*പ്രഭാത വാർത്തകൾ*2023 സെപ്റ്റംബർ 24 ഞായർ

◾ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമ കമ്മീഷന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം തേടാന്‍ കേന്ദ്രം നിയോഗിച്ച എട്ടംഗ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗത്തില്‍ തീരുമാനം. മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതിയുടെ ഇന്നലത്തെ യോഗത്തിലാണീ തീരുമാനം.

◾കേരളീയം 2023 പരിപാടി ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രതിപക്ഷം എല്ലാ കാര്യങ്ങളെയും എതിര്‍ക്കുന്നുവെന്നും നാടിന്റെ പിറവി ആഘോഷിക്കുന്നത് എങ്ങനെ ധൂര്‍ത്താകുമെന്നും പിണറായി വിജയന്‍ ചോദിച്ചു.

◾മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്ത് തുടക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗം 26ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അവലോകന യോഗം 28ന് തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളിലും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം ഒക്ടോബര്‍ മൂന്നിന് എറണാകുളം ബോള്‍ഗാട്ടി പാലസിലും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററിലും ചേരും.

◾സര്‍ക്കാര്‍ ചിലവില്‍ ഇടതുപക്ഷം രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്നത് ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമായത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരമൊരു രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ പൊതു ഖജനാവിലെ കോടികള്‍ പൊടിച്ച് ഷോ നടത്തിയത് കൊണ്ട് പിണറായിക്കും സംഘത്തിനും പ്രത്യേകിച്ച് ഒരു കാര്യവും ലഭിക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി

◾കരുവന്നൂര്‍ വിഷയത്തില്‍ വിമര്‍ശനങ്ങളും ഉപദേശങ്ങളും വെല്ലുവിളിയുമായി മുഖ്യമന്ത്രിയും സ്പീക്കറും പാര്‍ട്ടി സെക്രട്ടറിയും. കേരളത്തിലെ സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കഴുകന്‍ കണ്ണെന്നും ഇവിടുത്തെ നിക്ഷേപം കണ്ട് വല്ലാത്തൊരു ആര്‍ത്തിയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ തകര്‍ക്കാന്‍ നോട്ട് നിരോധനത്തിന്റെ കാലം മുതല്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പെന്നും സഹകരണ സ്ഥാപനങ്ങള്‍ ജാഗ്രത കാണിക്കണമെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍. അടിക്കാന്‍ വടി നമ്മള്‍ തന്നെ ചെത്തിയിട്ട് കൊടുക്കരുതെന്നും ഷംസീര്‍ പറഞ്ഞു. പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ ഒറ്റുകൊടുക്കരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും എം.വി. ഗോവിന്ദന്‍. മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

◾ഇഡിക്ക് ബലപ്രയോഗം നടത്താന്‍ അധികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാന്‍ വച്ച പാത്രം മാറ്റിക്കോളാനും അതിനു വഴങ്ങാന്‍ മനസ്സില്ലെന്നും ജനങ്ങളെ മുന്‍നിര്‍ത്തി പ്രതിരോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേ സമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും ഒരു തെറ്റിനെയും പൂഴ്ത്തിവയ്ക്കാനില്ലെന്നും തെറ്റ് തിരുത്തല്‍ നടപടിയെടുത്തുവെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കങ്ങളെന്നും സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിക്കാനുള്ള തന്ത്രം ഇതിലൂടെ നടക്കുന്നുണ്ടെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

◾മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതികരിക്കേണ്ട കാര്യമില്ലെന്നും താന്‍ നല്ല ജോലിത്തിരക്കിലാണെന്നും മന്ത്രി പറഞ്ഞു.

◾കെ.എം ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷന്‍ സ്ത്രീകളെ അപമാനിച്ചുവെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എം.എല്‍.എ. പൊതു ഖജനാവില്‍ നിന്ന് ആനുകൂല്യം പറ്റുന്ന തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകള്‍ മറച്ചു പിടിക്കാനും രക്ഷപ്പെടാനുമുള്ള പുകമറയല്ല സ്ത്രീത്വമെന്നും മുന്‍ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്കു ഇല്ലെന്നു പ്രസംഗിച്ചത് എങ്ങിനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുകയെന്നും കെപിഎ മജീദ് ചോദിച്ചു. വാളയാര്‍ സംഭവം മുതല്‍ ഉമ്മന്‍ ചാണ്ടിയുടെ പെണ്മക്കളെb വേട്ടയാടിയ സംഭവങ്ങളില്‍ വരെ നോക്കുകുത്തിയായ കമ്മിഷന്‍ മുസ്ലിം ലീഗ് നേതാവിനെതീരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാവുമെന്നും മജീദ് പറഞ്ഞു.

