◾കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന് 2023 പുരസ്കാരം കേരളത്തിന്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 3200 കോടി രൂപയുടെ സൗജന്യ ചികിത്സ നല്കി. 13 ലക്ഷത്തോളം പേര്‍ക്ക് 30 ലക്ഷത്തോളം ക്ളെയിമുകളാണ് അനുവദിച്ചത്. കേന്ദ്ര വിഹിതമായി കഴിഞ്ഞ വര്‍ഷം 151 കോടി രൂപയാണ് ലഭിച്ചത്. ഈ പദ്ധതിക്കു കീഴില്‍ 42 ലക്ഷം ഗുണഭോക്താക്കളുണ്ട്.
◾ചൈനയില്‍ ആരംഭിച്ച ഏഷ്യന്‍ ഗെയിംസിന്റെ ആദ്യദിനത്തില്‍ അഞ്ചു മെഡലുകള്‍ വെട്ടിപ്പിടിച്ച് ഇന്ത്യ. തുഴച്ചില്‍, ഷൂട്ടിംഗ് ഇനങ്ങളില്‍ ഇന്ത്യ മൂന്നു വെള്ളിയും രണ്ടു വെങ്കലവും നേടി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍ എത്തി. പുരുഷന്മാരുടെ ടേബിള്‍ ടെന്നീസ് ടീം ക്വാര്‍ട്ടറില്‍ എത്തി. ആതിഥേയരായ ചൈന 20 സ്വര്‍ണവുമായി അതിവേഗം കുതിക്കുകയാണ്.
◾മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനസദസ് ദിവസം നാലു നിയോജകമണ്ഡലങ്ങളിലായി നടത്തും. ഓരോ മണ്ഡലത്തിന്റേയും തീയതികള്‍ തീരുമാനിച്ചു. പര്യടനത്തിന്റെ സംസ്ഥാന തല കോഡിനേഷന്‍ ചുമതല പാര്‍ലമെന്റെറികാര്യ മന്ത്രിക്കാണ്. ജില്ലകള്‍ കേന്ദ്രീകരിച്ച് പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് ജനസദസ് പര്യടനം നടത്തുന്നത്. മുഖ്യമന്ത്രിക്കായി പ്രത്യേക ബസ് സജ്ജമാക്കുന്നുണ്ട്.
◾നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28 ലേക്കു മാറ്റി. നേരത്തെ 27 നായിരുന്നു പൊതു അവധി നിശ്ചയിച്ചിരുന്നത്.
◾നിപ വ്യാപന ഭീതിമൂലം അടച്ചിട്ട കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ ഇന്നു തുറക്കും. കോഴിക്കോട്ടെ കണ്ടെയിന്മെന്റ് സോണിലെ വിദ്യാലയങ്ങള്‍ തുറക്കില്ല. ഇവിടെ ഓണ്‍ലൈനില്‍ ക്ലാസ് തുടരും.
◾വന്ദേഭാരതില്‍ 1.11 കോടി ജനങ്ങളാണു യാത്ര ചെയ്തതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം അടക്കം 11 സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര, തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഒമ്പതു വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേയെ നവീകരിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾രണ്ടാം വന്ദേഭാരതിന്റെ സര്‍വീസ് നാളെ ആരംഭിക്കും. വൈകുന്നേരം നാലിനാണു തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. ഇന്നലെ കാസര്‍കോടുനിന്നു പുറപ്പെട്ട ആദ്യ സര്‍വീസ് രാത്രി പത്തര മണിയോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്. ട്രെയിനുകള്‍ പിടിച്ചിടുമോയെന്നാണു മറ്റു ട്രെയിനുകളിലെ യാത്രക്കാരുടെ ശങ്ക.
