◾കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നു കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. സതീഷ് കുമാര്‍, പി പി കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിപിഎം നേതാക്കളുടെ ബിനാമികളാണെന്ന് എന്‍ഫോഴ്സ്മെന്റ്. കിരണ്‍ കുമാര്‍ പല പേരുകളിലായി തട്ടിയെടുത്ത 14 കോടി രൂപയില്‍ ഏറേയും ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. 150 കോടി രൂപ ബിനാമി ലോണ്‍ വഴി തട്ടിയെടുത്തെന്നും പിറകില്‍ മുന്‍മന്ത്രി എ.സി. മൊയ്തീനാണെന്നുമാണ് എന്‍ഫോഴ്സ്മെന്റ് ആരോപിക്കുന്നത്.
◾പുതുപ്പള്ളിയില്‍ ഇന്നു വോട്ടെടുപ്പ്. വോട്ടെടുപ്പു യന്ത്രങ്ങളുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയോടെ പോളിംഗ് ബൂത്തുകളില്‍ എത്തി ചുമതലയേറ്റു. മികച്ച പോളിംഗ് ഉണ്ടാകുമെന്നാണു പ്രതീക്ഷ. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍.
◾സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ക്ഷേമനിധികളില്‍ നിന്ന് ധനസമാഹരണം നടത്താന്‍ സര്‍ക്കാര്‍ നീക്കം. അത്യാവശ്യ ചെലവുകള്‍ക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ട്രഷറി നിയന്ത്രണം തത്കാലം പിന്‍വലിക്കില്ല.
◾തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വഞ്ചി മുങ്ങി മൂന്നു യുവാക്കളെ കാണാതായി. നാലുപേരില്‍ ഒരാള്‍ നീന്തി കരയ്ക്കു കയറി. ആനവാരിയിലാണു സംഭവം. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാട് സ്വദേശികളായ വിപിന്‍, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. രക്ഷപ്പെട്ട ശിവപ്രസാദ് അവശനിലയിലാണ്.
◾വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അദാനിയില്‍നിന്നോ ഡിബിയില്‍നിന്നോ കേരളം വൈദ്യുതി വാങ്ങും. യൂണിറ്റിന് ആറു രൂപ 88 പൈസ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നാണ് അദാനി പവര്‍ കമ്പനിയുടേയും ഡി ബി പവര്‍ കമ്പനിയുടേയും വാഗ്ദാനം. റദ്ദാക്കിയ കരാര്‍ പ്രകാരമുള്ള തുകയെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ടെണ്ടറില്‍ മുന്നോട്ടുവച്ച തുക കുറക്കാമെന്ന് കമ്പനികള്‍ കെഎസ്ഇബിക്ക് ഉറപ്പു നല്‍കി. 500 മെഗാവാട്ട് അഞ്ച് വര്‍ഷത്തേക്ക് വാങ്ങാനുള്ള ടെണ്ടറില്‍ രണ്ട് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. അദാനി പവര്‍ കമ്പനി യൂണിറ്റിന് ആറു രൂപ 90 പൈസയും ഡി ബി ആറു രൂപ 97 പൈസയുമാണ് ആവശ്യപ്പെട്ടത്.
◾നടപടി ക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ റദ്ദാക്കിയ വൈദ്യുതി കരാര്‍ പുനസ്ഥാപിക്കാന്‍ വഴി തേടി സര്‍ക്കാര്‍. കെഎസ്ഇബിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് ചീഫ് സെക്രട്ടറി ഉന്നതതല യോഗം ഇന്നു വിളിച്ചു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്ന കരാറാണ് സര്‍ക്കാര്‍ ഈയിടെ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായത് ഇതുമൂലമാണ്.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ക്രമക്കേടു കേസില്‍ വിധി പറയുന്നതില്‍നിന്ന് ഉപ ലോകായുക്തമാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ ലോകായുക്തയില്‍ ഇടക്കാല ഹര്‍ജി നല്‍കി. ലോകായുക്ത വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാനിരിക്കേയാണ് ഹര്‍ജി. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ രാമചന്ദ്രന്റെ ജീവചരിത്ര പുസ്തക പ്രകാശന ചടങ്ങില്‍ ഉപ ലോകയുക്ത ബാബു പി ജോസഫ് പങ്കെടുത്തെന്നും മറ്റൊരു ഉപ ലോകയുക്ത ഹാറൂണ്‍ അല്‍ റഷീദ് പുസ്തകത്തില്‍ ഓര്‍മക്കുറിപ്പ് എഴുതിയെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.
