*_പ്രഭാത വാർത്തകൾ_*```2023 | സെപ്റ്റംബർ 17 | ഞായർ |

◾കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിലും പ്രളയത്തിലുമായി മരിച്ചവരുടെ എണ്ണം 11,000 കടന്നു. മരണസംഖ്യ 20,000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം പതിനായിരമാണ്. തുറമുഖ നഗരമായ ഡെര്‍ണ തകര്‍ന്നടിഞ്ഞു. നഗരത്തിനു മുകളിലുള്ള പര്‍വ്വതങ്ങളിലെ അണക്കെട്ടുകള്‍ തകര്‍ന്നതോടെയാണ് നഗരംതന്നെ ഒലിച്ചുപോയത്.

◾കേരളത്തില്‍ പോലീസ് സേവനത്തിനു ഫീസ് ചുമത്തി. പോലീസ് സ്റ്റേഷനില്‍നിന്ന് ജനറല്‍ ഡയറി, എഫ്ഐആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ ലഭിക്കാന്‍ 50 രൂപ ഫീസ് ഏര്‍പ്പെടുത്തി. പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജാഥ നടത്താന്‍ അപേക്ഷാ ഫീസ് രണ്ടായിരം രൂപയും സബ് ഡിവിഷന്‍ പരിധിയില്‍ നാലായിരം രൂപയും ജില്ലാ തലത്തില്‍ പതിനായിരം രൂപയും ഫീസായി ഈടാക്കും. സിനിമാ ഷൂട്ടിംഗിനും മറ്റും പോലീസ് നായക്ക് ഒരു ദിവസം 7,280 രൂപ. സ്വകാര്യ ആവശ്യത്തിനു ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന സിഐക്ക് നാലു മണിക്കൂറിന് 3,340രൂപയാണു ഫീസ് ഈടാക്കുക. അടുത്ത മാസം മുതല്‍ നിരക്കുകള്‍ പ്രാബല്യത്തിലാകും.

◾നിപ പ്രതിരോധത്തിന്റെ ഭാഗമായി പിഎസ് സി, കാലിക്കട്ട് യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നാളെ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി നാളെ മുതല്‍ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

◾നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ അധ്യയനം അനിശ്ചിത കാലത്തേക്ക് ഓണ്‍ലൈനിലേക്കു മാറ്റിയെന്ന ഉത്തരവ് തിരുത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ 23 ശനിയാഴ്ച വരെയെന്നാണു തിരുത്തിയത്.

◾നിപ നിയന്ത്രണവിധേയമെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പുതിയ പോസിറ്റീവ് കേസുകളില്ല. സമ്പര്‍ക്ക പട്ടികയില്‍ 1,177 പേരുണ്ട്. ഇവരില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപ ബാധിച്ചു ചികില്‍സയിലുള്ള രണ്ടു പേരുടേയും നില മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  

◾മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചുള്ള ചോദ്യത്തിന് 'അതു നിങ്ങള്‍ കൊണ്ടു നടക്ക്' എന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി മുഖ്യമന്ത്രിക്കു മുന്നിലെത്തിയത്.

◾മിത്ത് വിവാദത്തില്‍ സ്പീക്കര്‍ ഷംസീറിനെതിരെ പരാതി നല്‍കിയിട്ടും കേരള പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. സനാതന ധര്‍മ്മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ തമിഴ്നാട് പൊലീസിനെതിരെയും ഹര്‍ജിയില്‍ നടപടി ആവശ്യപ്പെടുന്നുണ്ട്. പികെഡി നമ്പ്യാരാണ് ഹര്‍ജി നല്‍കിയത്.

◾സോളാര്‍ തട്ടിപ്പുകാരി എഴുതിയ കത്ത് മാറ്റിയെഴുതിയതിനു പിന്നില്‍ ടിപിയെ കൊന്ന അതേ മുഖമാണെന്നു ഷിബു ബേബി ജോണ്‍. ഒരു പാര്‍ട്ടി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതിന്റെ ഉപാധിയാണ് സോളാര്‍ ഗൂഢാലോചനയിലെ പുതിയ കത്ത്. പരാതിക്കാരിക്കു പണം നല്‍കിയത് ആരാണെന്നും ഗൂഡാലോചന നടത്തിയവരേയും കണ്ടെത്തണം. അച്ഛനും മകനുമല്ല പണം നല്‍കിയതെന്നും ഷിബു പറഞ്ഞു.  

