*_പ്രഭാത വാർത്തകൾ_*```2023 | സെപ്റ്റംബർ 9 | ശനി |

◾ജി 20 ഉല്‍സവം. ലോക നേതൃത്വം ഡല്‍ഹിയില്‍. 21 അംഗ രാജ്യങ്ങള്‍ അടക്കം മുപ്പതു രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിക്കു ഡല്‍ഹിയില്‍ ഇന്നു തുടക്കം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കം രാഷ്ട്രത്തലവന്മാര്‍ ഡല്‍ഹിയില്‍ എത്തി. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന വിഷയത്തിലാണു ചര്‍ച്ച. സമാധാനം, ഭക്ഷ്യസുരക്ഷ, ദാരിദ്ര്യ- അസമത്വ നിര്‍മാര്‍ജനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ അംഗരാജ്യങ്ങള്‍ കൂടുതല്‍ സഹകരിക്കാനുള്ള ചര്‍ച്ചകളും നടക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ പൊതു അവധി. പല പ്രധാന റോഡുകളിലും ഗതാഗത നിയന്ത്രണം.

◾പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍. സത്യപ്രതിജ്ഞ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്ച രാവിലെ പത്തിന്. 37,719 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷം. ബിജെപിക്കു കെട്ടിവച്ച പണം നഷ്ടമാകും. വോട്ടുനില: ചാണ്ടി ഉമ്മന്‍, കോണ്‍ഗ്രസ്- 80,144, ജെയ്ക് സി. തോമസ്, സിപിഎം- 42,425, ലിജിന്‍ലാല്‍, ബിജെപി 6,558, ലൂക്ക് തോമസ്, ആം ആദ്മി പാര്‍ട്ടി- 835, മൂന്നു സ്വതന്ത്രര്‍- 201, നോട്ട- 400, അസാധു- 473.

◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ മുന്‍ എംപിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയെന്ന് എന്‍ഫോഴ്സ്മെന്റ്. അറസ്റ്റിലായ ബിനാമി ഇടപാടുകാരന്‍ സതീഷ്‌കുമാറില്‍ നിന്ന് മുന്‍ എം.പി യും പോലീസ് ഉദ്യോഗസ്ഥരും അമടക്കം പലരും പണം കൈപ്പറ്റിയെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പു പുറത്തകാതിരിക്കാന്‍ സാക്ഷികളെ രാഷ്ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും ഇഡി ആരോപിച്ചു. മുന്‍ എംപിയ്ക്ക് പണം കൈമാറിയതിന്റെ വിവരങ്ങള്‍ സതീഷ് കുമാറിന്റെ ഫോണില്‍നിന്നു ലഭിച്ചിരുന്നു.

◾ചൊവ്വാഴ്ച വരെ മഴ തുടരും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നലും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യത.

◾പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായ ഐജി ഗുകുലോത്ത് ലക്ഷ്മണയെ വീണ്ടും സസ്പെന്‍ഡ് ചെയ്തു. മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ പങ്കാളിയായ ഐജിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തത്.

◾സംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,76,70,536 വോട്ടര്‍മാര്‍. 1,31,78,517 പുരുഷന്‍മാരും 1,44,91,779 സ്ത്രീകളും 240 ട്രാന്‍സ്ജെന്ററുകളും. വോട്ടര്‍പട്ടികയില്‍ ഈ മാസം 23 വരെ പേരു ചേര്‍ക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. 941 ഗ്രാമ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പറേഷനുകള്‍ എന്നിവയിലെ കരടു വോട്ടര്‍പട്ടികയാണു പ്രസിദ്ധീകരിച്ചത്.

◾ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. ബീഹാര്‍ സ്വദേശികളായ ആദിത്യന്‍, കാശി റാം, പശ്ചിമ ബംഗാള്‍ സ്വദേശി ധനഞ്ജയന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

◾പുതുപ്പള്ളിയിലെ യുഡിഎഫ് വിജയം എല്‍ഡിഎഫിനേറ്റ തിരിച്ചടിയെന്ന് കോണ്‍ഗ്രസ്. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ഏകാധിപത്യത്തിനും കുടുംബാധിപത്യത്തിനും എതിരെ ജനം വോട്ട് ചെയ്തു. അദ്ദേഹം പറഞ്ഞു.

