◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷനേയും ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സി.കെ ജില്‍സിനെയും എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്കില്‍നിന്ന് മുഖ്യ പ്രതി സതീഷ് കുമാര്‍ ബിനാമി വായ്പയിലൂടെ തട്ടിയെടുത്ത കോടികളില്‍നിന്നാണ് ഈ പണം നല്‍കിയതെന്നാണു വിശദീകരണം. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എയും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനും എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണ പരിധിയിലാണ്.
◾എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. പ്രത്യേക അധികാരങ്ങള്‍ അനുവധിക്കപ്പെട്ട 2022 ലെ വിധിയാണ് പരിശോധിക്കുക. ഇതിനായി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. ഒക്ടോബര്‍ 18 ന് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾ഭരണ നിര്‍വഹണം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കണം. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നബി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ പൊതുഅവധി 28 ലേക്കു മാറ്റിയിരുന്നു.
◾ഇന്നു മുതല്‍ വ്യാപക മഴയ്ക്കു സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
◾മൂന്നാര്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്നാര്‍ മേഖലയില്‍ 310 കയ്യേറ്റങ്ങളുുണ്ടെന്നും ഇതില്‍ 70 കേസുകളില്‍ അപ്പീല്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
◾കൊല്ലം കടയ്ക്കലില്‍ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്നു പുറത്ത് എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറും ജോഷിയുമാണ് അറസ്റ്റിലായത്. കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധ നേടി ജോലിയില്‍ മെച്ചപ്പെട്ട സ്ഥാനം കിട്ടാനായിരുന്നു വ്യാജ പരാതിയെന്നു പോലീസ്.
◾പി വി അന്‍വര്‍ എംഎല്‍എ ഭൂപരിധി ലംഘിച്ചു കൈവശം വച്ചിരിക്കുന്ന 6.25 ഏക്കര്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
◾ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആദ്യഘട്ടമായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
◾പി.ആര്‍. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ നയം. സഹകരണ സംഘങ്ങളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്നാണു വിശദീകരണം.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റിനെതിരേ പരാതിപ്പെട്ടതിനാണ് പി.ആര്‍.അരവിന്ദാക്ഷനെ അറസ്റ്റു ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അറസ്റ്റ് പ്രതികാര നടപടിയാണ്. മൊയ്തീനിലേക്കു മാത്രമല്ല, ആരിലേക്കും ഇ ഡി എത്താം. പാര്‍ട്ടി വഴങ്ങില്ലെന്നും അദ്ദേഹം ആരോപിച്ചു.
◾എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത ലക്ഷ്യം താനും എ.സി മൊയ്തീനുമാണെന്ന് സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണന്‍. തങ്ങളിലേക്ക് എത്താന്‍ വേണ്ടിയാണ് എന്‍ഫോഴ്സ്മെന്റ് അരവിന്ദാക്ഷനെ അറസ്റ്റു ചെയ്തതെന്നും കണ്ണന്‍ പറഞ്ഞു.
◾കൊച്ചി വിമാനത്താവളത്തിന് 770. 91 കോടി രൂപ മൊത്തവരുമാനം. അറ്റാദായം 265. 08 കോടി രൂപയാണ്. നടപ്പു സാമ്പത്തിക വര്‍ഷം 1000 കോടി രൂപ മൊത്തവരുമാനം നേടുമെന്ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സിയാലിന്റെ ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാരിന് 33.38 ശതമാനം ഓഹരിയുണ്ട്. ഓഹരിയുടമകള്‍ക്ക് 35 ശതമാനം ലാഭവിഹിതം നല്‍കാനും തീരുമാനിച്ചു.
◾പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിന് സസ്പെന്‍ഷന്‍. രാജസ്ഥാന്‍കാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
◾കൊല്ലം ജില്ലയിലെ തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. പട്ടയം അനുവദിക്കാന്‍ 15,000 രൂപ കൈക്കൂലി വാങ്ങിയ സുജി മോന്‍ സുധാകരനെയാണ് വിജിലന്‍സ് പിടികൂടിയത്.
◾ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസിനെ മന്ത്രിസഭയില്‍നിന്നും എല്‍ഡിഎഫില്‍നിന്നും പുറത്താക്കാത്തത് സിപിഎം ബിജെപിക്കൊപ്പമായതുകൊണ്ടാണെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. പിണറായി സര്‍ക്കാര്‍, സര്‍ക്കാര്‍ ചെലവില്‍ ജനസദസ് നടത്തുന്നത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്നും അദ്ദേഹം ആരോപിച്ചു.