◾ഗ്രോ വാസുവിനെതിരായ കേസില്‍ പ്രോസിക്യൂഷന്റെ ഏഴാം സാക്ഷി കൂറുമാറി. കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ നടന്ന വിചാരണക്കിടെ ഗ്രോ വാസുവിന് അനുകൂലമായാണ് കൂറുമാറ്റം. ഇതേത്തുടര്‍ന്ന് നാലാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കാന്‍ കേസ് ഈമാസം 12 ലേക്കു മാറ്റി. കോടതി വരാന്തയില്‍ ഗ്രോവാസു മുദ്രാവാക്യം മുഴക്കിയപ്പോള്‍ പോലീസുകാര്‍ വായ് പൊത്തിപ്പിടിച്ചു.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ മാസപ്പടി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തളളിയിരുന്നു.
◾യുവാവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നു നിയമവിദ്യാര്‍ത്ഥിനി അറിയിച്ചതോടെ ഹൈക്കോടതിയില്‍ തൃശൂര്‍ക്കാരനായ യുവാവ് ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. യുവാവിനെതിരേ യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമ്പോഴാണ് സംഭവം. പൊലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റി.
◾മിത്ത് വിവാദത്തെത്തുടര്‍ന്നു നാമജപ ഘോഷയാത്ര നടത്തിയതിനു എന്‍എസ്എസിനെതിരെ കന്റോണ്‍മെന്റ് പൊലീസെടുത്ത കലാപക്കേസ് പിന്‍വലിക്കുന്നു. നാമജപയാത്ര നടത്തിയവര്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടില്ലെന്നും സ്പര്‍ദ്ധ ഉണ്ടാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി പിന്‍വലിക്കാമെന്നാണ് പോലീസിനു ലഭിച്ച നിയമോപദേശം. ഘോഷയാത്രക്കെതിരെ ആരും പരാതിപ്പെട്ടിട്ടുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
◾കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം. പ്രദേശത്ത് താമസിച്ചിരുന്ന കാണാതായ പ്രതീഷിന്റേ മൃതദേഹമാണെന്നു സംശയം. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളകിയതായി കണ്ടതോടെ പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമന്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു.
◾മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറി കെജി പ്രേംജിത്തിനെ സര്‍ക്കാര്‍ നീക്കം ചെയ്തു. ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്നായിരുന്നു പ്രേംജിത്തിനെ നിയമിച്ചത്.
◾സീരിയല്‍ താരം അപര്‍ണ നായര്‍ മരിക്കുന്നതിനു മുമ്പ് ഇരുവരും മദ്യപിച്ചു വഴക്കുണ്ടാക്കിയിരുന്നെന്ന് ഭര്‍ത്താവ് സഞ്ജിത്ത്. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഭര്‍ത്താവ് സഞ്ജിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ വീട്ടില്‍ അപര്‍ണ നായര്‍ ജീവനൊടുക്കിയത്. ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചപ്പോഴാണു തര്‍ക്കമുണ്ടായത്. അപര്‍ണ കുപ്പിയെടുത്ത് സഞ്ജിത്തിന്റെ തലക്കടിച്ചെന്നും മൂന്നു വയസുള്ള കുഞ്ഞിനെയും കൂട്ടി താന്‍ പുറത്തുപോയെന്നുമാണ് സഞ്ജിത്തിന്റെ മൊഴി.
◾കൊല്ലത്തെ പുതിയ ബാറിനെക്കുറിച്ച് യു ട്യൂബിലൂടെ പ്രചാരണം നല്‍കിയതു മദ്യപാനം പ്രോല്‍സാഹിപ്പിക്കലാണെന്ന് ആരോപിച്ച് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്സൈസ് കേസെടുത്തു. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി.
◾സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് പത്തു കോടി പാരിതോഷികമെന്ന് അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവച്ചു.
◾ഓഗസ്റ്റില്‍ ചരക്ക് സേവന നികുതി വരുമാനം 1.59 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 11 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1.43 ലക്ഷം കോടി രൂപയാണ് ലഭിച്ചത്.
◾ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് പതിനാറംഗ തെരഞ്ഞെടുപ്പു സമിതിക്കു രൂപം നല്‍കി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.
◾ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരന്‍ ശൈലേന്ദ്ര മോഹന് സുബേദാര്‍ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു. ഗര്‍വാള്‍ സ്‌കൗട്ട് റെജിമെന്റിലെ ഏറ്റവും ഉയര്‍ന്ന നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കിലേക്കാണ് സ്ഥാനകയറ്റം .