◾കൈക്കൂലി പണവുമായി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍. മലപ്പുറം തിരൂരങ്ങാടിയില്‍ ജോയിന്റ് ആര്‍ടിഒയുടെ ചുമതല വഹിക്കുന്ന തിരൂരങ്ങാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുല്‍ഫിക്കറാണ് അറസ്റ്റിലായത്. ഇയാളുടെ കാറില്‍നിന്ന് 39,200 രൂപ കണ്ടെടുത്തു.

◾ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി രാജിവച്ചു. സേവനകാലാവധി രണ്ടാഴ്ചത്തേക്കു മാത്രമായി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനു പിറകേയാണ് ഒഴിയുകയാണെന്ന് അറിയിച്ചത്.

◾സോളാര്‍ കേസ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലൈംഗികാരോപണ കേസെടുക്കാന്‍ ഗൂഢാലോചന നടത്തിയത് അന്വേഷിക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

◾സംസ്ഥാനത്തു മഴ തുടരും. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.. ഇടുക്കി, മലപ്പുറം കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

◾മച്ചി പശുക്കളെ തൊഴുത്തു മാറ്റിക്കെട്ടുന്നതു പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ മന്ത്രിസഭയില്ല. എല്ലാം പിണറായി വിജയനും മരുമകന്‍ മന്ത്രിയുമാണ് തീരുമാനിക്കുന്നത്. തൃശൂരില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾എറണാകുളം മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനുമായ പ്രൊഫ: സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു. 80 വയസായിരുന്നു. സംവിധായകന്‍ അമല്‍ നീരദിന്റെ അച്ഛനാണ്. കൊമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്.

◾സൈബര്‍ അധിക്ഷേപത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ പൊലീസ് ഡിജിപിക്കു പരാതി നല്‍കി . പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

◾പോലീസുകാരന്റെ വീട്ടില്‍നിന്നും എട്ടു ലിറ്റര്‍ വാറ്റു ചാരായവും 35 ലിറ്റര്‍ വാഷും എക്സൈസ് പിടികൂടി. എറണാകുളം ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് ജോയ് ആന്റണിയുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ നിന്നാണ് മദ്യം കണ്ടെടുത്തത്. പൊലീസുകാരന്‍ ഒളിവിലാണ്.

◾പി.എസ്.സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിനി രശ്മിയാണ് പൊലീസില്‍ കീഴടങ്ങിയത്. ആര്‍. രാജലക്ഷ്മി, വാവ അടൂര്‍ എന്നിവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നാലു ലക്ഷം വീതം വാങ്ങിയാണ് തട്ടിപ്പു സംഘം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയത്.

◾കേരളത്തില്‍ തുടര്‍ പഠനത്തിന് സൗകര്യം വേണമെന്ന അഭ്യര്‍ത്ഥനയുമായി മണിപ്പൂരിലെ കുകി വിഭാഗത്തിലെ 67 വിദ്യാര്‍ത്ഥിനികള്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. സിപിഐ നേതാവ് ആനി രാജയുടെ നേതൃത്ത്വത്തിലാണ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നിവേദനം നല്‍കിയത്. പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

◾അടിമാലിയില്‍ വിനോദ സഞ്ചാരികളില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഹൈവെ പെട്രോളിംഗ് സംഘത്തിലെ എസ്ഐ ഷിബി ടി ജോസഫ്, പോലീസുകാരന്‍ സുധീഷ് മോഹന്‍, ഡ്രൈവര്‍ പി സി സോബിന്‍ ടി സോജന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വാഹനത്തില്‍നിന്ന് കഞ്ചാവ് ബീഡി കണ്ടെടുത്ത കേസ് ഒതുത്തീര്‍ക്കാനാണു കൈക്കൂലി ആവശ്യപ്പെട്ടത്. പണമില്ലാത്തതിനാല്‍ കൈയിലുണ്ടായിരുന്ന ടാബ് വില്‍ക്കാന്‍ ശ്രമിച്ചിരുന്നു.