◾നിപ ഭീഷണി മാറിയതോടെ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ പതിവ് പോലെ പ്രവര്‍ത്തിക്കും. അതേസമയം കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരണമെന്നും സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.

◾10 വനിതകളില്‍ കൂടുതല്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. നവമാധ്യമശൃംഖലകളിലൂടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സെല്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കുമെന്നും സതീദേവി വ്യക്തമാക്കി.

◾കേന്ദ്ര മന്ത്രിമാരെ കണ്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. പഞ്ചായത്തീരാജ്-ഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്, നഗരവികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ചകളില്‍ എം പി മാരായ എളമരം കരീം, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസന്‍ എന്നിവരും പങ്കെടുത്തു.

◾മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ജനാധിപത്യവും മതേതരത്വവും അപ്രസക്തമാകുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ബിജെപി ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയെ ഭയപ്പെടുന്നുവെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

◾ഞാനും ഒരു ഹിന്ദുവാണ് പക്ഷേ ഞാന്‍ മഹാത്മാഗാന്ധിയുടെ ഹിന്ദുവാണ്, മോദിയുടെ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ വിജയിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം വര്‍ഗീയതയാണെന്ന് വിശ്വസിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നതും സൗകര്യപൂര്‍വം മാത്രം വായ തുറക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എയുടെ നേതൃത്വത്തില്‍ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച യോഗത്തില്‍ ചെന്നിത്തല പറഞ്ഞു.

◾മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 26, ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

◾അടയ്ക്ക കരാര്‍ എടുത്ത തോട്ടത്തില്‍ പന്നിയെ തുരത്താനായി നിര്‍മിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് വയോധികന്‍ മരിച്ചു. മണ്ണാര്‍ക്കാട് പുല്ലശ്ശേരി ശ്രാമ്പിക്കല്‍ വീട്ടില്‍ ഹംസപ്പയാണ് മരിച്ചത്. 50 വയസായിരുന്നു.

◾ഭര്‍ത്താവിനൊപ്പം ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികക്ക് കണ്ടെയ്നര്‍ ലോറിയിടിച്ച് ദാരുണാന്ത്യം. പാലക്കാട് മനിശ്ശേരി സ്വദേശി അമൃതയാണ് മരിച്ചത്.

◾വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ജനിമോള്‍ (43) മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

◾മലപ്പുറം പോത്തുകല്ലിനടുത്ത് കാട്ടാന ആക്രമണത്തില്‍ പശുവിനെ മേയ്ക്കാന്‍ പോയ മധ്യവയസ്‌കന് ദാരുണാന്ത്യം. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തില്‍ ജോസാണ് മരിച്ചത്.

◾പോളണ്ട് സര്‍ക്കാരുമായി രണ്ട് നിര്‍ണ്ണായക കരാറുകളില്‍ ഒപ്പുവച്ച് ലുലു ഗ്രൂപ്പ്. പോളണ്ടില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം പോളണ്ടില്‍ തുറക്കും. മധ്യയൂറോപ്പ്യന്‍ മേഖലയിലെ ഏറ്റവും സ്വാദിഷ്ഠമായ ബെറി, ആപ്പിള്‍, ചീസ് മുതല്‍ പചക്കറി, ഇറച്ചി ഉല്‍പ്പന്നങ്ങള്‍ വരെ ഈ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രത്തിലൂടെ ഇന്ത്യ, മിഡില്‍ ഈസ്റ്റ് അടക്കമുള്ള മേഖലയില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ദൗത്യം.

◾ഇന്ത്യാ - കാനഡാ പ്രശ്നങ്ങള്‍ അടച്ചിട്ട മുറിയിലിരുന്ന് ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. കാനഡ പ്രധാനമന്ത്രി ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത് അതിശയകരമായ കാര്യമാണെന്നും നയതന്ത്രകാര്യങ്ങളില്‍ അടച്ചിട്ട മുറിയിലിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനം എടുത്താല്‍ മാത്രമേ രാജ്യാന്തര ബന്ധങ്ങള്‍ നിലനില്‍ക്കൂവെന്നും ശശി തരൂര്‍ വ്യക്തമാക്കി.