◾എയര്‍ ഹോസ്റ്റസ് ട്രെയിനിയായ യുവതി ഫ്ളാറ്റില്‍ മരിച്ച നിലയില്‍. മുംബൈയിലെ അന്ധേരിയില്‍ കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് സ്വദേശിനിയായ രുപ ഒഗ്രെ ആണ് മരിച്ചത്. എയര്‍ ഇന്ത്യയില്‍ നിയമനം ലഭിച്ച് ഏപ്രില്‍ മാസത്തിലാണ് രുപ മുംബൈയില്‍ എത്തിയത്. അപ്പാര്‍ട്ട്മെന്റില്‍ സഹോദരിക്കും ആണ്‍ സുഹൃത്തിനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര്‍ നാട്ടിലേക്കു പോയിരിക്കുകയായിരുന്നു.
◾തമിഴ്നാട് തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നതു ജോലിയില്‍നിന്നു പിരിച്ചുവിട്ടതിന്റെ വൈരാഗ്യംമൂലമെന്ന് പോലീസ്. രണ്ടാം പ്രതി ചെലമുത്തു അറസ്റ്റിലായി. തിരുപ്പൂര്‍ പല്ലാടം സ്വദേശിയായ സെന്തില്‍ കുമാര്‍ നടത്തിയിരുന്ന കടയില്‍ സഹായി ആയിരുന്ന മുഖ്യപ്രതി വെങ്കിട്ടേഷിനെ പോലീസ് തെരയുകയാണ്. നാലു കൂട്ടാളികളുമായി സെന്തിലിന്റെ വീട്ടുമുറ്റത്തിരുന്നു മദ്യപിച്ചു വഴക്കുണ്ടാക്കിയാണു കൊലപാതകം നടത്തിയത്. ബിജെപി പ്രവാര്‍ത്തകന്‍ കൂടിയായ മോഹന്‍രാജ്, അമ്മ പുഷ്പാവതി എന്നിവരും തലക്ഷണം മരിച്ചു.
◾ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ഒഡീഷയിലെ ആസ്ഥാനത്താണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിനോടും രാഹുല്‍ഗാന്ധിയോടും മതിപ്പാണെന്നും അടുത്ത വര്‍ഷം ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾അമേരിക്കയിലെ മിനസോട്ട ജയിലില്‍ അടിയന്തരാവസ്ഥ. നൂറോളം തടവുകാര്‍ സെല്ലില്‍ കയറാതെ പ്രതിഷേധിച്ചതിന് പിറകേയാണ് നടപടി. ജയിലിലെ അമിതമായ ചൂട്, കുളിക്കാനുള്ള സൗകര്യക്കുറവ്, കുടിവെള്ളക്ഷാമം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് തടവുകാര്‍ സമരത്തിനിറങ്ങിയത്.
◾ജനിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞാണെന്നു വെളിപ്പെടുത്തുന്ന വിരുന്നിനിടെ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. മെക്സിക്കോയിലെ സാന്‍ പെഡ്രോയിലാണ് സംഭവം. വിമാനം ആകാശത്ത് പിങ്ക് നിറം വിതറുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
◾മഴ രസം കൊല്ലിയാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് നേപ്പാളിനെതിരെ പത്ത് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സെടുത്തു പുറത്തായി. ഇന്ത്യയുടെ മറുപടി ബാറ്റിംഗില്‍ മഴ തടസം സൃഷ്ടിച്ചപ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ട സ്‌കോര്‍ 23 ഓവറില്‍ 145 റണ്‍സ് ആയി പുനര്‍നിര്‍ണയിച്ചു. 20.1 ഓവറില്‍ 74 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും ഓപ്പണിംഗ് കൂട്ടുകെട്ട് മികവില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഈ വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു.
