*_പ്രഭാത വാർത്തകൾ_*```2023 | സെപ്റ്റംബർ 4 | തിങ്കൾ |

◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ആവേശോജ്വലമായി. പരസ്യപ്രചാരണം അവസാനിച്ച പുതുപ്പള്ളിയില്‍ നാളെ വോട്ടെടുപ്പ്. എട്ടാം തീയതി വോട്ടെണ്ണും. വോട്ടില്ലാത്ത നേതാക്കള്‍ പുതുപ്പള്ളി വിട്ടുപോകണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിട്ടു. ഇന്നലെ റോഡ് ഷോകളുമായി മൂന്നു മുന്നണികളുടെയും നേതാക്കള്‍ പുതുപ്പള്ളിയിലെ പാമ്പാടിയില്‍ നിറഞ്ഞുനിന്നു.

◾ഒരു രാജ്യം, ഒറ്റ വോട്ടെടുപ്പ് എന്ന ആശയം രാജ്യത്തിന്റെ ഭരണഘടനയ്ക്കും സംസ്ഥാനങ്ങള്‍ക്കും എതിരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഈ രാജ്യം. സംസ്ഥാനങ്ങള്‍, യൂണിയന്‍, ഫെഡറലിസം എന്നീ ആശയങ്ങളെ ഇല്ലാതാക്കാനാണ് നീക്കമെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.

◾പുരാവസ്തു തട്ടിപ്പു കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ ആരോപണം.

◾സംസ്ഥാനത്തു മഴയ്ക്കു സാധ്യത. കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പരീക്ഷകള്‍ക്കു മാറ്റമില്ല. പത്തനംതിട്ട ജില്ലയിലെ കക്കാട്ടാര്‍ കരകവിഞ്ഞു. മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. ജില്ലയുടെ കിഴക്കന്‍ വനമേഖല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്നും സംശയമുണ്ട്. ഗുരുനാഥന്‍മണ്ണ് ഭാഗത്ത് കനത്ത വെള്ളപ്പാച്ചിലും ഉണ്ടായി.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍മന്ത്രി എ.സി. മൊയ്തീന്‍ ഇന്നും എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകില്ല. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഹാജരാകേണ്ടതില്ലെന്നാണു പാര്‍ട്ടി നിര്‍ദേശിച്ചത്. രേഖകള്‍ ഹാജരാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് മൊയ്തീന്‍ അവധി അപേക്ഷ നല്‍കി.

◾ഭാരത് ജോഡോ യാത്രയുടെ വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലയിലും വ്യാഴാഴ്ച ഭാരത് ജോഡോ യാത്ര നടത്തണമെന്ന് എഐസിസി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കന്യാകുമാരിയില്‍നിന്ന് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തിയത്.

◾എ ഐ ക്യാമറ വിഷയത്തില്‍ ഹൈക്കോടതി വിലക്ക് നിലനില്‍ക്കേ എസ് ആര്‍ ഐ ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്പനിക്ക് തല്‍ക്കാലം തുക നല്‍കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

◾മുഖ്യമന്ത്രിയെ പോത്ത് എന്ന് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനുതന്നെയാണ് ആ പേരു ചേരുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍. കെപിസിസി പ്രസിഡന്റിനു യോജിക്കാത്ത പരാമര്‍ശമാണ് സുധാകരന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന് മാനസിക രോഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.

◾എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമത്തില്‍ സീനിയര്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് ബലാത്സംഗകുറ്റം ചുമത്തി കേസെടുത്തു. ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്. 2019 ല്‍ ഹൗസ് സര്‍ജന്‍സിക്കിടെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി.

◾നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കെസിബിസി ആസ്ഥാനം സന്ദര്‍ശിച്ചു. ഒരു മണിക്കൂറോളം സുരേഷ് ഗോപി വൈദിക പ്രമുഖരുമായി സംസാരിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് സുരേഷ് ഗോപി.

◾ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിനു സമീപം അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു. മൂന്നു വയസുകാരനായ മകനെ കാണാതായി. ചെങ്ങന്നൂര്‍ വെണ്മണി വലിയപറമ്പില്‍ സൈലേഷിന്റെ ഭാര്യ ആതിര എസ്. നായര്‍ ആണു മരിച്ചത്. മൂന്നു വയസുള്ള മകന്‍ കാശിനാഥനെയാണ് കാണാതായത്. ഡ്രൈവറടക്കം അഞ്ചു പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.

