◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ 30 കോടി രൂപ കൈമാറിയെന്നും 40 കോടി രൂപകൂടി ലഭിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍. ഇന്നു കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചേരുമെന്ന് സിപിഎം നേതാവായ കണ്ണന്‍ പറഞ്ഞു. ഇഡിയും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണ്. നിലവില്‍ ആരോഗ്യ പ്രശ്നങ്ങളില്ല. കണ്ണന്‍ പറഞ്ഞു.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ എം.കെ കണ്ണനെ ചോദ്യം ചെയ്യുന്നത് എന്‍ഫോഴ്സ്മെന്റ് താത്കാലികമായി നിര്‍ത്തി. ശരീരം വിറയ്ക്കുന്നുണ്ടെന്നു കണ്ണന്‍ പറഞ്ഞെന്നും കണ്ണനില്‍നിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്നുമാണ് ഇഡി പറയുന്നത്. മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. രാവിലെ തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കണ്ണന്‍ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റിന്റെ ഓഫീസിലെത്തിയത്.
◾മെഡിക്കല്‍ ഓഫീസര്‍ നിയമന കോഴക്കേസില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നെന്ന് സംശയിച്ച് പൊലീസ്. അഖില്‍മാത്യുവിന് പരാതിക്കാരന്‍ ഹരിദാസ് പണം കൊടുത്തെന്നു പറയുന്ന ഏപ്രില്‍ 10 ന് അഖില്‍ പത്തനംതിട്ടയിലായിരുന്നു. ആരോപണം ഉന്നയിച്ച ഹരിദാസന്‍ കണ്ട അഖില്‍ മാത്യുവിന്റെ ഫോട്ടോയും പൊലീസ് കാണിച്ച ഫോട്ടോയും തമ്മില്‍ വ്യത്യാസമുണ്ടെന്നും പോലീസ്.
◾നിയമന കോഴക്കേസില്‍ കന്റോണ്‍മെന്റ് പൊലീസ് ആരോപണം ഉന്നയിച്ച ഹരിദാസന്റെ വീട്ടിലെത്തി മൊഴിയെടുത്തു. തെളിവുകളും ശേഖരിച്ചു. ആരോപണങ്ങള്‍ സത്യമാണെന്നു പരാതിക്കാരന്‍ ഹരിദാസ് ആവര്‍ത്തിച്ചു. എട്ടര മണിക്കൂറെടുത്താണ് മൊഴിയെടുത്തത്.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പൊലീസ് എസ്പി കെ.എം. ആന്റണിയെയും ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസിനെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
◾സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം ദീര്‍ഘിപ്പിച്ചു. വാഹനങ്ങളുടെ കാലാവധി 20 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി നീട്ടി. കൊവിഡ് മഹാമാരിമൂലം രണ്ടു വര്‍ഷം സര്‍വീസ് നടത്താനാകാതെ സ്വകാര്യ ബസുകള്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേയാണ് നടപടി.
◾സംസ്ഥാന ചലച്ചിത്ര മേളയുടെ വരവു ചെലവു കണക്കു തേടി കേന്ദ്ര ജിഎസ്ടി. അഞ്ചു വര്‍ഷത്തെ കണക്കാണ് ചലച്ചിത്ര അക്കാദമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നികുതി അടയ്ക്കാത്തതിനാലാണ് വിവരം തേടിയിരിക്കുന്നത്.
◾വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരും.
◾നിപ വൈറസിനെ നേരിടാന്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധര്‍ക്കും മന്ത്രിതലസംഘത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനങ്ങള്‍. മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളം ഒന്നിച്ചു നിന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. മുഖ്യമന്ത്രി പറഞ്ഞു.
◾മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ രാഷ്ട്രീയം എടുത്താല്‍ തങ്ങളും രാഷ്ട്രീയമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് സര്‍ക്കാരിനു കാശുണ്ടാക്കിക്കൊടുക്കാന്‍ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു. നെടുങ്കണ്ടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പ്രതിഷേധിച്ച് ഉടുമ്പഞ്ചോല ജോയിന്റ് ആര്‍ ടി ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു എം എം മണി.
◾കേരളബാങ്കിലെ പണമെടുത്ത് കരുവന്നൂരിലെ കൊള്ളയുടെ കടം വീട്ടുന്നുതു ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള ബാങ്കു കൂടി തകകരാനേ ഇതുപകരിക്കൂ. തട്ടിപ്പിന്റെ നഷ്ടം ഉത്തരവാദികളായ സിപിഎം നേതാക്കളില്‍നിന്നു പിരിച്ചെടുക്കാതെ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കരുതെന്നും സുരേന്ദ്രന്‍.
