◾ഇന്ത്യയെ വെട്ടി മോദിയും ഭാരത് എന്നാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശന കുറിപ്പിലും ഇന്ത്യക്കു പകരം ഭാരത്. സന്ദര്‍ശന പോസ്റ്ററിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിന്റെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാക്കിയിരുന്നു. 'ഇന്ത്യ ദാറ്റ് ഈസ് ഭാരത്' എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍ പറയുന്നത്. അതിനാല്‍ രണ്ടും തെറ്റല്ലെന്നാണു വാദം. എന്നാല്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോകം അംഗീകരിച്ച പേര്.
◾പുതുപ്പള്ളിയില്‍ 72.91 ശതമാനം പോളിംഗ്. വോട്ടെടുപ്പിനു നിശ്ചിത സമയം കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട ക്യൂ. വരി നില്‍ക്കാന്‍ മടിച്ച് നിരവധി വോട്ടര്‍മാര്‍ മടങ്ങിപ്പോയി. വോട്ടെടുപ്പു നടപടികള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം വൈകിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ തവണ 74.84 ശതമാനമായിരുന്നു പോളിംഗ്. വെള്ളിയാഴ്ച വോട്ടെണ്ണും.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ 11 നു ഹാജരാകണമെന്ന് മുന്‍ വ്യവസായ മന്ത്രിയും സി പി എം തൃശൂര്‍ ജില്ലാ മൂന്‍ സെക്രട്ടറിയുമായ എ സി മൊയ്തീന് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന ദിവസമാണെങ്കിലും ആവശ്യപ്പെട്ട രേഖകള്‍ സഹിതം ഹാജരാകുമെന്ന് മൊയ്തീന്‍ വ്യക്തമാക്കി. നേരത്തെ മൊയ്തീന്റെ അപേക്ഷയനുസരിച്ചു രണ്ടു തവണ സാവകാശം നല്‍കിയിരുന്നു.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യ ആസൂത്രകന്‍ ഒന്നാംപ്രതി സതീഷ് കുമാര്‍ എന്ന് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരണ്‍ തട്ടിയെടുത്ത 24.57 കോടി രൂപയില്‍ നിന്ന് 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് ഹൈക്കോടതിയുടെ താക്കീത്. ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം തടഞ്ഞ കോടതി ഉത്തരവിനെതിരേ പരസ്യപ്രസ്താവന അരുതെന്ന് ഡിവിഷന്‍ ബെഞ്ച്. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്ന അമിക്കസ് ക്യൂരിക്കോ ജില്ലാ കലക്ടര്‍ക്കോ എതിരെയും സംസാരിക്കാന്‍ പാടില്ല. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് പറയാനുള്ളതു രേഖാമൂലം കോടതിയെ അറിയിക്കണം. പരസ്യപ്രസ്താവനകള്‍ കോടതിയലക്ഷ്യമായി കണക്കാക്കേണ്ടിവരുമെന്നു കോടതി മുന്നറിയിപ്പു നല്‍കി.
◾മൂന്നാറില്‍ റവന്യു വകുപ്പ് നല്‍കിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ചു നിര്‍മാണം തുടര്‍ന്ന ഭൂവുടമകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ടു നല്‍കണം. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
◾കേരളത്തില്‍ നടന്ന 300 കോടി രൂപയുടെ അന്താരാഷ്ട്ര ഹവാല ഇടപാടില്‍ അഞ്ചു പേരെ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കോട്ടയം സ്വദേശികളായ വി എസ് സുരേഷ് ബാബു, എ കെ ഷാജി, ഏറ്റുമാനൂര്‍ സ്വദേശി മുഹമ്മദ് ഷിബു, മുഹമ്മദ് ഷിജു, എറണാകുളം സ്വദേശി സിറാജ് എന്നിവരെയാണു പിടികൂടിയത്. ഫോറെക്സ് മണി എക്സ്ചേഞ്ച്, ജ്വല്ലറികള്‍, ഗിഫ്റ്റ് ഷോപ്പുകള്‍ എന്നിവയുടെ മറവില്‍ ആണ് ഹവാലാ ഇടപാട് നടത്തിയതെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
◾പുതുപ്പള്ളിയില്‍ പോളിംഗ് വെട്ടികുറയ്ക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശ്രമിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും പരാതിപ്പെട്ടു. ഇക്കാര്യം പരാതിപ്പെട്ടപ്പോള്‍ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയെന്നും ചാണ്ടി ഉമ്മന്‍.