◾കോഴിക്കോട് മലപ്പുറം അതിര്‍ത്തിപ്രദേശമായ കക്കാടംപൊയില്‍ കോനൂര്‍ക്കണ്ടി മരത്തോട് റോഡില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ കുളങ്ങര സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾തിരുവനന്തപുരം പോത്തന്‍കോട് നൗഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് റഹീസ് ഖാനെ പൊലീസ് അറസ്റ്റു ചെയ്തു. നൗഫിയയെ റഹീസ് ഖാന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

◾ബിരുദധാരികളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റിസുമാരായി നിയമിക്കുന്നു. കേരളത്തില്‍ 424 ഒഴിവുകള്‍ അടക്കം മൊത്തം 6,160 ഒഴിവുകളുണ്ട്. ഈ മാസം 21 വരെ എസ്ബിഐയുടെ വെബ് സൈറ്റിലൂടെ അപേക്ഷിക്കാം.

◾ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ വണിന്റെ ആദ്യഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ നാളെയാണ്.

◾കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടകയില്‍ കോണ്‍ഗ്രസ് അവശേഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

◾അതിശയിപ്പിക്കുന്ന വേഗതയുമായി റിലയന്‍സിന്റെ ജിയോ എയര്‍ഫൈബര്‍ ഗണേശ ചതുര്‍ത്ഥി ദിനമായ 19 ന് ലോഞ്ച് ചെയ്യുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. ജിയോയുടെ 5 ജി സേവനങ്ങള്‍ ഡിസംബറോടെ ലഭ്യമാക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാമത് എജിഎമ്മിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം.

◾പ്രതിപക്ഷ മഹാസഖ്യമായ 'ഇന്ത്യ'യുടെ ഹിന്ദു മത വിദ്വേഷമാണ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മത്തിനെതിരായ പ്രസംഗത്തിലൂടെ കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ പൈതൃകത്തിനെതിരായ ആക്രമണമാണ് ഇതെന്നും അമിത് ഷാ രാജസ്ഥാനിലെ ഡുംഗര്‍പൂരിലെ ബിജെപി സമ്മേളനത്തില്‍ ആരോപിച്ചു.  

◾സനാതന ധര്‍മ്മത്തിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍. വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്ന ബിജെപിയുടെ ആരോപണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.  

◾തമിഴ്‌നാട് തിരുപ്പൂര്‍ പല്ലടത്ത് ഒരു കുടുംബത്തിലെ നാലു പേരെ മദ്യപസംഘം വെട്ടിക്കൊന്നു. അരിക്കട ഉടമയായ സെന്തില്‍കുമാര്‍ (47), കുടുംബാംഗങ്ങളായ മോഹന്‍രാജ്, രത്തിനംബാള്‍, പുഷ്പവതി എന്നിവരാണ് കൊല്ലപ്പെട്ടത്.

◾മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ലാമ്പുലെയ്നില്‍ ശേഷിച്ചിരുന്ന പത്തു കുക്കി കുടുംബങ്ങളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന മുന്നൂറോളം കുക്കി കുടുംബങ്ങള്‍ കലാപത്തിനിടെ ഒഴിഞ്ഞുപോയിരുന്നു. ഉടുതുണിപോലും എടുക്കാന്‍ അനുവദിക്കാതെയാണു പട്ടാളം ബലംപ്രയോഗിച്ച് കുക്കി വംശജര്‍ അധിവസിക്കുന്ന കാന്‍ഗ്പോക്പി ജില്ലയിലെ മോട്ട്ബംഗിലേക്കു ബലമായി മാറ്റിയത്.

◾അമ്മയേയും സഹോദരനേയും കൊന്ന് മൃതദേഹം ബെഡ് ബോക്സിനുള്ളില്‍ തള്ളി മൂത്തമകന്‍ മുങ്ങി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ 45 കാരിയായ നീലിമ ഗണേഷ് കപ്‌സെ, 22 കാരനായ മകന്‍ ആയുഷ് കപ്‌സെ എന്നിവരാണ് കൊല്ലപ്പെട്ടത്. നീലിമയുടെ മൂത്തമകനെ പോലീസ് തെരയുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.

◾2023ലെ ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ കിരീടം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിന്. ആവേശകരമായ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് മോഹന്‍ ബഗാന്‍ കിരീടം നേടിയത്. സൂപ്പര്‍ താരം ദിമിത്രി പെട്രറ്റോസാണ് കളിയിുടെ 71-ാ0 മിനുറ്റില്‍ മോഹന്‍ ബഗാന് വേണ്ടി വിജയഗോള്‍ നേടിയത്.