◾ചാലക്കുടി, വാഴച്ചാല്‍, അതിരപ്പിള്ളി മേഖലയില്‍ 108 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ തൂക്കുവേലി നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി എകെ ശശീന്ദ്രന്. 13.44 കോടി രൂപയുടെ പദ്ധതിക്കുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. വന്യമൃഗ ശല്യം തടയാനാണ് സോളാര്‍ തൂക്കുവേലി സ്ഥാപിക്കുന്നത്. വടക്കാഞ്ചേരിയില്‍ ഒന്നേകാല്‍ കോടി രൂപ ചെലവില്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസും ക്വാര്‍ട്ടേഴ്സും പറവട്ടാനിയില്‍ 11.62 കോടി രൂപ ചെലവിട്ട് ഫോറസ്റ്റ് കോംപ്ലക്സും ഉടന്‍ നിര്‍മിക്കും. പീച്ചി വന്യമൃഗ സങ്കേതത്തില്‍ നിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഇറങ്ങുന്നത് തടയാന്‍ 1.6 കിലോമീറ്ററില്‍ തൂക്കുവേലി നിര്‍മിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.
◾അടുത്ത അഞ്ചു ദിവസവും മഴ തുടരും. രണ്ട് ചക്രവാതച്ചുഴിക്കൊപ്പം മൂന്നാമത് ഒരു ചക്രവാതച്ചുഴി കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.
◾ലഹരി ഇടപാടുകള്‍ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി പൊലിസ് ഓപ്പറേഷന് ഡി ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 244 പേരെ അറസ്റ്റു ചെയ്തു. ലഹരി കടത്തുകരുടെ വീടുകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും സംഘങ്ങളുടെ താവളങ്ങളിലുമായിരുന്നു പരിശോധന.
◾കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോ കെട്ടിടം പണിയാന്‍ നൂറു കോടി രൂപ അനുവദിച്ചെന്ന് മന്ത്രി ആന്റണി രാജു. എംഎല്‍എ ഫണ്ടില്‍നിന്ന് 10 കോടി രൂപകൊണ്ടു നിര്മിക്കാവുന്ന ചെറിയ കെട്ടിടമല്ല 100 കോടി രൂപയുടെ വലിയ കെട്ടിടമാണു വേണ്ടത്. അടുത്താഴ്ച അന്തിമപ്ലാന് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. അപകടാവസ്ഥയിലായ കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് മുകേഷ് എംഎല്‍എ ഫേസ് ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.
◾ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കരുവന്നൂരിനെ കൂടാതെ തൃശൂര്‍ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളിലായി 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍കൂടി നടന്നിട്ടുണ്ട്. സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പെരുംകൊള്ള നടന്നത്. കൊള്ളക്കാരെ സംരക്ഷിക്കുന്നത് സി.പി.എമ്മും സര്‍ക്കാരുമാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.
◾സംവിധായകന് കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചു പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു എന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. കെ സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ഒരു ജോര്‍ജ് മരിച്ചിരുന്നെന്നും ആ ജോര്‍ജിനെക്കുറിച്ചു ചോദിച്ചതാണെന്നു തെറ്റിദ്ധരിച്ചു പ്രതികരിച്ചതാണെന്നുമാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം.
◾സംവിധായകന് കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ആളുമാറി' പ്രതികരിച്ച സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഖേദം പ്രകടിപ്പിച്ചു. സംവിധായകന് കെ ജി ജോര്‍ജാണ് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍നിന്ന് മനസിലായില്ല. ജോര്‍ജ് എന്ന പഴയകാല സഹപ്രവര്ത്തകനെക്കുറിച്ചാണു പ്രതികരിച്ചത്. നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും കെ സുധാകരന് പറഞ്ഞു. ഇതേസമയം, താന്‍ ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിദ്ധരിപ്പിച്ചതാണു കുഴപ്പമുണ്ടാക്കിയതെന്നും പി.സി ജോര്‍ജ് പ്രതികരിച്ചു.