◾പുതുപ്പള്ളിയില്‍ ബിജെപി വോട്ടുകളുമായാണ് യുഡിഎഫ് ജയിച്ചതെന്ന് തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ്. ഏകപക്ഷീയമായ വിധിതിര്‍പ്പിനില്ല. വികസനത്തിനായുള്ള രാഷ്ട്രീയ സമരങ്ങള്‍ തുടരുമെന്നും ജെയ്ക്ക് പറഞ്ഞു.

◾ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ടു കുതിക്കാനുമുള്ള ഇന്ധനമാണ് പുതുപ്പള്ളി യുഡിഎഫിന് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും വിജയത്തിലെത്തിക്കാനുമുള്ള സംഘടനാശേഷി യുഡിഎഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും തെളിയിച്ചെന്നും വിഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

◾പുതുപ്പളളിയില്‍ യുഡിഎഫ് വിജയിച്ചതു സഹതാപ തരംഗംമൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. സുരേന്ദ്രന്‍ പറഞ്ഞു.

◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറകേ, മണ്ഡലത്തിലെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ സംഘര്‍ഷം. പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് ആക്രമിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സിപിഎം ഓഫീസിന്റെ മുന്നിലായിരുന്നു സംഘര്‍ഷമുണ്ടായത്.

◾ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 24 മരുന്നുകളുടെ പ്രത്യേക ബാച്ചുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പരിശോധനയിലാണു ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയത്. ഇവയുടെ പട്ടിക സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്

◾ഇടുക്കി ഡാമില്‍ കടന്ന് അതിക്രമം നടത്തിയത് പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പോലീസ് കണ്ടെത്തി. വിദേശത്തേക്കു കടന്ന ഇയാളെ തിരികെ എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. പതിനൊന്ന് സ്ഥലത്താണ് ഇയാള്‍ താഴ് ഉപയോഗിച്ച് പൂട്ടിയത്.

◾ആലുവയില്‍ എട്ടു വയസുകാരിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതി ക്രിസ്റ്റല്‍ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പെരുമ്പാവൂര്‍ പൊലീസാണ് പുതിയ പോക്സോ കേസ് രജിസ്റ്റര്‍ചെയ്തത്. ഒരാഴ്ച മുമ്പ് മോഷണശ്രമത്തിനിടെ ഉറങ്ങികിടന്ന കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കേസ്.

◾വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ഗൂഡാലോചന ഇല്ലെന്നു സിബിഐ. വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയാണെന്ന് സിബിഐ ഹൈക്കോടതിക്കു റിപ്പോര്‍ട്ടു നല്‍കി.

◾പതിനാറു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി ബാലാജി എന്ന വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്.

◾ഷൊര്‍ണൂരില്‍ വയോധികരായ സഹോദരിമാര്‍ വീട്ടില്‍ ഗ്യാസ് സിലിണ്ടറില്‍നിന്നു പൊള്ളലേറ്റു മരിച്ചത് കവര്‍ച്ചാ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് പോലീസ്. ഇരട്ടക്കൊല നടത്തി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ മണികണ്ഠനെ പോലീസ് അറസ്റ്റു ചെയ്തു. അമ്പലത്തൊടി വീട്ടില്‍ പത്മിനി (72), തങ്കം (70) എന്നിവരാണു മരിച്ചത്.