◾സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ടു സമരത്തിനിറങ്ങുന്നു. ക്വാറി-ക്രഷര്‍ വ്യവസായികളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഇന്നു തൃശൂരില്‍ ചേരുമെന്ന് സംസ്ഥാന ക്വാറി ക്രഷര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വിനര്‍ എം.കെ.ബാബു പറഞ്ഞു. മുന്നൂറോളം ക്വാറികള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
◾കണ്ണൂര്‍ മട്ടന്നൂര്‍ വനിതാ ഹോമില്‍നിന്നു കാണാതായ അഞ്ചു പേരെ കണ്ടെത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു ട്രെയിനില്‍ കയറിയ ഇവരെ ഉഡുപ്പിയില്‍നിന്നാണു കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് ഇവര്‍ മുങ്ങിയത്.
◾ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
◾ഇന്നു അഷ്ടമി രോഹിണി. നാടെങ്ങും ശോഭായാത്രകള്‍. ഗുരുവായൂര്‍ ക്ഷേത്രം അടക്കം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു ഭക്തരുടെ തിരക്ക്.
◾ശ്രീനാരായണ ഗുരു സമാധി ദിനം 22 നാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.
◾നെല്ല് സംഭരണത്തിനു കര്‍ഷകര്‍ക്കു പണം നല്‍കാത്തതിനു കാരണം കേരളം കേന്ദ്ര സര്‍ക്കാരിനു കണക്കുകളും പണത്തിനായുള്ള അപേക്ഷകളും നല്‍കാത്തതുമൂലമാണെന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. കുടിശ്ശിക വിതരണം മുടങ്ങിയതു കേന്ദ്രത്തിന്റെ വീഴ്ചമൂലമാണെന്ന സംസ്ഥാന മന്ത്രിമാരുടെ വാദം അദ്ദേഹം തള്ളി.
◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കോടി രൂപ വില വരുന്ന നാലു കിലോ സ്വര്‍ണവുമായി കോഴിക്കോട് മടവൂര്‍ സ്വദേശി മുഹമ്മദ് ഫാറൂഖ് പിടിയിലായി.
◾വീട്ടില്‍ കയറി പെണ്‍കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ചു. ഇരിങ്ങോല്‍ സ്വദേശി ബേസില്‍ (എല്‍ദോസ്) ആണ് മരിച്ചത്. പെരുമ്പാവൂര്‍ രായമംഗലത്തെ അല്‍ക്കയെന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ പ്രതി, തടയാന്‍ ശ്രമിച്ച മുത്തച്ഛന്‍ ഔസേഫ്, മുത്തശ്ശി ചിന്നമ്മ എന്നിവരേയും വെട്ടുകയായിരുന്നു. വെട്ടേറ്റ് മൂന്നുപേരും ചികില്‍സയിലാണ്.
◾കൊല്ലം പരവൂരില്‍ വിവാഹ വാഗ്ദാനം നല്‍കി ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയില്‍. കീരിപ്പുറം സ്വദേശി സിബിനാണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സാധനങ്ങളും കൈക്കലാക്കിയെന്നും 2020 ലും 2022 ലും യുവതിയെ നാട്ടില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്തെന്നുമാണു കേസ്.
◾കോഴിക്കോട് നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍നിന്ന് താഴേക്ക് വീണ് മദ്രസ അധ്യാപകന്‍ മരിച്ചു. മലപ്പുറം വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്ലിയാര്‍ (54) ആണ് മരിച്ചത്.