◾വര്‍ഗ്ഗീയത, ചങ്ങാത്ത മുതലാളിത്തം, വ്യക്തിഹത്യ, അഴിമതി, വഞ്ചന എന്നിവയാണ് മോദി സര്‍ക്കാരിന്റെ സവിശേഷതകളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കോടികള്‍ മുടക്കിയുള്ള പരസ്യത്തിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും ബിജെപി ഇതിനെ മറച്ചുവയ്ക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിലെ അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ധൈര്യമുണ്ടോയെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.  

◾മഹാരാഷ്ട്രയിലെ ബിജെപി നേതാവ് കിരിത് സോമയ്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിട്ട മറാത്തി ചാനലായ ലോക് സാഹി ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നോട്ടീസിനെ തുടര്‍ന്ന് 72 മണിക്കൂര്‍ നേരത്തേക്ക് വിലക്കി. ചാനല്‍ സംപ്രേക്ഷണം വിലക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

◾പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും രാഷ്ട്രപതിയെ ക്ഷണിച്ചില്ലെന്നത് രാഷ്ട്രപതിയെ അപമാനിക്കുന്ന നടപടിയാണെന്നാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

◾കാനഡയില്‍ വെടിവെപ്പില്‍ ജൂണ്‍ 19 ന് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ദേര സച്ച സൗദ ആക്രമിക്കാനായിരുന്നു നിജ്ജര്‍ പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ഇന്ത്യന്‍ വാഹന ഭീമനായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കാനഡ ആസ്ഥാനമായുള്ള ഉപകമ്പനിയായ റെയ്‌സണ്‍ എയ്‌റോസ്‌പേസ് കോര്‍പ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മഹീന്ദ്ര ഈ തീരുമാനമെടുത്തത്.

◾450 കോടി രൂപ ചെലവ് വരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം മണ്ഡലമായ വാരാണസിയില്‍ തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 30,000 കാണികള്‍ക്ക് ഒരേ സമയം മത്സരങ്ങള്‍ കാണാനുള്ള സൗകര്യമുള്ള സ്റ്റേഡിയം 30 ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിക്കുന്നത്. മോദിക്കൊപ്പം വേദി പങ്കിട്ട സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നമോ എന്നെഴുതിയ ജേഴ്‌സി മോദിക്ക് സമ്മാനിച്ചു.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പഞ്ചാബ് എഫ്‌സിയെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍. മറ്റൊരു മത്സരത്തില്‍ ഒഡീഷ എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തി.

◾2023 ഏഷ്യന്‍ ഗെയിംസിന് ചൈനയുടെ ഡിജിറ്റല്‍ നഗരമായ ഹാങ്ചോയില്‍ വര്‍ണാഭമായ തുടക്കം. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് മേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പതാകയേന്തി.

◾ഇക്കഴിഞ്ഞ ഓണനാളുകളില്‍ 21.88 കോടിയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ വിറ്റഴിച്ചതായി കേരള ഖാദി ബോര്‍ഡ്. കഴിഞ്ഞവര്‍ഷം ഈ സമയം 17.81 കോടി രൂപയുടേതായിരുന്നു വില്പന. 4.7 കോടിയുടെ അധിക വില്പനയാണ് ഈ വര്‍ഷം ലഭിച്ചത്. റിബേറ്റ് കാലയളവ് ഈ ഓണത്തിന് വളരെ കുറവായിരുന്നിട്ടും അധിക വില്പന കൈവരിക്കാന്‍ കഴിഞ്ഞു. ഖാദിയിലെ സമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഒല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ജില്ലകള്‍ തോറും ഓരോ പവനുമാണ് നല്‍കുന്നത്. തിരുവനന്തപുരം ലോട്ടറി ഓഫീസില്‍ ഒക്ടോബര്‍ 20ന് നറുക്കെടുക്കും. ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങള്‍ക്ക് 30ശതമാനം വരെ റിബേറ്റ് നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക് പൊതുമേഖല ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയില്‍ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ വാങ്ങാം. ആഴ്ചയില്‍ ഒരു ദിവസം തൂവെള്ള ഖാദിവസ്ത്രം ധരിക്കുന്നതിന് ചില സാമൂഹിക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. നോളെജ് സിറ്റിയുമായുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളുമായി വ്യാപാരം വര്‍ദ്ധിപ്പിക്കുന്ന നടപടിയെടുത്തു വരികയാണ്. ഈ സാമ്പത്തികവര്‍ഷം 150 കോടി വില്പനയാണ് ലക്ഷ്യമിടുന്നത്. ഖാദിബോര്‍ഡില്‍നിന്ന് വായ്പ എടുത്ത് കുടിശ്ശിക നിവാരണത്തിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഒക്ടോബര്‍ 9 ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടക്കും.