◾കേരളം ഭരിക്കുന്നത് എന്‍ഡിഎ - എല്‍ഡിഎഫ് സഖ്യകക്ഷി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിന് അര്‍ത്ഥം അതാണെന്നു സതീശന്‍ പറഞ്ഞു.
◾കേരളീയം, ജനസദസ് എന്നിവ സംഘടിപ്പിക്കാന്‍ 200 കോടി രൂപ കടക്കുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബഹുജന മുന്നേറ്റ പരിപാടികളുടെ യശസ് ഇടിച്ചു താഴ്ത്താനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
◾മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്സാലോജിക്കും കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും പി.സി. ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് പരാതി നല്‍കി.
◾ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാത്തതിന് ജപ്തി നോട്ടിസ് ലഭിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ചു. മാള കുഴൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പാറപ്പുറം സ്വദേശി ബിജു (42) വാണ് മരിച്ചത്. കുഴൂര്‍ സഹകരണ ബാങ്കില്‍ മൂന്ന് ലക്ഷം രൂപ വായ്പാ കുടിശികയുണ്ടായിരുന്നു.
◾കോട്ടയത്ത് കര്‍ണാടക ബാങ്കിന്റെ ഭീഷണിമൂലം വ്യാപാരി കെ.സി. ബിനു (50) ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിനെതിരേ അന്വേഷണം നടത്തുമെന്ന് പോലീസ്. പോലീസ് മേധാവി ഉറപ്പുനല്‍കിയതിനുശേഷമാണ് ബന്ധുക്കള്‍ ബാങ്കിനു മുന്നില്‍ ബിനുവിന്റെ മൃതദേഹവുമായുള്ള പ്രതിഷേധ സമരം അവസാനിപ്പിച്ചത്. ബാങ്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ്.
◾കോട്ടയത്തു വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് ആവശ്യപ്പെട്ടു.
◾സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനക്കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഒക്ടോബര്‍ 16 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു.
◾പാറശാല ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച മുഖ്യപ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. മാവേലിക്കര കോടതിയില്‍ രാത്രിയോടെ അഭിഭാഷകരെത്തിയ ശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്.
◾നിപ വൈറസ് വ്യാപനം തടയാന്‍ കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണായിരുന്ന എല്ലാ വാര്‍ഡുകളിലേയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലുമുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്.
◾പാലക്കാട് കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിനടുത്ത് മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ നിലയിലാണ്.
◾വയനാട് പനവല്ലിയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയാണ് പിടിയിലായത്.
◾കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണം പിടികൂടി. കാസറഗോഡ് സ്വദേശി സക്കരിയെയാണ് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടിയത്.
◾തിരുവനന്തപുരത്തെ ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി.
◾ഐ.എ.എസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട മണ്ണൂര്‍കര ഉത്തരംകോട് കുന്തിരിമൂട്ടില്‍ ജി.എസ് ഭവനില്‍ പ്രസാദിനെ (47) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
◾വയനാട്ടില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം. ചേരമ്പാടി സ്വദേശി കുമാരന്‍ എന്ന 45 കാരനാണ് കൊല്ലപ്പെട്ടത്.
◾ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നു സുപ്രീംകോടതി. 80 ശുപാര്‍ശകള്‍ 10 മാസമായി തീര്‍പ്പുകല്‍പ്പിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുകയാണ്. 26 ജഡ്ജിമാരുടെ സ്ഥലംമാറ്റവും 'സെന്‍സിറ്റീവ് ഹൈക്കോടതി'യില്‍ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതും മാറ്റിവച്ചു. മണിപ്പൂര്‍ ഹൈക്കോടതിയിലെ സ്ഥലംമാറ്റ നിര്‍ദേശവും നടപ്പാക്കാനായിട്ടില്ല. ഒരുപാട് പറയാനുണ്ടെങ്കിലും പ്രതികരിക്കുന്നില്ലെന്നു സുപ്രീംകോടതി.
