◾ജി 20 ഉച്ചകോടിക്കായി 21 അംഗ രാജ്യങ്ങളും ക്ഷണിതാക്കളായ ഒമ്പതു രാജ്യങ്ങളും അടക്കം മുപ്പതു രാഷ്ട്രമേധാവികള്‍ ഡല്‍ഹിയിലേക്ക്. നാളേയും ഞായറാഴ്ചയുമാണ് ഉച്ചകോടി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നു വൈകുന്നേരം ഏഴു മണിയോടെ എത്തും. ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപം കണ്‍വന്‍ഷന്‍ സെന്ററും ലോക നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ സമുച്ചയങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്. 4,100 കോടി രൂപയാണു ജി 20 ഉച്ചകോടിക്കായി രാജ്യം ചെലവാക്കുന്നത്.
◾പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രമായ ബസേലിയസ് കോളജില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക.
◾പെട്രോളിനും ഡീസലിനും വില മൂന്നു മുതല്‍ അഞ്ചുവരെ രൂപ കുറച്ചേക്കും. അനുദിനം വില കൂട്ടിയിരുന്ന കേന്ദ്ര സര്‍ക്കാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദീപാവലിയോടനുബന്ധിച്ചാണ് ഇളവു പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്. പാചകവാതക വിലയിലെ 200 രൂപയുടെ നിര്‍ത്തലാക്കിയിരുന്ന സബ്സിഡി ഈയിടെ പുനസ്ഥാപിച്ചിരുന്നു.
◾സിപിഎമ്മുകാരനായ പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള 15 ഏക്കര്‍ മിച്ചഭൂമി കണ്ടുകെട്ടണമെന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡിനു ശുപാര്‍ശ. വ്യാജരേഖ ചമച്ച് ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോര്‍ട്ട്. അന്‍വറും ഭാര്യയും ചേര്‍ന്ന് പീവിയാര്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്‌കരണ നിയമം മറികടക്കാനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പെരുമ്പാവൂരില്‍ മോഷണ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ കഴിഞ്ഞ മാസം 10 നാണ് വിയൂര്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്.
◾പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ രാത്രിയും പുലര്‍ച്ചെയും പരിശോധനകള്‍ നടത്തും. ഇതിന് പൊലീസ് സഹായം ഉറപ്പാക്കും. മന്ത്രി പറഞ്ഞു.
◾ഉച്ചഭക്ഷണ പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ സമയത്തിനു ഫണ്ടു തരുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഉച്ചഭക്ഷണ പദ്ധതി കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. ആവശ്യമായ ഭക്ഷ്യധാന്യവും നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍, പദ്ധതിയില്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം നിര്‍ബന്ധമാക്കിയ 2021-22 മുതല്‍ കേന്ദ്രവിഹിതം അനുവദിക്കുന്നതു വളരെ വൈകിയാണെന്നും മന്ത്രി പറഞ്ഞു.
◾ഇടുക്കി ചെറുതോണി ഡാമില്‍ കയറിയ യുവാവ് ഷട്ടര്‍ ഉയത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിച്ചു. ഹൈമാസ് ലൈറ്റിനു ചുവട്ടില്‍ താഴിട്ടു പൂട്ടി. ജൂലൈ 22 ന് ഉച്ചകഴിഞ്ഞു മൂന്നേകാലിനാണ് സംഭവം ഉണ്ടായത്. താഴിട്ടു പൂട്ടിയ സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയില്‍ പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഷട്ടര്‍ റോപില്‍ ഒരു ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയത്. ബാഗ് തോളിലിട്ട യുവാവിന്റെ ദൃശ്യങ്ങള്‍ പോലീസിനു കൈമാറിയിട്ടുണ്ട്.
◾സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന റിയാബ് പുന:സംഘടിപ്പിച്ച് ബോര്‍ഡ് ഫോര്‍ പബ്ലിക്ക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന് സര്‍ക്കാര്‍ രൂപം നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിനായി മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ നേതൃത്വത്തില്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശപ്രകാരമാണിത്. പുതിയ ബോര്‍ഡിന്റെ ചെയര്‍മാനായി ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ അജിത് കുമാറിനേയും മെമ്പര്‍ സെക്രട്ടറിയായി കേരളാ സിറാമിക്സ് എംഡി പി സതീഷ് കുമാറിനേയും നിയമിച്ചു.
