*പ്രഭാത വാർത്തകൾ_*```2023 | സെപ്റ്റംബർ 28 | വ്യാഴം

◾നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒപ്പിടാതെ പിടിച്ചുവച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലിന്റെ സേവനം തേടി. ഗവര്‍ണര്‍ ഒപ്പിടാതെ എട്ടു ബില്ലുകളാണു മാറ്റിവച്ചിരിക്കുന്നത്. മൂന്നു ബില്ലുകള്‍ രണ്ടു വര്‍ഷത്തോളമാകാറായി. ഇതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ആശയക്കുഴപ്പം കോടതി മാറ്റിത്തരുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ശമ്പളം കൊടുക്കാന്‍ പോലൂം പണമില്ലാത്തപ്പോഴാണ് നിയമോപദേശത്തിനായി സര്‍ക്കാര്‍ 40 ലക്ഷം രൂപ ചെലവഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്നു കുറ്റാരോപിതനായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ആരെയും പ്രതിചേര്‍ത്തിട്ടില്ല. പരാതിക്കാരനായ ഹരിദാസിനോടു തെളിവുകളുമായി ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി പുറത്തറിഞ്ഞതിനു പിറകേയാണ് അഖില്‍ മാത്യു പൊലീസില്‍ പരാതി നല്‍കിയത്. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിന് 75,000 രൂപയും നല്‍കിയെന്നാണ് ഹരിദാസന്റെ ആരോപണം.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് അടുപ്പമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കു തട്ടിപ്പില്‍ പങ്കുണ്ടോയെന്നു പരിശോധിക്കുന്നുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ.സി. മൊയ്തീനെയും എം.കെ കണ്ണനെയും ലക്ഷ്യംവച്ചാണ് എന്‍ഫോഴ്സ്മെന്റിന്റെ നീക്കം. അരവിന്ദാക്ഷനേയും ജില്‍സിനേയും എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

◾സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ആക്സസ് കണ്‍ട്രോള്‍ സംവിധാനം ബോയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മാറ്റിവച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ പഞ്ചിംഗുമായി ബന്ധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥ യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ജീവനക്കാരുടെ സംഘടനകളുടെ കടുത്ത എതിര്‍പ്പുമൂലമാണ് തീരുമാനം മാറ്റിയത്. പഞ്ച് ചെയ്ത ശേഷവും സീറ്റുകളിലിരിക്കാതെ ജീവനക്കാര്‍ ഓഫീസ് വിട്ട് കറങ്ങി നടക്കുന്നത് തടയാനാണ് എല്ലാ വകുപ്പുകളിലും ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചത്.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ക്ക് ബിനാമികളുടെ ആവശ്യമില്ല. തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും. സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല. അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതെല്ലാം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍് സജീവന്‍ കൊല്ലപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ കെപിസിസി സെക്രട്ടറി കെകെ എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവന്‍ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായിരുന്ന സജീവന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റിലായത്.

◾കൈക്കൂലി വിവാദത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹരിദാസന്റെ പരാതി സെപ്റ്റംബര്‍ 13 ന് ലഭിച്ചതാണ്. പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിനോട് വിശദീകരണം തേടി. ആരോപണവുമായി അഖില്‍ മാത്യുവിന് ഒരു ബന്ധവുമില്ലെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. പരാതി പൊലീസിനു കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചു. പോലീസ് സത്യം പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വീണ ജോര്‍ജ്.

◾ഡോക്ടര്‍ നിയമനത്തിന് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗംതന്നെയാണു കൈക്കൂലി വാങ്ങിയതെന്ന് പരാതിക്കാരനായ ഹരിദാസന്‍. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴിയെടുത്തതിനു പിറകേയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പരാതി വിവരം പുറത്തുവിട്ടത്. പൊലീസിന് തെളിവ് സഹിതം എല്ലാ വിവരങ്ങളും കൈമാറിയെന്നും ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും ഹരിദാസന്‍ അവകാശപ്പെട്ടു.

◾ഡോക്ടര്‍ നിയമനത്തിനു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിനെ കുറ്റപ്പെടുത്തി പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പിബി ഹര്‍ഷകുമാര്‍. സിഐടിയു ലെവി ഫണ്ടില്‍നിന്ന് അഖില്‍ സജീവ് മൂന്നു ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തിയെന്ന ക്രിമിനല്‍ കേസ് കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഖില്‍ മാത്യു അത്തരക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.

