പ്രഭാതവാർത്തകൾ 2023 /സെപ്റ്റംബർ 7 / വ്യാഴം .

◾മണിപ്പൂരില്‍ കലാപകാരികള്‍ കൈക്കലാക്കിയ ആയുധങ്ങള്‍ വീണ്ടെടുക്കണമെന്നു സൂപ്രീം കോടതി. ഇതിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നു കോടതി ചോദിച്ചു. സൈനിക താവളങ്ങളും പോലീസ് സ്റ്റേഷനുകളും കൊള്ളയടിച്ചാണ് കലാപകാരികള്‍ യന്ത്രത്തോക്കുകള്‍ കൈക്കലാക്കിയത്. ഇതേസമയം, മണിപ്പൂരിലെ അഞ്ചു ജില്ലകളില്‍ നിരോധനാജ്ഞ. സുരക്ഷാ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെയ് വനിതാ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനാലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

◾തൃശൂര്‍ ഐഎസ് കേസില്‍ മുഖ്യ സൂത്രധാരന്‍ സെയിദ് നബീല്‍ അഹമ്മദിനെ എന്‍ഐഎ ചെന്നൈയില്‍നിന്ന് അറസ്റ്റു ചെയ്തു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. കേരളത്തില്‍ ആക്രമണത്തിന് ഭീകര സംഘടനയായ ഐഎസ് പദ്ധതിയിട്ടിരുന്നു. എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ജൂലൈയിലാണ് കേസുമായി ബന്ധപ്പെട്ടു മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.

◾പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 18,000 വോട്ടിന്റെ ഭൂരിപക്ഷമെന്ന് എക്സിറ്റ് പോള്‍ ഫല പ്രവചനം. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനത്തിലാണ് ഈ വിവരം. ആകെ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മന്‍ ജയിക്കും. യുഡിഎഫിന് 69,443 വോട്ടും എല്‍ഡിഎഫിന് 51,100 വോട്ടും ബിജെപിക്ക് 6551 വോട്ടും കിട്ടും.

◾ഇന്ത്യ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നീക്കം രാഷ്ട്രത്തിനെതിരേ ആകരുത്. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേരു മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണിത്. മുഖ്യമന്ത്രി പറഞ്ഞു.

◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പ്രതിയായ നന്ദകുമാറിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലടുത്തു. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

◾29 ലക്ഷത്തിലേറെ രൂപയുടെ മൂല്യമുള്ള നിരോധിച്ച കറന്‍സികള്‍ വിദേശത്തേക്കു കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. ഏറണാകുളം മഞ്ഞപ്ര സ്വദേശി വര്‍ഗീസ് പോളിനെയാണ് അറസ്റ്റു ചെയ്തത്. 500, 1000 നോട്ടുകള്‍ക്കു പുറമെ 50, 20,10 എന്നി നോട്ടുകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.

◾തൃശൂര്‍ കൂര്‍ക്കഞ്ചേരി ജെ.പി.ഇ. എച്ച്. എസ്. എസ്. സ്‌കൂളില്‍നിന്ന് കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെ മുംബൈയില്‍നിന്നു കണ്ടെത്തി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളുമാണ് പന്‍വേലില്‍ പിടിയിലായത്. ഹോട്ടലില്‍ മുറി ബുക്ക് ചെയ്യാനെത്തിയപ്പോള്‍ സംശയം തോന്നിയ ഹോട്ടല്‍ ഉടമ പരിചയമുള്ള മലയാളികളെ അറിയിക്കുകയായിരുന്നു.

◾കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടുന്നു. 1985 മുതലുള്ള പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ് ഇറക്കിയ ഉത്തരവ് അശാസ്ത്രീയമാണെന്നു ചൂണ്ടിക്കാട്ടിയാണ് സമരത്തിനിറങ്ങുന്നത്. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും ക്വാറി ഉടമകളുടെ സംഘടന തീരുമാനിച്ചു.

