◾'ഒരു രാജ്യം, ഒറ്റ വോട്ടെടുപ്പ്' പരിഷ്‌കരണം ത്രിതല പഞ്ചായത്തുകളിലേക്കും. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്തണമെന്നു നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി ഇക്കാര്യം പരിശോധിക്കും.
◾ഒരു രാജ്യം ഒറ്റ വോട്ടെടുപ്പ് പരിഷ്‌കരണം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുന്‍ കഷ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിന്‍ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി.
◾ഒറ്റ വോട്ടെടുപ്പ് പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയില്‍നിന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പിന്‍വാങ്ങി. പാനലില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തു നല്‍കി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ കക്ഷി നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.
◾ചന്ദ്രയാന്‍ മൂന്ന് റോവറിന്റെ പ്രവര്‍ത്തനം താത്കാലികമായി നിറുത്തിവച്ചു. സൂര്യപ്രകാശം അസ്തമിക്കാറായതോടെയാണ് റോവറിനെ സ്ലീപ് മോഡിലേക്കു മാറ്റിയത്. സൗരോര്‍ജ്ജം ഉപയോഗിച്ചാണ് റോവറിന്റെ പ്രവര്‍ത്തനം. ചന്ദ്രനിലെ സൂര്യോദയത്തിന് ഈ മാസം 22 വരെ കാത്തിരിക്കണം. രാത്രി ചന്ദ്രനിലെ താപനില മൈനസ് 130 ഡിഗ്രി വരെയാകും. അതിശൈത്യത്തെ അതിജീവിക്കാന്‍ റോവറിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.
◾ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ അടക്കമുള്ള രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്കു സൗജന്യ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
◾ഇന്ത്യ മുന്നണിയില്‍ ഒന്നിച്ചാണെങ്കിലും കേരളത്തില്‍ സിപിഎമ്മുമായി ഒന്നിച്ചു മത്സരിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സിപിഎമ്മും അതിനു തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധിയെ കേരളം എതിരില്ലാതെ വിജയിപ്പിക്കട്ടെ എന്നായിരുന്നു പ്രതികരണം.
◾സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസഹര്‍ജി തള്ളി.
◾ചന്ദ്രനില്‍ ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ സ്ഥലത്തിനു ശിവശക്തി പോയിന്റ് എന്നു പേരിട്ടത് അനുചിതമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ബഹിരാകാശ ഇടങ്ങള്‍ക്കു പേരു നല്‍കുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര മേഖല അംഗീകരിച്ച മാനദണ്ഡങ്ങളില്‍ മിത്തുകള്‍ക്കു സ്ഥാനവുമില്ലെന്നു പരിഷത്ത് ചൂണ്ടിക്കാട്ടി.
◾മാത്യു കുഴല്‍നാടന്‍ ആളുകളെ തേജോവധം ചെയ്തിട്ട് തിരിഞ്ഞോടുന്ന ആളാണെന്ന് മന്ത്രി എംബി രാജേഷ്. അധിക്ഷേപിച്ചാലേ ശ്രദ്ധ കിട്ടൂവെന്ന് മാത്യു കുഴല്‍നാടന് അറിയാമെന്നും രാജേഷ് പറഞ്ഞു.
◾തനിക്കെതിരേ കോണ്‍ഗ്രസുകാര്‍ സൈബര്‍ ആക്രമണം നടത്തുകയാണെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു. കോട്ടയം എസ്പിക്കുപരാതി നല്‍കി.
◾ഇടുക്കി രാജകുമാരി ബിവറേജസ് മദ്യശാലയില്‍ വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തി. വിറ്റുവരവില്‍ 17000 രൂപയുടെ കുറവായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയര്‍ 140 രൂപക്കാണ് വിറ്റിരുന്നതെന്നും ഇവര്‍ക്കു ബില്ലു നല്‍കിയിരുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി.
