*_പ്രഭാത വാർത്തകൾ_*```2023 | സെപ്റ്റംബർ 20 | ബുധൻ

◾ലോക്സഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്റെ കോപ്പി എംപിമാര്‍ക്കു നല്‍കാത്തതിനെതിരേ പ്രതിപക്ഷ ബഹളം. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കു സംവരണം ചെയ്യും. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും.

◾വനിതാ സംവരണ ബില്ലിന്റെ പിതൃത്വത്തെച്ചൊല്ലി ലോക്ഭയില്‍ തര്‍ക്കം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബില്‍ പാസാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ 2014ല്‍ ബില്‍ അസാധുവായെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രതികരിച്ചു. ലോക്സഭയില്‍ ഇതിന്റെ പേരിലും പ്രതിപക്ഷബഹളമുണ്ടായി. 

◾മന്ത്രിസഭാ പുനഃസംഘടനയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കും. എല്‍ഡിഎഫില്‍ പുനഃസംഘടന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നു നേരത്തേ ധാരണയുണ്ടായിരുന്നു. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ്‌കുമാറും മന്ത്രിമാരാകും.

◾രണ്ടാം വന്ദേഭാരത് ഞായാറാഴ്ച തുടങ്ങും. കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവവന്തപുരത്തേക്കാണു സര്‍വീസ്. രാവിലെ ഏഴിന് കാസര്‍കോടുനിന്ന് പുറപ്പെട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 4.05 ന് പുറപ്പെട്ട് ട്രെയിന്‍ രാത്രി 11.55 ന് കാസര്‍കോട് എത്തും. ആഴ്ചയില്‍ ആറു ദിവസം സര്‍വീസുണ്ടാകും.

◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ 25 ബിനാമി രേഖകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെടുത്തു. മൂന്ന് ആധാരമെഴുത്തുകാരുടെ ഓഫീസിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടില്‍നിന്ന് അഞ്ചു കോടി രൂപ വിലമതിക്കുന്ന 19 രേഖകള്‍ പിടികൂടി. എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടില്‍നിന്ന് 800 ഗ്രാം സ്വര്‍ണവും അഞ്ചര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിലുള്ള അനില്‍ കുമാറിന്റെ വീട്ടില്‍നിന്ന് 15 കോടി മൂല്യമുള്ള അഞ്ചു രേഖകളും കണ്ടെത്തി.

◾തന്നെ ഇടിച്ചു താഴ്ത്താന്‍ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കരിമണല്‍ കമ്പനി ഉദ്യോഗസ്ഥന്റെ ഡയറിയിലെ പി വി എന്ന പേരുകാരന്‍ താനല്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസപ്പടി വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുപാട് പി വി മാര്‍ ഉണ്ടല്ലോ എന്നായിരുന്നു പ്രതികരണം.

◾ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അയിത്തം നേരിടേണ്ടിവന്ന സംഭവത്തില്‍ യുക്തമായ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഞെട്ടിപ്പിക്കുന്നതാണ്. മന്ത്രി രാധാകൃഷ്ണനുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നു പിണറായി വിജയന്‍ വ്യക്തമാക്കി.

◾ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നതു കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ ജാഗ്രത വേണമെന്നും സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

◾ജാതിവ്യവസ്ഥയുണ്ടാക്കിയവര്‍ മനുഷ്യനെ ചന്ദ്രനിലേക്ക് വിട്ടവരേക്കാള്‍ ബുദ്ധിയുള്ളവരാണെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍. നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ചിന്ത ഇപ്പോഴും മനസില്‍ കിടക്കുകയാണെങ്കില്‍ അവരുടെ ബുദ്ധി എത്ര വലുതാണെന്നും അദ്ദേഹം പരിഹസിച്ചു. ക്ഷേത്രച്ചടങ്ങിനിടെ നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് മന്ത്രിയുടെ പ്രതികരണം.

◾മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉന്നയിച്ച ഐ ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി നടപടികളെ പ്രഹസനമാക്കുന്നതു ശരിയല്ല. ആരോപണം പിന്‍വലിക്കാനുള്ള അപേക്ഷ പരിഗണിച്ച കോടതി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.