◾കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നസിമുദ്ദീനെ കാണാനില്ലെന്നു കേസ്. പൂന്തുറ കോട്ടേഴ്സില്‍ നിന്ന് തിങ്കളാഴ്ച മുതലാണ് നസീമുദ്ദീനെ കാണാതായത്. പൂന്തുറ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾പ്രത്യേക സംരക്ഷണമുള്ള കടന്ന (റെഡ്ഫിന്‍) ഇനം മത്സ്യങ്ങളെ പിടികൂടി കടത്താന്‍ ശ്രമിച്ച ആറ് പേര്‍ വനപാലകരുടെ പിടിയിലായി. നിലമ്പൂരിനടുത്ത് ന്യൂ അമരമ്പലം റിസര്‍വ് വനത്തില്‍നിന്ന് അബു, വാഹിദ്, മുഹ്സിന്‍, സലീം, ഹംസ, റോഷന്‍ എന്നിവരെയാണ് പിടികൂടിയത്. എട്ടു കിലോ മല്‍സ്യവും ഇന്‍വര്‍ട്ടര്‍, ബാറ്ററി, അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.
◾മലപ്പുറം എടക്കരയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തി യുവാവ് പൊലീസില്‍ കീഴടങ്ങി. വഴിക്കടവ് മരുത ആനടിയില്‍ പ്രഭാകരന്‍ ആണ് കൊല്ലപ്പെട്ടത്. മരുമകനുമായ മനോജ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
◾ഇന്ത്യ മുന്നണിയെ ഭയക്കുന്നതുകൊണ്ടാണു മോദി രാജ്യത്തിന്റെ പേരു ഭാരതം എന്നു മാറ്റാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. പേരു മാറ്റത്തതിനു പിറകില്‍ ബ്രിട്ടീഷുകാരുടെ സാമൃജ്യത്വത്തിന് എതിരായ നിലപാടാണെങ്കില്‍ വൈസ്രോയിയുടെ വസതിയായിരുന്ന രാഷ്ട്രപതി ഭവന്‍ ഉപേക്ഷിക്കണം. ഹിന്ദുവെന്ന പേര് നല്‍കിയതും വിദേശരാജ്യങ്ങളാണ്. അദ്ദേഹം പറഞ്ഞു.
◾റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കുന്നതു ഭരണഘടനാ ലംഘനമല്ലെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. അതേസമയം വിലമതിക്കാനാകാത്ത ബ്രാന്‍ഡ് മൂല്യം ഇന്ത്യ എന്ന പേരിനുണ്ടെന്നും അതു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്നു പേരിട്ടാല്‍ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കുമോയെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യം 140 കോടി ജനങ്ങളുടേതാണെന്ന് മറക്കരുതെന്ന് കെജ്രിവാള്‍ പറഞ്ഞു.
◾പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്കു കത്തയക്കും. കോണ്‍ഗ്രസ് നയരൂപീകരണ സമിതി യോഗത്തിലാണു സോണിയ ഗാന്ധി പ്രധാനമന്ത്രിക്കു കത്തയക്കണമെന്നു തീരുമാനിച്ചത്. കഴിഞ്ഞ തവണ മണിപ്പൂര്‍ വിഷയവും അതിനു മുമ്പ് അദാനി വിഷയവും അടക്കം കഴിഞ്ഞ മൂന്നു പാര്‍ലമെന്റ് സമ്മേളനങ്ങളിലും പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല.
◾അമ്പതു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ബി സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു. സഹായികളായ മൂന്നു പേരും അറസ്റ്റിലായി. ഡല്‍ഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയശേഷം ചോദ്യം ചെയ്തതിനു പിറകേയാണ് അറസ്റ്റ്.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.
◾രണ്ടു മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതക്കു ഡല്‍ഹി തീസ് ഹസാരി കോടതിയുടെ സമന്‍സ്. ബിജെപി ഡല്‍ഹി സെക്രട്ടറി ഹരീഷ് ഖുറാനയാണ് പരാതി നല്‍കിയത്.
◾ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചില്‍ വാദം പൂര്‍ത്തിയായി. വിധി പറയാനായി കേസ് മാറ്റി.
◾എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു ജയിലില്‍ കഴിയുന്ന തമിഴ്നാട്ടിലെ മന്ത്രി സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രിയെ നിര്‍ബന്ധിക്കാന്‍ കോടതിക്കു കഴിയില്ല. ബാലാജിയുടെ മന്ത്രിപദവി ഭരണഘടന ധാര്‍മികതയ്ക്കു വിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
◾ഫളാറ്റ് തട്ടിപ്പു കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. 12 ന് കൊല്‍ക്കത്തയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
◾ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്ക സൂപ്പര്‍ ഫോറില്‍. അഫ്ഗാനിത്ഥാനെതിരായ ആവേശകരമായ പോരാട്ടത്തില്‍ ശ്രീലങ്കക്ക് 2 റണ്‍സിന്റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ 37.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി. 37.1 ഓവറില്‍ വിജയിച്ചാല്‍ മാത്രമേ അഫ്ഗാന് സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. കുശാല്‍ മെന്‍ഡിസിന്റെ 92 റണ്‍സാണ് ശ്രീലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്.