◾കോഴിക്കോട് ഫാഷന്‍ ഷോ അലങ്കോലമായി. സരോവരത്ത് ഒരുക്കിയ ഷോയുടെ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിലെടുത്തു. നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്ന് ആരോപിച്ച് താരങ്ങള്‍ തുടങ്ങിയ തര്‍ക്കത്തോടെ ഷോ നടത്താനാവാത്ത അവസ്ഥയായി. പണം വാങ്ങി ടിക്കറ്റു വിറ്റുള്ള പരിപാടി കാണാന്‍ എത്തിയവരും പ്രതിഷേധം ഉയര്‍ത്തിയതോടെ പൊലീസ് സ്ഥലത്തെത്തി ഫാഷന്‍ ഷോ നിര്‍ത്തിവയ്പ്പിച്ചു.
◾മദ്യലഹരിയില്‍ ട്രെയിനില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. കണ്ണൂര്‍ വളപട്ടണം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് ട്രെയിനില്‍ യുവാക്കള്‍ ശല്യം ചെയ്തതോടെ പെണ്‍കുട്ടി ട്രെയിനിന്റെ അപായ ചങ്ങല വലിച്ചു. കോച്ചിലേക്ക് പൊലീസെത്തിയതോടെ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു.
◾ഡല്‍ഹിയില്‍ ഈ മാസം എട്ടിന് ആരംഭിക്കുന്ന ജി ഇരുപത് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗ് പങ്കെടുക്കില്ല. പകരം പ്രധാനമന്ത്രി ലി ചിയാംഗ് പങ്കെടുക്കുമെന്നു ചൈന അറിയിച്ചു. ഇന്ത്യയുടെ അരുണാചല്‍ പ്രദേശ് അടക്കം ഉള്‍പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കിയതില്‍ പ്രതിഷേധം ശക്തമായിരിക്കേയാണ് പ്രസിഡന്റ് സന്ദര്‍ശനം ഒഴിവാക്കിയത്.
◾ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ വിക്ഷേപണ വിജയത്തിന് ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
◾ജി 20 ഉച്ചകോടിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ 2700 കോടി രൂപ ചെലവിട്ടു നിര്‍മിച്ച ഭാരത് മണ്ഡപം രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്റര്‍. പരമ്പരാഗതവും അധുനികവുമായ വാസ്തു വിദ്യകള്‍ സമന്വയിപ്പിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഏഴായിരം സീറ്റുകളുണ്ട്.
◾അദാനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തിയാല്‍ പ്രശ്നമാകുന്നത് അദാനിക്കല്ല, മറ്റാര്‍ക്കോ ആണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് പൊതുസമ്മേളനത്തിലാണ് വിമര്‍ശനം. അതിസമ്പന്നരായ രണ്ടോ മൂന്നോ പേര്‍ക്കുവേണ്ടി മാത്രമാണ് മോദി ജോലി ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
◾ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ബി ജെ പി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പരിഷ്‌കാരം പഠിക്കാനുള്ള ഉന്നതതല സമിതിയില്‍ രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ഒഴിവാക്കിയതു ശരിയായ നടപടിയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. താഴേത്തട്ടില്‍നിന്ന് പാര്‍ട്ടിയുടെ ഉന്നത പദവിയില്‍ എത്തിയ ഖര്‍ഗെയെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു.
◾രാജസ്ഥാനില്‍ ഭര്‍ത്താവും ബന്ധുക്കളും നഗ്‌നയാക്കി നടത്തിച്ച യുവതിക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇരയായ യുവതിയെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
◾സൗദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും ഉന്നതോദ്യോഗസ്ഥനുമായിരുന്ന മുഹമ്മദ് അല്‍വാന്‍ അന്തരിച്ചു. 73 വയസായിരുന്നു.
◾ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താന്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചു. മഴ ഇടക്കിടെ തടസപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായി. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച 82 റണ്‍സെടുത്ത ഇഷാന്‍ കിഷനും 87 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പിന്നാലെ കനത്ത മഴയെത്തിയതോടെ പാകിസ്താന് ബാറ്റിങ്ങിന് ഇറങ്ങാനാവാതെ മത്സരം ഉപേക്ഷിച്ചതായി അമ്പയര്‍മാര്‍ അറിയിച്ചു. ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചതോടെ ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍ കടന്നു.
◾ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ് സെപ്റ്റംബര്‍ അവസാനത്തോടെ 2.5 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 20,680 കോടി രൂപ) സമാഹരിക്കുന്നതിനായി ആഗോള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഈ തുക കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന മൊത്തം തുകയായ 3.5 ബില്ല്യണ്‍ ഡോളറിന്റെ (29,000 കോടി രൂപ) ഒരു ഭാഗമാണ്. 1 ബില്ല്യണ്‍ ഡോളര്‍ (8,278 കോടി രൂപ) ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിക്ഷേപിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു. റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങുന്നത്. കെ.കെ.ആര്‍, സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ജനറല്‍ അറ്റ്ലാന്റിക്, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ മുബദാല എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്ക് 10.09 ശതമാനം ഓഹരി വിറ്റ് 2020ല്‍ റിലയന്‍സ് റീറ്റെയ്ല്‍ 5.71 ബില്യണ്‍ ഡോളര്‍ (571 കോടി ഡോളര്‍) സമാഹരിച്ചിരുന്നു. 8.3 ലക്ഷം കോടി രൂപയാണ് നിലവിലെ റിലയന്‍സ് റീറ്റെയ്‌ലിന്റെ വിപണി മൂല്യം. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റിലയന്‍സ് റീറ്റെയ്‌ലിന് നേതൃത്വം നല്‍കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2.6 ലക്ഷം കോടി രൂപയായിരുന്നു റിലയന്‍സ് റീറ്റെയ്‌ലിന്റെ വരുമാനം. 9,181 കോടി രൂപയുടെ സംയോജിത അറ്റാദായവും കമ്പനി രേഖപ്പെടുത്തിയിരുന്നു.
◾സല്‍മാന്‍ ഖാന്‍ ചിത്രം 'ടൈഗര്‍ 3' യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈദ് റിലീസ് ആയി 2023 ഏപ്രിലില്‍ എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം പിന്നീട് 2023 ദീപാവലിയിലേക്ക് റിലീസ് മാറ്റുകയാണ്. മനീഷ് ശര്‍മ്മയാണ് ടൈഗര്‍ 3 സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാനും കത്രീനയും ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം എത്തുമെന്ന് അറിയിക്കുന്നു. ആക്ഷന്‍ സ്പൈ ചിത്രങ്ങള്‍ അടങ്ങുന്ന യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ ഫ്രാഞ്ചൈസി. അവിനാശ് സിംഗ് റാത്തോര്‍ എന്ന, റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്പൈ ഏജന്റ് ആണ് സല്‍മാന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഏക് ഥാ ടൈഗര്‍ ആയിരുന്നു ഈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. 2012 ല്‍ ആയിരുന്നു ഇതിന്റെ റിലീസ്. 2014 ല്‍ പുറത്തെത്തിയ ടൈഗര്‍ സിന്താ ഹെ ആയിരുന്നു ഇതിന്റെ രണ്ടാം ഭാഗം. അലി അബ്ബാസ് സഫര്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഈ വര്‍ഷം ആദ്യം ഇറങ്ങിയ ഷാരൂഖ് ഖാന്റെ പഠാനില്‍ ടൈഗറിലെ അവിനാശ് സിംഗ് റാത്തോര്‍ എന്ന സല്‍മാന്റെ ടൈഗര്‍ ക്യാമിയോയായി എത്തിയിരുന്നു. അത് പോലെ ടൈഗര്‍ 3യില്‍ ഷാരൂഖിന്റെ പഠാന്‍ ക്യാമിയോ വേഷത്തില്‍ എത്തുമെന്ന് സൂചനയുണ്ട്.