◾ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ കനത്ത മഴസാധ്യത നിലനില്‍ക്കുന്നതിനാല്‍ കൊളംബോയില്‍ നിന്ന് മാറ്റിയേക്കുമെന്ന സൂചനകള്‍ നല്‍കി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. സെപ്റ്റംബര്‍ പകുതി വരെ കൊളംബോയില്‍ മഴ ശക്തമായുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സെപ്റ്റംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരങ്ങളുടെ വേദി മാറ്റാന്‍ തീരുമാനിച്ചത്.

◾850 ഗോള്‍ നേടുന്ന ആദ്യ ഫുട്‌ബോളറായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി അല്‍ ഹസമിനെതിരെ നേടിയ ഗോളോടെയാണ് റൊണാള്‍ഡോ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. അല്‍ ഹസമിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് അല്‍ നസര്‍ തോല്‍പിച്ചത്. അതേസമയം സൂപ്പര്‍താരം ലയണല്‍ മെസി 818 ഗോളുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.

◾ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞമാസം വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം നിക്ഷേപമൊഴുക്കിയത് ഇന്ത്യയിലേക്ക്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കണക്കുപ്രകാരം ഓഗസ്റ്റില്‍ 157.73 കോടി ഡോളറിന്റെ (ഏകദേശം 13,000 കോടി രൂപ) ഇന്ത്യന്‍ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ചൈനയടക്കം മറ്റ് പ്രമുഖ ഏഷ്യന്‍ വികസ്വര രാജ്യങ്ങളെല്ലാം നേരിട്ടത് നിക്ഷേപ നഷ്ടമാണ്. മലേഷ്യ 3.5 കോടി ഡോളര്‍ (290 കോടി രൂപ) നിക്ഷേപം നേടി. ചൈനയില്‍ നിന്ന് കഴിഞ്ഞമാസം 1,230 കോടി ഡോളര്‍ (ഒരുലക്ഷം കോടി രൂപ) പിന്‍വലിക്കുകയാണ് വിദേശ നിക്ഷേപകര്‍ ചെയ്തത്. തായ്വാനില്‍ നിന്ന് 455 കോടി ഡോളറും (37,000 കോടി രൂപ) ഇന്‍ഡോനേഷ്യയില്‍ നിന്ന് 126.3 കോടി ഡോളറും (10,000 കോടി രൂപ) പിന്‍വലിച്ചു. ദക്ഷിണ കൊറിയ 57 ഡോളര്‍ (4,600 കോടി രൂപ), തായ്‌ലന്‍ഡ് 44.3 കോടി ഡോളര്‍ (3,600 കോടി രൂപ), ഫിലിപ്പൈന്‍സ് 13.1 കോടി ഡോളര്‍ (1,000 കോടി രൂപ) എന്നിങ്ങനെയും വിദേശ നിക്ഷേപ നഷ്ടം നേരിട്ടു. ഓഗസ്റ്റ് ഒന്നുമുതല്‍ 24 വരെയുള്ള കണക്കാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടിലുള്ളത്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജര്‍) സമ്പദ്വ്യവസ്ഥ, കോര്‍പ്പറേറ്റ് കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലം, മറ്റ് സമ്പദ്ശക്തികളെ അപേക്ഷിച്ച് താരതമ്യേന നിയന്ത്രിതമായ പണപ്പെരുപ്പം, ചൈനയ്ക്ക് ഏറ്റവും അനുയോജ്യമായ ബദല്‍ തുടങ്ങിയ മികവുകളാണ് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. തുടര്‍ച്ചയായ ആറാം മാസമാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം പോസിറ്റീവായി തുടരുന്നത്.

◾ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമയായി മാറിയ 'ആര്‍ഡിഎക്‌സ്' ഒടുവില്‍ വെറും ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകള്‍. വന്‍ പ്രതീക്ഷയും പിആര്‍ വര്‍ക്കുമായി എത്തിയ ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയെ മലര്‍ത്തിയടിച്ചാണ് ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ ആര്‍ഡിഎക്‌സിന്റെ മുന്നേറ്റം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് ആദ്യം നിരവധി ട്രോളുകള്‍ ലഭിച്ച ആര്‍ഡിഎക്‌സിന് നിലവില്‍ നല്ല അഭിപ്രായം ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ സംസാരവിഷയമായി മാറിയിരിക്കുകയാണ് ചിത്രം. ആര്‍ഡിഎക്‌സിന്റെ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.
ഓണം റിലീസായി തിയറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ആയിരുന്നു ലഭിച്ചിരുന്നത്. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ അഭിനയിച്ച ചിത്രം വലിയ പ്രചരണമില്ലാതെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍, ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ ഹിറ്റായത്.