◾ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സദാശിവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് പന്ത്രണ്ട് വര്‍ഷം കഠിന തടവ്. ആലുവ മുപ്പത്തടം സ്വദേശി അനസ് എന്ന സുകേശനെയാണ് എറണാകുളം വടക്കന്‍ പറവൂര്‍ അഡിഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

◾പത്തനംതിട്ട കടമാന്‍കുളത്ത് മദ്യപിച്ചു വഴക്കുണ്ടാക്കി അയല്‍വാസിയായ ബിജുവിനെ തലയ്ക്കടിച്ചു കൊന്ന കേസില്‍ സഹോദരന്മാരായ പ്രതികള്‍ക്ക് അഞ്ചുവര്‍ഷത്തെ കഠിനതടവും 31,000 രൂപ വീതം പിഴയും ശിക്ഷ. അഭിലാഷ്, സഹോദരന്‍ അശോകന്‍ എന്നിവരെയാണ് പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

◾പുതുപ്പള്ളിക്കു പുറമേ, ആറ് നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തു ബിജെപിക്കു വിജയം. ഉത്തര്‍ പ്രദേശില്‍ ഇന്ത്യാ സഖ്യത്തിന്റെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു. ഝാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിലെ ജെ എം എം സ്ഥാനാര്‍ത്ഥിയാണു ജയിച്ചത്. ബംഗാളില്‍ ബി ജെ പി സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. കേവല ഭൂരിപക്ഷത്തിന് വെല്ലുവിളി നേരിട്ട ത്രിപുരയിലെ രണ്ടിടത്തും ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ മണ്ഡലത്തിലും ബി ജെ പി സ്ഥാനാര്‍ത്ഥി ജയിച്ചു.

◾ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയില്‍നിന്നു ബിജെപിയിലേക്കു കൂറുമാറി എംഎല്‍എ സ്ഥാനം രാജിവച്ചു നടത്തിയ തെരഞ്ഞെടുപ്പില്‍ ജനം കൂറുമാറ്റക്കാരനെ കെട്ടുകെട്ടിച്ചു. ഘോസി മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന ബിജെപിയുടെ ധാരാ സിങ് ചൗഹാനെ 42,759 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സമാജ് വാദി പാര്‍ട്ടിയുടെ സുധാകര്‍ സിംഗ് പരാജയപ്പെടുത്തിയത്.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ അമേരിക്ക ബന്ധം ദൃഡമാക്കുന്ന ചര്‍ച്ചയാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. മുന്‍ ധാരണകള്‍ അവലോകനം ചെയ്തു. ഇന്ത്യയില്‍ ജെറ്റ് എന്‍ജിനുകള്‍ നിര്‍മ്മിക്കാനും യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തും. അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങുന്ന കരാറും ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണവും ചര്‍ച്ച ചെയ്തു.

◾മണിപ്പൂരിലെ തേങ്നൗപല്‍, കാക്ചിംഗ് ജില്ലകളിലെ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനക്കെതിരെ മെയ്തെയ് വിഭാഗം നടത്തിയ പ്രതിഷേധത്തിനിടൊണു വെടിവയ്പുണ്ടായത്. 50 പേര്‍ക്ക് പരിക്കേറ്റു.

◾മുംബൈ എക്‌സ്പ്രസ് വേയില്‍ മെഴ്സിഡസ് ബെന്‍സ് പാല്‍ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിജെപി നേതാവിന്റെ മകന്‍ മരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവായ സത്വീര്‍ ചാന്ദിലയുടെ മകന്‍ ആകാശ് ചാന്ദില (23) ആണ് മരിച്ചത്.  

◾മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ 24 കാരിയായ എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഹൗസ് കീപ്പറായിരുന്ന വിക്രം അത്വാളിനെ അന്ധേരി പൊലീസ് സ്റ്റേഷനിലെ ടോയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

◾യുഎഇയില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ദുബൈയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 മീഡിയം ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. രണ്ടു പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

◾ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ യു.എസ്. ഓപ്പണ്‍ പുരുഷഡബിള്‍സിന്റെ ഫൈനലില്‍. ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡെനും അടങ്ങിയ സഖ്യം സെമിയില്‍ ഫ്രഞ്ച് സ
സഖ്യത്തെ തോല്‍പ്പിച്ചാണ് മുന്നേറിയത്. ഇതോടെ ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും 43 വര്‍ഷവും ആറ് മാസവുമായ ബൊപ്പണ്ണക്ക് സ്വന്തമായി.