◾മണിപ്പൂര്‍ കലാപത്തെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാര്‍ത്ഥികള്‍ക്കു കേരളത്തില്‍ പഠനസൗകര്യം നല്‍കും. മണിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘം കണ്ണൂരില്‍ എത്തി. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയടക്കമുള്ളവര്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി 67 അംഗ മണിപ്പൂര്‍ വിദ്യാര്‍ഥി സംഘം സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

◾നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും പ്രതിരോധത്തിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപനം ഇല്ലാത്തത് ആശ്വാസമാണ്. 1286 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ട്. 276 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. 122 പേര്‍ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളില്‍ 256 പേരുടെ ഫലം വന്നു. ആറു പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമ്പതു പേര്‍ ഐസൊലേഷനിലുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

◾കോഴിക്കോട് നിപ നിയന്ത്രണങ്ങള്‍ തുടരും. കോഴിക്കോട് കോര്‍പറേഷന്‍, ഫറോക്ക് നഗരസഭ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ തുടരുന്നത്.

◾ഏഴു മാസമായി മാധ്യമങ്ങളെ കാണാത്തതില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളെ കാണാത്തത് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമുള്ളപ്പോഴെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോയെന്നും പിണറായി ചോദിച്ചു.

◾കേരള സര്‍ക്കാര്‍ കേരളപ്പിറവി ദിനത്തില്‍ കേരളീയം എന്ന പേരില്‍ ഒരാഴ്ച നീളുന്ന ആഘോഷം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ പ്രത്യേക പരിപാടികള്‍ ഒരുക്കും. കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പം ഭാവി കേരളത്തിന് എന്തു വേണമെന്ന ചര്‍ച്ചയും നടത്തും. പത്തോളം പ്രദര്‍ശനങ്ങളും 25 അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

◾മഹാരാജാസ് കോളജില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക് ലിസ്റ്റ് തട്ടിപ്പു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരേ പോലീസ് എടുത്ത കള്ളക്കേസ് അവസാനിപ്പിച്ചു. തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

◾മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരെ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

◾വിഴിഞ്ഞം തുറമുഖത്തിന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു നല്‍കണമെന്ന് കോവളം എംഎല്‍എ എം വിന്‍സന്റ്. ഉമ്മന്‍ചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായത്. ഈ ആവശ്യം നിയമസഭയില്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ അനുമതി തന്നില്ലെന്നും വിന്‍സെന്റ് പറഞ്ഞു.

◾എസ്ഐയെ കള്ളക്കേസില്‍ കുടുക്കിയ സിഐയെ സസ്പെന്‍ഡു ചെയ്തു. നെടുപുഴ സിഐ ജി. ദിലീപ്കുമാറിനെയാണ് സസ്പെന്‍ഡു ചെയ്തത്. അവധിയിലായിരുന്ന എസ്ഐ ടി.ആര്‍. ആമോദിനെ പൊതുസ്ഥലത്തു മദ്യപിച്ചെന്ന കള്ളക്കേസിലാണു കുടുക്കാന്‍ ശ്രമിച്ചത്. മദ്യപിച്ചിട്ടില്ലെന്നു പരിശോധനാഫലം പുറത്തുവന്നതോടെയാണ് നടപടി.

◾ഏറ്റുമാനൂരില്‍ ലോക്കല്‍ പൊലീസ് കളളക്കേസില്‍ കുടുക്കിയെന്ന് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. നടുറോഡില്‍ അക്രമി സംഘത്തില്‍നിന്ന് മര്‍ദനമേറ്റ തനിക്കെതിരേ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ലോക്കല്‍ പൊലീസ് കളളക്കേസെടുത്തെന്നാണ് പരാതി. എന്നാല്‍ ഭര്‍ത്താവിനൊപ്പം ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയ യുവതിയുടെ വീഡിയോ ചിത്രീകരിക്കാന്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചതെന്ന് ലോക്കല്‍ പൊലീസ് ആരോപിച്ചു. ജില്ലാ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു

◾എഎസ്ഐക്കെതിരേ അനുമതിയില്ലാതെ കേസെടുത്തതിന് പാറശ്ശാല എസ്എച്ച് ഒ ആസാദിനെ സസ്പെന്‍ഡു ചെയ്തു. റോഡരികില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ എഎസ്ഐ ഗ്ലാസ്റ്റിന്‍ ലാത്തികൊണ്ട് അടിച്ചോടിച്ചിരുന്നു. ലാത്തിയടിയേറ്റ് പരിക്കേറ്റ വ്യാപാരി ഗോപകുമാറിനേയും കൂട്ടി സിപിഎം പ്രാദേശിക നേതാക്കള്‍ പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് എഎസ്ഐക്കെതിരേ കേസെടുത്തത്.

◾തമിഴ്നാട്ടിലെ മാഞ്ചോലയില്‍ ജനവാസ മേഖലയിലെത്തിയ അരിക്കാമ്പന്‍ വീടു തകര്‍ത്തു. ആനയെ മടക്കി അയക്കാന്‍ തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം. വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ നശിപ്പിച്ചു. കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ വിനോദ സഞ്ചാരം നിരോധിച്ചു.

◾കരുവന്നൂര്‍ ബാങ്ക് വഴി കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സഹകരണ ബാങ്കുകളിലൂടെ 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. സുരേന്ദ്രന്‍ പറഞ്ഞു.

◾എറണാകുളം വാഴക്കുളത്ത് വീട് വാടകക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്നു സ്ത്രീകളടക്കം ആറംഗ സംഘത്തെ പൊലീസ് പിടികൂടി. കാട്ടാക്കാട പന്നിയോട് സ്വദേശി അഭിലാഷ് (44) ചടയമംഗലം സ്വദേശി അബ്രാര്‍ (30), കള്ളിയൂര്‍ സ്വദേശി റെജി ജോര്‍ജ് (37), തിരുവള്ളൂര്‍ സ്വദേശിനി ദേവി ശ്രീ (39,) ഒറ്റപ്പാലം സ്വദേശിനി രംസിയ (28), ചെറുതോന്നി സ്വദേശിനി സുജാത (51) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. ഒരു തൊഴിലാളികളി മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബ് സ്വദേശിയായ രാജന്‍ ഒറാങ് (30) ആണ് മരിച്ചത്.

◾ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വീട്ടില്‍ കിടന്നുറങ്ങിയിരുന്നയാളെ അര്‍ധരാത്രി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍. വള്ളക്കടവ് കരികിണ്ണം ചിറയില്‍ അബ്ബാസിനെ വെട്ടിയ കേസിലാണ് ഭാര്യ അഷീറ ബീവി, മകന്‍ പ്ലസ് ടു വിദ്യാര്‍ഥിയായ മുഹമ്മദ് ഹസ്സന്‍ എന്നിവരെ പോലീസ് പിടികൂടിയത്. അയല്‍വാസിയായ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇവര്‍ ഭര്‍ത്താവിനെ ആക്രമിച്ചത്.

◾പത്തനംതിട്ട ഏനാത്ത് തട്ടാരുപടിയില്‍ ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു. കടികയില്‍ വാടകയ്ക്ക് താമസിക്കുന്ന മാത്യു പി അലക്സാണ് മൂത്തമകന്‍ മെല്‍വിനെ കൊന്നശേഷം തൂങ്ങിമരിച്ചത്.

◾പത്തനംതിട്ട പുല്ലാട് അയിരക്കാവില്‍ യുവാവിനെ കൊന്ന് പുഞ്ചയില്‍ ചവിട്ടിത്താഴ്ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ കൊലപ്പെടുത്തിയ വരയന്നൂര്‍ സ്വദേശി 'കാലന്‍ മോന്‍സി' എന്ന് വിളിപ്പേരുള്ള വിനോദ് ആണ് പിടിയിലായത്. മോന്‍സിയുടെ ഭാര്യയുമായി പ്രദീപ് കുമാറിന് അടുപ്പമുണ്ടെന്നു സംശയിച്ചാണ് കൊലപ്പെടുത്തിയത്.

◾തിരുവനന്തപുരത്ത് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വെള്ളറട പുലിയൂര്‍ശാല ചരിവുവിള വീട്ടില്‍ ശ്രീലതിക (38)യാണു മരിച്ചത്. പാറശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ് ശ്രീലതിക.

◾പോക്സോ കേസില്‍ മലപ്പുറം പാണ്ടിക്കാട്ടെ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനില്‍ കുമാറാണ് പൊലീസിന്റെ പിടിയിലായത്. 13 വയസുകാരിയെ ശല്യം ചെയ്തെന്നാണു കേസ്.

◾നെറ്റ് പരീക്ഷ ജൂണ്‍ 10 മുതല്‍ 21 വരെ നടത്തും. കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് രീതിയിലാണു പരീക്ഷകള്‍ നടത്തുക.

◾വനിത സംവരണ ബില്‍ സെന്‍സസ് നടപ്പാക്കിയാല്‍ മാത്രമേ നടപ്പാക്കാനാകുവെന്ന് കോണ്‍ഗ്രസ്. ഇപ്പോഴത്തെ ബില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കമാണെന്നും മോദി രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

◾ജിഎസ്ടി വരുമാനം സംസ്ഥാനങ്ങള്‍ക്ക് കൃത്യസമയത്ത് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മൂന്നു തവണ പണം മുന്‍കൂറായി നല്‍കി. ഒരു സംസ്ഥാനത്തിനും പണം നല്‍കാനില്ല. മന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് വിഹിതം ലഭിക്കുന്നില്ലെന്നും ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചിരുന്നു.

◾കര്‍ണാടകയിലെ പ്രശസ്തമായ ഹൊയ്‌സാല ക്ഷേത്രങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍. ബേലൂര്‍, ഹലേബിഡ്, സോമനന്തപുര എന്നിവിടങ്ങളിലെ ഹൊയ്സാല ക്ഷേത്രങ്ങളാണ് ലോക പൈതൃക പട്ടികയില്‍ ഇടം നേടിയത്.

◾ചത്തീസ്ഗഡില്‍ ബാങ്ക് കൊള്ള. ആക്സിസ് ബാങ്കിന്റെ ജഗദ്പൂര്‍ ബ്രാഞ്ചില്‍ എട്ടര കോടി രൂപയും സ്വര്‍ണവുമാണ് കൊള്ളയടിച്ചത്. ഏഴു പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്.

◾ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍, കൊലപാതകത്തെ ഇന്ത്യ ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ പറഞ്ഞു.

◾കാണാതായ ചൈനീസ് പ്രതിരോധ മന്ത്രിക്ക് അമേരിക്കന്‍ കാമുകിയില്‍ കുഞ്ഞുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരുമാസമായി ചിന്‍ ഗാങ്ങിനെ കാണാനില്ല. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഏഴാം മാസത്തിലാണ് ചിന്‍ ഗാങ്ങിനെ ചൈനീസ് ഭരണകൂടം പുറത്താക്കിയത്. അമേരിക്കയില്‍ അംബാസഡറായിരുന്നപ്പോള്‍ അമേരിക്കക്കാരിയുമായി ചിന്‍ ഗാങ്ങിന് രഹസ്യ ബന്ധമുണ്ടായിരുന്നെന്നും കുഞ്ഞുണ്ടെന്നുമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.

◾ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ചൈനക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ചൈന ഇന്ത്യയെ പരാജയപ്പെടുത്തിയത്.

◾വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ 20ന് പ്രാബല്യത്തില്‍ വരും. എം.സി.എല്‍.ആര്‍ ഉയര്‍ത്തിയതിനാല്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് ബാദ്ധ്യത കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.സി.എല്‍.ആര്‍ വര്‍ദ്ധന ബാധകം. പുതുക്കിയ നിരക്കുപ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.25 ശതമാനത്തില്‍ നിന്ന് 9.35 ശതമാനവും ഒരുമാസക്കാലാവധി ഉള്ളവയുടേത് 9.30ല്‍ നിന്ന് 9.40 ശതമാനവുമാകും. മൂന്നുമാസ കാലാവധിയുള്ള വായ്പകള്‍ക്ക് പുതുക്കിയ നിരക്ക് 9.45 ശതമാനം; നിലവില്‍ ഇത് 9.35 ശതമാനമാണ്. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45ല്‍ നിന്ന് 9.50 ശതമാനമാകും. ഒരു വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ പുതിയ നിരക്ക് 9.70 ശതമാനം; നിലവിലെ നിരക്ക് 9.65 ശതമാനമാണ്. കഴിഞ്ഞ ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.സി.എല്‍.ആര്‍ കൂട്ടിയിരുന്നു. ഇതോടെ അന്നുമുതല്‍ ഇതിനകം ഓവര്‍നൈറ്റ്, ഒരുമാസ കാലാവധിയുള്ള വായ്പയുടെ നിരക്ക് കൂടിയത് 0.65 ശതമാനമാണ്. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45ല്‍ നിന്നാണ് 9.70 ശതമാനത്തിലെത്തിയത്.