◾അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ബാങ്കുകള്‍ ഫൈന്‍ ഈടാക്കുന്നത് പതിവാണ്. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ആക്സിസ് ബാങ്ക്. മിനിമം ബാലന്‍സ് നിബന്ധനയില്ലാതെ, സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കി സേവിംഗ്സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള അവസരമാണ് ആക്സിസ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. 'ഇന്‍ഫിനിറ്റി സേവിംഗ്സ് അക്കൗണ്ട്' എന്ന പേരിലാണ് ആക്സിസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനായി നിശ്ചിത തുക ബാങ്കില്‍ അടയ്ക്കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ക്ക് 150 പ്രതിമാസമോ, ഒരു വര്‍ഷത്തേക്ക് 1,650 രൂപയോ അടച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണ്. ഈ പദ്ധതി പ്രകാരം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വരിസംഖ്യ ഈടാക്കുകയും, കാലാവധി പുതുക്കി നിശ്ചയിക്കുകയും ചെയ്യും. പ്രതിമാസ മിനിമം ബാലന്‍സ്, പ്രൈമറി കാര്‍ഡ് ഇഷ്യുവന്‍സ് ഫീസ്, വാര്‍ഷിക ഫീസ്, ചെക്ക് ബുക്ക് ഉപയോഗത്തിനുള്ള ഫീസ്, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള നിരക്ക്, പരിധി കവിഞ്ഞുള്ള പണം നിക്ഷേപിക്കുന്നതിനുള്ള ചാര്‍ജ്ജ്, മാതൃശാഖയിലൂടെയല്ലാത്ത ഇടപാടിനുള്ള ചാര്‍ജ്ജുകള്‍, സൗജന്യപരിധിക്ക് ശേഷമുള്ള പണം പിന്‍വലിക്കലിനുളള ഫീസ്, സേവിംഗ്സ് അക്കൗണ്ടില്‍ പണമില്ലാത്താതിനാല്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് പരാജയപ്പെട്ടതിനുള്ള ഫീസ് തുടങ്ങി 40 ഓളം ചാര്‍ജ്ജുകളാണ് ഇന്‍ഫിനിറ്റി സേവിംഗ്സ് അക്കൗണ്ടില്‍ ഒഴിവാക്കിയിരിക്കുന്നത്.
◾എം.എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രം ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക് '800' ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മുത്തയ്യ മുരളീധരനും മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത്ത് ജയസൂര്യയും പങ്കെടുത്ത ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ട്രെയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ വിവേക് രംഗചാരി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മധുര്‍ മിട്ടാലാണ് മുത്തയ്യ മുരളീധരനായി വേഷമിടുന്നത്. ആര്‍. ഡി രാജശേഖര്‍ ഛായഗ്രഹണവും പ്രവീണ്‍ എഡിറ്റിങ്ങും ജിബ്രാന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഒക്ടോബര്‍ 6 ന് റിലീസ് ചെയ്യും. സ്പിന്‍ മാന്ത്രികന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ ഒരുപാട് പ്രതീക്ഷകളോടെയാണ് ആരാധകരും പ്രേക്ഷക സമൂഹവും കാത്തിരിക്കുന്നത്.
◾അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം 'പ്രാവി'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ട്രയിലര്‍ റിലീസ് ചെയ്തത്. സൗഹൃദങ്ങളിലൂടെയുള്ള ആഴത്തിനും കുടുംബ ബന്ധങ്ങള്‍ക്കും നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയുള്ള ചിത്രമാകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അമിത് ചക്കാലക്കലിനൊപ്പം മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം സെപ്റ്റംബര്‍ 15 ന് തിയറ്ററുകളിലെത്തും.