◾രാജ്യത്താകമാനമുള്ള ഗതാഗത മാര്‍ഗങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരൊറ്റ കാര്‍ഡ് പുറത്തിറത്തി എസ്ബിഐ. റോഡ്, റെയില്‍, ജലം എന്നിവയിലേത് മാര്‍ഗം വഴി യാത്ര ചെയ്താലും ഈ കാര്‍ഡ് ഉപയോഗപ്പെടുത്താം. റുപേ, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയുടെ സംയുക്ത പിന്തുണയോടെയാണ് രാജ്യത്തെ ആദ്യ 'ട്രാന്‍സിറ്റ് കാര്‍ഡ്' എസ്.ബി.ഐ പുറത്തിറക്കിയിട്ടുള്ളത്. 'ഒരു രാജ്യം, ഒരു കാര്‍ഡ്' എന്ന ലക്ഷ്യത്തോടെയാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കുന്നതെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാര പറഞ്ഞു. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് വേദിയില്‍ ആണ് കാര്‍ഡ് പുറത്തിറക്കിയത്. ഈ കാര്‍ഡ് ഉപയോഗിച്ച് റീറ്റെയ്ല്‍, ഇ-കൊമേഴ്‌സ് പേമെന്റുകളും നടത്താനാകും. 2019 മുതല്‍ എന്‍.സി.എം.സിയുമായി ചേര്‍ന്ന് സിറ്റി വണ്‍ കാര്‍ഡ്, നാഗ്പൂര്‍ മെട്രോ മഹാ കാര്‍ഡ്, മുംബൈ വണ്‍ കാര്‍ഡ്. ഗോ സ്മാര്‍ട്ട് കാര്‍ഡ്, സിംഗാര ചെന്നൈ കാര്‍ഡ് എന്നിങ്ങനെ വിവിധ കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട് എസ്.ബി.ഐ. രാജ്യം മുഴുവന്‍ ഉപയോഗപ്പെടുത്താവുന്ന കാര്‍ഡുകള്‍ ലഭിക്കാന്‍ വിവിധ ഗതാഗത വകുപ്പുകള്‍ എന്‍.സി.എം.സിയില്‍ അംഗമാകണം. ഇത്തരത്തില്‍ ബന്ധിപ്പിച്ചിട്ടുള്ള ഗതാഗത മാര്ഗങ്ങളിലായിരിക്കും കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുക.  