◾അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22 ന്. ജനുവരി 14 ന് പ്രതിഷ്ഠ പൂജകള്‍ തുടങ്ങും. നിര്‍മ്മാണ ജോലികള്‍ ഡിസംബറോടെ പൂര്‍ത്തിയാകും. തന്ത്രി ആചാര്യ സത്യേന്ദ്രദാസ് അറിയിച്ചു. വിഗ്രഹ പ്രതിഷ്ഠക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി 20 മുതല്‍ അഞ്ചു ദിവസം അയോധ്യയില്‍ തങ്ങും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
◾ബിജെപിയിലെ വിമത നേതാവായ പങ്കജ മുണ്ടെയുടെ വൈദ്യനാഥ് ഷുഗര്‍ ഫാക്ടറിക്ക് 19 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. ബീഡ് ജില്ലയിലുള്ള ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലാണ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുന്‍ മന്ത്രി കൂടിയായ പങ്കജ പറഞ്ഞു. സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച മറ്റു ഫാക്ടറികള്‍ക്കു സഹായം ലഭിച്ചപ്പോള്‍ തന്റെ ഫാക്ടറിയെ തഴഞ്ഞെന്നും പങ്കജ ആരോപിച്ചു.
◾രാജസ്ഥാനിലെ കാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനുമായ രാജേന്ദ്ര സിങ് യാദവിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. രാജസ്ഥാന്‍ മന്ത്രിസഭയിലെ രണ്ടാമനാണ് രാജേന്ദ്ര സിങ്.
◾സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിതനായ വ്യോമസേന മുന്‍ ഉദ്യോഗസ്ഥന് 1.54 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്.
◾ഡല്‍ഹിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 20 കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു. ജങ്പുരയിലെ ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവര്‍ച്ച നടത്തിയത്.
◾മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവന്നതിനു പറകേയാണ് ആക്രമണമുണ്ടായത്.
◾സ്‌കോര്‍പിയോ എസ്യുവി അപകടത്തില്‍പ്പെട്ട് മരിച്ച മകന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയ്‌ക്കെതിരെ കേസ്. യുപിയിലെ കാണ്‍പൂര്‍ സ്വദേശിയായ രാജേഷ് മിശ്രയാണ് പരാതിക്കാരന്‍. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്കും മറ്റ് 12 ജീവനക്കാര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
◾ചില രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞെന്ന് യുഎന്‍ ജനറല്‍ അസംബ്ളിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ലോകം അസാധാരണ പ്രക്ഷുബ്ധാവസ്ഥയിലാണ്. ജി 20 ല്‍ ആഫ്രിക്കന്‍ യൂണിയനെ സ്ഥിരാംഗമാക്കിയത് യുഎന്‍ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. നമസ്തേ ഫ്രം ഭാരത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
◾ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 14 ആയി. അശ്വാഭ്യാസത്തിലെ പൊന്‍തിളക്കവുമായി ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ സെയിലിങ്ങില്‍ നേടിയ രണ്ട് മെഡലുകളിലൂടെയാണ് മെഡല്‍ നേട്ടം 14 ആയത്.
◾ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്കയും ബംഗ്ലാദേശും. ഓള്‍റൗണ്ടര്‍ ദാസുന്‍ ശനകയാണ് ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത്. കുശാല്‍ മെന്‍ഡിസ് ഉപനായകനാണ്. അതേസമയം ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ തമീം ഇഖ്ബാലിനെ പരുക്കുമൂലം ഒഴിവാക്കിയ ബംഗ്ലാദേശ് ടീമിനെ നയിക്കുന്നത് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാണ്.