◾കാസര്‍കോഡ് കുമ്പളയില്‍ പതിനേഴുകാരന്‍ ഫര്‍ഹാസ് ഓടിച്ച കാര്‍ അപകടത്തില്‍ അകപെട്ടു മരിച്ചതില്‍ പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്നവരുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. പൊലീസുകാരുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം സാങ്കേതിക തകരാര്‍മൂലം വിമാനം തുടര്‍യാത്ര റദ്ദാക്കി. ഇന്തോനേഷ്യയില്‍നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കു പോയ ലയണ്‍ എയര്‍ വിമാനമാണ് യാത്ര റദ്ദാക്കിയത്. തുടര്‍ന്ന് മറ്റൊരു വിമാനം ഇന്തോനേഷ്യയില്‍നിന്ന് എത്തിച്ചാണ് യാത്ര തുടര്‍ന്നത്.

◾തിരുവനന്തപുരത്ത് ഗാര്‍ഹിക പൈപ്പഡ് നാചുറല്‍ ഗ്യാസിന് യൂണിറ്റിന് അഞ്ചു രൂപ വില കുറച്ചു. വിതരണ കമ്പനിയായ എജി ആന്‍ഡ് പി പ്രഥം ആണു വില കുറച്ചത്.

◾കണ്ണൂര്‍ തലശേരി ജനറലാശുപത്രിയില്‍ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആശുപത്രി ജീവനക്കാരന്‍ പിടിയിലായി. പിണറായി കാപ്പുമ്മല്‍ സ്വദേശി സി റമീസാണ് പിടിയിലായത്.

◾പഞ്ചസാര വില വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് ശതമാനത്തിലധികം വര്‍ദ്ധനയുണ്ടായി. മഴ കുറഞ്ഞതുമൂലം കരിമ്പ്, പഞ്ചസാര ഉത്പാദനത്തെ ബാധിച്ചതാണു വില വര്‍ധനയ്ക്കു കാരണം.

◾ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാഷ്ട്രത്തലവന്മാര്‍ ഇന്നു മുതല്‍ എത്തും. അമേരിക്കയിലെ പ്രഥമ വനിത ജില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പ്രസിഡന്റ് ജോ ബൈഡന്‍ എത്തും. അടച്ചിട്ട മുറിയില്‍ മാസ്‌ക് ധരിച്ചാകും ജോ ബൈഡന്‍ പങ്കെടുക്കുക. ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനായിട്ടില്ലെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് പറഞ്ഞു.

◾പ്രത്യേക പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി നല്‍കിയ കത്തിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. അജണ്ട പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷത്തിനു പാര്‍ലമെന്റില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം വേണമെന്നും ആവശ്യപ്പെട്ടാണു കത്തു നല്‍കിയത്. പാര്‍ലമെന്റ് സമ്മേളനത്തെ രാഷ്ട്രീയവത്കരിക്കാന്‍ സോണിയ ഗാന്ധി ശ്രമിക്കുകയാണെന്നും കീഴ് വഴക്കങ്ങള്‍ അറിയാത്തതുകൊണ്ടാണ് കത്തെഴുതിയതെന്നുമാണു കേന്ദ്രമന്ത്രി പറഞ്ഞത്.

◾തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ച അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് തമിഴ്നാട്ടിലെ മധുര പൊലീസ്. ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

◾തമിഴ്നാട്ടില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസ്. ഉദയനിധി സ്റ്റാലിന്‍ വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്നായിരുന്നു അമിത് മാളവ്യയുടെ പ്രചാരണം.

◾ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ വിവാദത്തില്‍ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരോട് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

◾മണിപ്പൂര്‍ കലാപം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ടു പുറത്തുവിട്ട എഡിറ്റേഴ്സ് ഗില്‍ഡിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മണിപ്പൂര്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി. കലാപത്തില്‍ മണിപ്പൂര്‍ സര്‍ക്കാരും പോലീസും മെയ്തെയ് വിഭാഗത്തിനൊപ്പം നിന്നുകൊണ്ട് കുക്കി വംശജര്‍ക്കെതിരേ വംശഹത്യ നടത്തിയെന്ന റിപ്പോര്‍ട്ടാണ് എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തുവിട്ടത്.