◾റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ ആഗോളതലത്തിലുള്ള ഏറ്റവും മികച്ച ബാങ്കറായി തിരഞ്ഞെടുത്തു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എ പ്ലസ് റേറ്റിംഗ് ലഭിച്ച 3 സെന്‍ട്രല്‍ ബാങ്ക് മേധാവികളില്‍ ഏറ്റവും മുന്നിലാണ് ശക്തികാന്ത ദാസ്. ആര്‍ബിഐ ഗവര്‍ണറുടെ സമര്‍പ്പണവും കാഴ്ചപ്പാടും നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ച ശക്തിപ്പെടുത്തുമെന്നും, ഇന്ത്യയ്ക്ക് ഇത് വീണ്ടും അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജോസ്.കെ.ജോര്‍ദാന്‍ (സ്വിറ്റ്സര്‍ലന്‍ഡ്), എന്‍ഗുയെന്‍ തി ഹോംഗ് (വിയറ്റ്നാം) എന്നിവരാണ് എ പ്ലസ് റേറ്റിംഗ് ലഭിച്ച മറ്റ് സെന്‍ട്രല്‍ ബാങ്ക് മേധാവികള്‍. എ ഗ്രേഡ് നേടിയ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരില്‍ ബ്രസീലിലെ റോബോട്ടോ കാംപോസ് നെറ്റോ, ഇസ്രായേലിലെ അമീര്‍ യാറോണ്‍, മൗറീഷ്യസിലെ സര്‍വേഷ് കുമാര്‍ സീഗോലം, ന്യൂസിലന്‍ഡിലെ അഡ്രിയാന്‍ ഓര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. റിപ്പോര്‍ട്ട് കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന മൂന്ന് സെന്‍ട്രല്‍ ബാങ്ക് മേധാവികളും പണപ്പെരുപ്പത്തെ നേരിടുന്നതില്‍ മികവ് കാട്ടിയിട്ടുണ്ട്. 1994 മുതല്‍ എല്ലാ വര്‍ഷവും ഗ്ലോബല്‍ ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്.
◾വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. ചിത്രത്തിനായി വിശാല്‍ നടത്തിയ സ്റ്റൈലന്‍ മേക്കോവര്‍ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. 'മാര്‍ക്ക് ആന്റണി' ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 15നാണ് റിലീസാകുന്നത്. ഒരു ടൈം ട്രാവലര്‍ ഗ്യാംങ് സ്റ്റാര്‍ സിനിമയാണ് മാര്‍ക്ക് ആന്റണി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേ സമയം കോമഡിക്കും ആക്ഷനും ഒരേ പോലെ പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സില്‍ക് സ്മിതയെ വീണ്ടും സ്‌ക്രീനില്‍ എത്തിക്കുന്നുണ്ട് ചിത്രത്തില്‍. ട്രെയിലറിലും സില്‍കിന്റെ രംഗങ്ങള്‍ കാണിക്കുന്നുണ്ട്. എസ്ജെ സൂര്യ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ്. വിശാലിനേക്കാള്‍ ചിലയിടത്ത് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത് എസ്ജെ സൂര്യയാണ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങും. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ 'മാര്‍ക്ക് ആന്റണി'. എസ് വിനോദ് കുമാറാണ് നിര്‍മ്മിക്കുന്നത്.
◾അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'പ്രാവ്'. 'പ്രാവി'ലെ മനോഹരമായ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. അമിത് ചക്കാലക്കലിനൊപ്പം സാബുമോന്‍ അബ്ദുസമദ്, മനോജ് കെ യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന 'പ്രാവി'ലെ അന്തിക്കള്ള് പോലെ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് 'പ്രാവെ'ന്ന ചിത്രത്തിന്റെ ഗാനരചന. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം. സെപ്തംബര്‍ 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം വേഫേറെര്‍ ഫിലിംസ് ആണ്.
◾ടിവിഎസ് മോട്ടോര്‍ കമ്പനി 2023 ഓഗസ്റ്റിലെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. കമ്പനി കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിലും കയറ്റുമതി ചെയ്തതും ഉള്‍പ്പെടെ 345,848 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇത് കമ്പനിയുടെ വാര്‍ഷിക വില്‍പ്പനയില്‍ നാല് ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ മാസം 332,110 യൂണിറ്റായിരുന്നു, 2022 ഓഗസ്റ്റില്‍ വിറ്റ 315,539 യൂണിറ്റുകളെ അപേക്ഷിച്ച് അഞ്ച് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കൂടാതെ ടിവിഎസ് ഐക്യൂബ് ഓഗസ്റ്റില്‍ അതിന്റെ എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പനയും രേഖപ്പെടുത്തി. 2022 ഓഗസ്റ്റില്‍ വിറ്റ 239,325 യൂണിറ്റുകളില്‍ നിന്ന് 2023 ഓഗസ്റ്റില്‍ ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന ഏഴ് ശതമാനം വര്‍ധിച്ച് 256,619 യൂണിറ്റിലെത്തി. 2023 ഓഗസ്റ്റില്‍ 23,887 യൂണിറ്റുകള്‍ വിറ്റഴിച്ച് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന നേടിയതായും ടിവിഎസ് അറിയിച്ചു. ഈ വര്‍ഷം ഓഗസ്റ്റില്‍ വിറ്റ 4,418 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വോളിയത്തില്‍ 440 ശതമാനം വര്‍ദ്ധനവാണിത്.