◾കാട്ടാക്കടയിലെ വീട്ടില്‍ കത്തെഴുതിവച്ചു സ്ഥലംവിട്ട 13 കാരനെ പോലീസ് പിടികൂടി. തന്റെ ഇഷ്ട സ്ഥലമായ ഫ്‌ളോറിഡയിലേക്ക് പോകാനാണ് മുന്നൂറു രൂപയുമായി വീട് വിട്ടിറങ്ങിയതെന്ന് കുട്ടി പോലീസിനോടു പറഞ്ഞു.
◾നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തില്‍ സ്വര്‍ണം കടത്തിയ യുവതിയേയും അതു കവര്‍ന്നെടുക്കാന്‍ എത്തിയ നാലു പേരുള്‍പ്പെടെ അഞ്ചു പേരെയും പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശിനി റജീനയില്‍നിന്ന് പൊലീസ് ഒരു കിലോ സ്വര്‍ണമാണു പിടികൂടിയത്. സ്വര്‍ണം കൈപ്പറ്റാനെത്തിയ കോഴിക്കോട് സ്വദേശി സലീം, റെജീനയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കൊള്ളയടിക്കാന്‍ എത്തിയ പാലക്കാട് സ്വദേശി ഫഹദ്, തൃശൂര്‍ സ്വദേശികളായ മുഹമ്മദ് ഷാഹിന്‍, ഫസീര്‍ ബാബു, നിഖില്‍ എന്നിവരുമാണ് പിടിയിലായത്.
◾പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതിക്കു രക്തം മാറി നല്‍കി. ഒ നെഗറ്റീവ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. ഗര്‍ഭിണിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
◾ചന്ദന മോഷണ സംഘത്തിലെ രണ്ടു പേര്‍ കണ്ണൂരിലെ ചക്കരക്കല്ലില്‍ അറസ്റ്റിലായി. ഇരുവേലിയില്‍നിന്ന് ചന്ദനം മോഷ്ടിച്ച ശിവപുരം സ്വദേശികളായ ലിജിലും ശ്രുതിനുമാണു പിടിയിലായത്.
◾ഡല്‍ഹി ദ്വാരകയില്‍ എസ്എന്‍ഡിപി ശാഖ സെക്രട്ടറി പി.പി സുജാതനെ പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ്.
◾ആലപ്പുഴ ചേപ്പാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ യുവാക്കള്‍ പിടിയില്‍. വയനാട് സ്വദേശികളായ മിഥുന്‍ദാസ് (19), അക്ഷയ് (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ തിരുവല്ലം മഹാത്മ അയ്യന്‍കാളി നഗര്‍ സ്വദേശിയായ രതീഷിന് (36) 91 വര്‍ഷം കഠിന തടവിനു കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു.
◾വിവാഹ വാഗ്ദാനം നല്‍കി പട്ടികജാതിക്കാരിയായ 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു നാലര പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ കോട്ടപ്പടി പോലിയത്ത് സുധീഷി (35)നെ കുന്നംകുളം പോക്‌സോ കോടതി അഞ്ചു വര്‍ഷം തടവിനും 90,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
◾വയനാട്ടില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു തകര്‍ത്തു. ആര്‍ക്കും പരിക്കില്ല. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനമാണ് ബാവലി റോഡിലെ രണ്ടാം ഗേറ്റിന് സമീപം കാട്ടാന തകര്‍ത്തത്.
◾കഞ്ഞി തന്നില്ലെന്ന് ആരോപിച്ച് ഭാര്യ സീതയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. വയനാട് നൂല്‍പ്പുഴ ചീരാല്‍ വെണ്ടോല പണിയ കോളനിയിലെ വി.ആര്‍ കുട്ടപ്പനെ(39)യാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
◾എഐ ടെക്നോളജി ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ 14 കാരനെ വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
◾തിരുവനന്തപുരത്ത് കത്തി കാണിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പ്രതി പിടിയില്‍. ചെങ്കല്‍ സ്വദേശി മാജി എന്ന രാഹുല്‍ (33) ആണ് പിടിയിലായത്. അമരവിളയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 43 കാരിയെയാണ് രാഹുല്‍ കത്തി കാണിച്ച് ഭീഷണിപെടുത്തി വാനില്‍ കയറ്റിക്കൊണ്ടു പോയത്.