◾വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം യാത്ര മുടങ്ങിയ സൗദി എയര്‍ലൈന്‍സിന്റെ 122 യാത്രക്കാര്‍ക്ക് പകരം ടിക്കറ്റ് അനുവദിച്ചു. ഇന്നലേയും ഇന്നുമായി രണ്ടു വിമാനങ്ങളിലായാണ് ഇവരെ നെടുമ്പാശേരിയില്‍നിന്നു ലണ്ടനില്‍ എത്തിക്കുന്നത്. വിമാനത്തിന്റെ വാതിലിനുണ്ടായ തകരാര്‍മൂലമാണ് സൗദി വിമാനം റദ്ദാക്കി യാത്രക്കാരെ പുറത്തിറക്കിയത്. യാത്രക്കാരില്‍ 80 പേര് വിദ്യാര്‍ത്ഥികളാണ്.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടണമെന്നാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പൊതുവികാരമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ഇക്കാര്യം എല്‍ഡിഎഫില്‍ ഉന്നയിക്കും. എല്‍ഡിഎഫില്‍ ആരും പുറകില്‍നിന്ന് കുത്തുന്നില്ലെന്നും കുടുംബാന്തരീക്ഷമാണുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.
◾സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ 4700 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കു നല്‍കിയത്. ഈ സര്‍ക്കാര്‍ ഇതുവരെ 4400 രൂപ കോടി നല്‍കിയെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി കൊല്ലം ജില്ലയില്‍ ആരംഭിച്ച ബസ് സര്‍വീസിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
◾ബിജെപി മുന്നണിയുടെ ഭാഗമായ ജനതാ ദള്‍ എസിനെ ഇടതു മുന്നണിയില്‍ നിലനിര്‍ത്തുന്നതു സിപിഎമ്മിന്റെ ബി.ജെ.പി വിധേയത്വംകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുമായി സിപിഎമ്മിന് നേരത്തേ തന്നെ ബാന്ധവമുണ്ട്. ജെഡിഎസ് ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്നിട്ടും സി.പി.എമ്മിനും ഇടതു മുന്നണിക്കും അലോസരമൊന്നും തോന്നാത്തത് അവരുടെ രഹസ്യ ബന്ധം കാരണമാണ്. ചെന്നിത്തല പറഞ്ഞു.
◾കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഫ്ളാഗ് ഓഫ് ചടങ്ങില്‍ എംഎല്‍എയ്ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നു പരാതി. കാസര്‍കോട് നടന്ന ചടങ്ങില്‍ പ്രസംഗിക്കാന്‍ അവസരം തന്നില്ലെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയാണു പരാതിപ്പെട്ടത്. വേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും മുനിസിപ്പല്‍ ചെയര്മാന് മുനീര്‍ എന്നിവര്‍ക്കൊപ്പം ഇരിപ്പിടം നല്കിയില്ലന്നുമാണു പരാതി.
◾ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് പന്തളം പൊലീസിന്റെ വലയിലായത്. കേസെടുത്തതറിഞ്ഞ് ഏതാനും നാള് വനത്തില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ പിന്നീട് വനമേഖലയില്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു.
◾ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ പ്രതിയുടെ വീട്ടില്‍നിന്ന് ആഡംബര കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പെരുമ്പാവൂര്‍ സ്വദേശി എംആര്‍ രാജേഷിന്റെ വീട്ടില്‍നിന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.
◾തൃശൂര്‍ ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ മദ്യപിച്ചശേഷമുണ്ടായ അടിപിടിയില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. സുനാമി കോളനിയില്‍ താമസിക്കുന്ന കാവുങ്ങല്‍ ധനേഷ് (36) ആണ് മരിച്ചത്. ചങ്ങാതിമാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾ആലപ്പുഴയിലെ ബാറില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്കു പരിക്ക്. പുന്നപ്ര ബൊണോസാ ബാറിലെ ഏറ്റുമുട്ടലില്‍ പുന്നപ്ര സ്വദേശികളായ വിനീത്, വിനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. നാല് പേരെ പൊലീസ് പിടികൂടി.
