◾വനിതാ സംവരണ ബില്ലിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ഇന്ന് ഉച്ചമുതല്‍ പുതിയ മന്ദിരത്തിലായിരിക്കും പാര്‍ലമെന്റ് സമ്മേളനം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടിംഗിനുള്ള സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രാജ്യസഭ വൈസ് ചെയര്‍പേഴ്സണ്‍ പാനലില്‍ 50 ശതമാനം പ്രാതിനിധ്യം വനിത എം പിമാര്‍ക്കായിരിക്കുമെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. എട്ടംഗ പാനലില്‍ നാലു പേര്‍ വനിതകളാകും.
◾കള്ളപ്പണത്തില്‍ കുടുങ്ങി സിപിഎം. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ തുടര്‍ച്ചയായി എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം സിപിഎം നേതാക്കള്‍ ഭരിക്കുന്ന കൂടുതല്‍ സഹകരണ സംഘങ്ങളിലേക്കു വ്യാപിപ്പിച്ചു. അയ്യന്തോള്‍ സഹകരണ ബാങ്കിലും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍ പ്രസിഡന്റായുള്ള തൃശൂര്‍ സഹകരണ ബാങ്കിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. ഇതോടെ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ ആശങ്കയിലായി.
◾രണ്ടായിരം പൊതു ഇടങ്ങളില്‍ കൂടി സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ- ഫൈ പദ്ധതി വഴിയാണ് ഹോട്ട്സ്പോട്ടുകള്‍ ഒരുക്കുന്നത്. ഇതിനായി 20 കോടി രൂപ അനുവദിച്ചു. നിരവധി ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾നിപ വ്യാപനം ഇല്ലാത്തതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ്. പഞ്ചായത്തുകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ കടകള്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിപ്പിക്കാം, ബാങ്കുകള്‍ക്ക് ഉച്ചയ്ക്കു രണ്ടു വരെ പ്രവര്‍ത്തിക്കാം. അതേസമയം, ആള്‍ക്കൂട്ടങ്ങള്‍ക്കു വിലക്കു തുടരും. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ തുടരണം. ആകെ 218 സാമ്പിളുകള്‍ പരിശോധിച്ചു. സമ്പര്‍ക്ക പട്ടികയില്‍ 1270 പേരാണുള്ളത്. ഇന്നലെ 37 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി.
◾ആശുപത്രി സംരക്ഷണ ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയാനുള്ള നിയമമാണിത്. നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല.
◾കാസര്‍കോട് ജില്ലയില്‍ ഇന്നു പൊതു അവധി. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
◾പത്തൊമ്പത് മലയാളികള്‍ ഉള്‍പ്പെടെ 34 ഇന്ത്യന്‍ നഴ്സുമാര്‍ കുവൈറ്റില്‍ അറസ്റ്റില്‍. ആവശ്യമായ രേഖകളില്ലാത്തതിനാണ് പിടിയിലായത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പിടിയിലായ 60 അംഗ സംഘത്തില്‍ 34 ഇന്ത്യക്കാരാണുള്ളത്. മുലയൂട്ടുന്ന അമ്മമാരായ അഞ്ച് നഴ്സുമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്കൊപ്പം കഴിയാനുള്ള അനുമതിക്കായി ചര്‍ച്ചകള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.
◾ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഒരു ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങില്‍ ഭദ്രദീപം തെളിക്കാന്‍ പൂജാരി വിളക്കുമായി എത്തി. തനിക്കു വിളക്കു കൈമാറാതെ പൂജാരിതന്നെ തെളിച്ചു. പിന്നീട് വിളക്കു താഴെവച്ചു. അതെടുത്ത് തിരി തെളിക്കേണ്ടതില്ലെന്നു താന്‍ തീരുമാനിച്ചു. ജാതിയുടെ പേരിലാണു ഈ വിവേചനമുണ്ടായത്. കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
◾സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ പൊലിസ് കേസെടുത്തു. എഎ റഹീം എംപിയുടെ ഭാര്യയായ അമൃത റഹിമിന്റെ പരാതിയിലാണ് സൈബര്‍ പൊലിസ് കേസെടുത്തത്.
