്പക്കാരിലെ പ്രമേഹമാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന പ്രമേഹം മനുഷ്യരുടെ പെരുമാറ്റശീലങ്ങളെയും പ്രതികൂലമായി ബാധിക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹ നിയന്ത്രണവുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് ഈ പെരുമാറ്റ വ്യതിയാനങ്ങളുടെ മുഖ്യ കാരണം. ജീവിതകാലം മുഴുവന്‍ മരുന്നും കുത്തിവയ്പ്പും ഭക്ഷണ നിയന്ത്രണങ്ങളും അടങ്ങിയതാണ് പ്രമേഹരോഗ നിയന്ത്രണം. വ്യായാമത്തിനും പ്രാധാന്യം നല്‍കേണ്ടി വരും. ഇതെല്ലാം രോഗികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കാം. കൃത്യസമയത്ത് മരുന്ന് കഴിക്കുകയെന്നതെല്ലാം പല രോഗികള്‍ക്കും വലിയ വെല്ലുവിളിയാണ്. മരുന്ന് കഴിക്കുന്ന കാര്യം ഓര്‍ക്കാതെ പോകുന്നതും ഇതിനെ തുടര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതും മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കാം. സമ്മര്‍ദത്തിന് പുറമേ ഉത്കണ്ഠയും ദേഷ്യവുമൊക്കെ ഇത് മൂലം ഉണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ തോത് മാറി മറിയുന്നത് മൂഡ് മാറ്റങ്ങള്‍ക്കും കാരണമാകാം. ദേഷ്യം, ഉത്കണ്ഠ, വിഷാദരോഗം, മാനസികമായി നില തെറ്റിയ അവസ്ഥ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഉറക്കമില്ലായ്മ, അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടല്‍, രക്തത്തിലെ പഞ്ചസാര നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അവസ്ഥ എന്നിവയും മൂഡ് മാറ്റങ്ങള്‍ക്ക് കാരണമാകാം. പ്രമേഹത്തിന് ചികിത്സിക്കുന്നവര്‍ ഇത്തരം പെരുമാറ്റ വ്യതിയാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൗണ്‍സിലര്‍മാരുടെ സഹായം തേടേണ്ടതാണെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സമ്മര്‍ദമകറ്റാന്‍ യോഗ, ധ്യാനം പോലുള്ളവയും പരീക്ഷിക്കാം.