◾നിവിന്‍ പോളിയെ നായകനാക്കി എബ്രിദ് ഷൈന്‍ സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഓഡിഷന്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു. കേരളത്തിലെ യഥാര്‍ത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു പൊലീസ് സ്റ്റേഷനും അവിടെയുള്ള പൊലീസുകാരുടെയും കഥ പറഞ്ഞ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരഭിച്ചിരിക്കുകയാണ്. നിവിന്‍ പോളിയെ കൂടാതെ ജോജു ജോര്‍ജ്, അനു ഇമ്മാനുവല്‍, അരിസ്റ്റോ സുരേഷ് എന്നിവരായിരുന്നു ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. മലയാളത്തിലെ പരമ്പരാഗതമായ പൊലീസ് ചിത്രങ്ങളില്‍ നിന്നും വ്യതസ്തമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. രണ്ടാം ഭാഗത്തില്‍ നിവിന്‍ പോളിയെ കൂടാതെ ആരൊക്കെയാണ് താരങ്ങളെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പോളി ജൂനിയേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾'സുരറൈ പോട്ര്' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43 മത്തെ ചിത്രമായിരിക്കുമിത്. ഇതുവരെ പേരിടാത്ത ചിത്രത്തിന് #surya43 എന്നാണ് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്നത്. മലയാളി താരം നസ്രിയയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. കൂടാതെ മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സുധയുടെ കൂടെ സംവിധായകന്‍ നളന്‍ കുമാരസ്വാമിയാണ് തിരക്കഥയില്‍ പങ്കാളിയാവുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റെര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾സ്‌കോഡ ഇന്ത്യ അതിന്റെ രണ്ട് ജനപ്രിയ മോഡലുകളായ കുഷാക്ക് മിഡ്‌സൈസ് എസ്യുവിയുടെയും സ്ലാവിയ സെഡാനിന്റെയും പുതിയ പ്രത്യേക പതിപ്പുകളുമായി ഉത്സവ സീസണിനെ കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ്. 11.59 ലക്ഷം രൂപ വിലയുള്ള ഒരു ലിമിറ്റഡ് എഡിഷന്‍ വേരിയന്റായ സ്‌കോഡ കുഷാക്ക് ഒനിക്സ് പ്ലസ് 115ബിഎച്പി, 1.0എല്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിന്‍, മാനുവല്‍ ഗിയര്‍ബോക്‌സ് കോമ്പിനേഷന്‍ എന്നിവയില്‍ മാത്രം ലഭ്യമാണ്. കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ് എന്നീ രണ്ട് വര്‍ണ്ണ ഓപ്ഷനുകളില്‍ ഈ മോഡല്‍ തിരഞ്ഞെടുക്കാം. കുഷാക്കിന് പുറമേ, മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമായ സ്ലാവിയ ആംബിഷന്‍ പ്ലസ് വേരിയന്റും സ്‌കോഡ അവതരിപ്പിച്ചു. മാനുവല്‍ പതിപ്പിന് 12.49 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയന്റിന് 13.79 ലക്ഷം രൂപയുമാണ് വില (എല്ലാ വിലകളും എക്സ്-ഷോറൂം ആണ്). മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കാവുന്ന അതേ 115ബിഎച്പി, 1.0ലിറ്റര്‍ ടിഎസ്ഐ എഞ്ചിന്‍ തന്നെയാണ് പുതിയ സ്‌കോഡ സ്ലാവിയ ആംബിഷന്‍ പ്ലസ് എഡിഷനും ഉള്ളത്. ഈ വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് എക്സ്ചേഞ്ച് ബോണസുകളും പ്രത്യേക കോര്‍പ്പറേറ്റ് ഓഫറുകളും പ്രയോജനപ്പെടുത്താം.

◾വെറുമൊരു രാഷ്ട്രീയപ്രചാരണവിഷയം മാത്രമാവരുത് ഏക സിവില്‍കോഡ് ചിന്ത. ഇന്ത്യയെപ്പോലെ വിവിധ മതങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിനെ മതേതരമായി കാണാനുള്ള മനസ്സ് കാണിക്കണം. രാഷ്ട്രീയലക്ഷ്യങ്ങളുള്ളവരുടെ കെണികളില്‍ അകപ്പെടാതെ പ്രായോഗിക സമീപനം സ്വീകരിക്കാന്‍ എല്ലാ മതവിഭാഗങ്ങളും തയ്യാറാകണം. ജനങ്ങള്‍ സ്വമേധയാ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നിയമാനുസൃതമായ ഭേദഗതിയും പരിഷ്‌കരവുമാണ് നിയമത്തില്‍ ആവശ്യം. ഈ ചര്‍ച്ചകള്‍ സത്യത്തില്‍ എന്തെങ്കിലും പ്രയോജനം ചെയ്യണമെങ്കില്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ആദ്യം ഇതുസംബന്ധമായി കരടുബില്‍ കൊണ്ടുവരണം. 'ഏക വ്യക്തിനിയമം യോചിച്ചും വിയോചിച്ചും'. എഡിറ്റര്‍ - ഹരിലാല്‍ രാജഗോപാല്‍. മാതൃഭൂമി. 85 രൂപ.