◾ഇത്തവണ ഓണം വിപണി പൊടിപൊടിച്ചതോടെ നേട്ടത്തിന്റെ ആഘോഷമാക്കി മാറ്റി കേരളത്തിന്റെ റീട്ടെയില്‍ വാഹന വിപണി. സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. പരിവാഹന്‍ പോര്‍ട്ടലിലെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, വാഹന വില്‍പ്പനയില്‍ ജൂലൈ മാസത്തെക്കാള്‍ 30 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഓഗസ്റ്റില്‍ ഉണ്ടായിട്ടുള്ളത്. ഓണക്കാല ഓഫറുകളും, ബോണസുകളും, ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും വാഹന വില്‍പ്പന വര്‍ദ്ധിക്കുന്നതിന് ആക്കം കൂട്ടി. സംസ്ഥാനത്ത് ഓഗസ്റ്റില്‍ മാത്രം 73,532 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജൂലൈയില്‍ ഇത് 56,417 എണ്ണമായിരുന്നു. ടൂവീലറുകളുടെ വില്‍പ്പന 35,223-ല്‍ നിന്നും 49,487 എണ്ണത്തിലെത്തി. കഴിഞ്ഞ മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. അതേസമയം, പുതിയ കാര്‍ രജിസ്ട്രേഷന്‍ ജൂലൈയിലെ 15,195-ല്‍ നിന്ന് 17,491 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇലക്ട്രിക് വാഹന വില്‍പ്പനയിലും പുത്തന്‍ ഉണര്‍വാണ് ഇത്തവണ ദൃശ്യമായത്. ജൂലൈയില്‍ മൊത്തം 5,254 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റപ്പോള്‍ ഓഗസ്റ്റില്‍ ഇത് 5,956 ആയാണ് ഉയര്‍ന്നിരിക്കുന്നത്.
◾കണ്ടതും കേട്ടതുമായ സങ്കടങ്ങളെ ആര്‍ദ്രസ്വരമാക്കി മാറ്റുന്ന കൃതിയാണ് ''അമ്പത്തൊന്നാഴം'' നായകനും നായികയും വില്ലനും വില്ലത്തിയും നിറഞ്ഞ ആദിമദ്ധ്യാന്തമുള്ള നോവലല്ല ഈ രചന. യാഥാസ്ഥിതികമായ ചട്ടക്കൂട് ഭേദിച്ച് വായനയുടെ പുതിയ അതിര്‍ത്തികള്‍ തേടുന്ന ഈ രചന പൂര്‍ണ്ണമായും അപരിചിതമായൊരു അനുഭവ സാക്ഷ്യമായി നിലനില്‍ക്കും. മലയാള സാഹിത്യജീവിതത്തില്‍ സ്വന്തമായി ഒരിടം സൃഷ്ടിക്കാനുള്ള ദൃഢമായ കാല്‍വയ്പാണ് ഈ കൃതി. 'അമ്പത്തൊന്നാഴം'. രമണി വേണുഗോപാല്‍. സൈന്‍ ബുക്സ്. വില 323 രൂപ.
◾അമ്പതുകളില്‍ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്ത പലരെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ വാര്‍ദ്ധക്യം എളുപ്പത്തില്‍ പിടികൂടില്ല. പപ്പായയുടെ പപ്പെയ്ന്‍ എന്ന എന്‍സൈം പ്രായമാകല്‍ വിരുദ്ധ ഗുണങ്ങള്‍ക്കായി സഹായിക്കുന്നു. ഇതില്‍ ലൈക്കോപീന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്, ഇത് പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കും. മാതളനാരങ്ങയിലെ പ്യൂണികലാജിന്‍സ് എന്ന എന്‍സൈം ചര്‍മ്മത്തിലെ കൊളാജന്‍ സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാന്‍ ഇത് വളരെ നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താന്‍ സഹായിക്കുന്ന പ്രോബയോട്ടിക്‌സ് തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരിലെ ലാക്റ്റിക് ആസിഡ് സുഷിരങ്ങള്‍ ചുരുങ്ങുകയും മുറുക്കുകയും ചെയ്ത് നേര്‍ത്ത വരകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. റൈബോഫ്ലേവിന്‍ അല്ലെങ്കില്‍ വിറ്റാമിന്‍ ബി 12 എന്നിവയാല്‍ സമ്പന്നമായ തൈര് കോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിക്കുമ്പോള്‍ ചര്‍മ്മത്തെ തിളങ്ങുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. തക്കാളിയില്‍ ഉയര്‍ന്ന അളവിലുള്ള ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ സൂര്യാഘാതത്തിനെതിരെ പോരാടാന്‍ സഹായിക്കുന്നു. സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട നിരവധി വിറ്റാമിനുകളും ധാതുക്കളും ബ്രൊക്കോളിയില്‍ നിറഞ്ഞിരിക്കുന്നു. പല പഴങ്ങളിലും അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളില്‍ പകുതിയും പരിഹരിക്കും. അത്തരത്തിലുള്ള ഒരു പഴമാണ് മുന്തിരി. ചര്‍മ്മകോശങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ, സി, ബി6, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമാണ് മുന്തിരി.
