◾പാര്‍ലമെന്റില്‍ ഇന്നാരംഭിക്കുന്ന പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ കൊണ്ടുവന്നേക്കും. ബില്‍ വേണമെന്ന് സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യണമെന്ന് അനുശാസിക്കുന്ന ബില്‍ യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെങ്കിലും ലോക്സഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണു സമ്മേളനം. തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതിനു സുപ്രീം കോടതി ഉത്തരവിനെ മറികടക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ എത്തുന്ന മറ്റൊരു പ്രധാന ബില്‍.
◾പുതിയ നിപ കേസുകള്‍ ഇല്ല. ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതു വയസുകാരനെ വെന്റിലേറ്ററില്‍നിന്നു താത്ക്കാലികമായി മാറ്റി. ഓക്സിജന്‍ നല്‍കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള 1233 പേരും നിരീക്ഷണത്തിലാണ്. 23 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
◾വിശ്വകര്‍മര്‍ക്ക് മൂന്നു ലക്ഷം രൂപവരെ അഞ്ചു ശതമാനം പലിശയ്ക്കു വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനമായ ഇന്നലെ ഉദ്ഘാടനം ചെയ്ത 'പിഎം വിശ്വകര്‍മ' പദ്ധതിയില്‍ വാഗ്ദാനം. സ്വര്‍ണപ്പണിക്കാര്‍, ഇരുമ്പു പണിക്കാര്‍, കല്‍പ്പണിക്കാര്‍ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലാളികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. തുടക്കത്തില്‍ ഒരു ലക്ഷം രൂപയും പിന്നീട് രണ്ടു ലക്ഷം രൂപയും വായ്പയായി നല്‍കുമെന്നാണ് വാഗ്ദാനം.
◾യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ശാന്തി നികേതനും. ഇതോടെ ഇന്ത്യയില്‍ നിന്ന് പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച ഇടങ്ങളുടെ എണ്ണം 41 ആയി ഉയര്‍ന്നു. 1901 ല്‍ നോബല്‍ ജേതാവ് രവീന്ദ്രനാഥ ടാഗോറാണ് കൊല്‍ക്കത്തയില്‍ ശാന്തിനികേതന്‍ സ്ഥാപിച്ചത്.
◾പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ 14 അംഗ ഉന്നതാധികാര സമിതിക്കെതിരേ സിപിഎം. പാര്‍ട്ടി നേതൃത്വങ്ങളാണു തീരുമാനങ്ങളെടുക്കേണ്ടതെന്നും പ്രത്യേക സമിതി ആവശ്യമില്ലെന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി. കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്നു കേരള നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് സിപിഎം ഈ നിലപാടെടുത്തത്. 28 പാര്‍ട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാര്‍ട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
◾കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ.സി. ബസ് സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആര്‍ടിസി ഇന്നു ജനത സര്‍വ്വീസുകള്‍ ആരംഭിക്കും. തിരുവനന്തപുരത്തെ ഓഫീസുകളില്‍ എത്താന്‍ സൗകര്യപ്പെടുന്ന വിധത്തിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങില്‍നിന്നു രാവിലെ 7.15 ന് സര്‍വ്വീസ് ആരംഭിച്ച് 9.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസ്.
◾എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണെന്നും അവനെ തിരിച്ചുവേണമെന്നും നിപ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒമ്പതു വയസുകാരന്റെ അമ്മ. മന്ത്രി വീണ ജോര്‍ജിനോടു ഫോണില്‍ സംസാരിക്കവേയാണ് ഇങ്ങനെ പറഞഞത്. അമ്മ വിഷമിക്കേണ്ട, മകനെ കരുതലോടെ നോക്കി മിടുക്കനാക്കി തിരിച്ചുതരുമെന്നു മന്ത്രി മറുപടി നല്‍കി.