◾ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് വ്യവസായ വികസന പദ്ധതികള്‍ക്കായി 1164 കോടി രൂപയുടെ അധിക തുക നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മെച്ചപ്പെട്ട ഊര്‍ജ്ജ സംരക്ഷണ സംവിധാനം തയ്യാറാക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരിച്ച അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

◾ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്നേഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

◾ഭാരത് പേരുമാറ്റ വിഷയത്തില്‍ പ്രതികരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി. പ്രതിപക്ഷത്തിന്റെ ഇന്ത്യാ മുന്നണിക്കെതിരേ ഭാരത് എന്ന പേരുമായി ദേശീയത ഉയര്‍ത്തി വോട്ടു നേടാനുള്ള തന്ത്രമാണു മോദി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പുല്‍വാമ സംഭവത്തിലൂടെയാണ് ദേശീയത ആളിക്കത്തിച്ചു വോട്ടാക്കിയത്. പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചും ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപിച്ചും അയോധ്യ രാമക്ഷേത്രം ജനുവരിയില്‍ ഉദ്ഘാടനം ചെയ്തും ഹിന്ദുവികാരം മുതലാക്കാനാണു ശ്രമം. മണിപ്പൂര്‍ കലാപം, അദാനി വിഷയം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളെ നിഷ്പ്രഭമാക്കാനാണ് നീക്കം.

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യൂറോപിലേക്കു പോയി. ഇന്നു യൂറോപ്യന്‍ യൂണിയന്‍ അഭിഭാഷകരുമായി ബ്രസല്‍സില്‍ കൂടിക്കാഴ്ച നടത്തും. നാളെ പാരീസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കും. ശനിയാഴ്ച പാരീസിലെ ലേബര്‍ യൂണിയനുമായി ചര്‍ച്ച നടത്തും. പിന്നീട് നോര്‍വെയിലേക്ക് തിരിക്കും. ഞായറാഴ്ച ഓസ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കും. ജി 20 ഉച്ചകോടി അവസാനിക്കുന്ന തിങ്കളാഴ്ചയാണു രാഹുല്‍ തിരിച്ചെത്തുക.

◾പന്നിപ്പടക്കം പൊട്ടി വായ് തകര്‍ന്നതുമൂലം ഭക്ഷണം കഴിക്കാനാകാതെ പിടിയാന പട്ടിണി കിടന്ന് ചരിഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.

◾ബ്രിട്ടന് ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സുനകിന്റെ പ്രസ്താവന.

◾കിഴക്കന്‍ യുക്രെയിനില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കുട്ടിയടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്കു പരിക്കേറ്റു.

◾ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍. ബംഗ്ലാദേശ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം 39.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ മറികടന്നു. 84 പന്തില്‍ 78 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖും 79 പന്തില്‍ 63 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനുമാണ് പാകിസ്ഥാന്റെ വിജയം അനായാസമാക്കിയത്.

◾ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സചിത്ര സേനാനായകയെ അറസ്റ്റുചെയ്തു. 2020 ലങ്ക പ്രീമിയര്‍ ലീഗിലെ മത്സരത്തിനിടെ ഒത്തുകളി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് താരത്തെ അറസ്റ്റുചെയ്തത്.