◾'ടൈഗര്‍ നാഗേശ്വര റാവു'വിലെ രണ്ടാമത്തെ ഗാനാം പുറത്തിറങ്ങി. 'ഇവന്‍' എന്ന ടൈറ്റിലോടെയുള്ള ഗാനം ദീപക് രാമകൃഷ്ണന്റെ വരികള്‍ക്ക് ജി.വി പ്രകാശ് കുമാര്‍ സംഗീതം നല്‍കി ഫൈസല്‍ റാസിയുടെ ആലാപനത്തിലാണ് പുറത്തുവന്നിരിക്കുന്നത്. 'ഏക് ദം ഏക് ദം' എന്ന ആദ്യ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യ ഗാനത്തില്‍ ടൈഗറിന്റെ റൊമാന്റിക് ഭാവമാണ് കണ്ടതെങ്കില്‍ ഈ ഗാനത്തില്‍ മാസ്സ് അവതാരത്തിലാണ് ടൈഗര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശൗര്യമേറിയ ഒരു കടുവയെപ്പോലെ, തീക്ഷ്ണമായ നോട്ടത്തോടെ നില്‍ക്കുന്ന രവി തേജയെയാണ് ഗാനത്തില്‍ കാണാനാവുക. വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

◾കണ്ണകി, അശ്വാരൂഢന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് 'തിറയാട്ടം'. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിര്‍വഹിച്ചിരിക്കുന്നു. എ ആര്‍ മെയിന്‍ ലാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി എ ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ- പ്രൊഡ്യൂസര്‍ വിനീത തുറവൂര്‍. താള മേളങ്ങളുടെ പശ്ചാത്തലത്തില്‍ താള നിബിഡമായ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പ്രണയം, രതി, ജീവിതകാമനകള്‍.. എല്ലാം വരച്ചു കാട്ടുന്നു. ജിജോ ഗോപിയുടെ നായകവേഷം അതി സങ്കീര്‍ണ്ണമായ, മാനങ്ങളിലൂടെയാണ് ഫ്രെയിമില്‍ പകര്‍ത്തപ്പെടുന്നത്. ജിജോ ഗോപി, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷന്‍, നാദം മുരളി, ടോജോ ഉപ്പുതറ, തായാട്ട് രാജേന്ദ്രന്‍, സുരേഷ് അരങ്ങ്, മുരളി, ദീപക് ധര്‍മ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസന്‍ മട്ടന്നൂര്‍, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുല്‍ഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണന്‍, റീജ,നിത്യ മാമന്‍, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്.

◾ഐ20ക്കു ശേഷം മുഖം മിനുക്കിയ ഐ20എന്‍ ലൈനും അവതരിപ്പിച്ച് ഹ്യുണ്ടേയ്. എന്‍6, എന്‍8 എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് എന്‍ ലൈന്‍ എത്തുന്നത്. 9.99 ലക്ഷം രൂപ മുതല്‍ 12.31 ലക്ഷം വരെ വില. ഉയര്‍ന്ന വേരിയന്റില്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ ബോക്‌സാണുള്ളത്. രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഐ20എന്‍ ഇല്ല. 6 സ്പീഡ് ഐഎംടി ഗിയര്‍ബോക്‌സ് 6 സ്പീഡ് മാനുവല്‍ ആക്കി മാറ്റിയതാണ് പ്രധാനം. 120ബിഎച്പി കരുത്തും പരമാവധി 172 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പുതിയ വാഹനത്തിലുമുള്ളത്. ഐ20യിലെ എന്‍ജിനില്‍ മാറ്റം വരുത്തിയതോടെ ഐ20എന്നില്‍ മാത്രമാണ് നിലവില്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ളതെന്ന സവിശേഷതയുമുണ്ട്. ആറ് എയര്‍ബാഗും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എല്ലാ യാത്രികര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍ ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാംപ്‌സ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളുമുണ്ട്. 1.0 ടര്‍ബോ എംടി എന്‍6- 9.99 ലക്ഷം രൂപ, 1.0 ടര്‍ബോ ഡിസിടി എന്‍6- 11.10 ലക്ഷം രൂപ, 1.0 ടര്‍ബോ എംടി എന്‍8- 11.22 ലക്ഷം രൂപ, 1.0 ടര്‍ബോ ഡിസിടി എന്‍8- 12.32 ലക്ഷം രൂപ.