◾സെക്രട്ടറിയേറ്റിലെ പഴയ ഫയലുകള്‍ മുഴുവന്‍ മാറ്റണമെന്നു ചീഫ് സെക്രട്ടറി. ഡിജിറ്റലൈസ് ചെയ്ത ഫയലുകള്‍ മുഴുവന്‍ ഓഫിസിന് പുറത്താക്കാനാണ് നിര്‍ദ്ദേശം. പേപ്പര്‍ രഹിത സെക്രട്ടറിയേറ്റിനായുളള നടപടിയുടെ ഭാഗമായാണ് ഫയല്‍ മാറ്റുന്നത്. തീരുമാനം മൂലം ബാക്കി വരുന്ന ടണ്‍ കണക്കിന് പേപ്പര്‍ മാലിന്യം സെക്രട്ടറിയേറ്റില്‍ നിന്നും ലേലത്തില്‍ വില്‍ക്കും.
◾മലപ്പുറം താനൂരിലെ താമീര്‍ ജാഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. കസ്റ്റഡിയിലിരിക്കെ മരിച്ച താമീര്‍ ജാഫ്രിക്കൊപ്പം പൊലീസ് പിടികൂടിയ നാലുപേരെയും മര്‍ദിച്ചെന്നാണു കേസ്. മലപ്പുറം എസ്പിക്കു കീഴിലുള്ള സ്പെഷല്‍ ടീമിലെ പൊലീസുകാരാണു പ്രതികള്‍. താനൂര്‍ സ്റ്റേഷനിലെ സിപിഒ ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണു പ്രതികള്‍. സിബിഐ അന്വേഷണം ആകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തെങ്കിലും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
◾സംസ്ഥാനത്ത് അഞ്ചു ദിവസം മഴയ്ക്കു സാധ്യത. രണ്ട് ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവുമാണ് മഴ തുടരാന്‍ കാരണം. തെക്ക് കിഴക്കന്‍ രാജസ്ഥാന് മുകളിലെ ന്യൂനമര്‍ദം കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്.
◾ലോക കേരള സഭയുടെ പേരില്‍ വന്‍ കൊള്ളയും പണപ്പിരിവുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ലോക കേരള സഭയുടെ കണക്കുകള്‍ ജനങ്ങളുടെ മുന്നില്‍ അടിയന്തരമായി വയ്ക്കണം. അമേരിക്കയില്‍ സംഘടിപ്പിച്ച ലോക കേരള സഭയുടെ പേരില്‍ പ്രവാസികളെ സി പി എം വന്‍തോതില്‍ കൊള്ളയടിച്ചെന്നും സുധാകരന്‍ ആരോപിച്ചു.
◾മൂന്നാറില്‍ റവന്യൂ ഭൂമി കയ്യേറി അനധികൃതമായി നിര്‍മാണമാരംഭിച്ച കെട്ടിടങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചു. പത്താം വാര്‍ഡ് ഇക്കാനഗര്‍ ഭാഗത്ത് നിര്‍മാണത്തിലിരുന്ന റിസോര്‍ട്ടിന് വേണ്ടി പണിത കെട്ടിടമുള്‍പ്പെടെ മൂന്ന് കെട്ടിടങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്തത്.
◾ഇന്ത്യാ സഖ്യത്തിലെ കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കമ്മിറ്റികളില്‍ ചേരാത്തതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നും ഗോവിന്ദന്‍.
◾നിയമസഭ അടിച്ചു തകര്‍ത്ത മന്ത്രി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനും കേസ് നീട്ടിക്കൊണ്ടുപോകാനുമാണ് സര്‍ക്കാര്‍ യുഡിഎഫ് എംഎല്‍മാരായിരുന്ന കെ ശിവദാസന്‍ നായര്‍ക്കും എം.എ വാഹിദിനും എതിരെ കേസെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയിലെ അക്രമം ലോകം മുഴുവന്‍ ലൈവായി കണ്ടതാണ്. എന്നിട്ടും കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സതീശന്‍ പറഞ്ഞു.
◾നിയമസഭ കയ്യാങ്കളി കേസ് നീട്ടിക്കൊണ്ടുപോകാനാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രതികളാക്കി പുതിയ കേസെടുക്കുന്നതെന്ന് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എംഎ വാഹിദ്. ഇദ്ദേഹത്തെയടക്കം പ്രതിയാക്കി പുതിയ കേസെടുക്കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ നിര്‍ദ്ദേശം.
◾കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജിന് അനുവദിച്ച പുതിയ എംബിബിഎസ് സീറ്റുകളുടെ അംഗീകാരം സംബന്ധിച്ച് ഉടനടി തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി. ദേശീയ മെഡിക്കല്‍ കമ്മീഷനും കേരള ആരോഗ്യ സര്‍വകലാശാലയ്ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. 100 എം ബി ബി എസ് സീറ്റുകള്‍ കൂടി തുടങ്ങാനുള്ള അനുമതിയാണു ദേശീയ മെഡിക്കല്‍ കമ്മീഷന്‍ മെഡിക്കല്‍ കോളേജിന് നല്‍കിയത്.