◾രണ്ടു വര്‍ഷം മുന്‍പ് കൊച്ചിയില്‍നിന്നു കാണാതായ തേവര സ്വദേശി ജെഫ് ജോണ്‍ ലൂയിസ് ഗോവയില്‍ മരിച്ചത് ബിസിനസ് പങ്കാളികള്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. കോട്ടയം സ്വദേശികളായ അനില്‍ ചാക്കോ, സ്റ്റെഫിന്‍ എന്നിവരേയും വയനാട് സ്വദേശി വിഷ്ണുവിനേയും അറസ്റ്റു ചെയ്തു. ബിസിനസില്‍ ഇവര്‍ക്കിടയിലുണ്ടായ സമ്പത്തിക തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസ് പറയുന്നത്.

◾നടി അനുശ്രീ സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്. ഇടുക്കി മുള്ളരികുടിയില്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാക്കളെ നടിയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും ചാനല്‍ ഫാഷന്‍ മോഡലുമായ ഷിയാസ് കരീമിനെതിരേ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നല്‍കിയ പരാതിയില്‍ ചന്തേര പോലീസാണ് കേസെടുത്തത്.

◾വായ്പ വാഗ്ദാനം ചെയ്ത് വനിതാ ഗ്രൂപ്പുകളില്‍നിന്ന് പണം തട്ടിയ തമിഴ്നാട് സ്വദേശി പിടിയില്‍. തിരുനെല്‍വേലി നങ്ങുനേരി നാരായണസ്വാമി കോവില്‍ സ്ട്രീറ്റ് സ്വദേശി യോഗുപതി (29) ആണ് അറസ്റ്റിലായത്. വനിതകളുടെ മൂന്നു ഗ്രൂപ്പുകളിലെ 24 പേരില്‍നിന്നാണ് ഇയാള്‍ പണം തട്ടിയത്.

◾മീന്‍ ലോറിയില്‍നിന്ന് 29 കിലോ കഞ്ചാവ് പിടികൂടി. മലപ്പുറം ചെമ്മങ്കടവ് പെരുവന്‍ കുഴിയില്‍ നിസാര്‍ ബാബു (36) നല്ലളം സ്വദേശി അരീക്കാട് സഫ മന്‍സില്‍ മുഹമദ് ഫര്‍സാദ് (21) എന്നിവരെ അറസ്റ്റു ചെയ്തു. കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തുനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

◾പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയതിനു മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബൈയില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹം ദുബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിലെ വീഴ്ചയ്ക്കാണു മാപ്പു ചോദിച്ച് കത്തു നല്‍കിയത്.

◾മദ്രസാ അധ്യാപകന്‍ രണ്ടാമതും പോക്സോ കേസില്‍ പിടിയില്‍. കൂറ്റനാട് തെക്കേ വാവനൂര്‍ സ്വദേശി കുന്നുംപാറ വളപ്പില്‍ മുഹമ്മദ് ഫസല്‍ എന്ന 23 കാരനാണ് അറസ്റ്റിലായത്. കറുകപുത്തൂരിലെ മത പഠനശാലയിലെ 14 വയസുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73 ാം ജന്മദിനമായ ഇന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 'ആയുഷ്മാന്‍ ഭവ' ക്യാമ്പയിന്‍ ആരംഭിക്കും. 'ഒരാളും പിന്തള്ളപ്പെടരുത്, ഒരു ഗ്രാമവും പിറകിലാകരുത്' എന്നതാണ് ആയുഷ്മാന്‍ ഭവ പ്രചാരണത്തിന്റെ ലക്ഷ്യം.