◾മലയാളസിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗം റിലീസിനൊരുങ്ങുന്നു. രാഘവ ലോറന്‍സ് കങ്കണ റണാവത്ത് എന്നിവര്‍ പി. വാസു സംവിധാനംചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 15-ന് തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി താന്‍ അവസരം ചോദിച്ച സിനിമയായിരുന്നു ചന്ദ്രമുഖിയെന്നാണ് ചെന്നൈയില്‍ നടന്ന പ്രീ ലോഞ്ചിങ് ചടങ്ങില്‍ കങ്കണ റണാവത്ത് പറഞ്ഞത്. 'ചന്ദ്രമുഖി 2'വിലെ കങ്കണ റണാവത്തിന്റെ ലുക്കും നൃത്തവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 17 വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനികാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആര്‍.ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണിയാണ്. വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്നേഷ്, രവി മരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ.ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, ടി എം കാര്‍ത്തിക് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങള്‍.

◾ഉത്സവ സീസണിന് മുന്നോടിയായി 450 എസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബംഗളൂരു ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ആണിത്. ഒല എസ് 1 എയറിന്റെ എതിരാളികളായ ഇലക്ട്രിക് സ്‌കൂട്ടറിനെ ഈ വര്‍ഷം ആദ്യമാണ് കമ്പനി 1.30 ലക്ഷം രൂപ എക്‌സ് ഷോറൂം വലിയില്‍ അവതരിപ്പിച്ചത്. ഉത്സവ സീസണിന് മുന്നോടിയായി 450 എസ് ഡെലിവറി ആരംഭിക്കും. ഈ വര്‍ഷം ജൂണില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഔദ്യോഗികമായി പുറത്തിറക്കിയതോടെയാണ് ഏഥര്‍ 450എസിന്റെ ബുക്കിംഗ് ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് അതത് സംസ്ഥാനങ്ങളുടെ സ്വന്തം ഇലക്ട്രിക് വാഹന നയങ്ങളില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ഒറ്റ ചാര്‍ജില്‍ 115 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മൂന്ന് സണവ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഏതര്‍ 450എസില്‍ സജ്ജീകരിച്ചിരിക്കുന്നു. 7.24 ബിഎച്ച്പി പവറും 22 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ ഇലക്ട്രിക് മോട്ടോറിന് കഴിയും. സ്‌പോര്‍ട് മോഡ്, ഇക്കോ മോഡ്, റൈഡ് മോഡ് എന്നിവ ഉള്‍പ്പെടുന്ന 450എസിനൊപ്പം മൂന്ന് റൈഡ് മോഡുകള്‍ ഏഥര്‍ 450എസ് വാഗ്ദാനം ചെയ്യുന്നു.

◾നാടകകലയുടെ വ്യത്യസ്തമായ സ്വഭാവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതില്‍ ഡോ. രാജാ വാര്യര്‍ എത്രമാത്രം പ്രഗത്ഭനാണെന്ന് നാടക പഠിതാക്കളോട് പറയേണ്ടതില്ല. പന്ത്രണ്ട് പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നത്. പന്ത്രണ്ടും നാടകകലയെ വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കിക്കണ്ട് വിലയിരുത്തുന്നവയാണ്. നിരീക്ഷണപഠനം,വിശകലനം മുതലായവയിലൂടെ തന്റെ ആശയങ്ങള്‍ സുവ്യക്തമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. 'സര്‍ഗ്ഗാത്മകതയുടെ സഞ്ചാരപഥങ്ങള്‍'. ഡോ. രാജാ വാര്യര്‍. സദ്ഭാവന ട്രസ്റ്റ്. വില 142 രൂപ.

◾കൊളസ്‌ട്രോളിന്റെ അളവ് കൂടിയാല്‍ അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. പ്രത്യേകിച്ച് ഭക്ഷണശീലത്തില്‍ ഒന്നു ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, ചുവന്ന മാംസം തുടങ്ങിയവ പരമാവധി ഒഴിവാക്കുക. അതുപോലെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. മധുരമടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കുക. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ നട്സുകള്‍ രാവിലെ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. തൈരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രഭാത ഭക്ഷണമായി ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യും. മഞ്ഞള്‍ പാല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. ഡാര്‍ക്ക് ചോക്ലേറ്റാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകളും അയേണ്‍, കോപ്പര്‍, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