◾പെണ്‍കുട്ടികള്‍ എല്ലാത്തിനും മടിച്ചു നിന്നിരുന്ന ഒരു കാലത്ത് പത്താംക്ലാസ് കഴിഞ്ഞ ഒരു പെണ്‍കുട്ടി കഥകളിയാശാന്റെ അടുത്തെത്തി പറഞ്ഞു 'എനിക്കും ഒരു വേഷം വേണം.' അന്ന് അത് തികച്ചും ആശ്ചര്യകരമായിരുന്നു. നരകാസുര വധത്തിലെ ലളിതയുടെ വേഷത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് പല സ്ഥലങ്ങളിലായി അനേകം വേഷങ്ങള്‍. കഥകളിയിലെ കുലപതികളോടൊപ്പം നിരവധി അരങ്ങുകള്‍. ജീവിതമെന്ന മഹാവേഷത്തോടൊപ്പം ആവേശത്തോടെ നിറഞ്ഞാടിയ വേഷപ്പകര്‍ച്ചകളുടെ വികാരനിര്‍ഭരമായ അനുഭവങ്ങള്‍. കഥകളിയിലെ ആദ്യ സ്ത്രീ സാന്നിധ്യങ്ങളിലൊന്നായ ചേലനാട്ട് സുഭദ്രയുടെ ശ്രദ്ധേയമായ ആത്മകഥ. 'സുഭദ്രം - അരങ്ങിലെ ഓര്‍മ്മകള്‍'. ചേലനാട്ട് സുഭദ്ര. സൈന്‍ ബുക്സ്. വില 114 രൂപ.
◾ശരീരത്തിന്റെ വലിയ തോതിലുള്ള ഭാരവ്യത്യാസത്തിന് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. എന്നാല്‍ ചെറിയ കാലയളവില്‍ പെട്ടെന്നുണ്ടാകുന്ന ശരീരഭാര വര്‍ധന പല ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകളെ ഉത്പാദിപ്പിക്കാത്ത സാഹചര്യമാണ് ഹൈപോതൈറോയ്ഡിസം. ഇത് ചയാപചയത്തെ മെല്ലെയാക്കി ശരീരത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കാം. കുറഞ്ഞ ചയാപചയ നിരക്ക് കാലറികള്‍ കത്തുന്നതിന്റെ വേഗവും കുറയ്ക്കും. ഹൈപോതൈറോയ്ഡിസം ശരീരത്തില്‍ കൊഴുപ്പടിയുന്നതിനും കാരണമാകാം. ഇതെല്ലാം ഭാരവര്‍ധനവിലേക്ക് നയിക്കാം. കരള്‍ രോഗം, വൃക്ക രോഗം, ഹൃദ്രോഗം എന്നിവയും ശരീരത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കാം. ഇതും പെട്ടെന്നുള്ള ശരീരഭാര വര്‍ധനയ്ക്ക് കാരണമാകും. ചയാപചയത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോള്‍ അമിതമായ തോതില്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന അവസ്ഥയാണ് കുഷിങ്‌സ് സിന്‍ഡ്രോം. ഈ രോഗം മുഖത്തും പുറത്തും അടിവയറിലുമെല്ലാം ഭാരവര്‍ധനയ്ക്ക് കാരണമാകാറുണ്ട്. സ്ത്രീകളില്‍ ഭാരവര്‍ധനവിന് കാരണമാകുന്ന ഒരു രോഗമാണ് അവരുടെ അണ്ഡാശയത്തിനെ ബാധിക്കുന്ന പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം. ഇന്‍സുലിന്‍ പ്രതിരോധവും ഹോര്‍മോണുകളുടെ താളം തെറ്റലും മൂലമാണ് ഇത് സംഭവിക്കുന്നത്. പ്രത്യേകിച്ച് കാണമൊന്നുമില്ലാതെ പെട്ടെന്ന് ഭാരം വര്‍ധിച്ചാല്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ വൈകരുത്. ഇതിന്റെ കാരണം കണ്ടെത്തി ചികിത്സ ആരംഭിച്ച ശേഷം സ്വാഭാവികമായ ഭാരത്തിലേക്ക് മടങ്ങാനുള്ള കാര്യങ്ങളും ചെയ്യേണ്ടതാണ്.
*ശുഭദിനം.*