◾തമിഴ്നാട്ടിലെയും തെലങ്കാനയിലേയും വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 60 ലക്ഷം രൂപയും, 18,200 ഡോളറും കണ്ടെടുത്തു. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അറബിക്, പ്രാദേശിക ഭാഷകളില്‍ തീവ്രവാദ ആശയങ്ങളുള്ള പുസ്തകങ്ങളും കണ്ടെടുത്തെന്ന് എന്‍ഐഎ അറിയിച്ചു.

◾വന്ദേഭാരത് ട്രെയിനുകള്‍ക്കു സ്ലീപ്പര്‍ കോച്ചുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കുന്നു. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) ജനറല്‍ മാനേജര്‍ ബിജി മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ കോച്ച് ഈ സാമ്പത്തിക വര്‍ഷംതന്നെ പുറത്തിറക്കും. ആദ്യ ട്രെയിന്‍ 2024 മാര്‍ച്ചില്‍ ഓടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

◾ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുപിഎ എന്ന പേരു പറയാന്‍ നാണക്കേടായതിനാലാണ് പ്രതിപക്ഷം പേരു മാറ്റിയത്. 12 ലക്ഷം കോടിയുടെ അഴിമതിയാണ് അവര്‍ നടത്തിയതെന്നും അമിത് ഷാ ആരോപിച്ചു.

◾ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ്. ഈ നിയമനിര്‍മാണത്തിനായി അഞ്ചു നിയമങ്ങളെങ്കിലും മാറ്റേണ്ടിവരും. നിയമം പാസാക്കാനുള്ള അംഗബലം ബിജെപിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. സനാതന ധര്‍മ വിവാദത്തില്‍ എല്ലാ മതങ്ങള്‍ക്കും ഒരേ ബഹുമാനം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രണ്ടാം ഭാരത് ജോഡോ യാത്ര നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

◾ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ശനിയാഴ്ച. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം കഴിഞ്ഞശേഷമാണ് യോഗം. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തുവിട്ടിരുന്നു. വിവാദ നിയമങ്ങള്‍ അജണ്ടയില്‍ ഇല്ല.

◾ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളെയും പരിഗണിക്കണമെന്ന് സിപിഐ. ബിജെപിയെ തോല്‍പിക്കുകയെന്നതാണ് ആദ്യ ലക്ഷ്യമെന്നും സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

◾മണിപ്പൂരിലെ സ്ഥിതി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആര്‍എസ്എസ്. സംസ്ഥാനത്ത് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാണ്. ആര്‍എസ്എസ് ജോയിന്‍ ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

◾ഇന്ത്യയുടെ പേരുമാറ്റ നീക്കത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടെന്ന് ഡിഎംകെ. ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് തീരുമാനം. ഭരണഘടനയുടെ ഭാഗമായ ഭാരത് എന്ന പേരിനെ എതിര്‍ത്താല്‍ ഭരണഘടനവിരുദ്ധരെന്നും ദേശവിരുദ്ധരെന്നും ബിജെപി സര്‍ക്കാര്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ എതിര്‍ക്കണമെന്നാണു തീരുമാനം.

◾അയ്യായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിക്കപ്പെട്ട മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ് തട്ടിപ്പു കേസിലെ പ്രതികളായ സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പല്‍ എന്നിവരുടെ വിരുന്നില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ടൈഗര്‍ ഷ്റോഫ്, സണ്ണി ലിയോണ്‍, നേഹ കക്കര്‍ എന്നിവര്‍ അടക്കമുള്ളവര്‍ സൗരഭ് ചന്ദ്രാകറിന്റെ കഴിഞ്ഞ വര്‍ഷം നടന്ന വിവാഹ വിരുന്നില്‍ പങ്കെടുത്തെന്നാണു റിപ്പോര്‍ട്ട്. 200 കോടി രൂപ മുടക്കിയാണ് ആഡംബര പാര്‍ട്ടി നടത്തിയത്. സൗരഭ് ചന്ദ്രാകറിന്റെ ഭോപ്പാല്‍, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 417 കോടി രൂപയുടെ സ്വത്തുക്കള്‍ കഴിഞ്ഞയാഴ്ച ഇഡി കണ്ടുകെട്ടിയിരുന്നു.