◾കേരളീയം, നവ കേരള സദസ് തുടങ്ങിയ പരിപാടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം രാഷ്ട്രീയ പരിപാടിയല്ല. അത് സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ്. അദ്ദേഹം പറഞ്ഞു.

◾മാധ്യമങ്ങള്‍ക്ക് സിബിഐ കോടതിയില്‍ വിലക്കില്ലെന്ന് ജഡ്ജി. കരുവന്നൂര്‍ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജി ഷിബു തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന കോടതിയില്‍ ആര്‍ക്കും വരാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ജഡ്ജി തടഞ്ഞിരുന്നു.

◾സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനം. സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമാണെന്നും തിരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേരളീയവും മണ്ഡല സദസും കൊണ്ട് വൈകൃതങ്ങള്‍ മറയ്ക്കാനാവില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. സിപിഐ മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു.

◾വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടിന്. രാവിലെ 10 ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വനം - വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണിയും നിര്‍വഹിക്കും.

◾കോഴിക്കോട് ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 799 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 8.25 ലക്ഷം രൂപ പിഴ ഈടാക്കി. കോഴിക്കോട് കോര്‍പ്പറേഷന്‍, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര, പെരുവയല്‍, കുന്നമംഗലം എന്നിവിടങ്ങളിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശോധന.

◾പാലക്കാട് കരിങ്കരപുള്ളിയിലെ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് വയറിലെ കുടല്‍മാല നീക്കം ചെയ്തുകൊണ്ടാണെന്നു പോലീസ്. വൈദ്യുതാഘാതമേറ്റാണു മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഷിജിത്ത്, സതീഷ് എന്നീ യുവാക്കളാണ് പാടത്തു പന്നിക്കുവച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി മരിച്ചത്. സ്ഥലമുടമ അനന്തനെ അറസ്റ്റു ചെയ്തിട്ടുണ്ട്.

◾മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം കോഴിക്കോട് പാറോപ്പടിയിലെ വീട്ടില്‍ അന്തരിച്ചു. 77 വയസായിരുന്നു. കഥാപ്രാസംഗിക എന്ന നിലയിലും പ്രശസ്തയായിരുന്നു.

◾കോട്ടയം കുടയംപടിയില്‍ ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതിന്റെ പേരില്‍ ജീവനൊടുക്കിയ വ്യാപാരി ബിനുവിനെ കര്‍ണാടക ബാങ്ക് ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പോലീസിനു കൈമാറി. പണം അടയ്ക്കാമെന്നു ബിനു പറഞ്ഞിട്ടും ബാങ്ക് ജീവനക്കാരന്‍ മോശമായി സംസാരിച്ചു. ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്നാണ് ബാങ്ക് ജീവനക്കാരന്റെ മറുപടി.

◾കലാപ സംസ്ഥാനമായ മണിപ്പൂരില്‍നിന്ന് കേരളത്തില്‍ പഠനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കു മനുഷ്യപക്ഷ സഹായം നല്‍കിയതു കേരള സര്‍ക്കാരാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തളിപ്പറമ്പ് കരിമ്പത്തെ കില ക്യാമ്പസിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസില്‍ എംഎ വിദ്യാര്‍ത്ഥിനികളായ അലിയാന, ലില്ലി എന്നിവരെകുറിച്ചാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. കേരളത്തിന്റെ സ്നേഹത്തിനു മുന്നില്‍ വാക്കുകളില്ലെന്ന് ഇരുവരും പറഞ്ഞത് കേരളത്തിനുള്ള അംഗീകാരമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾കാസര്‍കോട് തൃക്കരിപ്പൂര്‍ പരത്തിച്ചാലില്‍ വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് രജീഷിനെ (36) ചന്തേര പൊലീസ് അറസ്റ്റു ചെയ്തു.

◾ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വിചാരണ പൂര്‍ത്തിയായി. പ്രതിഭാഗത്തിന്റെ വാദം ശനിയാഴ്ച തുടങ്ങും. അയല്‍വാസി അര്‍ജുനനാണു പ്രതി. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതിയിലാണു വിചാരണ.