◾കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടക ഒക്ടോബര്‍ 15 വരെ 3000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് കാവേരി നദീജല അതോറിറ്റി ഉത്തരവിറക്കി. നിലവില്‍ നാല് റിസര്‍വോയറുകളിലും സ്വന്തം ആവശ്യത്തിന് പോലും വെള്ളമില്ലെന്ന് കര്‍ണാടക വാദിച്ചു. 12,500 ഘന അടി വെള്ളം ദിവസവും കിട്ടണമെന്ന് തമിഴ്നാട് അതോറിറ്റിയോട് ആവശ്യപ്പെട്ടു.
◾പോക്സോ നിയമപ്രകാരം ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനു പ്രായപരിധി 18 ല്‍നിന്ന് 16 ആയി കുറയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നിയമ കമ്മീഷന്‍. 16 വയസിനു മുകളിലുള്ളവരുടെ കാര്യത്തില്‍ കോടതിക്കു വിവേചനപരമായി തീരുമാനമെടുക്കാമെന്നും നിയമ കമ്മീഷന്‍ ശുപാര്‍ശചെയ്തു.
◾വനിത സംവരണ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു. വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ബില്ലില്‍ നേരത്തെ ഉപരാഷ്ട്രപതി ഒപ്പുവച്ചിരുന്നു ലോക്സഭയും, രാജ്യസഭയും ബില്‍ പാസാക്കിയാണ് രാഷ്ട്രപതിക്കു മുന്നില്‍ എത്തിയത്.
◾പാര്‍ലമെന്റില്‍ തനിക്കെതിരായി ബിജെപിയുടെ രമേശ് ബിധുരി നടത്തിയ വിദ്വേഷ പ്രസംഗത്തെ അപലപിക്കണമെന്ന് ആവശ്യപ്പെട്ട് ഡാനിഷ് അലി എംപി പ്രധാനമന്ത്രിക്കു കത്തയച്ചു. തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും രമേഷ് ബിധുരിക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഡാനിഷ് അലി ആവശ്യപ്പെട്ടു.
◾സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് ആറര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന്‍ വിശാലിന്റെ ആരോപണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ടിവന്നെന്നാണ് വിശാലിന്റെ ആരോപണം.
◾കോണ്‍ഗ്രസ് എംഎല്‍എയെ പഞ്ചാബില്‍ അറസ്റ്റു ചെയ്തതിന്റെ പേരില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് പിണങ്ങിയിട്ടുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യത്തില്‍നിന്നു പിന്മാറില്ലെന്ന് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ലഹരിക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
◾കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളില്‍ പോകാന്‍ ഭയമാണ്. വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണം അതാണെന്നും ജയശങ്കര്‍ പറഞ്ഞു.
◾ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടത്.
◾കനത്ത മഴമുലം ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രളയം. മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.
◾പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചാവറേക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറേ ആളുകള്‍ക്ക് പരിക്കേറ്റു. മാസ്തങ് ജില്ലയിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. നാല്‍പതിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
◾നബിദിനം പ്രമാണിച്ച് ഒമാനില്‍ 162 തടവുകാര്‍ക്ക് പൊതുമാപ്പ്. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണു പൊതുമാപ്പ് നല്‍കിയത്.
◾ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിലെ വനിതകളുടെ ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ കിരണ്‍ ബലിയന്‍ വെങ്കല മെഡല്‍ നേടി. ഈ ഇനത്തില്‍ 72 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. ഇതോടെ എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 33 ആയി. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. 105 സ്വര്‍ണമുള്‍പ്പെടെ 200 മെഡലുകള്‍ നേടി ചൈന ഒന്നാം സ്ഥാനത്താണ്. 27 സ്വര്‍ണമുള്‍പ്പെടെ 99 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും 26 സ്വര്‍ണത്തോടെ 102 മെഡലുകളുമായി ദക്ഷിണകൊറിയ മൂന്നാം സ്ഥാനത്തുമാണ്.