◾2022-23 സാമ്പത്തിക വര്‍ഷം 38.5% വളര്‍ച്ചയോടെ 6,875 കോടി രൂപ വരുമാനം രേഖപ്പെടുത്തി ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനം സീറോധ. മുന്‍ വര്‍ഷം ഇത് 4,964 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ ലാഭം 39% ഉയര്‍ന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ 2,094 കോടി രൂപയില്‍ നിന്ന് 2023 ല്‍ 2,907 കോടി രൂപയായി. സ്ഥാപനത്തിന് ഈ വര്‍ഷം ഓഗസ്റ്റ് വരെ ഏകദേശം 64 ലക്ഷം സജീവ ഉപയോക്താക്കളുണ്ട്. അതായത് ഒരു വര്‍ഷത്തിനിടെ ഒരു ട്രേഡ് എങ്കിലും നടത്തിയ സജീവ ഉപയോക്താക്കള്‍. മറ്റൊരു സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഗ്രോ ഓഗസ്റ്റില്‍ 62 ലക്ഷം സജീവ ഉപയോക്താക്കളെ മറികടന്നതായി റിപ്പോര്‍ട്ടുണ്ട്. ഗ്രോ, അപ്‌സ്റ്റോക്‌സ് എന്നീ സ്ഥാപനങ്ങള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ യഥാക്രമം 427 കോടി രൂപയും 766 കോടി രൂപയും വരുമാനം രേഖപ്പെടുത്തിയിരുന്നു. മറ്റൊരു ഡിസ്‌കൗണ്ട് ബ്രോക്കറായ ഏഞ്ചല്‍ വണ്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 3,021 കോടി രൂപയുടെ സംയോജിത വരുമാനവും 1,192 കോടി രൂപയുടെ അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തു.
◾'ജവാന്‍' ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം 'ഡങ്കി', പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'സലാര്‍' എന്നിവ ഒരേദിവസം തിയറ്ററുകളില്‍ എത്തുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 ന് ആണ് ഇരുചിത്രങ്ങളും എത്തുക. ഇതില്‍ ഡങ്കിയുടെ റിലീസ് മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സലാറിന്റെ റിലീസ് തീയതി മാറ്റിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. പുതിയ തീയതി അറിയിച്ചിട്ടുമില്ല. എന്നാല്‍ ചിത്രം ഡിസംബര്‍ 22 ന് എത്തുമെന്ന് രാജ്യമൊട്ടാകെയുള്ള തിയറ്റര്‍ ഉടമകള്‍ക്ക് സലാര്‍ നിര്‍മ്മാതാക്കളായ ഹൊംബാളെയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രണ്ട് ബിഗ് റിലീസുകള്‍ ഒരുമിച്ചെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ കൂട്ടത്തില്‍ മറ്റൊരു ബിഗ് കാന്‍വാസ് ചിത്രം കൂടി ആ വാരാന്ത്യത്തില്‍ എത്തുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഹോളിവുഡില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ചിത്രം 'അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിങ്ഡം' ആണ് അത്. എന്നാല്‍ ഡങ്കിയും സലാറും എത്തുന്നതിന് രണ്ട് ദിവസം മുന്‍പ് അക്വാമാന്‍ എത്തും. ഡിസംബര്‍ 20 ആണ് റിലീസ് തീയതി.
◾ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് വിശാല്‍- എസ്. ജെ സൂര്യ കൂട്ടുകെട്ടിലിറങ്ങിയ ടൈം ട്രാവല്‍- ഗ്യാങ്ങ്സ്റ്റര്‍ ചിത്രം 'മാര്‍ക്ക് ആന്റണി' 100 കോടി ക്ലബ്ബില്‍. തിയേറ്ററില്‍ റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഒരു ഹിറ്റ് ചിത്രം എങ്കിലും നേടുക എന്ന വിശാലിന്റെ ആഗ്രഹം കൂടിയാണ് ചിത്രം 100 കോടി ക്ലബ്ബില്‍ കയറുന്നതോട് കൂടി നടന്നിരിക്കുന്നത്. 2021 ല്‍ ഇറങ്ങിയ 'എനിമി' വന്‍ പരാജയമായിരുന്നു, തുടര്‍ന്ന് വന്ന 'ലാത്തി വീരമേ വാഗൈ സൂടും' എന്ന ചിത്രവും പരാജയം നേടിയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളാണ് താരം നേരിട്ടത്. അതിനൊക്കെയുള്ള മറുപടി കൂടിയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ 'മാര്‍ക്ക് ആന്റണി'യിലൂടെ താരം നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഗാനവും വിശാല്‍ ആലപിച്ചിട്ടുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ വിതരണാവകാശം. അച്ഛന്റെയും മകന്റെയും വേഷത്തിലെത്തിയ എസ്. ജെ സൂര്യയും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ജി. വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
◾ഇലക്ട്രിക് സ്‌കൂട്ടറുകളും ഇലക്ട്രിക് ബൈക്കും പുറത്തിറക്കുന്ന ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളയ ഹോപ് ഇലക്ട്രിക് മൊബിലിറ്റി തങ്ങളുടെ ലിയോ, ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. ലിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 4,100 രൂപ വരെ ആനുകൂല്യം ലഭ്യമാണ്. 3,100 രൂപ വരെ കിഴിവിലാണ് കമ്പനി ഇപ്പോള്‍ ലൈഫ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫറില്‍ നല്‍കുന്നത്. നിലവില്‍ മൂന്ന് മോഡലുകളാണ് ഹോപ് ഇലക്ട്രിക് വിപണിയില്‍ എത്തിക്കുന്നത്. ലൈഫ്, ലിയോ എന്നിവയാണ് ഹോപിന്റെ പോര്‍ട്ഫോളിയോയിലെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍. ഓക്സോ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍. ഈ വര്‍ഷം ആദ്യമാണ് ഹോപ് ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് വേരിയന്റ് അവതരിപ്പിച്ചത്. ലിയോയുടെ ലോ സ്പീഡ് വേരിയന്റും ഓഫറിലുണ്ട്. ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് വേരിയന്റിന് 97,504 രൂപയും ലോ സ്പീഡ് വേരിയന്റിന് 84,360 രൂപയുമാണ് വില. 67,500 രൂപ മുതല്‍ 74,500 രൂപ വരെയാണ് ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.