◾തൃശൂര്‍ പുത്തൂരില്‍ സജ്ജമാക്കിയ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നനഗമരധ്യത്തിലെ മൃഗശാലയിലുള്ള മൃഗങ്ങളെ മാറ്റാന്‍ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി. 48 ഇനങ്ങളിലായി 117 പക്ഷികള്‍, 279 സസ്തനികള്‍, 43 ഉരഗവര്‍ഗ ജീവികള്‍ എന്നിവയെ ആറു മാസത്തിനകം മാറ്റും. കിഫ്ബി ധനസഹായത്തോടെ 360 കോടി രൂപ ചെലവില്‍ 2019 ല്‍ ആരംഭിച്ച പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രധാന പണികളെല്ലാം പൂര്‍ത്തിയായി.
◾സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുക.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് അഞ്ചു സിപിഎം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്തു. തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ്, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജേഷ് എന്നിവരടക്കമുള്ളവരെയാണ് ചോദ്യം ചെയ്തത്.
◾പോക്കുവരവ് സമയബന്ധിതമായി നടത്താത്ത വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. പോക്കുവരവ് വൈകിയതിനു പരാതിപ്പെട്ടപ്പോള്‍ 85 വര്‍ഷത്തെ മുന്നാധാരം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട തൃശൂര്‍ വില്ലേജ് ഓഫീസര്‍ക്കെതിരേയാണ് ഉത്തരവ്. തൃശൂര്‍ പൂത്തോള്‍ കുറുവത്ത് വീട്ടില്‍ കെ ആര്‍ രശ്മിയുടെ വസ്തുവിന്റെ പോക്കുവരവ് എത്രയും വേഗം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
◾മില്‍മയുടെ ആദ്യ ഭക്ഷണശാല 'മില്‍മ റിഫ്രഷ് വെജ്' തൃശൂര്‍ എംജി റോഡിലെ കോട്ടപ്പുറത്ത് തുറന്നു. ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നവീകരിച്ച മില്‍മ സൂപ്പര്‍ മാര്‍ക്കറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍, ചൈനീസ് വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലയാണ് തുറന്നത്.
◾പാലക്കാട് കടമ്പഴിപ്പുറത്ത് ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രഭാകരന്‍ നായര്‍ എന്നയാളെ കൊലപ്പെടുത്തിയശേഷം കിണറില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച ശാന്തകുമാരിയെ പൊലീസ് അറസ്റ്റു ചെയ്തു.
◾ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസ് സ്റ്റൗവില്‍നിന്നു പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമല കുന്നിലെ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. സംഭവത്തിനു തൊട്ടുമുമ്പ് വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
◾ജി 20 ഉച്ചകോടിയില്‍ സമവായ പ്രസ്താവന ഉണ്ടാകുമോ. പല വിഷയങ്ങളിലും അമേരിക്കയും റഷ്യയും ചൈനയും വിരുദ്ധ ചേരികളിലാണ്. ഉച്ചകോടിയില്‍ ചൈനയുടെ പ്രധാനമന്ത്രിയും റഷ്യയുടെ വിദേശകാര്യമന്ത്രിയുമാണു പങ്കെടുക്കുന്നത്. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
◾ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പ്രതിയായ വധശ്രമക്കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷാണ് കേസ് പരിഗണിക്കുക. വധശ്രമ കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ച ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതിക്കു സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
◾തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളെ വെറുതെ വിട്ട വിജിലന്‍സ് കേസുകളില്‍ പുനഃപരിശോധനകള്‍ തുടരുന്നു. ഡിഎംകെ മന്ത്രി ഐ പെരിയ സ്വാമിയെ വെറുതെ വിട്ട ഉത്തരവും എഐഎഡിഎംകെയുടെ മുന്‍ മന്ത്രി ബി വളര്‍മതിയെ വെറുതെ വിട്ട നടപടിയും പുന:പരിശോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ സമാനമായ ആറു കേസുകളാണു കോടതി പുന:പരിശോധിക്കുന്നത്.
◾ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതികരിക്കണമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. മുംബൈയിലെ യോഗത്തില്‍ 'ഇന്ത്യ' മുന്നണി ഹിന്ദു വിശ്വാസത്തെ ആക്രമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾'സര്‍വധര്‍മ സംഭവ'ത്തിലാണു കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കുകയെന്നതാണു കോണ്‍ഗ്രസ് നയം. മുതലെടുപ്പിനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ക്ഷേത്ര ദര്‍ശനത്തിന് ഷര്‍ട്ട് അഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ കയറേണ്ടെന്ന് തീരുമാനിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുറത്തുനിന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നു തീരുമാനമെടുത്തു. മനുഷ്യത്വരഹിതമായ ആചാരമാണ്. ബംഗളൂരുവില്‍ ശ്രീനാരായണ ഗുരു ജയന്തി പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി.