◾പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഗുണം ഏറ്റവും ലഭിക്കുന്ന സംസ്ഥാനമായിട്ടും കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി ബഹിഷ്‌കരിച്ചത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന 18 വിഭാഗം തൊഴിലാളികളും കേരളത്തിലുണ്ട്. 13,000 കോടി രൂപയുടെ ഈ പദ്ധതിയാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
◾സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കുടിശികയായി ലഭിക്കാനുള്ള 5500 കോടി രൂപ വാങ്ങാന്‍ കേരള സര്‍ക്കാരിനൊപ്പം നിന്നുകൂടേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനോട് മുന്‍മന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ കുത്തിത്തിരിപ്പാണെന്നും തോമസ് ഐസക്.
◾കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ഈ മാസം 22 വരെ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം,പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
◾മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പൊലീസുകാരന് സസ്പെന്‍ഷന്‍. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജിലേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. താമരശേരിയിലെ ലഹരി സംഘത്തിലുള്ളവരുമൊന്നിച്ചുള്ള ഫോട്ടോകള്‍ പ്രചരിച്ചതിനു പിറകേയാണ് നടപടി.
◾200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റര്‍ സ്പിരിറ്റ് കടത്തിവന്ന കാസര്‍കോട്ടുകാരനായ യുവാവ് ലോറി സഹിതം എക്സൈസ് കസ്റ്റഡിയില്‍. 49 കാരനായ മൂസക്കുഞ്ഞിയാണു കണ്ണൂരില്‍ പിടിയിലായത്.
◾പാലക്കാട് ചെര്‍പ്പുളശ്ശേരിക്കടുത്ത വെള്ളിനേഴിയില്‍ പേവിഷബാധയേറ്റ് സ്ത്രീ മരിച്ചു. എര്‍ളയത്ത് ലതയാണ് ( 53) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വീട്ടില്‍ സ്ഥിരം എത്തുന്ന തെരുവ് നായ ലതയുടെ മൂക്കില്‍ കടിച്ചിരുന്നു.
◾പത്തനംതിട്ട പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്കു പേവിഷ ബാധ. വെള്ളിയാഴ്ച രാവിലെ പാല്‍ വിതരണത്തിന് പോയ പൂഴിക്കാട് സ്വദേശി ശ്രീകലക്കാണ് നായയുടെ കടിയേറ്റത്. നായ സമീപ പ്രദേശത്തുള്ള നിരവധി തെരുവു നായ്ക്കളെയും കടിച്ചിരുന്നു.
◾വയനാട് വൈത്തിരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. വൈത്തിരി കണ്ണാടിച്ചോല സ്വദേശി എസ്. മനോജിനെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്.
◾കണ്ണൂര്‍ പാനൂരില്‍ അച്ഛന്‍ മകനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജിന്റെ(30) തലയ്ക്കാണ് വെടിയേറ്റത്. അച്ഛന്‍ ഗോപിയെ പാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
◾അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കര്‍മപദ്ധതികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചു. ഹൈദരാബാദില്‍ ചേര്‍ന്ന യോഗം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും ചര്‍ച്ച ചെയ്തു. പാര്‍ട്ടിയില്‍ വിഭാഗീയത മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പ് ഊട്ടിയുറപ്പിക്കണമെന്നും നിര്‍ദേശം നല്‍കി.
◾സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളുമായി തെലുങ്കാനയില്‍ കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയിലെ തുക്കുഗുഡയില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും മുതിര്‍ന്ന നേതാവുമായ സോണിയാ ഗാന്ധിയാണ് വാഗ്ദാനങ്ങള്‍ നല്‍കിയത്. സംസ്ഥാനത്തെ ടി.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, കര്‍ഷകര്‍ക്കും പാട്ട കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 15,000 രൂപ, കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളും സോണിയാ ഗാന്ധി നല്‍കി.