◾കടകളിലും മറ്റും കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് പുറമെ അവയുടെ സ്ഥിരീകരണവും ഉറപ്പാക്കുന്ന കാര്‍ഡ് സൗണ്ട്ബോക്സ് അവതരിപ്പിച്ച് പേടീഎം. വീസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ്, റുപേ എന്നിവയുള്‍പ്പെടെ മൊബൈല്‍, കാര്‍ഡ് പേയ്മെന്റുകള്‍ സൗണ്ട്ബോക്സ് വഴി നടത്താന്‍ വ്യാപാരികളെ സഹായിക്കുന്ന ഒരു ഉപകരണമാണിത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി 'ടാപ്പ് ആന്‍ഡ് പേ' ഓപ്ഷനിലൂടെ ഇതില്‍ പണമിടപാട് നടത്താനാകും. സൗണ്ട്ബോക്സ് ഉപയോഗിച്ച് ഓഡിയോ വഴിയുള്ള സ്ഥിരീകരണവും ഇത് നല്‍കുന്നു. കൂടാതെ എല്‍.സി.ഡി ഡിസ്പ്ലേ വഴി വിഷ്വല്‍ പേയ്മെന്റ് സ്ഥിരീകരണവും ഇതിലുണ്ട്. അതായത് ഒരു ഉപകരണത്തില്‍ തന്നെ പണമടയ്ക്കാനും സ്ഥിരീകരണം ശബ്ദ സന്ദേശമായി കേള്‍ക്കാനും സാധിക്കുന്നു. 11 ഭാഷകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വ്യാപാരികളുടെ സൗകര്യമനുസരിച്ച് ഇതില്‍ ഏത് ഭാഷ വേണമെങ്കിലും അലേര്‍ട്ടുകള്‍ക്കായി തെരഞ്ഞെടുക്കാം. ഇതില്‍ 5,000 രൂപ വരെയുള്ള കാര്‍ഡ് പേയ്മെന്റുകള്‍ക്ക് 'ടാപ്പ് ആന്‍ഡ് പേ' ഓപ്ഷന്‍ ഉപയോഗിക്കാനാകും. വേഗത്തിലുള്ള പേയ്മെന്റ് അലേര്‍ട്ടുകള്‍ക്കായി 4ജി നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി ഇതിലുണ്ട്. ഇടപാടിന്റെ വ്യക്തമായ ശബ്ദ അലേര്‍ട്ടുകള്‍ക്കായി 4വാട്ട് സ്പീക്കറാണ് ഇതിലുള്ളത്. പേടീഎം കാര്‍ഡ് സൗണ്ട്ബോക്സിന് അഞ്ച് ദിവസം വരെ നീണ്ട ബാറ്ററി ലൈഫുണ്ടെന്ന് കമ്പനി പറയുന്നു. പേയ്റ്റീഎം പോക്കറ്റ് സൗണ്ട്ബോക്സ്, പേയ്റ്റീഎം മ്യൂസിക് സൗണ്ട്ബോക്സ് എന്നിവയ്ക്ക് പിന്നാലെയാണ് കമ്പനിയുടെ കാര്‍ഡ് സൗണ്ട്ബോക്സിന്റെ വരവ്.

◾വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ പതിനഞ്ചിന് ചിത്രം തീയറ്ററുകളില്‍ എത്തും. സിനിമാറ്റിക്ക ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു.

◾സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രം 'ഗദര്‍ 2' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. 'ഗദര്‍ 2' ഇതുവരെ 510 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. 2001ല്‍ പുറത്തെത്തി വന്‍ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയ 'ഗദര്‍ 2' എന്തായാലും കളക്ഷന്‍ റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഇനിയും മുന്നേറും. അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഉത്കര്‍ഷ ശര്‍മ, മനിഷ വധ്വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്താഖ് ഖാന്‍, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്ന തുടങ്ങി ഒട്ടേറെ താരങ്ങളും 'ഗദര്‍ 2'വില്‍ വേഷമിടുന്നു. അനില്‍ ശര്‍മ തന്നെയാണ് നിര്‍മാവും. മിതൂന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യ- പാക് വിഭജലകാലത്തെ പ്രണയ കഥയായിരുന്നു 'ഗദര്‍ 2'. താര സിംഗിന്റെയും സക്കീനയുടെയും പ്രണയത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം എന്ത് സംഭവിച്ചു എന്നതാണ് 'ഗദര്‍ 2'വില്‍ പ്രതിപാദിക്കുന്നത്. ബോളിവുഡില്‍ ചില ചിത്രങ്ങളുടെ തുടര്‍ ഭാഗങ്ങള്‍ ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'ഗദര്‍ 2' സണ്ണി ഡിയോളിന്റെ തിരിച്ചുവരവ് ആയിരിക്കുകയാണ്.

◾സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ പുതിയ ഇലക്ട്രിക് എസ്യുവിയായ വോള്‍വോ സി40 റീചാര്‍ജ് ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 61.25 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ഇത് ലഭ്യമാണ്. ഇതിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. 1 ഡെലിവറി അടുത്തയാഴ്ച ആരംഭിക്കും. യഥാക്രമം 60.95 ലക്ഷം മുതല്‍ 65.95 ലക്ഷം രൂപ, 48.47 ലക്ഷം രൂപ വിലയുള്ള കിയ ഇവി6, ഹ്യുണ്ടായി അയോണിക്ക് 5 എന്നിവയുമായി സി40 റീചാര്‍ജ് നേരിട്ട് മത്സരിക്കും. വോള്‍വോ സി40 റീചാര്‍ജില്‍ 78കിലോവാട്ട് ബാറ്ററി പായ്ക്ക് ഉണ്ട്. ഇതൊരു ഡ്യുവല്‍-മോട്ടോര്‍ സജ്ജീകരണവുമായി ജോടിയാക്കുന്നു, ഓരോ ആക്സിലിലും ഒരു മോട്ടോര്‍ ഫീച്ചര്‍ ചെയ്യുന്നു. ഈ കോണ്‍ഫിഗറേഷന്‍ ഫുള്‍ ചാര്‍ജില്‍ 530കിമീ എന്ന ആകര്‍ഷകമായ ക്ലെയിം പരിധി വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ 408 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും ശക്തമായ 660 എന്‍എം ടോര്‍ക്കും നല്‍കുന്നു. പൂജ്യം മുതല്‍ 100 ശതമാനം വരെ 27 മിനിറ്റിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 150 കിലോവാട്ട് ഡിസി ചാര്‍ജറും വോള്‍വോ സി40 റീചാര്‍ജില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