◾ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റ് ആയി സണ്ണി ഡിയോളിന്റെ 'ഗദര്‍ 2'. 631 കോടിക്ക് മുകളിലാണ് ഗദര്‍ 2 ബോക്‌സോഫീസില്‍ നിന്നും നേടിയത്. ചിത്രത്തില്‍ താര സിംഗ് എന്ന കഥാപാത്രമായാണ് സണ്ണി ഡിയോള്‍ എത്തിയത്. ചിത്രത്തിനായി സണ്ണി ഡിയോള്‍ വാങ്ങിയത് 20 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് താരം പ്രതിഫലം 50 കോടിയിലേക്ക് ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം താരം സ്ഥിരീകരിച്ചിട്ടില്ല. പ്രതിഫലം എന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും ഏറ്റവുമടുത്ത ആളുകളോട് പോലും ആരുമത് തുറന്ന് പറയാറില്ലെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളുടെ ചോദ്യത്തിന് സണ്ണി ഡിയോള്‍ നല്‍കിയ മറുപടി. സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമിട്ട് ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തിയ ചിത്രം ചലച്ചിത്രലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. 2001ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ സീക്വല്‍ ആണ് ഗദര്‍ 2. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും മാത്ര ചിത്രം ഇതുവരെ നേടിയത് 487.65 കോടിയാണ്. ആഗോള ബോക്‌സോഫീസില്‍ നിന്ന് ചിത്രം ആകെ 631.80 കോടി നേടിയെന്നാണ് ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം, ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത 'ജയിലര്‍' 600 കോടിക്ക് അടുത്താണ് തിയേറ്ററില്‍ നിന്നും നേടിയത്. ജയിലറിനെ കടത്തിവെട്ടിയിരിക്കുകയാണ് ഗദര്‍ 2.
◾ബെംഗളൂരു ആസ്ഥാനമായ സിംപിള്‍ എനര്‍ജി കമ്പനിയുടെ അഭിമാന മോഡലായ സിംപിള്‍ വണ്‍ നിരത്തിലെത്തി. ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമേ ലഭ്യമാകൂ. 212 കിമീ ആണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. രണ്ടു ബാറ്ററിയുള്ള മോഡലിന് ബെംഗളൂരുവിലെ വില 1.58 ലക്ഷം രൂപയാണ് (750 വാട്ട് ചാര്‍ജര്‍ കൂടെ ലഭിക്കും). ഇന്ത്യയുടെ ഏറ്റവും റേഞ്ച് കൂടിയ സ്‌കൂട്ടര്‍ മോഡല്‍ നിരയിലേക്കാണ് ഒരു ഇന്ത്യന്‍ നിര്‍മിത സ്‌കൂട്ടര്‍ എന്ന നിലയില്‍ സിംപിള്‍ വണ്‍ എത്തിയിരിക്കുന്നത്. നിലവിലെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും കുതിപ്പുള്ള മോഡലും സിംപിള്‍ വണ്‍ ആണെന്നു കമ്പനി അവകാശപ്പെടുന്നു. 212 കിമീ റേഞ്ചില്‍ മണിക്കൂറില്‍ 105 കിമീ കൂടിയ വേഗം കൈവരിക്കാന്‍ ഇതിന് കഴിയും. 0-40 കിമീ വേഗം കൈവരിക്കാന്‍ 2.77 സെക്കന്‍ഡുകള്‍ മതി സിംപിള്‍ വണ്ണിന്. ഇക്കോ, റൈഡ്,ഡാഷ്, സോണിക് എന്നിങ്ങനെ നാലു റൈഡിങ് മോഡുകളുണ്ട്. 8.5 കിലോവാട്ടില്‍ 11.4 ബിഎച്പി കരുത്തും 72 എന്‍എം ടോര്‍ക്കും സിംപിള്‍ വണ്‍ സ്‌കൂട്ടറുകള്‍ ഉല്‍പാദിപ്പിക്കും. സ്‌കൂട്ടറിനും മോട്ടറിനും ബാറ്ററിക്കും 3 വര്‍ഷം അല്ലെങ്കില്‍ 30,000 കിമീ ആണ് വാറന്റി. ചാര്‍ജറിന് 1 വര്‍ഷം അല്ലെങ്കില്‍ 10,000 കിമീ. പൊടിയോ വെള്ളമോ മോട്ടറിനെ തൊടുകയില്ല. 300 മിമീ ആഴമുള്ള വെള്ളക്കെട്ടിലൂടെ സിംപിള്‍ വണ്ണിനു പോകാന്‍ കഴിയും. 50.47 വോള്‍ട്ടിന്റെ ലിഥിയം അയോണ്‍ ബാറ്ററി.