◾സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു തുടക്കമിട്ടത് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. രണ്ടായിരം വര്‍ഷം നീണ്ട ജാതി വിവേചന ചൂഷണത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. വിവേചനം നിലനില്‍ക്കുന്നിടത്തോളം സംവരണം തുടരണമെന്നും അദ്ദേഹം പറഞ്ഞെന്നു പവന്‍ ഖേര ചൂണ്ടിക്കാട്ടി.
◾മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സെര്‍തോ താങ്താങ് കോം എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ വെസ്റ്റിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം തലക്കു വെടിയേറ്റ നിലയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തെകില്‍ കണ്ടെത്തുകയായിരുന്നു. അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു സൈനികനെ തട്ടിക്കൊണ്ടുപോയത് ആരെന്ന് വ്യക്തമല്ലെന്നു പോലീസ്.
◾ഒമ്പതു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. പൂനെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
◾കാഷ്മീരിലെ അനന്തനാഗില്‍ ഭീകരരുമായി സൈനിക പോരാട്ടം. ചൊവ്വാഴ്ച ആരംഭിച്ച പോരാട്ടമാണ് ഇപ്പോഴും തുടരുന്നത്. ഇതിനിടെ നാലു സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു.
◾ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ ബന്ധുവായ പ്രതിക്കു വധശിക്ഷ. ഹരിയാനയിലെ കോടതിയാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചത്.
◾ബംഗളൂരുവിലെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡില്‍ 7.83 കോടി രൂപയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. മെഫെഡ്രോണ്‍ ലഹരിമരുന്ന് അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. നാലു മലയാളികളും മൂന്നു വിദേശികളും ഉള്‍പ്പെടെ 14 പേരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
◾സൈനിക സഹകരണം വര്‍ധിപ്പിക്കമെന്നു റഷ്യയും ഉത്തര കൊറിയയും. ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷൈഗുവും ചര്‍ച്ച നടത്തി. കിം ജോങ് ഉന്‍ റഷ്യയിലെ രണ്ട് പോര്‍ വിമാന ഫാക്ടറികള്‍ സന്ദര്‍ശിച്ചു. റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ടു. 'പുതിയ പ്രതാപകാലം' എന്നാണ് പുതിയ നീക്കത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്.
◾പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയെ പൊലീസ് ഓഫീസര്‍ പരിഹസിച്ച സംഭവത്തില്‍ സിയാറ്റില്‍ മേയര്‍ മാപ്പ് പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും അനുശോചനം അറിയിക്കുന്നുവെന്നും സിയാറ്റില്‍ മേയര്‍ ബ്രൂസ് ഹാരേല്‍ പറഞ്ഞു.
◾ഏഷ്യാ കപ്പ് ഫൈനലില്‍ ലങ്കാദഹനം. ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം. ഏഴ് ഓവറില്‍ 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനം ശ്രീലങ്കയെ വെറും 50 റണ്‍സിലൊതുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 6.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. മത്സരത്തിലെ താരമായി മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തപ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായി കുല്‍ദീപ് യാദവിനെ തിരഞ്ഞെടുത്തു.