◾അടുത്ത ജന്മത്തിലേയ്ക്കുള്ള ഭാഷയുടെ പിടിവള്ളിയാണ് ഏറ്റവുമവസാനത്തെ ഈ കത്ത്. ഇത് നീ വായിക്കപ്പെടാതെ പോകരുത്. അടുത്ത ജന്മത്തില്‍ നമ്മള്‍ കണ്ടു മുട്ടുമ്പോള്‍ ഞാന്‍ ആദ്യം പറയുന്ന വാക്കുകള്‍ ഇവിടെ കുറിയ്ക്കുന്നു. അത് എല്ലാ ജന്മത്തിലും എന്റെ പ്രിയപ്പെട്ടവളെ എന്നായിരിക്കും. ആ വാക്കുകള്‍ കൊണ്ടു നമ്മള്‍ പരസ്പരം വീണ്ടും തിരിച്ചറിയും.അത് തന്നെ ആയിരിക്കും നമ്മുടെ മേല്‍വിലാസവും. 'ഭൂമിവിലാസം'. വി ജയദേവ്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 712 രൂപ.
◾കൈകളില്‍ കഴപ്പും പെട്ടെന്നു തരിപ്പും ചുളുചുളെ സൂചി കുത്തുന്ന വേദനയുമെല്ലാം പലപ്പോഴും പലര്‍ക്കും അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇതൊന്നും അത്ര കാര്യമായി എടുക്കാത്തവരാണ് പലതും. വേണ്ട ചികിത്സയെടുത്തില്ലെങ്കില്‍ ഗുരുതരമായി മാറാവുന്ന ഒരു രോഗം. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നാണ് ഈ പ്രത്യേക രോഗം അറിയപ്പെടുന്നത്. 30 മുതല്‍ 60 വയസു വരെ പ്രായമുളളവരിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പ്രധാനമായും സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടു വരുന്നത്. കൈനീളത്തില്‍ പോകുന്ന കയ്യിന്റെ മീഡിയന്‍ നെര്‍വില്‍ അഥവാ നാഡിയില്‍ ഉണ്ടാകുന്ന മര്‍ദ്ദമാണ് ഇതിനു കാരണമാകുന്നത്. കൈ തിരിച്ചും മറിച്ചും കയ്യിനു കൂടുതല്‍ മര്‍ദം നല്‍കിയും ജോലി ചെയ്യുന്നവരിലാണ് ഇതു പ്രത്യേകിച്ചും കണ്ടു വരുന്നത്. ചില സാഹചര്യത്തില്‍ പ്രമേഹ രോഗബാധിതര്‍ക്ക് ഇതുണ്ടാകാറുണ്ട്. പ്രമേഹം നാഡികളെ ബാധിയ്ക്കുന്നതാണ് ഇതിനുള്ള കാരണം. ഇതുപോലെ സന്ധിവാതം, അമിത വണ്ണം, ഹൈപ്പോ തൈറോയ്ഡ് തുടങ്ങിയവയും ഇതിനുള്ള കാരണങ്ങളാണ്. സ്ഥിരം മദ്യപിയ്ക്കുന്നത് ഇതിനുള്ള കാരണമാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ വ്യായാമങ്ങളിലൂടെയും മറ്റും ഇതിനു പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കും. എന്നാല്‍ അല്‍പം കൂടി കഴിഞ്ഞാല്‍ സര്‍ജറിയിലൂടെ ഇതിനു പരിഹാരം കണ്ടെത്താം. എന്നാല്‍ ഇത്തരം പ്രശ്‌നം അവഗണിച്ചാല്‍ പിന്നീട് കൈകളിലെ മസിലുകള്‍ പൂര്‍ണമായും നശിച്ചു പോകും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ബി ടു കൊടുക്കുന്നതും ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിനു പുറമേ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ ട്യൂമറുകള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക്, മള്‍ട്ടിപ്പിള്‍ സിറോസിസ്, പെരിഫെറല്‍ ആര്‍ട്ടെറി തുടങ്ങിയ പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ് കയ്യിലുണ്ടാകുന്ന മരവിപ്പും മറ്റും.