◾ഇടുക്കി തങ്കമണിയില്‍ യുവതിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതിയായ കട്ടപ്പന നരിയമ്പാറ സ്വദേശി കണ്ണമ്പള്ളില്‍ വീട്ടില്‍ ജിയോ ജോര്‍ജാണ് പിടിയിലായത്. പ്രതികളായ കട്ടപ്പന സ്വദേശി ജെറിന്, ജെബിന് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◾താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'നീച്' എന്നു വിളിച്ച് അധിക്ഷേപിച്ചെങ്കില്‍ അതിന്റെ വീഡിയോ എവിടെയെന്ന് ഡാനിഷ് അലി എംപി. മോദിയെ അധിക്ഷേപിച്ചപ്പോള്‍ ബിജെപി എംപിമാര്‍ ചിരിച്ചത് എന്തുകൊണ്ടാണ്. പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ അവര്‍ എത്തിയില്ലെന്നാണോയെന്നും ഡാനിഷ് അലി ചോദിച്ചു.
◾ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസ് ഇന്ന് ഓടിത്തുടങ്ങും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പരിപാടി ഉദ്ഘാടനം ചെയ്യും. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനമാക്കിയാണു ബസോടിക്കുന്നത്.
◾ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍മാരില്‍നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് ഡല്‍ഹി കോടതി ഉത്തരവ്. 15 ദിവസത്തിനകം എല്ലാം തിരികെ നല്‍കണം. ബിജെപി നേതാവ് അമിത് മാളവ്യ നല്കിയ പരാതിയില്‍ ഗൂഢാലോചന, കൃത്രിമ രേഖ ചമക്കല്‍ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണു വയറിനെതിരെ കേസെടുത്തത്.
◾കൊളോണിയല്‍ നിയമങ്ങള്‍ പരിഷ്കരിച്ചത് മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടമാണെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. അന്താരാഷ്ട്ര അഭിഭാഷക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ നിയമം പരിഷ്കരിച്ച് അമിത് ഷാ പാര്‍ലമെന്റില്‍ പുതിയ ബില്‍ പാസാക്കിയത് കഴിഞ്ഞ മാസമാണ്.
◾യുഎഇയില്‍ യുവജന മന്ത്രിയാകാന്‍ രാജ്യത്തെ യുവതീയുവാക്കളില്‍നിന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അപേക്ഷ ക്ഷണിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഏഴു മണിക്കൂറിനകം 4,700 അപേക്ഷകളാണു ലഭിച്ചത്.
◾ബെന്നു ഛിന്നഗ്രഹത്തില്‍നിന്ന് നാസയുടെ ഒസിരിസ് റെക്സ് ശേഖരിച്ച മണ്ണും പാറക്കഷണങ്ങളും അടങ്ങുന്ന സാമ്പിള്‍ ക്യാപ്സൂള്‍ സുരക്ഷിതമായി ഭൂമിയിലെത്തി. അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് ക്യാപ്സൂള്‍ ഇറങ്ങിയത്. 620 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് 250 ഗ്രാം തൂക്കമുള്ള സാമ്പിളുകള്‍ അടങ്ങിയ പേടകം ഇവിടെയെത്തിയത്. ക്യാപ്സൂള്‍ നാസയുടെ വിദഗ്ധ സംഘം പരീക്ഷണശാലയില്‍ എത്തിച്ചു.
◾ജക്കാര്‍ത്തയില്‍ ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വെള്ളി മെഡല്‍. ഉടുമ്പന്‍ചോല നെടുങ്കണ്ടം സ്വദേശി ബിബിന്‍ ജയ്മോന് ആണ് സീനിയര്‍ പുരുഷന്മാരുടെ 66 കിലോഗ്രാം കൂമിത്തേ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയത്. ജപ്പാനാണ് സ്വര്‍ണം. 94 രാജ്യങ്ങളാണ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
◾ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 99 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം, ഒപ്പം പരമ്പര വിജയവും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ച്വറി പ്രകടനത്തിലും 37 ബോളില്‍ 72 റണ്‍സെടുത്ത് കൊടുങ്കാറ്റായി മാറിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടന മികവിലും 5 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യവുമായി ഓസ്ട്രേലിയ ബാറ്റിംഗിനിറങ്ങിയപ്പോള്‍ പെയ്ത മഴ മൂലം വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സാക്കി ചുരുക്കി. എന്നാല്‍ 217 റണ്‍സിന് ഓസ്ട്രേലിയയെ പുറത്താക്കിയ ഇന്ത്യ ആധികാരിക വിജയമാണ് നേടിയത്.