◾ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതകഥയായ 'മെയ്ഡ് ഇന്‍ ഇന്ത്യ'യിലൂടെ ആഗോളതലത്തില്‍ മുന്നേറാനാണ് എസ്എസ് രാജമൗലി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവചരിത്രമായ 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന തന്റെ അടുത്ത പ്രോജക്റ്റ് നിര്‍മ്മാതാവ് എസ്എസ് രാജമൗലി പ്രഖ്യാപിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും. ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ എസ്എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. ''ഈ സിനിമയുടെ ആദ്യ വിവരണത്തില്‍ തന്നെ ഈ ചിത്രത്തിന്റെ വികാരം എനിക്ക് ലഭിച്ചു. ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്. അത് ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ച് ആണെങ്കില്‍ അത് ഒരാളെ പറഞ്ഞ് സമ്മതിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ ടീം തയ്യാറാണ്. വളരെ അഭിമാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ അവതരിപ്പിക്കുന്നു''- എസ്എസ് രാജമൗലി തന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു. മാക്‌സ് സ്റ്റുഡിയോസ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളില്‍ വരുണ്‍ ഗുപ്തയും എസ്എസ് കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾ഓണം റിലീസിന് എത്തിയ ദുല്‍ഖര്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത' ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ഒരുപാട് പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും നിരാശയാണ് ലഭിച്ചത്. എങ്കിലും 40 കോടിയോളം രൂപ ചിത്രം കളക്ഷന്‍ നേടിയിരുന്നു. ഓഗസ്റ്റ് 24ന് റിലീസ് ആയ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രം സെപ്റ്റംബര്‍ 22ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ചിത്രം ഒരുപാട് നെഗറ്റീവ് പബ്ലിസിറ്റി നേടിയിരുന്നു. ചിത്രം മനഃപൂര്‍വ്വം ഡീഗ്രേഡ് ചെയ്യുകയാണെന്ന് ആരോപിച്ച് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു കിംഗ് ഓഫ് കൊത്ത. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

◾ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ അമേസ് കോംപാക്ട് സെഡാനില്‍ 41,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 10,000 വരെ ക്യാഷ് കിഴിവ് അല്ലെങ്കില്‍ 12,349 വിലയുള്ള സൗജന്യ ആക്‌സസറികള്‍ അടങ്ങുന്നതാണ് ഈ ഓഫര്‍. ഉപഭോക്തൃ ലോയല്‍റ്റി ബോണസ് 5,000 രൂപയും കോര്‍പ്പറേറ്റ് കിഴിവ് 6,000 രൂപയും ഉണ്ട് . ഇതുകൂടാതെ, 10,000 രൂപയുടെ കാര്‍ എക്‌സ്‌ചേഞ്ച് ബോണസും 10,000 പ്രത്യേക കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. 7.10 ലക്ഷം രൂപയില്‍ തുടങ്ങി 9.71 ലക്ഷം രൂപ വരെയാണ് ഹോണ്ട അമേസിന്റെ വില. രണ്ട് വിലകളും എക്സ്-ഷോറൂം ആണ്. ഇ, എസ്, വിഎക്സ് എന്നീ മൂന്ന് വേരിയന്റുകളിലായാണ് അമേസ് വില്‍ക്കുന്നത്. 89 ബിഎച്ച്പി പരമാവധി കരുത്തും 110 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍, നാല് സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഹോണ്ട അമേസിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ഇണചേരുന്നു. ഹോണ്ടയുടെ നിരയില്‍ ഡീസല്‍ എന്‍ജിന്‍ ഇല്ല.