◾മറാത്താ വിഭാഗക്കാര്‍ക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ ഭാഗികമായി സംവരണം പ്രഖ്യാപിച്ചു. മറാത്താ സംവരണ പ്രക്ഷോഭം തണുപ്പിക്കാനാണ് ഈ തീരുമാനം. എന്നാല്‍ മറ്റ് ഒബിസി വിഭാഗക്കാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
◾ജി 20 ഉച്ചകോടിക്കു വേദിയാകുന്ന ഡല്‍ഹിയില്‍ ചൈനക്കെതിരെ ടിബറ്റ് വിഭാഗക്കാര്‍ പ്രതിഷേധം പ്രഖ്യാപിച്ചു. ഇന്നു മജ്നു കാ തില്ലയില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം. ചൈന തങ്ങളുടെ സ്ഥലം കൈയ്യറിയിരിക്കുന്നുവെന്ന് ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
◾കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ഏഷ്യന്‍ ശക്തികളായ ഇറാഖ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 ന് ഇന്ത്യയെ കീഴടക്കി ഫൈനലിലേക്ക് കടന്നു. ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും നിശ്ചിത സമയത്ത് 2-2 ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
◾ദുബായില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണിത്. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ഒന്നാം സ്ഥാനം. 2023ലെ 6 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത 30,146 പുതിയ കമ്പനികളില്‍ 6,717 (22.3%) എണ്ണം ഇന്ത്യക്കാരുടേതാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,485 എണ്ണമായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചാനിരക്ക് 39 ശതമാനമാണ്. ഇതോടെ ദുബായ് രജിസ്റ്റര്‍ ചെയ്ത മൊത്തം ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 90,118 ആയി ഉയര്‍ന്നു. ദുബായില്‍ പുതിയ കമ്പനികളുടെ എണ്ണത്തില്‍ ഈ കാലയളവില്‍ മൊത്തം 43% വര്‍ധനയുണ്ടായി. ഇന്ത്യ കഴിഞ്ഞാല്‍ 4,445 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. 3,395 പുതിയ കമ്പനികളുമായി പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തി. മൊത്തം പാകിസ്ഥാന്‍ കമ്പനികളുടെ എണ്ണം 40,315 ആണ്. ഈജിപ്തില്‍ നിന്നുള്ള കമ്പനികളുടെ എണ്ണം 2022നെ അപേക്ഷിച്ച് 102% ആയി വര്‍ധിച്ചു. സിറിയന്‍ കമ്പനികള്‍ 24% വര്‍ധിച്ചു. കൂടാതെ ബംഗ്ലദേശ് 47%, യു.കെ 40%, ചൈന 69%, ലബനന്‍ 26%, ജപ്പാന്‍ 253%, കിര്‍ഗിസ്ഥാന്‍ 167%, ടാന്‍സാനിയ 145%, ഹംഗറി 138% എന്ന തോതില്‍ ഈ രാജ്യങ്ങളിലെ കമ്പനികളുടെ എണ്ണവും വര്‍ധിച്ചു.
◾300 കോടി ബജറ്റില്‍ തമിഴ് സംവിധായകന്‍ അറ്റ്ലി ഒരുക്കിയ ഷാരൂഖ് ഖാന്‍ ചിത്രം 'ജവാനി'ല്‍ നായികയായി എത്തിയത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്. വിജയ് സേതുപതി, പ്രിയാമണി, ദീപിക പദുകോണ്‍ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ജവാനില്‍ അഭിനയിക്കാന്‍ ഷാരൂഖ് ഖാന്‍ നൂറ് കോടി രൂപ പ്രതിഫലം വാങ്ങി എന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ കളക്ഷന്റെ 60 ശതമാനവും ഷാരുഖിന് ലഭിക്കും. വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ 21 കോടി രൂപയാണ് പ്രതിഫലം. നയന്‍താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. ചിത്രത്തില്‍ നയന്‍താരയ്ക്ക് 10 കോടി രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയാമണി വാങ്ങിയ പ്രതിഫലം 2 കോടി രൂപയാണ്. എന്നാല്‍ ദീപികയുടെ പ്രതിഫലം എത്രയാണെന്ന് ഇതുവരെ വ്യക്തമല്ല. 15 മുതല്‍ 30 കോടി രൂപ വരെയാണ് താരം പൊതുവെ പ്രതിഫലമായി വാങ്ങാറുള്ളത്. സന്യ മല്‍ഹോത്ര മൂന്ന് കോടി വാങ്ങിയപ്പോള്‍ സുനില്‍ ഗ്രോവര്‍ 75 ലക്ഷം രൂപയും യോഗി ബാബു് 35 ലക്ഷം രൂപയുമാണ് പ്രതിഫലം വാങ്ങിയത്.