◾റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി 2023-24ലെ ആദ്യ പാദത്തിലെ 1.3 ബില്യണ്‍ ഡോളറില്‍ നിന്ന് 9.2 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. അതേസമയം മുന്‍ സമ്പത്തിക വര്‍ഷത്തിലെ 17.9 ബില്യണ്‍ ഡോളറില്‍ നിന്ന് ഇത് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യവും കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം തമ്മിലുള്ള വ്യത്യാസമാണ് കറണ്ട് അക്കൗണ്ട് കമ്മി. രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നത് ദുര്‍ബലമാകുന്ന സമ്പദ്വ്യവസ്ഥയെയാണ് കാണിക്കുന്നത്. ഉയര്‍ന്ന എണ്ണ വിലയാണ് കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നതിന് പ്രധാന കാരണമെന്നും എന്നാല്‍ ഇതില്‍ ആശങ്കപ്പെടുന്നില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി. കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ കാരണമായ മറ്റൊരു ഘടകം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്ന പണമയയ്ക്കലിലെ ഇടിവാണ്. ഒന്നാം പാദത്തില്‍ നിന്ന് പണമയയ്ക്കല്‍ 1.4% കുറഞ്ഞ് 14.47 ബില്ല്യണ്‍ ഡോളര്‍ രേഖപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്കില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
◾അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'ഒരു ശ്രീലങ്കന്‍ സുന്ദരി' ഒക്ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും. ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണ പ്രിയദര്‍ശനാണ്. തിരക്കഥയും കൃഷ്ണ പ്രിയദര്‍ശനാണ് എഴുതുന്നത്. 'ഒരു ശ്രീലങ്കന്‍ സുന്ദരി'യെന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അനൂപ് മേനോനൊപ്പം പത്മരാജന്‍ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂര്‍, ഡോ. അപര്‍ണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, എല്‍സി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് (ടോപ് സിംഗര്‍ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ്ചിത്രത്തില്‍ വേഷമിടുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനുമൊപ്പം ചിത്രത്തിനായി കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നു. അബുദാബി, ഗുരുവായൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രമായ ഒരു ശ്രീലങ്കന്‍ സുന്ദരിയുടെ ഗാന രചനയും നിര്‍വഹിച്ചിരിക്കുന്നത് കൃഷ്ണ പ്രിയദര്‍ശനാണ്.
◾ബോക്‌സ് ഓഫീസില്‍ നിന്നും അത്ര വലിയ പ്രതികരണങ്ങള്‍ ലഭിച്ചില്ലെങ്കിലും ആദ്യ ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടി രാഘവ ലോറന്‍സ്-കങ്കണ റണാവത്ത് ചിത്രം 'ചന്ദ്രമുഖി 2'. ആദ്യ ദിനം 7.5 കോടി രൂപ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. എന്നാല്‍ ആദ്യ ഭാഗവുമായി ചിത്രത്തെ താരതമ്യം ചെയ്യുമ്പോള്‍ ചന്ദ്രമുഖി 2 ഒന്നുമല്ല എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ രജനികാന്ത് അവതരിപ്പിച്ച വേട്ടയ്യന്‍ രാജ എന്ന കഥാപാത്രമായാണ് രാഘവ ലോറന്‍സ് ചിത്രത്തില്‍ എത്തുന്നത്. ചന്ദ്രമുഖിയായി കങ്കണ എത്തുമ്പോള്‍ ഒരു പ്രധാന കഥാപാത്രമായി ലക്ഷ്മി മേനോനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വടിവേലു, മഹിമ നമ്പ്യാര്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളാകുന്നത്. ചന്ദ്രമുഖിയില്‍ അവതരിപ്പിച്ച അതേ കഥാപാത്രത്തെ തന്നെയാണ് ചന്ദ്രമുഖി 2വില്‍ വടിവേലു അവതരിപ്പിക്കുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം എത്തിയത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനികാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി.
◾ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ എസ്യുവിയുടെ 25 യൂണിറ്റുകള്‍ മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക. ആഗോളതലത്തില്‍ മൊത്തം 1000 യൂണിറ്റുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. നാലുകോടി രൂപയാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ എസ്യുവിയുടെ എക്‌സ്-ഷോറൂം വില. അതിന്റെ ഡെലിവറികള്‍ 2024 ന്റെ തുടക്കത്തില്‍ നടക്കും. 585 എച്ച്പി കരുത്തും 850 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എഞ്ചിനാണ് മെഴ്‌സിഡസ്-എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്റെ കരുത്ത്. എഞ്ചിന്‍ സാധാരണ എഎംജി ജി 63 എസ്യുവിക്ക് സമാനമാണ്. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ എസ്യുവിക്ക് 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 220 കിലോമീറ്ററാണ് സ്‌പെഷ്യല്‍ എഡിഷന്‍ എസ്യുവിയുടെ ഉയര്‍ന്ന വേഗത. കളഹാരി നൈറ്റ് ബ്ലാക്ക് മാഗ്നോ കളര്‍, ഗോള്‍ഡ് ഗ്രാഫിക്‌സ് എന്നിവയില്‍ എസ്യുവിക്ക് കോസ്‌മെറ്റിക് അപ്‌ഡേറ്റ് ലഭിക്കുന്നു.