◾വില്പന ആരംഭിച്ച ആദ്യദിനത്തില്‍ തന്നെ ഇന്ത്യയില്‍ ഐഫോണ്‍ 15 സീരീസിന്റെ വന്‍ വില്പന നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14 പുറത്തിറക്കിയ ആദ്യ ദിനത്തില്‍ ഓഫ്ലൈന്, ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ നടന്ന വില്പനയേക്കാള് ഇരട്ടി വില്പന ഐഫോണ്‍ 15 സീരീസിന്റെ ആദ്യ വില്പന ദിനത്തില്‍ നടന്നു. സെപ്തംബര്‍ 22 നാണ് ഐഫോണ്‍ 15 സീരീസ് ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഗാഡ്ജറ്റുകളുടെ വില്പന ആരംഭിച്ചത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണുകളും വില്പനയ്ക്കെത്തിയിരുന്നു. ഐഫോണ്‍ 15 സീരീസിന് വേണ്ടിയുള്ള പ്രീ-ഓര്‍ഡറുകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായി. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് പോലും മണിക്കൂറുകളോളം വരിനിന്ന ശേഷമാണ് ഫോണ്‍ വാങ്ങാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ ആപ്പിള്‍ ഔദ്യോഗിക സ്റ്റോറുകള്‍ തുറന്നതാണ് വില്പന കൂടാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. മുംബയിലും ഡല്‍ഹിയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക റീട്ടെയില്‍ സ്റ്റോറുകളില്‍ വന്‍തിരക്കാണ് ആദ്യദിനത്തില്‍ അനുഭവപ്പെട്ടത്. വില കൂടുതലുള്ള ഐഫോണുകള്‍ വാങ്ങാന്‍ ക്രെഡിറ്റ് സൗകര്യങ്ങളും ഇ.എം.ഐ ഓഫറുകളും ഒരുക്കിയതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതും വില്പന കൂടാന്‍ കാരണമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച ഐഫോണ്‍ 14 സീരീസില്‍ 85 ശതമാനവും 14, 14 പ്ലസ് മോഡലുകളായിരുന്നു. ഇത്തവണ ഐഫോണ്‍ 15 പ്രോമാക്സിന് കൂടുതല്‍ ആവശ്യക്കാരുണ്ട്.
◾കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗ്ഗീസ്, അര്ജുന് അശോകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന് ഒരുക്കുന്ന ചിത്രം 'ചാവേര്‍' ട്രെയിലര്‍ എത്തി. പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞുകൊണ്ടുള്ള ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. ജീവനുതുല്യം വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന് പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടേയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടേയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പ്രമേയം. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകര്‍ച്ചയിലാണ് കുഞ്ചാക്കോ ബോബനേയും അര്ജുന് അശോകനേയും ആന്റണി വര്‍ഗ്ഗീസിനേയും ജോയ് മാത്യുവിനേയുമൊക്കെ ട്രെയിലറില്‍ കാണാനാകുന്നത്. 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയിലെത്തുന്നു. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചന് 'ചാവേര്‍' ഒരുക്കിയിരിക്കുന്നത്.