◾മുത്തങ്ങയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മാങ്ങാട് സ്വദേശി കൂര്‍ക്കംപറമ്പത്ത് വീട്ടില്‍ കെ.പി മുഹമ്മദ് നാഫിയെ (29) ആണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്.

◾കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ ചത്ത എലികളെ വായില്‍ കടിച്ചുപിടിച്ച് പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തിരുച്ചിറപ്പള്ളി മേഖലയിലെ കര്‍ഷകരാണ് വിചിത്രമായ സമരം നടത്തിയത്. സമരത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

◾കോടതി ജാമ്യം അനുവദിച്ചിട്ടും മൂന്നു വര്‍ഷംകൂടി ജയിലില്‍ കഴിയേണ്ടിവന്ന പ്രതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. കോടതി അയച്ച ഉത്തരവ് ജയില്‍ അധികാരികള്‍ ഇമെയില്‍ തുറന്നു നടപടിയെടുക്കാത്തതിനാലാണ് മൂന്നു വര്‍ഷംകൂടി ജയിലില്‍ കിടക്കേണ്ടി വന്നത്. കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട 27 കാരനായ ചന്ദന്‍ജി താക്കൂറിന്റെ ശിക്ഷ പിന്നീട് സസ്പെന്‍ഡ് ചെയ്താണ് 2020 സെപ്റ്റംബര്‍ 29 ന് ജാമ്യം അനുവദിച്ചത്. 14 ദിവസത്തിനകം പണം കൈമാറണമെന്നാണ് കോടതി ഉത്തരവ്.

◾മണിപ്പുരിനെ പ്രശ്നബാധിത സംസ്ഥാനമായി മണിപ്പുര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മണിപ്പുരിലെ മെയ്തെയ് - കുകി വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം പരിഹരിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ഇന്നലെയും മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വന്‍ സംഘര്‍ഷം ഉണ്ടായി.

◾വെറുപ്പും വിദ്വേഷവും വളര്‍ത്തി ബിജെപി മണിപ്പൂരിനെ കലാപഭൂമിയാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം. നൂറ്റമ്പതോളം ദിവസമായിട്ടും പ്രധാനമന്ത്രി മണിപ്പൂരിലേക്കു തിരിഞ്ഞുനോക്കിയിട്ടുപോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ സിബിഐ അന്വേഷണം തുടങ്ങി. ഡല്‍ഹി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് വ്യക്തമായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ അറിയിച്ചു.

◾വളര്‍ത്തു നായക്കു നടക്കാന്‍ ഡല്‍ഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികളിലൊരാളായ റിങ്കു ദുഗ നിര്‍ബന്ധിതമായി വിരമിക്കണമെന്നു സര്‍ക്കാര്‍. അരുണാചല്‍ പ്രദേശില്‍ തദ്ദേശ സ്ഥാപന വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന റിങ്കു ദുഗയോടു രണ്ടു മാസത്തിനകം രാജിവയ്ക്കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.

◾ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് എന്ന ഇസ്‌കോണ്‍ പശുക്കളെ സംരക്ഷിക്കുകയല്ല, ഗോശാലകളിലെ പശുക്കളെ കശാപ്പുകാര്‍ക്കു വില്‍ക്കുകയാണു ചെയ്യുന്നതെന്ന് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഇസ്‌കോണിന്റെ ഗോശാലകള്‍ക്കെതിരേ അന്വേഷണം വേണമെന്നും മനേക ആവശ്യപ്പെട്ടു.

◾ആത്മഹത്യക്കു ശ്രമിച്ച 28 കാരനെ മുബൈ പൊലീസ് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത രാജസ്ഥാന്‍ സ്വദേശിയെക്കുറിച്ച് ഇന്‍ര്‍പോളാണ് മുന്നറിയിപ്പു നല്‍കിയത്. മുബൈ പോലീസ് മുബൈയിലെ മല്‍വാനിയില്‍ ഇയാള്‍ താമസിക്കുന്ന സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി മുബൈ ജയിലിലുള്ള അമ്മയെ പുറത്തിറക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമത്തിലായിരുന്നു യുവാവ്.