◾യു.പി.ഐ വഴി ഓഫ്‌ലൈന്‍ പണമിടപാടുകള്‍ നടത്തുന്നതിന് യു.പി.ഐ ലൈറ്റ് എക്സ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് ഇല്ലാതെ പണം അയയ്ക്കാനും സ്വീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് യു.പി.ഐ എക്സ്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ലാത്ത ഭൂഗര്‍ഭ സ്റ്റേഷനുകള്‍, വിദൂര ലൊക്കേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും ഇടപാടുകള്‍ നടത്താന്‍ യു.പി.ഐ ലൈറ്റ് എക്സ് സഹായിക്കും. എന്നാല്‍ യു.പി.ഐ ലൈറ്റ് എക്സ് ഉപയോഗിക്കുമ്പോള്‍ അയക്കുന്നയാളും പണം സ്വീകരിക്കുന്ന മൊബൈലും അടുത്തുണ്ടാവണം. ഇന്റര്‍നെറ്റില്ലാതെ ചെറിയ ഇടപാടുകള്‍ നടത്താന്‍ യു.പിഐ ലൈറ്റ് നേരത്തെ അവതരിപ്പിച്ചിരുന്നു. യു പി ഐ ലൈറ്റ് വഴി ഒരു തവണ 200 രൂപയുടെ ഇടപാട് നടത്താം. ഒരു ദിവസം 4000 രൂപ വരെ ഇടപാടുകള്‍ നടക്കും. ചെറിയ ഇടപാടുകള്‍ക്കാണ് യു.പി.ഐ ലൈറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ യു.പി.ഐ എക്സില്‍ ഇടപാട് പരിധി ഇല്ല. യു.പി.ഐ ഒരു ദിവസത്തില്‍ അനുവദിക്കുന്ന ഇടപാട് പരിധി യു.പി.ഐ ലൈറ്റ് എക്സിനും ബാധകമാണ്. ആഗോള തലത്തില്‍ യു.പി.ഐ ശ്രദ്ധനേടിയതോടെയാണ് യു.പി.ഐ ലൈറ്റ് എക്സ് ആര്‍.ബി.ഐ അവതരിപ്പിച്ചത്.
◾'തീപ്പൊരി ബെന്നി'യിലെ 'കൊടിപാറട്ടെ തെളിമാനത്ത്...' എന്നു തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ മൂര്‍ച്ചയുള്ള വരികള്‍ക്ക് ശ്രീരാജ് സജിയുടെ ചടുലമായ ഈണവും പാട്ടിന്റെ മാറ്റുകൂട്ടുന്നതാണ്. വിപിന്‍ രവീന്ദ്രനും ശ്രീരാഗ് സജിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ 'മിന്നല്‍ മുരളി' ഫെയിം ഫെമിന ജോര്‍ജ്ജാണ് നായികയായെത്തുന്നത്. കുടുംബബന്ധങ്ങള്‍ക്കും സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഈ മാസം 22 -ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. ബെന്നിയുടെ അച്ഛനായ വട്ടക്കുട്ടായില്‍ ചേട്ടായി എന്ന വ്യത്യസ്തമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് മലയാളത്തിലെ മുതിര്‍ന്ന താരം ജഗദീഷാണ്. അച്ഛന്‍ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളയാളാണെങ്കിലും മകന്‍ രാഷ്ട്രീയം തന്നെ എതിര്‍ക്കുന്നയാളാണ്. ഇവരുടെ ഇടയിലെ ഈ വൈരുദ്ധ്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചൊരുക്കിയിരിക്കുന്ന ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രമാണ് 'തീപ്പൊരി ബെന്നി'. ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.
◾പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി 'ടോബി'യുടെ മലയാളം ട്രെയ്‌ലര്‍ റിലീസായി. ജീവിതത്തിലെ സംഗീര്‍ണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കഥാപാത്രങ്ങളുടെ മിന്നിക്കുന്ന പ്രകടനവും വ്യക്തമാണ്. നവാഗതനായ ബാസില്‍ എഎല്‍ ചാലക്കല്‍ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിര്‍വഹിച്ച ആക്ഷന്‍ ഡ്രാമ ചിത്രമാണ് ടോബി. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാങ്ങളില്‍ ലഭിച്ച ചിത്രം മലയാളത്തില്‍ സെപ്റ്റംബര്‍ 22 ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസാകും. രാജ് ബി ഷെട്ടി, സംയുക്ത ഹോര്‍ണാഡ്, ചൈത്ര ജെ ആചാര്‍, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി.