◾ഗ്രാമത്തിലെ പുഴപോലെ അടിതെളിഞ്ഞ ആഖ്യാനഭാഷയില്‍, ഉത്തരകേരളത്തിന്റെ ദൃശ്യവും ശ്രാവ്യവും ഊടും പാവുമാകുന്നു. കാവുകളിലെ ഇരുട്ടും പന്തങ്ങളുടെ തീവെട്ടവും മേലേരിയുടെ കൊടുംതിളക്കവും പുകയുടെ നീലിമയും ചെമ്പകപ്പൂവിന്റെ കനകകാന്തിയും കുന്നിന്‍ ചെരിവുകളിലെ കാട്ടുപച്ചയും കാട്ടുചെക്കിപ്പൂക്കളുടെ ചോരപ്പും തെയ്യത്തിന്റെ മെയ്യാടയും മെയ്‌ക്കോപ്പും കുരുത്തോലകളും കിരീടശോഭയും എല്ലാം ചേര്‍ന്ന ദൃശ്യഭാഷ. നാട്ടുമൊഴിയും ചെണ്ടമേളവും കതിനകളും പടക്കവും വരവിളിയും പൊലിച്ചുപാട്ടും ഉറച്ചില്‍ത്തോറ്റവും വാചാലും എല്ലാം കലര്‍ന്ന ശബ്ദഭാഷ. അധിനിവേശങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും സാമ്രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും സാമൂഹ്യമാറ്റങ്ങള്‍ക്കും ആധുനികതയ്ക്കും ചരിത്രഗതിക്കും ഒക്കെ അടിത്തട്ടില്‍ ആദിബോധങ്ങളുടെയും വിശ്വാസങ്ങളുടെയും അതീതാനുഭവങ്ങളുടെയും പ്രാക്തനത നിലനിര്‍ത്തുന്ന ഭാരതീയജീവിതത്തിന്റെ ഒരു തുള്ളി ഈ കൃതിയിലുണ്ട്. അതിനൊക്കെയപ്പുറം, ദുര്‍ജ്ഞേയമായ മനുഷ്യഭാഗധേയത്തിന്റെ ദുരന്തകാന്തിയും. 'ദൈവം എന്ന ദുരന്തനായകന്‍'. നാലാം പതിപ്പ്. ഡോ. പി പി പ്രകാശന്‍. ഡിസി ബുക്സ്. വില 171 രൂപ.
◾തുളസി വിത്ത് പാനീയം അല്ലെങ്കില്‍ ബേസില്‍ സീഡ് ഡ്രിങ്ക് എന്നൊക്കെ അറിയപ്പെടുന്ന ബേസില്‍ സീഡ് വാട്ടര്‍, തുളസി വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഉണ്ടാക്കുന്ന ഒരു പാനീയമാണ്. ബേസില്‍ വിത്ത് വെള്ളം ആരോഗ്യകരവും പോഷകപ്രദവുമാണ്. തുളസി വിത്തുകളില്‍ നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍, അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ നല്ല ഉറവിടമാണ് തുളസി വിത്തുകള്‍. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകള്‍ (വിറ്റാമിന്‍ കെ പോലുള്ളവ), ധാതുക്കള്‍ (കാത്സ്യം പോലുള്ളവ), ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ തുളസി വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. തുളസി വിത്ത് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് നിറയ്ക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. ആരോഗ്യകരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന് ശരിയായ ജലാംശം നിര്‍ണായകമാണ്. തുളസി വിത്ത് വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മലബന്ധം തടയാനും ഇവ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ തുളസി വിത്ത് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും. തുളസി വിത്ത് വെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് തുളസി വിത്ത് വെള്ളം. ഇവ പതിവായി കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ തുളസി വിത്ത് വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. തുളസി വിത്തുകളിലെ ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കും. തുളസി വിത്ത് വെള്ളം കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.