◾മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ രമണന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു അത്ഭുതമായാണ് വിമര്‍ശകലോകം ഇന്നും കാണുന്നത്. ഒരൊറ്റ കൃതികൊണ്ട് മലയാള കവിതയിലെ നാഴികക്കല്ലായി മാറിയ രമണനിലെ അപൂര്‍വ്വമായ ചില കണ്ടെത്തലുകളിലേക്ക്, അസാധാരണമായ തിരിച്ചറിവിലേക്ക് ഗ്രന്ഥകാരന്‍ എത്തിച്ചേര്‍ന്നതിന്റെ പ്രതിഫലനമാണ് ഈ കൃതി. കാല്പനിക ഹൃദയങ്ങളില്‍ ഇടം കണ്ടെത്തിയ രമണനും ചന്ദ്രികയും വിമര്‍ശനലോകത്ത് ഉളവാക്കിയ അസ്വാരസ്യങ്ങളും അസ്വസ്ഥതകളും സംവാദങ്ങളുമാണ് ഈ വിമര്‍ശനഗ്രന്ഥം. രമണനെ ചുറ്റിപ്പറ്റിയുള്ള അത്ഭുതകഥകള്‍, രമണഭാവുകത്വം, ഉത്തരപൂര്‍വ്വ സംവാദങ്ങള്‍, റൊമാന്റിക് വിച്ഛേദത്തിന്റെ വഴികള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ നവീന സാഹിത്യസംവാദങ്ങളിലേക്കുള്ള വാതായനം. 'രമണന്‍ എങ്ങനെ വായിക്കരുത്?'. വടക്കേടത്ത് ബാലചന്ദ്രന്‍. ഗ്രീന്‍ ബുക്സ്. വില 192 രൂപ.

◾ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മത്സ്യങ്ങള്‍ കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ഇന്റര്‍നാഷണല്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററും നടത്തിയ പഠനത്തില്‍ പറയുന്നു. മീനുകളില്‍ അടങ്ങിയിരിക്കുന്ന ആവശ്യ പോഷകങ്ങള്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട ഹൈപ്പര്‍ലിപ്പിഡാമിയ എന്ന രോഗലക്ഷണത്തെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒമേഗ 3 യും വിറ്റാമിന്‍ ഡി യും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുകയും ചെയ്യും. മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം ബലമുള്ള എല്ലുകള്‍ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. മീനുകള്‍ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരാള്‍ക്ക് അസ്ഥി സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവായിരിക്കും. ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ ഉണ്ടാകാനിടയുള്ള ഓസ്റ്റിയോപെറോസിസ് എന്ന അസ്ഥി രോഗത്തെ ചെറുത്തു നിര്‍ത്താന്‍ സഹായിക്കുന്ന കാര്യങ്ങളിലൊന്നാണ് മീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. പ്രായമാകുമ്പോള്‍ ഉണ്ടാകാവുന്ന അല്‍ഷിമേഴ്സ് രോഗത്തെ പ്രതിരോധിച്ചു നിര്‍ത്താനും നല്ലൊരു ഉപാധിയാണ് മീനുകള്‍. ഇതുകൂടാതെ വിഷാദ രോഗത്തെ അകറ്റി നിര്‍ത്താനും ഒമേഗ 3 വലിയ രീതിയില്‍ സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. തലച്ചോറിന് അത്യാവശ്യമായ ഒരു ഭക്ഷണമാണ് മത്സ്യം. മിതമായ സീഫുഡ് ഉപഭോഗം അല്‍ഷിമേഴ്‌സ് രോഗത്തിന്റെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.