◾ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനല്‍ ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. അതേസമയം മത്സരം മഴ മുടക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് മത്സരം മുടങ്ങിയാലും റിസര്‍വ് ദിനമായ നാളെ മത്സരം നിര്‍ത്തിയ ഇടത്തു നിന്ന് പുനരാരാംഭിക്കും.

◾രാജ്യത്തെ ചരക്ക് വ്യാപാരക്കമ്മി ആഗസ്റ്റില്‍ 24.16 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചരക്ക് കയറ്റുമതിയില്‍ കഴിഞ്ഞ മാസം കുറവുണ്ടായി. വികസിത രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യമാണ് കയറ്റുമതിയില്‍ ഇടിവുണ്ടാകാനുള്ള കാരണമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ചരക്ക് വ്യാപാരക്കമ്മി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 2486 കോടി ഡോളറായിരുന്നു. 2.8ശതമാനം കുറവാണ് ചരക്ക് വ്യാപാര കമ്മിയിലുണ്ടായത്. രാജ്യത്തെ ചരക്ക് കയറ്റുമതി മുന്‍ വര്‍ഷം ആഗസ്റ്റില്‍ 3702 കോടി ഡോളറായിരുന്നത് കഴിഞ്ഞ മാസം 3448 കോടി ഡോളറായാണ് കുറഞ്ഞത്. അതേസമയം ഇറക്കുമതി ആഗസ്റ്റില്‍ 5864 കോടി ഡോളറാണ്. എന്നാല്‍ ഇക്കഴിഞ്ഞ ജൂലായില്‍ ചരക്ക് കയറ്റുമതി 3225 കോടി ഡോളറും ഇറക്കുമതി 5292 കോടി ഡോളറുമായിരുന്നു. യു.എസിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലെ 35.15 ബില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ മാസം 3155 കോടി ഡോളറായി കുറഞ്ഞു. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ ആഗസ്റ്റില്‍ 40ശതമാനം വര്‍ദ്ധനവുണ്ടായി. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി 26.29 ശതമാനം വര്‍ദ്ധിച്ചു. എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 7.73ശതമാനമാണ് വളര്‍ച്ച. മരുന്നുകള്‍, ഫാര്‍മ, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി മെച്ചപ്പെട്ടു. ഇന്ത്യയുടെ വിദേശ വ്യാപാരം 80,000 ബില്യണ്‍ ഡോളര്‍ കടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പെട്രോളിയം ഇറക്കുമതിയില്‍ കഴിഞ്ഞമാസം കുറവുണ്ടായി.

◾സംവിധായകന്‍ കമലിന്റെ 'വിവേകാനന്ദന്‍ വൈറലാണ്' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥ്വിരാജ്, നിവിന്‍ പോളി, മംമ്ത മോഹന്‍ദാസ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്ന പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് നായകന്‍. ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഷൈനിനോടൊപ്പം ഗ്രേസ് ആന്റണിയും സ്വാസികയും ചേര്‍ന്ന് നില്‍ക്കുന്ന ഒരു സ്റ്റില്ലാണ് പ്രേക്ഷകര്‍ക്ക് കാണുവാന്‍ സാധിക്കുന്നത്. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.

◾കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വേള്‍ഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യന്‍ സിനിമാ ലോകത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാന്‍ കേരളത്തിലും തമിഴ്നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കില്‍ ഫാത്തിമ. മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