◾പി എസ് സി നിയമന തട്ടിപ്പു കേസില്‍ മുഖ്യ പ്രതി രാജലക്ഷമി തിരുവനന്തപുരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തട്ടിപ്പിലെ മറ്റൊരു പ്രതിയായ കോട്ടയം സ്വദേശിനി ജോയിസി ജോര്‍ജും പിടിയിലായി.
◾സോളാര്‍ കേസിലെ ഗുഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതു സംബന്ധിച്ചു തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യമില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ മാസപ്പടി വിവാദത്തില്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു. ഹര്‍ജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു ഇന്നലെ മരിച്ചതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നടപട
◾വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കാന്‍ വിദേശത്തു ജോലി ചെയ്യുന്ന മകനെയും മറ്റു രണ്ടു പെണ്‍മക്കളെയും വിളിച്ചു വരുത്തുമെന്ന് വനിത കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ പറഞ്ഞു. മലപ്പുറത്തെ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗങ്ങള്‍. സ്വത്ത് കൈക്കലാക്കിയ ശേഷം മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വൃദ്ധയായ മാതാവ് വനിതാ കമ്മീഷന് മുന്‍പാകെ പരാതി നല്‍കിയത്.
◾പട്ടാമ്പി ചാലിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചാഴിയാട്ടിരി മതുപ്പുള്ളി പേരടിപ്പുറത്ത് സന്തോഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. ചാലിശ്ശേരി ചാഴിയാട്ടിരി മതുപ്പുള്ളി പതിയാട്ടു വളപ്പില്‍ ഇസ്മായില്‍, മതുപ്പുള്ളി മാണിയംകുന്നത്ത് അനീസ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
◾കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ഇന്നലെ രാത്രി ഒരാള്‍ക്കു കുത്തേറ്റു. ചിറക്കല്‍ സ്വദേശി ഉണ്ണിയപ്പന്‍ എന്ന ബിജുവിനാണ് കുത്തേറ്റത്. കുത്തിയശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
◾എംപിമാര്‍ ഇന്നുച്ചയോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക്. പഴയ മന്ദിരത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയുമായി എംപിമാരെ നയിച്ച് പുതിയ മന്ദിരത്തില്‍ എത്തും. പഴയ മന്ദിരത്തില്‍ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷനു ശേഷം സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നശേഷമാണ് പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനം. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്സഭയും രണ്ടിന് രാജ്യസഭയും ചേരും.
◾മഹാരാഷ്ട്ര നിയമസഭയിലെ എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാത്തതില്‍ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. അയോഗ്യത വിഷയത്തില്‍ സ്പീക്കറുടെ തീരുമാനം അനന്തമായി നീട്ടാനാവില്ലെന്നു സുപ്രീം കോടതി. തീരുമാനം ഉടനേ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
◾മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ തെംതിംഗ് നഗാഷാങ്വയാണ് അന്വേഷിക്കുക. പ്രതികളെ പിടികൂടാതെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാടിലാണ് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം.
◾എന്‍ഡിഎയിലെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ ബിജെപി ബന്ധം അവസാനിപ്പിക്കുന്നു. പാര്‍ട്ടി വക്താവ് ഡി ജയകുമാര്‍ അറിയിച്ചതാണ് ഇക്കാര്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ നടത്തിയ അപഹാസ്യ പ്രസ്താവനകളെ ചൊല്ലിയാണ് തീരുമാനം. അണ്ണാ ഡിഎംകെ ഇല്ലെങ്കില്‍ ബിജെപിക്ക് തമിഴ്നാട്ടില്‍ നോട്ടയ്ക്കുള്ള വോട്ടു പോലും കിട്ടില്ലെന്നും ജയകുമാര്‍ പരിഹസിച്ചു.
◾അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ അന്വേഷണത്തിന് സുപ്രീം കോടതി നിയോഗിച്ച ആറംഗ പാനലില്‍ മൂന്നു പേരെ നീക്കം ചെയ്ത് പകരം മൂന്നുപേരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. പാനലംഗമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ പി ഭട്ട്, മുതിര്‍ന്ന അഭിഭാഷകന്‍ സോമശേഖര്‍ സുന്ദരേശന്‍ എന്നിവരെ നീക്കണമെന്നാണ് അനാമിക ജയ്‌സ്വാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അദാനി ഗ്രൂപ്പുമായി പങ്കാളിത്തമുള്ള പുനരുപയോഗ ഊര്‍ജ കമ്പനിയായ ഗ്രീന്‍കോയുടെ ചെയര്‍മാനായാണ് ഒ.പി ഭട്ട്.