◾ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ കോംപസ് ജനപ്രിയ എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പും പുതിയ വേരിയന്റും മൂന്ന് നിരകളുള്ള മെറിഡിയന്‍ എസ്യുവിയുടെ പ്രത്യേക പതിപ്പും അവതരിപ്പിച്ചു. കോംപസ് എസ്യുവി ഇപ്പോള്‍ 4x2 വേരിയന്റിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടുകൂടിയ ബ്ലാക്ക് ഷാര്‍ക്ക് എഡിഷനുമായും വരും. പുതിയ കോംപസിന്റെ എക്സ് ഷോറൂം വില 20.49 ലക്ഷം രൂപയില്‍ തുടങ്ങി 23.99 ലക്ഷം രൂപ വരെ ഉയരുന്നു. എന്‍ട്രി ലെവല്‍ കോംപസിന്റെ വില ഏകദേശം ഒരു ലക്ഷം രൂപ കുറഞ്ഞു. പുതിയ മെറിഡിയന്‍ ഓവര്‍ലാന്‍ഡ് എഡിഷന്‍ എസ്യുവിക്ക് നിലവില്‍ വില്‍പ്പനയിലുള്ള അതിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളെ അപേക്ഷിച്ച് നിരവധി കോസ്മെറ്റിക് അപ്‌ഡേറ്റുകള്‍ ലഭിക്കും. പുതിയ വേരിയന്റ് മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകളില്‍ വാഗ്ദാനം ചെയ്യും. പുതിയ ജീപ്പ് കോമ്പസ് 2ഡബ്ളിയുഡി റെഡ് ബ്ലാക്ക് എഡിഷന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് വരുന്നത്. എഞ്ചിന് പരമാവധി 168 ബിഎച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാന്‍ സാധിക്കും. പുതിയ വേരിയന്റിന് 16.2 കിമി ഇന്ധനക്ഷമത ലഭിക്കുമെന്ന് ജീപ്പ് പറയുന്നു. വെറും 9.8 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ്യുവിക്ക് കഴിയും.
◾പ്രകൃതിയെ ആശ്രയിച്ചല്ലാതെ മറ്റു ജീവികള്‍ക്കെന്നപോലെ മനുഷ്യനും ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചൂഷകരായിരിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ. ആ ചൂഷണം ആവതും ചുരുക്കാന്‍, നമ്മുടെ ആവശ്യങ്ങളെയും ആര്‍ത്തിയേയും മെരുക്കാനുള്ള അച്ചടക്കം അത്യാവശ്യമായിരിക്കുന്നു എന്ന സന്ദേശം കാട്ടുപനങ്കാക്കയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. 'കാട്ടുപനങ്കാക്ക'. ഡോ. ദീപകുമാര്‍ നാരായണന്‍. ഗ്രീന്‍ ബുക്സ്. വില 360 രൂപ.
◾നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം, സോഡിയം, മിനറല്‍സ്, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ് ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. തലച്ചോറിന്റെ ആരോഗ്യത്തിന് ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ് എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ന്യൂട്രിയന്റ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചീസ് കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്ന് പറയുന്നത്. പോഷകങ്ങളുടെ കലവറയാണ് ചീസ്. കാത്സ്യം, ഫാറ്റ്, പ്രോട്ടീന്‍, സോഡിയം, ഫോസ്ഫേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, ബി12 തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. അതിനാല്‍ ചീസ് കഴിക്കുന്നത് ഇത്തരം പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും. കാത്സ്യത്തിന്റെ മികച്ച സ്രോതസാണ് ചീസ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. അതിനാല്‍ കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ ചീസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്. ധാരാളം കലോറി അടങ്ങിയിരിക്കുന്നതിനാല്‍ ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചീസ്. എന്നാല്‍ കൊഴുപ്പും ഉപ്പും ചീസില്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ മാത്രം ചീസ് കഴിക്കുന്നതായിരിക്കും ഉത്തമം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചീസ്. പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചീസില്‍ ഗ്ലൈസേമിക് ഇന്‍ഡെക്‌സ് നില കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. പ്രകൃതിദത്ത കൊഴുപ്പിന്റെ മികച്ച സ്രോതസായ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.