◾2023 ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക സ്‌പോണ്‍സര്‍ സ്ഥാനം സ്വന്തമാക്കി നിസാന്‍. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് നിസാന്‍ ഐസിസിയുമായുള്ള സഹകരണം തുടരുന്നത്. ക്രിക്കറ്റ് ആവേശത്തിനൊപ്പം ആര്‍പ്പുവിളിക്കാന്‍ നിസാന്‍ മാഗ്‌നൈറ്റ് കുറോയുടെ പ്രത്യേക എഡിഷനും പുറത്തിറക്കും. പുതിയ വാഹനത്തിന്റെ ബുക്കിങ്ങും തുടങ്ങി. ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് നടക്കുക. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ നിസാന്‍ വാഹനങ്ങള്‍ ഉണ്ടാകും. ലോകകപ്പ് ട്രോഫിയുമായി പ്രധാന നഗരങ്ങളില്‍ പര്യടനം നടത്താനും നിസാന്‍ തീരുമാനിച്ചിട്ടുണ്ട്. പര്യടനത്തിനിടെ ആരാധകര്‍ക്ക് ട്രോഫിയുമായി 360 ഡിഗ്രി ചിത്രമെടുക്കാം. സെല്‍ഫിയെടുത്ത് പങ്കുവെക്കുന്ന ഭാഗ്യശാലികള്‍ക്ക് മത്സരത്തിന്റെ ടിക്കറ്റ് ലഭിക്കും. നിസാന്‍ മാഗ്നൈറ്റിന്റെ എല്ലാ പതിപ്പുകളുടേയും സുരക്ഷാ സൗകര്യങ്ങളും കമ്പനി വര്‍ധിപ്പിച്ചു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം എന്നിവയായിരിക്കും ലഭ്യമാവുന്ന സുരക്ഷാ സൗകര്യങ്ങള്‍. ഇതിനു പുറമേ മുതിര്‍ന്ന യാത്രികര്‍ക്ക് നിസാന്‍ മാഗ്നൈറ്റിന് 4 സ്റ്റാര്‍ സുരക്ഷാ റേറ്റിങും ലഭിച്ചിട്ടുണ്ട്.

◾ജനാതിപത്യ രാഷ്ട്രീയത്തിന്റെ ശരിയായ ഉള്ളടക്കം ജനകീയതയാണെന്ന് സ്വന്തം പ്രവര്‍ത്തന ശൈലിയുടെ വ്യക്തമാക്കിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. ലാളിത്യവും വിനയവും ജനസമ്പര്‍ക്കവുമാണ് അദ്ദേഹത്തിന്റെ ജനകീയത പതിന്മടങ്ങ് വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ജീവിതവും സ്വഭാവസവിശേഷതകളും സേവനങ്ങളും ലളിതമായും സമഗ്രമായും ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. 'രാജര്‍ഷിയായ ഉമ്മന്‍ചാണ്ടി'. ഡോ. എം ആര്‍ തമ്പാന്‍. സദ്ഭാവന ട്രസ്റ്റ്. വില 300 രൂപ.