◾കനേഡിയന്‍ പൗരനും ഖാലിസ്ഥാന്‍ വിഘടനാവാദി നേതാവുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ ചാരസംഘമായ ഐഎസ്ഐ ആണെന്ന് ഇന്ത്യ. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ വക്താക്കള്‍ പറഞ്ഞു. കാനഡയിലെ ഐഎസ്ഐയുടെ ദല്ലാളുമാരായ രഹത് റാവുവും താരിഖ് കിയാനിയുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു റിപ്പോര്‍ട്ട്.

◾ഖാലിസ്ഥാന്‍ വിഘടനാവാദി നേതാവ് ഹര്‍ദീപ് സിഗ് നിജ്ജാര്‍ കനേഡിയന്‍ ഇന്റലിജന്‍സുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്ന് നിജ്ജാറിന്റെ മകന്‍ ബല്‍രാജ് സിംഗ്. കൊല്ലപ്പെടുന്നതിന് ആറു ദിവസംമുമ്പും ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

◾മുഖംമൂടി ധരിച്ചെത്തിയ നൂറോളം കൗമാരക്കാര്‍ ആപ്പിള്‍ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള കടകള്‍ കൊള്ളയടിച്ചു. അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് സംഭവം. ഇരുപതോളം പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് രണ്ടു തോക്ക് കണ്ടെടുത്തു. കൊള്ളയടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

◾ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 66 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ 286 റണ്‍സിന് പുറത്തായി. നാല് വിക്കറ്റുകള്‍ നേടി കളിയിലെ താരമായ ഗ്ലെന്‍ മാക്‌സ്വെല്ലാണ് പരമ്പര തൂത്തുവാരാം എന്ന ഇന്ത്യയുടെ മോഹം തടഞ്ഞത്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് പരമ്പരയിലെ താരം.

◾സെപ്റ്റംബര്‍ പാദത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കറന്‍സിയെന്ന അപ്രതീക്ഷിത നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്റെ കറന്‍സിയായ അഫ്ഗാനി. ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ കാലയളവില്‍, അഫ്ഗാനി മൂല്യം 9 ശതമാനം ഉയര്‍ന്നു, പ്രാഥമികമായി മാനുഷിക സഹായത്തിന്റെ ഗണ്യമായ ഒഴുക്കും, അയല്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര പ്രവര്‍ത്തനങ്ങളിലെ ഉത്തേജനവുമാണ് ഇതിന് കാരണം. തങ്ങളുടെ കറന്‍സിയുടെ നിയന്ത്രണം ഉറപ്പിക്കുന്നതിനായി, താലിബാന്‍ പ്രാദേശിക ഇടപാടുകളില്‍ യുഎസ് ഡോളറിന്റെയും പാകിസ്ഥാന്‍ രൂപയുടെയും ഉപയോഗം നിരോധിക്കുന്നത് ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. മാത്രമല്ല, രാജ്യത്ത് നിന്ന് യുഎസ് ഡോളര്‍ പുറത്തേക്ക് ഒഴുകുന്നതിന് അവര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലൂംബെര്‍ഗ് എടുത്തുകാണിക്കുന്നതുപോലെ, ഓണ്‍ലൈന്‍ കറന്‍സി വ്യാപാരം ക്രിമിനല്‍ കുറ്റമാക്കുന്ന നടപടികളിലേക്ക് വരെ ഭരണകൂടം കടന്നിരുന്നു. ഇത്രയൊക്കെ ആണെങ്കിലും ആഗോളതലത്തില്‍ ദാരിദ്ര്യവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്ന രാഷ്ട്രമായി തന്നെയാണ് അഫ്ഗാന്‍ ഇപ്പോഴുമുള്ളത്. അഫ്ഗാനി കഴിഞ്ഞ വര്‍ഷം മൂല്യത്തില്‍ 14 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍, നിലവില്‍ ആഗോള കറന്‍സി പ്രകടന പട്ടികയില്‍ കൊളംബിയയുടെയും ശ്രീലങ്കയുടെയും കറന്‍സികള്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

