*ജി 20 ഉച്ചകോടി, ഒരുക്കങ്ങൾ പൂർണ്ണം*

ന്യൂഡൽഹി: ലോകത്തെ കരുത്തുറ്റ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി 20 ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഡൽഹിയില്‍ 9 നും 10 നും നടക്കുന്ന 18-ാംമത് ജി20 ഉച്ചകോടിയില്‍ 19 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.

ഇന്ത്യ, റഷ്യ, യുഎസ്, യുകെ, അര്‍ജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ജി 20യില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് തുടങ്ങിയവരാണ് ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രങ്ങള്‍. 

യുഎഇ ഭരണാധികാരി, ബംഗ്ലാദേശ് പ്രധാനമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ 9 രാജ്യങ്ങളിലെ നേതാക്കളെ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. അതേസമയം, റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിക്കെത്തില്ല. 

ആഗോള സാമ്പത്തിക സഹകരണത്തിനുള്ള കൂട്ടായ്മയാണ് ജി20. സുപ്രധാന ആഗോള സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലുമെല്ലാം ജി 20 നിര്‍ണായക പങ്കുവഹിക്കുന്നു. ജി 20 ഉച്ചകോടിയിലൂടെ ഏറെ നേട്ടങ്ങള്‍ ഇന്ത്യക്കുണ്ട്. വൈവിധ്യം, സംസ്‌കാരം തുടങ്ങിയ രാജ്യത്തിന്‍റെ പ്രത്യേകതകള്‍ പരമാവധി ആഗോള ശ്രദ്ധയിലെത്തിക്കുന്നതിനായിരിക്കും ജി 20 ഉച്ചകോടിയെ ഇന്ത്യ പ്രധാനമായും ഉപയോഗപ്പെടുത്തുക. നയതന്ത്ര തലത്തിലുള്ള ഇന്ത്യയുടെ സ്വാധീനവും ബന്ധവും കൂടുതല്‍ ശക്തിപ്പെടാന്‍ ജി 20 സഹായിക്കും എന്നത് വലിയ മേന്‍മയാണ്. അതിഥികളായി ആഫ്രിക്കന്‍ രാജ്യങ്ങളുടെയും അംഗങ്ങളല്ലാത്ത മറ്റു രാജ്യങ്ങളുടെയും പ്രതിനിധികളെ ക്ഷണിച്ചത് ഇന്ത്യയുടെ നയതന്ത്ര സ്വാധീനമുയര്‍ത്തും എന്ന് വിലയിരുത്തപ്പെടുന്നു.