◾വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച 'ഖുഷി' ഒടിടി റിലീസിന്. ഒടിടിയില്‍ ഒക്ടോബര്‍ ഒന്നിനാണ് വിജയ് ദേവെരകൊണ്ടയുടെ ഖുഷി സ്ട്രീം തുടങ്ങുക. ഖുഷി നെറ്റ്ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുക. സംവിധാനം ശിവ നിര്‍വാണയാണ് നിര്‍വഹിച്ചത്. ഖുഷി റിലീസിന് 26 കോടി കളക്ഷന്‍ നേടിയപ്പോള്‍ ആകെ നേട്ടം 72 കോടി രൂപയാണ്. ഖുഷി ഒരു പ്രണയ ചിത്രമായിരുന്നു. രണ്ട് വിശ്വാസങ്ങളുള്ള നായകനും നായികയുമായിരുന്നു ചിത്രത്തില്‍ എന്നതായിരുന്നു ചിരിക്കും സംഘര്‍ഷത്തിനും വഴിയൊരുക്കിയത്. കടുത്ത ദൈവ വിശ്വാസിയാണ് സാമന്ത ചിത്രത്തില്‍ അവതരിപ്പിച്ച ആരാധ്യയെങ്കില് യുക്തിവാദിയുടെ കുടുംബ പശ്ചാത്തലമുള്ളയാളായിരുന്നു ചിത്രത്തില്‍ വിജയ് ദേവെരകൊണ്ട അവതരിപ്പിച്ച വിപ്ലവ് കുമാര്‍. ആരാധ്യയുടെയും വിപ്ലവ് കുമാറിന്റെയും പ്രണയം വിവാഹത്തിലേക്കെത്തുമ്പോഴാണ് വഴിത്തിരിവുണ്ടാകുന്നത്. നായകന്റെ നായികയുടെയു ബന്ധം സംഘര്‍ഷഭരിതമാകുന്നു. എങ്ങനെയാണ് രണ്ടുപേരും ആ പ്രശ്നങ്ങള്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ് പ്രേക്ഷകനെ ഇഷ്ടത്തിലാക്കുന്നത്. സച്ചിന് ഖേദേകര് ശരണ്യ പൊന്‍വന്നനും ചിത്രത്തില്‍ ഭര്‍ത്താവും ഭാര്യയുമായി എത്തിയപ്പോള്‍ മുരളിശര്മ, ജയറാം, വെന്നെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണന്, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്.
◾ഇന്ത്യയില്‍ പുതിയ റൂമിയോണ്‍ ഇ-സിഎന്‍ജി പതിപ്പ് എംപിവിയുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍. റീബ്രാന്‍ഡഡ് മാരുതി സുസുക്കി എര്‍ട്ടിഗയാണ് ടൊയോട്ട റൂമിയോണ്‍. വാഹനം അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന്റെ സിഎന്‍ജി വേരിയന്റിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് റുമിയണിന് കരുത്തേകുന്നത്, മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകളില്‍ ലഭ്യമാണ്. 10.29 ലക്ഷം രൂപ മുതലാണ് ടൊയോട്ട റൂമിയോണിന്റെ എക്സ് ഷോറൂം വില. നിലവിലെ ഡിമാന്‍ഡിന്റെ ഫലമായി നീണ്ട കാത്തിരിപ്പ് കാലയളവ് കാരണം ഉപഭോക്താക്കള്‍ക്കുള്ള അസൗകര്യം ഒഴിവാക്കാനാണ് ഇ-സിഎന്‍ജി ഓപ്ഷന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് കമ്പനി അറിയിച്ചു. റൂമിയോണിന്റെ പെട്രോള്‍ (നിയോഡ്രൈവ്) വകഭേദങ്ങള്‍ക്കായി ബുക്കിംഗ് സ്വീകരിക്കുന്നത് തുടരും. റൂമിയോണിന്റെ അടിസ്ഥാന വേരിയന്റ് 10.29 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു, കൂടാതെ അതിന്റെ മുന്‍നിര മോഡലിന് 13.68 ലക്ഷം രൂപ വരെ ഉയരുന്നു. എസ് എംടി (പെട്രോള്‍), എസ് എടി (പെട്രോള്‍), ജി എംടി (പെട്രോള്‍), വി എംടി (പെട്രോള്‍), വി എടി (പെട്രോള്‍), എസ് എംടി (സിഎന്‍ജി) എന്നിവ ഉള്‍പ്പെടുന്ന ആറ് വ്യത്യസ്ത ഗ്രേഡുകളില്‍ ഇത് ലഭ്യമാണ്.