◾വേദവ്യാസന്റെ ജീവിതകഥയും ഉപകഥകളും കുട്ടികള്‍ക്ക് ലളിതമായും രസകരമായും ആസ്വദിക്കാവുന്ന ശൈലിയില്‍ ആവിഷ്‌കരിച്ചിട്ടുള്ള ഗ്രന്ഥം. ഗുണപാഠങ്ങള്‍

◾നല്‍കുന്നതോടൊപ്പം അവരെ പുരാണകൃതികളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഈ രചന കുട്ടികളുടെ ഉള്‍കാഴ്ചയെ പ്രോജ്ജ്വലമാക്കുന്നു. മഹാഭാരതം രചിച്ച മഹാകവിയുടെ ജീവിതകഥാമാലിക. 'കുട്ടികളുടെ വേദവ്യാസന്‍'. സി. ഗോപാലന്‍ നായര്‍. ചിത്രീകരണം - സിബി. മാതൃഭൂമി. വില 144 രൂപ.

◾ഭക്ഷണശേഷം കഠിനവ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് ദഹനത്തെ ബാധിക്കും. ഭക്ഷണശേഷം വ്യായാമം ചെയ്താല്‍ രക്തപ്രവാഹം ദഹനത്തിനു സഹായിക്കുന്ന അവയവങ്ങള്‍ക്കു പകരം പേശികളിലേക്ക് ആകുകയും ഇത് വയറിന് അസ്വസ്ഥത, വയറുവേദന, ദഹനക്കേട് ഇവയിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞശേഷം മാത്രം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഭക്ഷണം കഴിച്ച ഉടനെ കൂടുതല്‍ അളവില്‍ വെള്ളം കുടിക്കുന്നത് വയറിലെ ആസിഡുകളെ എല്ലാം നേര്‍പ്പിക്കുകയും ദഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഭക്ഷണം വിഘടിപ്പിക്കാന്‍ സഹായിക്കുന്നവയാണ് ഉദരത്തിലെ ആസിഡുകള്‍. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുറച്ചു വീതം കുടിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ദോഷം ചെയ്യില്ല. ഭക്ഷണം കഴിച്ച് ഏതാണ്ട് അരമണിക്കൂറിനു ശേഷം മാത്രം വെള്ളം കുടിക്കുക. ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നത് അസ്വസ്ഥത, നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്സ് ഇവയ്ക്കു കാരണമാകും. ഭക്ഷണം കഴിച്ചശേഷം കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂര്‍ നിവര്‍ന്നിരിക്കുന്നതാണ് നല്ലത്. നിവര്‍ന്നിരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത് ഭക്ഷണത്തെ അന്നനാളത്തിലൂടെ ചലിപ്പിക്കാനും ഉദരത്തിലെ ആസിഡുകള്‍ അന്നനാളത്തിലേക്ക് തിരികെ ഒഴുകാതിരിക്കാനും നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാകാതിരിക്കാനും സഹായിക്കും. ഭക്ഷണശേഷം ചാരിയിരിക്കുകയോ നിവര്‍ന്നിരിക്കുകയോ ചെയ്യുന്നത് ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ കുറയ്ക്കും. ഭക്ഷണം കഴിച്ചയുടനെ കാപ്പിയും ചായയും കുടിക്കുന്നത് അത്ര നന്നല്ല. പകരം ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനു ശേഷം ഇവ കുടിക്കാന്‍ ശ്രദ്ധിക്കുക. കാപ്പിയും ചായയും കുടിക്കാന്‍ വൈകുന്നത്ര ഭക്ഷണത്തിന്റെ ദഹനവും പോഷകങ്ങളുടെ ആഗിരണവും സാധ്യമാകും. ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയില്‍ ഭക്ഷണശകലങ്ങള്‍ പറ്റിയിരിക്കുന്നത് പല്ലുകളില്‍ പോടുണ്ടാക്കാനും മോണരോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.