*ശുഭദിനം*
*കവിത കണ്ണന്‍*
കാടിനടുത്തുളള ഗ്രാമത്തിലാണ് അവന്‍ താമസിച്ചിരുന്നത്. നിരവധി സ്വപ്നങ്ങളുണ്ടെങ്കിലും ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു അവന്റെ ബാല്യം. ഒരിക്കല്‍ കാട്ടിലൂടെ നടക്കുമ്പോള്‍ ഒരു പരുന്ത് പരുക്കുപറ്റി കിടക്കുന്നത് അവന്‍ കണ്ടു. അവന്‍ ആ പരുന്തിനെ ശുശ്രൂഷിച്ചു. പരുക്കുകള്‍ മാറി പരുന്ത് പറക്കാന്‍ തയ്യാറായി. പോകുന്നതിന് മുമ്പ് പരുന്ത് അവന് വിശേഷപ്പെട്ട ഒരു തൂവല്‍ സമ്മാനിച്ചു. തന്റെ ദയയുടെ അടയാളമായി അവനാ തൂവല്‍ ഭദ്രമായി സൂക്ഷിച്ചു. പോകുന്നിടത്തെല്ലാം അവന്‍ ആ തൂവല്‍ കരുതി. ആ തൂവല്‍ അവന്റെ ജീവിതവീക്ഷണത്തെ തന്നെ മാറ്റി മറിച്ചു. അവന്‍ കൂടുതല്‍ നന്നായി പെരുമാറാന്‍ ശീലിച്ചു, കൂടുതല്‍ ദയയുളളവനായി, അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അവന്‍ ഏറെ പ്രിയപ്പെട്ടവനായി. ക്ലാസ്സിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായി. അവനെ തേടി സ്‌കോളര്‍ഷിപ്പ് എത്തി. ആഗ്രഹിക്കുന്നിടത്തോളം പഠിച്ചു. അപ്പോഴും അവന്‍ ആ തൂവല്‍ കയ്യില്‍ കരുതി. പുതിയ ബിസിനസ്സ് ആരംഭിച്ചു. അതും സാമ്പത്തികമായും സാമൂഹികമായും വലിയൊരു സ്ഥാനം സമൂഹത്തില്‍ അവന് നേടിക്കൊടുത്തു. തന്റെ തൂവല്‍ ഒരു മാന്ത്രിക തൂവലായി അവന്‍ കരുതി... സത്യത്തില്‍ ആ തൂവലിന്റെ മാന്ത്രികതയിലായിരുന്നില്ല, മറിച്ച് ആ തൂവല്‍ അവന്റെ സ്വാഭാവത്തില്‍ ചേര്‍ത്തുനല്‍കിയ ദയയിലും സഹാനുഭൂതിയിലുമൊക്കെയായിരുന്നു അവന്റെ വിജയം. സഹാനുഭൂതിയുടെ ചെറിയ പ്രവൃത്തികള്‍ വലിയ വിജയത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കും.. നാം പോലുമറിയാതെ.. അതിനാല്‍ നമുക്കും ദയയുടേയും സഹാനുഭൂതിയുടേയും മാന്ത്രിക തൂവല്‍ കയ്യില്‍ കരുതാന്‍ ശ്രമിക്കാം - *ശുഭദിനം.