◾പോഷകങ്ങളുടെ കലവറയാണ് ഗ്രീന്‍പീസ്. അതുകൊണ്ടാണ് ഗ്രീന്‍പീസ് ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി തോന്നുന്നതും വയറ് നിറഞ്ഞതായി അനുഭവപ്പെടുന്നതും. പോഷകങ്ങള്‍ക്കൊപ്പം നാരുകളാല്‍ സമ്പന്നമാണെന്നതും ഗ്രീന്‍പീസിന്റെ സവിശേഷതയാണ്. ഇത് വിശപ്പിനെ പിടിച്ചുനിര്‍ത്താന്‍ മാത്രമല്ല ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാന്‍ ഗ്രീന്‍പീസ് വലിയ പങ്കുവഹിക്കും. ഗ്രീന്‍പീസ് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്നൊരു വര്‍ദ്ധനവുണ്ടാക്കില്ല എന്നതുകൊണ്ടാണത്. അതുമാത്രമല്ല ഇവയിലെ ഫൈബര്‍ ഘടകം കാര്‍ബോഹൈഡ്രേറ്റിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കാനും സഹായിക്കും. ഹൃദയാരോഗ്യത്തിന് ആവശ്യമായ ധാതുക്കളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍പീസ്. രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിലനിര്‍ത്തുന്നതിന് ഇവ പ്രധാനമാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകമാണ്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. പല തരത്തിലുള്ള വിറ്റാമിനുകള്‍ അതായത് എ, ബി, സി, ഇ, കെ തുടങ്ങിയവ ഇതില്‍ കാണപ്പെടുന്നു. ഇതുകൂടാതെ സിങ്ക്, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാലും ഇത് സമ്പന്നമാണ്. പലതരം ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പയറില്‍ കാണപ്പെടുന്നു. ഇത് കാന്‍സറിനെ ചെറുക്കുന്നതില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ ഉപയോഗപ്രദമാണ്. ഗ്രീന്‍ പീസ് കഴിക്കുന്നതിലൂടെ ചീരയില്‍ നിന്നോ അല്ലെങ്കില്‍ പാലക്കില്‍നിന്നോ ലഭിക്കുന്നതിനും കൂടുതല് പ്രോട്ടീന് ലഭിക്കും. ഇത് കഴിച്ചാല്‍ മതി വയറ്റിലെ കൊഴുപ്പ് വെള്ളം പോലെ ഒഴുകും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ധാരാളം നാരുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നു. ഇത് മലബന്ധം ഒഴിവാക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
അവരുടെ കുഞ്ഞ് അന്ധയായിരുന്നു. അടുത്തുളള പാര്‍ക്കിലേക്ക് കളിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഒരു സ്ത്രീയും അവരുടെ മൂന്ന് കുഞ്ഞുങ്ങളും ഇവരെ നോക്കി ചിരിക്കാന്‍ തുടങ്ങി. തന്റെ കുഞ്ഞിനെ നോക്കിയാണ് അവര്‍ ചിരിക്കുന്നതെന്ന് മനസ്സിലാക്കിയ അവര്‍ക്ക് സങ്കടമായി. ഒരു ദിവസം കുഞ്ഞിനെ കൂട്ടാതെ അവര്‍ തനിയെ പാര്‍ക്കില്‍ വന്നപ്പോഴും ആ അമ്മയുടെ മൂന്ന് കുഞ്ഞുങ്ങളും അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് ദേഷ്യം വന്നു. അവര്‍ ആ സ്ത്രീയോട് കയര്‍ത്തു. എന്റെ കുഞ്ഞ് അന്ധയായത് അവളുടെ കുഴപ്പം കൊണ്ടല്ല. പിന്നെന്തിനാണ് നിങ്ങള്‍ എന്റെ കുഞ്ഞിനെ കളിയാക്കുന്നത്. അപ്പോഴാ സ്ത്രീ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ കളിയാക്കിയതല്ല. എന്റെയീ മൂന്ന് കുഞ്ഞുങ്ങളും അന്ധരാണ്. ഞാന്‍ പറയുന്ന തമാശകള്‍ കേട്ട് അവര്‍ ചിരിക്കുന്നതാണ്. ചില അനുമാനങ്ങളും കണക്കുകൂട്ടലുകളും ശരിയിലേക്ക് നയിക്കാമെങ്കിലും പ്രായോഗിക ജീവിതത്തില്‍ അവ അനോരോഗ്യകരവും അപകടകരവുമാകാം. സ്വന്തം സാഹചര്യങ്ങള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍ നിന്നാണ് ഓരോരുത്തരും തങ്ങളുടെ ധാരണകള്‍ രൂപീകരിക്കുന്നത്. അപരന്റെ ചെയ്തികളെ വിലയിരുത്തുന്നു എന്നതാണ് അനുമാനങ്ങളിലെ പിഴവ്. എല്ലാവര്‍ക്കും അവരവരുടേതായ ജീവിതമുണ്ട്. അതിന്റെ മനോഹാരിതയോ പോരായ്മയോ പുറമേ നില്‍ക്കുന്ന ഒരാള്‍ക്കും മനസ്സിലാകില്ല. ജീവിതം ചലിക്കേണ്ടത് ആളുകളുടെ പ്രതികരണങ്ങള്‍ നോക്കിയല്ല. സ്വന്തം അഭിലാഷങ്ങള്‍ക്കനുസരിച്ചാണ്. നമുക്ക് നമ്മുടെ ലക്ഷ്യങ്ങളുമായി നമുക്ക് മുന്നോട്ട് പോകാം.. ഉണര്‍വേകുന്നവരെ ചേര്‍ത്തുനിര്‍ത്തിയും തളര്‍ത്തുന്നവരെ അകറ്റിനിര്‍ത്തിയും നമുക്ക് നമ്മുടെ ഓട്ടം ഓടിത്തീര്‍ക്കാം - *ശുഭദിനം.*