*ശുഭദിനം*

ആ ഗ്രാമത്തില്‍ സര്‍വ്വസുഖങ്ങളോടും കൂടി ഒരു നാടുവാഴി ജീവിച്ചിരുന്നു. അതിന്റെ അഹങ്കാരവും പൊങ്ങച്ചവും അയാളില്‍ പ്രകടമായിരുന്നു. ഒരു ദിവസം നാടുവാഴിയുടെ ഭാര്യയും മക്കളും കൂടി അയല്‍രാജ്യത്തേക്ക് തീര്‍ത്ഥാടനത്തിന് പോയി. അന്ന് ഉറങ്ങാന്‍ കിടന്ന സമയത്ത് പതിവില്ലാതെ കനത്ത മഴപെയ്തു. പാതിരാത്രിക്ക് അയാള്‍ക്ക് പുതപ്പിന്റെ ആവശ്യം വന്നു. ഉറക്കച്ചടവോടെ അയാള്‍ തപ്പിയെടുത്ത പുതപ്പ് അയാളുടെ ഇളയമകന്റെ ആയിരുന്നു. അപ്പോഴാണ് പുതിയ പ്രശ്‌നം. പുതപ്പിന് നീളമില്ല. മുട്ടിനുതാഴെ എത്തുന്നില്ല. അടുത്തപ്രഭാതത്തില്‍ പുതപ്പിനോടുളള ദേഷ്യം മൂത്ത് ആ പുതപ്പ് വഴിയിലെ ചവറ്റുകൂനയിലേക്ക് എറിഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നാടുവാഴിയുടെ പണിക്കാര്‍ ഒരു യാചകനെ പിടിച്ചുകൊണ്ട് വന്നു. അവര്‍ പറഞ്ഞു: ചന്തയിലെ വരാന്തയില്‍ അങ്ങുന്നിന്റെ പുതപ്പും പുതച്ച് സുഖമായി കിടന്നുറങ്ങുകയായിരുന്നു ഇയാള്‍. പുതപ്പിലെ അടയാളം കണ്ടപ്പോഴാണ് പുതപ്പ് ഇവിടുത്തെയാണെന്ന് മനസ്സിലായത്. അപ്പോള്‍ നാടുവാഴി പറഞ്ഞു: ഏയ് അവന്‍ കളളനൊന്നുമല്ല. ഞാന്‍ വഴിയില്‍ ഉപേക്ഷിച്ചുകളഞ്ഞ പുതപ്പായിരുന്നു അത്. അപ്പോള്‍ യാചകന്‍ പറഞ്ഞു: അങ്ങ് ദയവായി ഈ പുതപ്പ് കൊണ്ടുപോകാന്‍ എന്നെ അനുവദിക്കണം. കഴിഞ്ഞരാത്രിയിലെ തണുപ്പത്ത് ഈ പുതുപ്പില്ലായിരുന്നെങ്കില്‍ ഞാന്‍ ചത്തുപോയേനെ.. ഇത് കേട്ട് നാടുവാഴി കളിയാക്കി. കട്ടിലില്‍ ഉറങ്ങുന്ന എനിക്ക് പുതയ്ക്കാന്‍ പോലും തികയാത്ത പുതപ്പ് നിനക്ക് എന്തിനാ? അപ്പോള്‍ യാചകന്‍ പറഞ്ഞു: അയ്യോ അല്ല അങ്ങുന്നേ.. അയാള്‍ കിടന്നുകാണിച്ചുകൊടുത്തു. കാലുവളച്ച് നടവളച്ച് കിടന്നപ്പോള്‍ ആ പുതപ്പ് അയാള്‍ക്ക് പാകമായിരുന്നു ഇത് നാടുവാഴിയെ ചിന്തിപ്പിച്ചു. ഇയാള്‍ തന്നെ തോല്‍പിച്ചിരിക്കുന്നു.. തിരിച്ചറിവുകള്‍ നമ്മെ കൂടുതല്‍ മികച്ചതാക്കുന്നു. തിരിച്ചറിവുകളിലൂടെ തെളിയുന്നവഴികള്‍ നമ്മെ ലക്ഷ്യത്തെ കൂടുതല്‍ പ്രകാശപൂരിതമാക്കുന്നു - *ശുഭദിനം.*