◾മന്ത്രവാദം കേരളത്തില്‍, മന്ത്രവാദം ശാസ്ത്രമോ? പൂജാവിധികള്‍, നവീകരണകലശം, തന്ത്രസമുച്ചയത്തിന്റെ സവിശേഷതയും ഔന്നത്യവും, കളമെഴുത്തുപാട്ട്: ഒരു കേരളീയ അനുഷ്ഠാന കലാരൂപം, ദൈവത്തിന്റെ കളിപ്പാട്ടങ്ങള്‍, ശബരിമലയും സ്ത്രീകളും: താന്ത്രികസമീപനം തുടങ്ങിയ മന്ത്രവാദത്തെക്കുറിച്ചുള്ള എട്ടു ശ്രദ്ധേയമായ ലേഖനങ്ങള്‍. ഒപ്പം കാട്ടുമാടം നാരായണനുമായി അഭിമുഖവും. 'മന്ത്രവാദം കേരളത്തില്‍'. നാലാം പതിപ്പ്. കാട്ടുമാടം നാരായണന്‍. മാതൃഭൂമി ബുക്സ്. വില 170 രൂപ.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്നായിരുന്നു അവന്റെ പഠനം പൂര്‍ത്തിയായത്. പഠനം പൂര്‍ത്തിയായപ്പോള്‍ ഗുരു ശിഷ്യന് ഒരു മാന്ത്രികകണ്ണാടി നല്‍കി. അതിലൂടെ നോക്കിയാല്‍ ആരുടെ മനസ്സിലെയും ചിന്തകളറിയാം. ശിഷ്യന്‍ ആദ്യം ഗുരുവിന്റെ നേരെ കണ്ണാടി തിരിച്ചു. ഗുരുവിലെ അഹങ്കാരവും ആസക്തിയും കണ്ട് അവന്‍ ഞെട്ടി. പുറത്തിറങ്ങി ആളുകളെ കണ്ണാടിയിലൂടെ നോക്കി. എല്ലാവരിലും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അച്ഛന്റെയും അമ്മയുടെയും നേരെ അവന്‍ കണ്ണാടി തിരിച്ചു. അവരുടെ ചിന്തകളിലും പ്രശ്‌നങ്ങള്‍. നിരാശനായ ശിഷ്യന്‍ ഗുരുവിന് അടുത്തെത്തി പറഞ്ഞു: ഒരു നല്ല വ്യക്തിയെപ്പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് ഈ ലോകം ഇങ്ങനെ? ഇത് കേട്ട് ഗുരു ആ കണ്ണാടി വാങ്ങി ശിഷ്യന് നേരെ പിടിച്ചു. അപ്പോള്‍ അവന്റെയുളളിലെ അസൂയയും ദുര്‍വാശിയും ദൃശ്യമായി. ഗുരു പറഞ്ഞു: ഞാന്‍ നിനക്കിത് തന്നത് ഇതില്‍ നോക്കി സ്വന്തം പോരായ്മകള്‍ തിരുത്താനാണ്. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനല്ല മറ്റുളളവരുടെ കുറവുകള്‍ കണ്ടുപിടിക്കുന്നവരുടെ ഏറ്റവും വലിയ പോരായ്മ സ്വന്തമായി ഒരു മുഖകണ്ണാടിയില്ല എന്നതാണ്. കണ്ണുകള്‍ പുറത്തുള്ളവ കാണാനേ സഹായിക്കൂ. അവനനവന്റെയും അപരന്റെയും ഉളളുകാണാന്‍ പ്രേരിപ്പിക്കുന്ന ഒരു ഇന്ദ്രിയമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എല്ലാവരുടേയും ജീവിതം കുറെകൂടി പരോപകാരപ്രദമായേനെ. ഇടക്കെല്ലാം സ്വന്തം ഉള്ളിലേക്ക് നോക്കാനുള്ള കണ്ണടകള്‍ നമുക്കും ഉപയോഗിക്കാന്‍ ശീലിക്കാം - ശുഭദിനം.