◾ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകമാണ്. ദഹനപ്രക്രിയയെ എളുപ്പത്തില്‍ ആക്കുകയും അതോടൊപ്പം 'ഗ്യാസ് ട്രബിള്‍' പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്ത് കൊണ്ട് മികച്ച ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നതാണ് ഏലയ്ക്കയുടെ പ്രധാന ഗുണം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. അതിനാല്‍, ഭക്ഷണത്തില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ ഏലയ്ക്ക സഹായിക്കും. കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാന്‍ സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായില്‍ പുതുമയാര്‍ന്ന സുഗന്ധം പകരാനും, വായ്‌നാറ്റം ഒഴിവാക്കുവാനും സഹായിക്കും.

*ശുഭദിനം*
ഒരിക്കല്‍ അയാള്‍ക്ക് പരുന്തിന്റെ മുട്ട കിട്ടി. അയാള്‍ ആ മുട്ടയെ അടവെച്ചിരിക്കുന്ന കോഴിമുട്ടയുടെകൂടെ വച്ചു. ദിവസങ്ങള്‍ കടന്നുപോയി. ആ മുട്ടകള്‍ വിരിഞ്ഞു. തള്ളക്കോഴി ആ പരുന്തിന്‍കുഞ്ഞിനെ തന്റെ മക്കള്‍ക്കൊപ്പം വളര്‍ത്തി. പരുന്തിന്‍കുഞ്ഞിനെ കോഴിക്കുഞ്ഞുങ്ങളെപോലെ ഇരപിടിക്കാനും നടക്കാനും ഓടാനും ശീലിച്ചു. ഒരു ദിവസം ആകാശത്തിലൂടെ ഉയര്‍ന്നുപറക്കുന്ന പരുന്തിനെകണ്ട് പരുന്തിന്‍കുഞ്ഞിന് അതുപോലെ പറക്കാന്‍ ആഗ്രഹം തോന്നി. പരുന്തിന്‍കുഞ്ഞ് തന്റെ ആഗ്രഹം തള്ളക്കോഴിയോട് പറഞ്ഞു. തള്ളക്കോഴി പറഞ്ഞു: അത് പരുന്താണ്, അതിന്റെ ചിറകിന്റെയത്ര ബലം നമുക്ക് ഇല്ല. കൂടാതെ പരുന്തിന് നമ്മേക്കാള്‍ ശരീരഭാരം കുറവാണ്. ഒരു ദിവസം കൊത്തിപ്പറുക്കി പരുന്തിന്‍കുഞ്ഞ് ഒരു കുന്നിന്‍മുകളിലെത്തി. അപ്പോഴാണ് ഒരു വലിയ പരുന്ത് ഇതിനെ പിടിക്കാനായി വന്നത്. പേടിച്ച് ഓടിയ പരുന്തിന്‍കുഞ്ഞ് നില തെറ്റി താഴേക്ക് വീഴാന്‍ പോയി. പേടികൊണ്ട് ചിറകടിച്ചപ്പോഴാണ് തനിക്ക് പറക്കാനായി സാധിക്കുമെന്ന് അതിന് മനസ്സിലായി. വളര്‍ച്ചയുടെ പലഘട്ടങ്ങളിലും സമൂഹം നമ്മില്‍ അടിച്ചേല്‍പ്പിച്ച നെഗറ്റീവ് കമന്റുകള്‍, ഒരു വിശ്വാസമായി നമ്മുടെ മനസ്സിന്റെ അടിത്തട്ടില്‍ കിടക്കുന്നുണ്ടാകും. മുന്നോട്ടുള്ള യാത്രയില്‍ പലപ്പോഴും ഇത്തരം ചിന്തകള്‍ നമ്മെ പിന്നോട്ട് വലിക്കാറുണ്ടായിരിക്കും. ഈ ചിന്തകളെ അതീജീവക്കാന്‍ നമുക്ക് നമ്മളില്‍ വിശ്വാസമര്‍പ്പിക്കാം.. നമ്മുടെ ചിറക് വിടര്‍ത്താന്‍ തയ്യാറാകാം.. - *ശുഭദിനം.*