◾പൂര്‍ണമായും യഷ് രാജ് സ്പൈ യൂണിവേഴ്സില്‍ വരുന്ന ആദ്യ ചിത്രമായ 'ടൈഗര്‍ 3' ടീസര്‍ എത്തി. അവിനാശ് സിങ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റ് ആയി സല്‍മാന്‍ ഖാന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മയാണ്. ടൈഗര്‍ സിന്ദാ ഹേ, വാര്‍, പഠാന്‍ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൈഗറിന്റെ മകനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നാണ് സിനിമ തുടങ്ങുന്നതെന്നാണ് ടീസറില്‍ നിന്നുള്ള സൂചന. കത്രീന കൈഫ് നായികയാകുന്ന ടൈഗര്‍ 3യില്‍ ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പഠാന്‍ ആയി ഷാറുഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഷാറുഖ് ഖാന്റെ ഫാന്‍ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്ഷന്‍ എന്റര്‍ടെയ്നര്‍ കൂടിയാണ് ടൈഗര്‍ 3. പ്രീതം സംഗീതം. ദീപാവലി റിലീസ് ആയി നവംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.

◾മലയാളി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ടിനു പാപ്പച്ചന്‍ ചിത്രം 'ചാവേറിന്റെ' റിലീസ് തിയതി നീട്ടി. ചിത്രം ഒക്ടോബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും. നിര്‍മാതാക്കള്‍ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. സിനിമയുടെ ട്രെയിലറും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതുവരെ നാല്‍പത് ലക്ഷം ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. ജീവനെപോലെ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടെയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയിലെത്തുന്നു. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥക്കാണ് ചാവേറായി ടിനു പാപ്പച്ചന്‍ ജീവന്‍ പകര്‍ന്നിരിക്കുന്നത്.

◾പുതിയ പള്‍സര്‍ എന്‍150 പുറത്തിറക്കി ബജാജ് ഓട്ടോ. 1,17,677 രൂപ (എക്‌സ്-ഷോറൂം, ന്യൂഡല്‍ഹി) വിലയുള്ള മോട്ടോര്‍സൈക്കിള്‍ റേസിംഗ് റെഡ്, എബോണി ബ്ലാക്ക്, മെറ്റാലിക് പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ബജാജ് പള്‍സര്‍ എന്‍150 മോഡലില്‍ 149.68സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത് 14.5പിഎസ് പരമാവധി കരുത്തും 13.5എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. 5-സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിനില്‍ ഘടിപ്പിച്ചിരിക്കുന്നത്. പുതിയ പള്‍സര്‍ ച150യിലെ മുന്‍പിലെ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും, പിന്നില്‍ ഒരു മോണോഷോക്കുമാണ്. മുന്‍വശത്ത് 260 എംഎം ഡിസ്‌ക്കും പിന്നില്‍ 130 എംഎം ഡ്രമ്മും ഉണ്ട്. മോട്ടോര്‍സൈക്കിളിന് സിംഗിള്‍-ചാനല്‍ എബിഎസും ലഭിക്കുന്നു. ട്യൂബ്ലെസ് ടയറുകളോട് കൂടിയ 17 ഇഞ്ച് അലോയ്കളുമായാണ് വാഹനം വരുന്നത്. പുതിയ ബജാജ് പള്‍സര്‍ എന്‍150യുടെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒരു ബൈ-ഫങ്ഷണല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് (സെഗ്മെന്റ്-ഫസ്റ്റ്), ഒരു പുതിയ ഇന്‍ഫിനിറ്റി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഒരു മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.

◾എല്ലാ ദിവസങ്ങളും ഒരുപോലെ. ഇന്നുവരെ. എന്നും ഒരേ തീവണ്ടിയിലായിരുന്നു റേച്ചല്‍ പോകാറുണ്ടായിരുന്നത്. ഓരോ തവണയും അത് ഒരേ സിഗ്നലില്‍ നില്‍ക്കുമെന്നും, അപ്പോള്‍ അതിനരികിലായി വീടുകള്‍ക്ക് പിന്നിലെ പൂന്തോട്ടങ്ങളുടെ ഒരു നിര തന്നെയുണ്ടാവുമെന്നും അവള്‍ക്കറിയാം. അതിലൊരു വീട്ടില്‍ താമസിക്കുന്ന ആളുകള്‍ ആരൊക്കെ എന്നുപോലും തനിക്കറിയാമെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. അവളുടെ കാഴ്ചപ്പാടില്‍, എല്ലാം തികഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്. റേച്ചലിന് അത്ര സന്തോഷം ലഭിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോഴാണ്, ഞെട്ടിക്കുന്ന ഒരു കാഴ്ച അവള്‍ കണ്ടത്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു. അങ്ങനെ, താന്‍ ദൂരെ നിന്നും നോക്കിക്കണ്ട ഒരു ജീവിതത്തിന്റെ ഭാഗമാകുവാനുള്ള ഒരവസരം അവള്‍ക്ക് ലഭിക്കുന്നു. അവള്‍ വെറുമൊരു തീവണ്ടിയിലെ പെണ്‍കുട്ടി മാത്രമായിരുന്നില്ല എന്നവര്‍ അറിയുന്നു. 'തീവണ്ടിയിലെ പെണ്‍കുട്ടി'. പൗളാ ഹോക്കിന്‍സ്. വിവര്‍ത്തനം: ഹരിത സി.കെ. മഞ്ജുള്‍ പബ്ളിഷിംഗ് ഹൗസ്. വില 474 രൂപ.