◾മാത്യു തോമസ്, നസ്ലിന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ '18 പ്ലസ്' ഇനി ഒ.ടി.ടിയിലേക്ക്. ജൂലൈ 7ന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം സെപ്റ്റംബര്‍ 15ന് സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം ആഗോളതലത്തില്‍ 5.50 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവ്യൂസ് ആണ് കളക്ഷന്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീല്‍സ് മാജിക്കും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യര്‍, എ ഡി ജെ, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു.
◾ഇന്ത്യയില്‍ ഇരുചക്രവാഹന രംഗത്ത് മത്സരം കടുപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുതിയ ബൈക്ക് പുറത്തിറക്കി. അപ്പാച്ചെ ആര്‍ടിആര്‍ 310 ആണ് കമ്പനി അവതരിപ്പിച്ചത്. 2.43 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. മൂന്ന് കളര്‍ വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചത്. ക്വിക്ക് ഷിഫ്റ്ററില്ലാത്ത ആഴ്‌സണല്‍ ബ്ലാക്ക്, ആഴ്‌സണല്‍ ബ്ലാക്ക്, ഫ്യൂറി യെല്ലോ എന്നിവയാണ് ആ വേരിയന്റുകള്‍. ഇതില്‍ ക്വിക്ക് ഷിഫ്റ്ററില്ലാത്ത ആഴ്‌സണല്‍ ബ്ലാക്കിന് 2.43 രൂപയാണ് എക്‌സ് ഷോറൂം വില. ആഴ്‌സണല്‍ ബ്ലാക്കിന് 2.58 ലക്ഷം രൂപ വരുമ്പോള്‍ ഫ്യൂറി യെല്ലോയ്ക്ക് 2.64 ലക്ഷം രൂപ നല്‍കേണ്ടി വരും. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ് ലാമ്പ്, ഫ്‌ലാറ്റ് ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള സീറ്റാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ചൂട് കൂടുമ്പോള്‍ ഇന്‍സ്റ്റന്റ് ആയി കൂളിങ് ലഭിക്കുന്നതും തണുത്ത കാലാവസ്ഥയില്‍ മൂന്ന് മിനിറ്റിനകം ചൂട് പകരുന്നതുമായി പ്രത്യേക തരം സീറ്റാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ന് കരുത്ത് നല്‍കുന്ന 312.2സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 9700 ആര്‍പിഎമ്മില്‍ 35 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. ഈ എഞ്ചിന്‍ 6650 ആര്‍പിഎമ്മില്‍ 28.7 എന്‍എം ടോര്‍ക്കും നല്‍കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ കരുത്തന്‍ എഞ്ചിന്‍ വരുന്നത്.
◾താന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിലനിന്ന ജീര്‍ണ്ണതകള്‍ക്കെതിരെ പോരാടുകയും താന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കുകയും ചെയ്ത എം. ആര്‍. ബി.യെക്കുറിച്ച് മകളുടെ ഹൃദ്യമായ ഓര്‍മ്മകളുടെ പുസ്തകം. കാവാലം നാരായണപ്പണിക്കരുടെ അവതാരിക. 'എം ആര്‍ ബി - ചരിത്രം അനുഭവം ഓര്‍മ്മ'. സരള മധുസൂദനന്‍. എന്‍ബിഎസ്. വില 152 രൂപ.
◾ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയ കഞ്ഞിവെള്ളം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലതാണ്. മുഖത്തിനും തലമുടിക്കും ഏറെ ഗുണം നല്‍കും. കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചര്‍മ്മത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനായി കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകാം. വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും ചര്‍മ്മത്തിലെ മറ്റ് നിറവ്യത്യാസങ്ങള്‍ക്കും കഞ്ഞിവെള്ളം പരിഹാരം കാണും. കഞ്ഞിവെള്ളം കുളിക്കുന്നതിനു മുമ്പ് ശരീരത്തില്‍ കോരിയൊഴിച്ചശേഷം 15 മിനിറ്റ് കളിഞ്ഞ് കഴുകിക്കളയാം. മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തിലിട്ട് വച്ചശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ വെള്ളം നനഞ്ഞ മുടിയില്‍ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തിരക്കുള്ള ദിവസങ്ങളില്‍ കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.