◾പ്രണയം നഷ്ടപ്പെട്ടവന്റെ വേദനയുടെ ആഴത്തില്‍ ഒരു കൊലപാതകത്തിന്റെ സൂത്രധാരനായി മാറി എന്നതിന്റെ കുറ്റബോധം ജീവിതകാലം മുഴുവന്‍ പേറേണ്ടിവന്ന ഹതഭാഗ്യനായ ഒരു വ്യക്തിയുടെ കഥ തീവ്രമായ ദുഃഖത്തോടെ മാത്രമേ വായിച്ചുതീര്‍ക്കാനാവൂ. 'കുറച്ചു കാലമായി ചിന്തിക്കുകയാണ്, തന്റെ പ്രിയസുഹൃത്തിന്റെ അന്ത്യവിശ്രമസ്ഥലം കാണണമെന്ന്. ഓരോ പണികളില്‍ ഏര്‍പ്പെടുമ്പോഴും ഓരോ ദേശങ്ങളിലൂടെ അലഞ്ഞു നടക്കുമ്പോഴും ഇവിടെ വരാതിരിക്കണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷേ നടന്നില്ല. കാലമേറെ ചെല്ലുന്തോറും അവന്റെ ഓര്‍മ്മകള്‍ വേട്ടയാടുകയാണ്. എന്നാല്‍, തനിക്ക് മരിക്കുവാനുമാകുന്നില്ല. മരണം, ആ തെമ്മാടി എന്നെ മനപ്പൂര്‍വ്വം തഴയുകയാണ്. ആത്മഹത്യ, അതിനു ഞാന്‍ തയ്യാറുമല്ല'. 'പാളം തെറ്റിയവന്റെ കുമ്പസാരങ്ങള്‍'. ഡി ഷാജി. ഗ്രീന്‍ ബുക്സ്. വില 446 രൂപ.

◾എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് ആരോഗ്യത്തെ മാത്രമല്ല ജോലിയെയും പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് കാരണവും നമുക്ക് ക്ഷീണം നേരിടേണ്ടിവരാം. പ്രൊസസ് ചെയ്ത ഭക്ഷണങ്ങളിലും ഫാസ്റ്റ്ഫുഡിലും വളരെ ഉയര്‍ന്ന അളവില്‍ അനാരോഗ്യകരമായ കൊഴുപ്പുകളും, കാര്‍ബോഹൈഡ്രേറ്റുകളും, പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയോ പെട്ടെന്ന് കുറയുകയോ ചെയ്യും. ഇത് മൂലം ശരീരത്തിലെ ഊര്‍ജവും പെട്ടെന്ന് കുറയുന്നു, അതുകൊണ്ടാണ് നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നത്. ഉയര്‍ന്ന അളവില്‍ പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ഊര്‍ജ്ജ നില താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുകയും പെട്ടെന്ന് കുറയ്ക്കുകയും ചെയ്യുന്നു. ഇതുമൂലം നിങ്ങള്‍ക്ക് ക്ഷീണം നേരിടേണ്ടിവരാം. കൊഴുപ്പ് നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, കൊഴുപ്പ് കൂടിയ വസ്തുക്കള്‍ അമിതമായി കഴിക്കുന്നത് നിങ്ങള്‍ക്ക് ഉറക്കവും ക്ഷീണവും ഉണ്ടാക്കുന്നു. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ വസ്തുക്കള്‍ ദഹിക്കാന്‍ ആവശ്യത്തിലധികം സമയമെടുക്കും. അതിനാല്‍ നമുക്ക് ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങുന്നു. എനര്‍ജി ഡ്രിങ്കുകളും അമിതമായ അളവില്‍ കഫീനും കഴിക്കുന്നത് താല്‍ക്കാലിക ഊര്‍ജം നല്‍കുമെങ്കിലും വലിയ അളവില്‍ ഇവ കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുത്താം. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടാം. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നതിന് ഇരുമ്പ് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് വിളര്‍ച്ച, ക്ഷീണം, ബലഹീനത എന്നിവയ്ക്ക് കാരണമാകുന്നു. സംസ്‌കരിച്ച മാംസം, ഫാസ്റ്റ് ഫുഡ്, ശുദ്ധീകരിച്ച ധാന്യങ്ങള്‍ എന്നിവയില്‍ ഇരുമ്പിന്റെ അളവ് വളരെ കുറവാണ്.