◾കണ്ണുകളില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്ന പ്രശ്‌നം മിക്കവരെയും അലട്ടാറുണ്ട്. ജലദോഷം, അലര്‍ജി, അണുബാധ എന്നിവ കാരണവും കണ്ണുകളില്‍ നിന്ന് വെളളം വന്നേക്കാം. ഇടയ്ക്കിടെയ്ക്ക് ഇങ്ങനെ വരുന്നത് അത്ര പ്രശ്‌നമല്ല എന്നാല്‍ തുടര്‍ച്ചയായി ഈ പ്രശ്‌നം ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. കാരണം ഇത് ഡാക്രിയോസിസ്‌റ്റൈറ്റിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. കണ്ണിലെ ലാക്രിമല്‍ സഞ്ചി വീര്‍ക്കുന്നത് മൂലമുണ്ടാകുന്ന ഒരു അണുബാധയാണിത്. തുടര്‍ച്ചയായി കണ്ണില്‍ നനവ് ഉണ്ടാകുന്നത് കണ്ണുനീര്‍ സഞ്ചിയുടെ വീക്കം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം. കണ്ണിലെ നാസോളാക്രിമല്‍ നാളത്തിലെ തടസ്സമാണ് ഇതിന് കാരണമാകുന്നത്. കണ്ണില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വെള്ളം മൂക്കിലേക്ക് കൊണ്ടുപോകുന്ന നാളമാണിത്. നമ്മുടെ കണ്ണുകള്‍ ഒരു നാളത്തിലൂടെ മൂക്കുമായി ബന്ധപ്പെട്ടിരിക്കുകയാണ്. നാം കരയുമ്പോള്‍ പലപ്പോഴും മൂക്കൊലിപ്പും ഉണ്ടാകാറുണ്ട്, ചിലപ്പോള്‍ ഐ ഡ്രോപ്പ് ഇടുമ്പോള്‍ അത് മൂക്കില്‍ എത്തുന്നതായും അനുഭവപ്പെടാറുണ്ട്. മൂക്കിലെ ഈ ഡ്രെയിനേജില്‍ തടസ്സമുണ്ടാകുമ്പോളാണ് കണ്ണിലൂടെ വെള്ളം വരുന്നത്. ഈ പ്രശ്‌നമുണ്ടെങ്കില്‍ എല്ലായ്‌പ്പോഴും കണ്ണില്‍ നിന്ന് വെള്ളം വരികയും, ചൊറിച്ചില്‍ ഉണ്ടാകുകയും ചെയ്യും. കണ്ണുകളില്‍ ചുവപ്പ്, കണ്ണുകളില്‍ അമിതമായ നനവ്, കണ്ണുകള്‍ വീര്‍ത്തിരിക്കുക, പഴുപ്പ് പോലെയുളള സ്രവങ്ങള്‍ ഉണ്ടാകുക, അണുബാധയുള്ള സന്ദര്‍ഭങ്ങളില്‍ കണ്ണ് വേദനയും ഉണ്ടാകാം. ഇതെല്ലാമാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍. കണ്ണുകളുടെ പരിപാലനത്തിനായി ദിവസത്തില്‍ നാല് തവണ തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ കഴുകുക. വെയിലത്ത് പോകുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുക. വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണുകളില്‍ തൊടുന്നത് ഒഴിവാക്കുക. പരിപ്പ്, സിട്രസ് പഴങ്ങള്‍, കാരറ്റ്, മധുരക്കിഴങ്ങ്, ബീഫ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ വിചാരം താന്‍ വലിയ പണ്ഡിതനാണെന്നാണ്. ഒരു ദിവസം കത്തിച്ച തിരിയുമായി വരുന്ന കുട്ടിയോട് അയാള്‍ ചോദിച്ചു: ഈ വെളിച്ചം എവിടെ നിന്നും വരുന്നുവെന്ന് നിനക്കറിയാമോ? അവന്‍ ആ തിരി ഊതിക്കെടുത്തിയ ശേഷം പറഞ്ഞു: ആ വെളിച്ചം എങ്ങോട്ടു പോയി എന്ന് പറയാമെങ്കില്‍ താങ്കള്‍ചോദിച്ചതിന്റെ ഉത്തരം ഞാനും പറയാം...അയാള്‍ നിശബ്ദമായി തലയും താഴ്ത്തി നടന്നുപോയി. ഈഗോ തകര്‍ക്കപ്പെടുന്ന നിമിഷത്തിലാണ് ഒരാള്‍ അയാളെ ഏറ്റവും നന്നായി അറിയുന്നത്. സ്വയം ബഹുമാനം നല്ലതാണ്. പക്ഷേ, അതൊരു സ്വയം പുകഴ്ത്തല്‍ ആയി രൂപമാറ്റം സംഭവിക്കുമ്പോള്‍ അത് അരോചകമായി മാറുന്നു. സ്വന്തം ശ്രേഷ്ഠതയില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. എല്ലാവരും തന്നെ ബഹുമാനിക്കും അതുകൊണ്ട് തന്നെ തന്നേക്കാള്‍ മികവുകുറഞ്ഞവരെ എളുപ്പത്തില്‍ തറപറ്റിക്കാം, തന്നെ ചോദ്യം ചെയ്യാന്‍ അധികമാരും ധൈര്യപ്പെടില്ല, ഇത്തരം മിഥ്യാ സങ്കല്‍പങ്ങളില്‍ അവര്‍ തങ്ങള്‍ക്കുചുറ്റും ആത്മപ്രേമത്തിന്റെ ഒരു ചീട്ടുകൊട്ടാരം തീര്‍ക്കും... പക്ഷേ, അത്തരം ചീട്ടുകൊട്ടാരങ്ങളെ തകര്‍ക്കാന്‍ നിസ്സാരരും, കീടങ്ങളുമായി കരുതപ്പെടുന്നവര്‍ക്ക് അനായാസം സാധിക്കും.. ഉറുമ്പിനാണ് ആനയെ തോല്‍പ്പിക്കാന്‍ എളുപ്പം, വന്‍മരങ്ങളെല്ലാം പിഴുതെറിയപ്പെടുന്നത് അവര്‍പോലുമറിയാതെ ചുവട് തുരന്നുവരുന്ന ചിതലുകള്‍ മൂലമാണ്. ചിലപ്പോഴൊക്കെ ഇത്തരം പരാജയങ്ങളിലൂടെ കടന്നുപോകുന്നത് നല്ലതാണ്. താന്‍ എന്തിനൊക്കെയാണോ ബലിഷ്ടമായി കരുതിയിരുന്നത് അവ കണ്‍മുന്നില്‍ ഒലിച്ചിറങ്ങി പോകുന്നത് കാണാന്‍ സാധിക്കും.. ഒപ്പം, താന്‍ നിസ്സാരമെന്നു കരുതിയവയുടെ മഹത്വവും മനസ്സിലാകും. ഒരു നാളവും അധികനാള്‍ നിലനില്‍ക്കില്ല.. അണയുന്നതിന് മുമ്പ് അത് ആര്‍ക്കുവേണ്ടി ജ്വലിച്ചു എന്ന ചോദ്യത്തിന് ഉത്തരം നല്‍കണം. സ്വന്തം പേരും പെരുമയും നിലനിര്‍ത്താന്‍ മാത്രം ജ്വലിക്കുന്നവര്‍ ഒരു ചെറുകാറ്റില്‍ പോലും അണയും.. എന്നാല്‍ ആര്‍ക്കെങ്കിലുമൊക്കെ തീ പകര്‍ന്നിട്ടുള്ളവരുടെ നാളം അണയാതിരിക്കാന്‍ ആരെങ്കിലുമൊക്കെ ശ്രമിക്കും. - *ശുഭദിനം.*