*ശുഭദിനം*
കടല്‍തീരത്ത് ഒരു കുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവന്റെ ചെരിപ്പ് തിരമാല കൊണ്ടുപോയി. അവന്‍ തീരത്ത് എഴുതി. കടല്‍ കള്ളനാണ്. അപ്പോഴാണ് ഒരു വള്ളക്കാരന്‍ കടലില്‍ നിന്നും കയറി വന്നത്. അയാള്‍ തീരത്ത് ഇങ്ങനെ എഴുതി: കടല്‍ അന്നമാണ്. കടലില്‍ ആ അമ്മയുടെ മകന്‍ മുങ്ങി മരിച്ചു അവര്‍ തീരത്ത് എഴുതി: ഈ കടല്‍ ഒരു കൊലയാളിയാണ്. അതിലേ നടന്നുപോയ ഒരാള്‍ക്ക് കടലില്‍ നിന്നും കിട്ടിയ ചിപ്പിക്കുള്ളില്‍ നിന്നും മുത്ത് കിട്ടി. അയാളെഴുതി : കടലാണ് ഭാഗ്യം. അല്‍പം കഴിഞ്ഞപ്പോള്‍ എഴുതിയതെല്ലാം തിരമാല മായ്ച്ചുകളഞ്ഞു. നിയോഗത്തിന്റെ പ്രകൃതമനുസരിച്ച് പ്രവര്‍ത്തനനിരതമാകുക എന്നത് മാത്രമാണ് ലക്ഷ്യം. കര്‍മ്മങ്ങളെ സ്വന്തം സത്വമനുസരിച്ചും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചും ക്രമീകരിക്കാം. രണ്ടാമത്തെ രീതി സ്വീകരിച്ചവരുടെ പ്രവര്‍ത്തികള്‍ക്ക് സ്ഥിരതയോ തനിമയോ ഉണ്ടാകില്ല. പൊതുജനാഭിപ്രായമനുസരിച്ച് പൊതുവഴികളിലൂടെ അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കും. സ്വത്വബോധത്തോടെ പെരുമാറുന്നവര്‍ ആര്‍ക്കും വേണ്ടിയല്ല നിലകൊളളുന്നത്. അവര്‍ തങ്ങളുടെ സ്വതസിദ്ധമായ കര്‍മങ്ങളിലൂടെ വ്യാപരിക്കും. അവര്‍ ആരേയും ഉപദ്രവിക്കുന്നില്ല. ഈച്ച ചായപാത്രത്തില്‍ വീണാല്‍ ചായ നമ്മള്‍ ഊറ്റിക്കളയും. അതേ ഈച്ച നെയ്പാത്രത്തില്‍ വീണാല്‍ ഈച്ചയെ എടുത്തുകളയും . അത്രയേ ഉള്ളൂ ആളുകളുടെ അഭിപ്രായങ്ങളിലും നിലപാടുകളിലും ഉള്ള സ്ഥിരത. അവനവന്റെ വഴികളിലൂടെ സഞ്ചരിച്ചാല്‍ ആത്മസംതൃപ്തി ലഭിക്കും. നമ്മള്‍ പോകുന്ന വഴികളിലെല്ലാം അപരന് കൂടി ആശ്വാസമേകുന്നുണ്ടെന്നുകൂടി ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ഓരോ ജീവിതവും അനുഗ്രഹമാകുന്നത് നമുക്ക് കാണാം. - *ശുഭദിനം.*