*ശുഭദിനം*
അതൊരു ചെറിയ രാജ്യമായിരുന്നു. അവിടത്തെ സൈന്യവും അതുപോലെ തന്നെ ചെറുതായിരുന്നു. അതിനാല്‍ അയല്‍രാജ്യങ്ങള്‍ അവരെ മിക്കപ്പോഴും ആക്രമിക്കുക പതിവായിരുന്നു. എങ്കില്‍ തങ്ങളുടെ നല്ലവനായ രാജാവിനോടുളള താല്‍പര്യംകൊണ്ട് സൈനികര്‍ യുദ്ധം ചെയ്ത് മറ്റുരാജ്യങ്ങളെ തോല്‍പ്പിക്കും. പക്ഷേ, ഒരിക്കല്‍ തങ്ങളേക്കാള്‍ മൂന്നിരട്ടി സൈന്യബലമുളള ഒരു രാജ്യം അവരെ ആക്രമിക്കാനെത്തി. ഇതില്‍ ജയിക്കില്ലെന്ന് ഉറപ്പായതുകൊണ്ട് യുദ്ധം ചെയ്ത് സ്വന്തം നിരയില്‍ ആള്‍നാശം ഉണ്ടാക്കാന്‍ ആ സൈന്യാധിപന്‍ മടിച്ചു. അദ്ദേഹം രാജാവിനോട് കീഴങ്ങുന്നതാണ് നല്ലതെന്ന് പറഞ്ഞു. ഇത് രാജഗുരു തടഞ്ഞു. അദ്ദേഹം ആ സൈന്യാധിപനെ ജയിലിലടയ്ക്കാന്‍ ആവശ്യപ്പെട്ടു. പകരം ഈ യുദ്ധം താന്‍ നയിക്കുമെന്നും രാജഗുരു പറഞ്ഞു. നിവൃത്തിയില്ലാതെ രാജാവ് സമ്മതിച്ചു. സൈന്യവുമായി നീങ്ങിയ ഗുരു ഒരു ഗുഹകാണിച്ചിട്ടുപറഞ്ഞു: ഇതൊരു മാന്ത്രിക ഗുഹയാണ്. ഇതില്‍ വെളിച്ചം തെളിഞ്ഞാല്‍ നമ്മള്‍ വിജയിക്കും. അല്ലെങ്കില്‍ നമ്മള്‍ തോല്‍ക്കും. പടയാളികള്‍ കാത്തിരുന്നു. സന്ധ്യയായപ്പോഴേക്കും ഗുഹക്കുള്ളില്‍ നിന്നും വെളിച്ചം പരന്നു. സൈന്യം വര്‍ദ്ധിതവീര്യത്തോടെ യുദ്ധം ചെയ്തു. അവര്‍ ജയിക്കുകയും ചെയ്തു. എല്ലാവരും ഗുഹയിലെ അത്ഭുതവിളക്കിനെക്കുറിച്ച് സംസാരിച്ചു. രാജഗുരു രാജാവിനോട് പറഞ്ഞു: ആ ഗുഹയില്‍ പകലും വിളക്ക് തെളിഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷേ, പകല്‍ മങ്ങുമ്പോഴേ ആ വിളക്കിന്റെ തെളിച്ചം പുറത്ത് കാണൂ.. തുടങ്ങുന്നതിന് മുമ്പേ തോറ്റു എന്ന് തീരുമാനിച്ചാല്‍ പിന്നെ ഒരിക്കലും തുടങ്ങാനാകില്ല. തുടങ്ങുന്നതിനിടെ തോറ്റു എന്ന് തീരുമാനിച്ചാല്‍ തുടരാനാകില്ല. തോല്‍ക്കുന്നതിന് മുമ്പ് എന്തിനാണ് തോല്‍വി സമ്മതിക്കുന്നത്. എല്ലാത്തിലും ജയിക്കുന്നവരും എല്ലാത്തിലും തോല്‍ക്കുന്നവരുമില്ല.. ഒളിച്ചോടാന്‍ തീരുമാനിക്കുന്നവര്‍ വിശ്വസിക്കുന്നത് പ്രതികൂലസാഹചര്യങ്ങളേയും വിരുദ്ധഘടകങ്ങളേയുമാണ്. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ തീരുമാനിക്കുന്നവര്‍ വിശ്വസിക്കുന്നത് സ്വന്തം ഉള്‍ബലത്തെയാണ്. നമുക്കും നമ്മുടെ ഉള്‍ബലത്തില്‍ വിശ്വാസമര്‍പ്പിക്കാം.. യാത്ര തുടരാം - *ശുഭദിനം.*