◾നമ്മുടെ പഴയ കാലവും ആ കാലത്തിന്റെ കണ്ണീരും പുഞ്ചിരിയും വേനലും മഴയും കലര്‍ന്ന മനുഷ്യജീവിതത്തിന്റെ ഗാഥ. പനമണ്ണ എന്ന പഴയ ഗ്രാമം. ചന്ദ്രന്റെ മനസ്സില്‍ ഈ ഗ്രാമത്തിന്റെ കലകള്‍, നാട്ടറിവുകള്‍, നാടന്‍പാട്ടുകള്‍, അനുഷ്ഠാനകലകളായ പൂതനും തിറയും, പൊറാട്ടുകളി, പാങ്കളി തുടങ്ങിയ നാടന്‍ സംസ്കൃതിയുടെ ചരിത്രവും വര്‍ത്തമാനവും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍. നാടന്‍കലകളെയും, നാടോടി സംസ്കൃതികളെയും അവയുടേതായ ഒരു സാധൂകരണത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തി അപഗ്രഥിക്കുന്ന സമാഹാരം. 'നാടന്‍കലകള്‍ നാടിന്റെ സമ്പത്ത്'. പ്രൊഫ കെ ചന്ദ്രന്. ഗ്രീന്‍ ബുക്സ്. വില 256 രൂപ.
◾അണുക്കള്‍ നശിച്ചു പോകണമെങ്കില്‍ അലക്കി കഴിഞ്ഞ വസ്ത്രങ്ങള്‍ വെയില് കൊണ്ട് തന്നെ ഉണങ്ങണം. നനഞ്ഞ തുണികള്‍ ഒരിക്കലും വീടിനുള്ളില്‍ പ്രത്യേകിച്ച് കിടപ്പു മുറിയില്‍ വിരിച്ചിടരുതെന്ന് പുതിയ പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ കാലഘട്ടത്തില്‍ സ്ഥലപരിമിതി മൂലം പലരും തുണികള്‍ അലക്കിയതിനു ശേഷം ഉണങ്ങാനായി ഇടുന്നത് വീടിനുള്ളിലും ഫ്ലാറ്റിനുള്ളിലുമൊക്കെയാണ്. വിപണിയില്‍ നിന്നും ലഭിക്കുന്ന സ്റ്റാന്റില്‍ അടുക്കടുക്കായി തുണികള്‍ ഉണക്കുന്നവര്‍ ഏറെയാണ്. എന്നാല്‍, ഇത്തരത്തില്‍ തുണികള്‍ ഉണക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സ്കോട്ട്ലന്റിലെ ഗ്ളാസ്ഗോവില്‍ ആംപിയെന്റല്‍ ആര്‍ക്കിടെക്ച്വര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് വീടിനുള്ളില്‍ തുണി അലക്കി ഉങ്ങാനിടുന്നവരുടെ ആരോഗ്യത്തെ കുറിച്ചുള്ള പഠനം നടത്തിയത്. ഈ രീതിയില്‍ തുണിയുണക്കുന്നവരില് 25 ശതമാനം ആളുകളിലും പ്രതിരോധശേഷി കുറവാണെന്നും ഇവര്‍ക്ക് ശ്വാസകോശസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു. വീട്ടിനുള്ളില്‍ വെച്ച് ഇങ്ങനെ തുണിയുണക്കുമ്പോള്‍ ഇവയിലെ ഈര്‍പ്പം ഫംഗസിനും മറ്റ് സൂക്ഷ്മജീവികള്‍ക്കും വളരാനുള്ള അവസരമാകുന്നു. അതുകൊണ്ടുതന്നെ ഈ ആരോഗ്യ പ്രശ്നങ്ങളെ ഒഴിവാക്കുന്നതിനായി കഴിവതും ശ്രദ്ധിക്കുക. തുണികള്‍ അല്പം അകലത്തില്‍ ഇടുക. ഡ്രയറുള്ള വാഷിംഗ് മെഷീനില്‍ തുണി അല്‍പ്പം ഉണക്കിയ ശേഷം മാത്രം അവ വിരിച്ചിടുക. കട്ടിയുള്ള തുണികള്‍ അകം പുറത്തേയ്ക്ക് തിരിച്ചിടുന്നത് പെട്ടെന്നുണങ്ങാന്‍ സഹായിക്കും. കൂടാതെ വസ്ത്രങ്ങള്‍ക്കിടയില്‍ വായു സഞ്ചാരം കൃത്യമായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
*ശുഭദിനം*
ആ തത്ത വളരെ അഹങ്കാരിയായിരുന്നു. ഒരു ദിവസം അവള് പരുന്തിനോട് പറഞ്ഞു: എനിക്ക് എത്ര ഉയരമുളള മരത്തിനുമുകളിലും പറക്കാനാകും. നിനക്കെത്ര ഉയരത്തില്‍ പറക്കാനാകും? പരുന്ത് പറഞ്ഞു: ഞാന്‍ നന്നായി പറക്കുന്ന ആളല്ല. അതുകൊണ്ട് ഞാന്‍ മരങ്ങളുടെ പൊക്കത്തിനൊപ്പം ഉയരാറില്ല. ഞാന്‍ നിന്നെ ഉയരത്തില്‍ പറക്കാന്‍ പഠിപ്പിക്കാം: തത്ത പറഞ്ഞു. പരുന്ത് സമ്മതിച്ചു. തത്ത കാണിച്ചുകൊടുത്തതിനുസരിച്ച് പരുന്ത് പറക്കാന്‍ തുടങ്ങി. അത് മുകളിലേക്കുയരുന്നതും ഒഴുകി നടക്കുന്നതും കണ്ട് തത്ത അമ്പരന്നു. പരുന്ത് തിരിച്ചെത്തിയപ്പോള്‍ തത്ത ചോദിച്ചു: നീ ഇത്രയും മിടുക്കനാണെന്ന് എന്തുകൊണ്ട് പറഞ്ഞില്ല. പരുന്ത് പറഞ്ഞു: ഞാന്‍ പറഞ്ഞു നടക്കാറില്ല. ആവശ്യത്തിനനുസരിച്ച് ചെയ്ത് കാണിക്കും ചിലര്‍ അങ്ങിനെയാണ് അവരുടെ കഴിവുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ മറ്റുചിലരുടെ കഴിവുകള്‍ അവരെക്കുറിച്ച് സംസാരിക്കും. സ്വന്തം മികവുകളെക്കുറിച്ച് ഉത്തമബോധ്യമുളളവര് സ്വയം പുകഴ്ത്തി നടക്കില്ല. അവരുടെ പ്രവൃത്തിപഥങ്ങളില്‍ ആ മികവുകളുടെ അടയാളങ്ങള്‍ പ്രത്യേക്ഷപ്പെട്ടുകൊണ്ടേയിരിക്കും. അസാധാരണപ്രവൃത്തികള്‍ ചെയ്യുന്നവരെ ആളുകള്‍ പിന്തുടരുന്നത് അവരുടെ കഴിവില്‍ പ്രതീക്ഷയുളളത് കൊണ്ടാണ്. അവര്‍ക്ക് പരസ്യങ്ങളുടെ ആവശ്യമില്ല. ആരുടേയും അഭിനന്ദനങ്ങള്‍ക്കോ ആദരവിനോ വേണ്ടിയല്ല അവര്‍ സ്വയം നവീകരിക്കുന്നത്. നമ്മുടെ പ്രവൃത്തികള്‍ നമ്മെക്കുറിച്ച് സംസാരിക്കട്ടെ.. സ്വയം പരസ്യമാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം - *ശുഭദിനം.*