◾സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കാലന്‍ കാത്തിരിക്കുന്നുണ്ടെന്ന താക്കീതുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ അംബേദ്കര്‍ നഗറില്‍ ബൈക്കിലെത്തിയ അക്രമികള്‍ ഷാള്‍ വലിച്ചതിനെതുടര്‍ന്ന് സൈക്കിളില്‍നിന്ന് വീണ 11ാം ക്ലാസ് വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരിച്ചതിനു പിറകേയാണ് യോഗി ആദിത്യനാഥിന്റെ താക്കീത്.
◾ചന്ദ്രയാന്‍ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്തുനിന്ന് ഇന്ത്യ മനോഹരമാണെന്നും ഭാവിയില്‍ ഇന്ത്യയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ മലയാളിതാരം സഞ്ജു സാംസണെ ഇത്തവണയും പരിഗണിച്ചില്ല. പരമ്പര സെപ്റ്റംബര്‍ 22-നാണ് ആരംഭിക്കുന്നത്.
◾വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഈമാസം ആദ്യ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 4,800 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടത്തി. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ തുടര്‍ച്ചയായി വാങ്ങല്‍ തുടര്‍ന്ന എഫ്.പി.ഐകള്‍ ഈ കാലയളവില്‍ 1.74 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ യു.എസ് ബോണ്ടുകളിലെ നേട്ടം ഉയര്‍ന്നതും ഡോളര്‍ ശക്തമായതും ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളും കാരണമാണ് സെപ്തംബറില്‍ പിന്‍വലിക്കലിലേക്ക് എഫ്.പി.ഐകള്‍ തിരിഞ്ഞത്. യു.എസിലെ ഉയര്‍ന്ന ബോണ്ട് ആദായവും ഡോളര്‍ സൂചിക 105ന് മുകളിലെത്തിയതും എഫ്.പി.ഐകളെ വില്പനയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ഡിപ്പോസിറ്ററികളുമായുള്ള ഡാറ്റ അനുസരിച്ച്, സെപ്തംബര്‍ 15 വരെ ഇക്വിറ്റികളില്‍ എഫ്.പി.ഐ 4,768 കോടി രൂപയാണ് പിന്‍വലിച്ചത്. ആഗസ്റ്റില്‍ ഇക്വിറ്റികളിലെ എഫ്.പി.ഐ നിക്ഷേപം നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12,262 കോടി രൂപയിലെത്തിയിരുന്നു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും പണപ്പെരുപ്പ അപകടസാധ്യതകളും വാങ്ങല്‍ കുറയുന്നതിലേക്ക് നയിക്കുന്നുണ്ട്. അതേസമയം സെപ്തംബറില്‍ ഇതുവരെ രാജ്യത്തിന്റെ ഡെറ്റ് വിപണിയില്‍ 2,000 കോടിയിലധികം രൂപയുടെ അറ്റ നിക്ഷേപം എഫ്.പി.ഐകള്‍ നടത്തി. ഇതോടെ ഈ വര്‍ഷം ഇതുവരെ മൊത്തം നിക്ഷേപം 1.3 ലക്ഷം കോടി രൂപയായി. ഡെറ്റ് മാര്‍ക്കറ്റില്‍ ഇത് 30,200 കോടി രൂപയാണ്. വൈദ്യുതി, മൂലധന ഉത്പന്നങ്ങള്‍ എന്നിവയിലാണ് ശക്തമായ വാങ്ങല്‍ എഫ്.പി.ഐകള്‍ നടത്തുന്നത്.
◾പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തില്‍ തന്നെ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേത്ര്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ജൂണ്‍ 13നാണ് മലൈക്കോട്ടൈ വാലിബന് ലിജോ പാക്കപ്പ് പറഞ്ഞത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുല്‍ക്കര്‍ണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.
◾വിശാല്‍ ഭരദ്വാജിന്റെ സ്പൈ ത്രില്ലര്‍ ചിത്രം 'ഖുഫിയ' ട്രെയിലര്‍ എത്തി. ചിത്രം ഒക്ടോബര്‍ അഞ്ചിന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും. തബുവാണ് നായിക. അലി ഫസല്‍, വാമിക ഗബ്ബി, ആശിഷ് വിദ്യാര്‍ഥി, അസ്മേരി ഹക്ക് ബധോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. പൊറിഞ്ചു മറിയം ജോസ്, ബ്രോ ഡാഡി, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ഡിസ്നി ജയിംസ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ള ചിത്രം അമര്‍ഭൂഷണ്‍ എഴുതിയ 'എസ്‌കേപ്പ് ടു നോവെയര്‍' എന്ന ചാരനോവല്‍ അടിസ്ഥാനമാക്കിയാണ് തയാറാക്കിയത്. ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചാരനെ കണ്ടെത്താന്‍ നിയോഗിക്കപ്പെടുന്ന കൃഷ്ണ മെഹ്റ എന്ന 'റോ' (റിസര്‍ട്ട് ആന്‍ഡ് അനാലിസിസ് വിങ്) ഏജന്റിന്റെ കഥയാണ് ചിത്രത്തില്‍ വിവരിക്കുന്നത്. ഫര്‍ഹാദ് അഹമ്മദ് ആണ് ഛായാഗ്രഹണം. സംഗീതം വിശാല്‍ ഭരദ്വാജ്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.
◾ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ വേഗ് ഓട്ടോമൊബൈല്‍സ് എസ്60 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 1.25 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ വേഗ് ഓട്ടോമൊബൈല്‍സിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാണ്. മാറ്റ് ബ്ലാക്ക്, ലൈറ്റ് ഗ്രേ, വൈറ്റ്, ലൈറ്റ് ഗ്രീന്‍ എന്നിവയുള്‍പ്പെടെ നിരവധി സ്‌റ്റൈലിഷ് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. എസ്60 ലൈറ്റ്വെയിറ്റ് ഡിസൈനിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ അത്യാധുനിക സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്ക് ഉയര്‍ന്ന പെര്‍ഫോമന്‍സും സൗകര്യവും വാഗ്ദാനം ചെയ്യുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ എസ്60 ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും എന്നതിനാല്‍ തന്നെ സിറ്റി റൈഡിനും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. ഈ ബാറ്ററി യൂണിറ്റ് ഷോക്ക് പ്രൂഫ്, ഫയര്‍ പ്രൂഫ്, വാട്ടര്‍ പ്രൂഫ് എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ ആണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. ചാര്‍ജിംഗ് സ്പീഡ് ആണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന്. ഫാസ്റ്റ് ചാര്‍ജിംഗിലൂടെ 3 കിലോവാട്ട്അവര്‍ ബാറ്ററി 4-5 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
◾ഒരുവശത്ത് ദേശനേരത്തിന്റെ ഇത്തിരിവട്ടത്തില്‍ ക്രൂരതയുടെ സങ്കീര്‍ത്തനം. മറുവശത്ത് ഇച്ഛയെയും ക്രിയയെയും സംയോജിപ്പിച്ചുകൊണ്ട് നഷ്ടമായതിനെ വീണ്ടെടുക്കുന്ന പ്രതിരോധത്തിന്റെ ആഗ്‌നേയം, സമയത്തെ ശരമാരിയാക്കുന്ന പ്രതീത്യാത്മകവും നവീനവുമായ ഒരു പോര്‍മുറയുടെ കണ്ടെത്തല്‍. ഒരു ഭാഗത്ത്, ദളിതനായകന്റെ തള്ളവിരല്‍ മുറിച്ച്, പകരം, നഷ്ടപരിഹാരം കല്പിക്കുന്ന അധീശനേരം, ക്രൂരനേരം. മറുഭാഗത്ത്, മുറിഞ്ഞ വിരല്‍ സ്വന്തം കൈ വീണ്ടെടുക്കുവാന്‍ കാലത്തെതന്നെ ശരപൂരമാക്കുന്ന എതിര്‍നേരം, എതിര്‍വീര്യം. ഒരുഭാഗത്ത്, കോര്‍പ്പറേറ്റ്- ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ പുനരധിവാസം എന്ന പേരില്‍ നടത്തുന്ന ആവാസഹത്യ. മറുഭാഗത്ത് കുടിയൊഴിക്കപ്പെടുന്ന, കുടി മുടിക്കപ്പെടുന്ന ആദിവാസി ഗോത്ര, ദളിത-ജനകീയ വിഭാഗങ്ങളുടെ ധീരമായ ചെറുത്തുനില്പ്. തള്ളവിരല്‍അറുക്കല്‍ പ്രതിരോധകര്‍ത്താവിനെ ദുര്‍ബ്ബലമാക്കു കയല്ല, പകരം അത് പ്രതിരോധവീര്യത്തിന്റെ ഇന്ധനമാകുന്നു. 'സഞ്ചാരി മരങ്ങള്‍'. കെ ജി എസ്. ഡിസി ബുക്സ്. വില 209 രൂപ.