◾നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ പത്തു ദിവസത്തേക്ക് എല്ലാ പൊതുപരിപാടികള്‍ക്കും നിയന്ത്രണം. വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ എന്നിവയെല്ലാം ചടങ്ങുമാത്രമാക്കണം. കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളേയും അവധി. കലാസാംസ്‌കാരിക കായിക പരിപാടികള്‍ മാറ്റിവയ്ക്കണം. ചടങ്ങുകള്‍ക്കു പോലീസ് സ്റ്റേഷനില്‍നിന്ന് അനുമതി വാങ്ങണം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും 11 പഞ്ചായത്തുകളില്‍ റോഡുകള്‍ അടച്ച് യാത്രവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരുവളളൂര്‍, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ നാലു പഞ്ചായത്തുകളിലെ 11 വാര്‍ഡുകള്‍ കൂടിയാണു പുതുതായി കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.
◾കുറ്റകൃത്യ റിപ്പോര്‍ട്ടിംഗിന് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംസ്ഥാന ഡി ജി പിമാരും ദേശീയ മനുഷ്യവകാശ കമ്മീഷനും മറ്റുകക്ഷികളും ഒരു മാസത്തിനകം സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ നല്‍കണം. ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകണം നിയന്ത്രണ ചട്ടങ്ങള്‍ക്കു രൂപം നല്‍കേണ്ടതെന്നും സുപ്രീം കോടതി. തോന്നുംപടിയുള്ള മാധ്യമവിചാരണ വിലക്കണമെന്നും കോടതി.
◾കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. പ്രളയത്തില്‍ പതിനായിരം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെര്‍ന പട്ടണത്തിനരികിലെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായിരിക്കുകയാണ്.
◾2016 മെയ് മുതല്‍ കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള്‍ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സംഭവങ്ങളില്‍ 22 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. 13 ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെടുത്തു. തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്റെ ചോദ്യത്തിനു നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 11 പേരാണു കൊല്ലപ്പെട്ടത്. തുടര്‍ഭരണത്തില്‍ ആറു പേരും. ഒരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മരിച്ചത്.
◾ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികാരോപണ പരാതി സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കാന്‍ പരാതി നല്‍കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സിബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
◾കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയ 706 പേര്‍ സമ്പര്‍ക്കപട്ടികയില്‍. 13 പേര്‍ നിരീക്ഷണത്തില്‍. കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ സ്ഥരീകരിച്ചു. 24 കാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
◾മലപ്പുറം, വയനാട് ജില്ലകളിലും നിപ ജാഗ്രത. മഞ്ചേരിയില്‍ പനിയും അപസ്മാര ലക്ഷണവുമള്ള ഒരാള്‍ നിരീക്ഷണത്തിലാണ്. നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
◾വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളത്തിന്റെ നിവേദനത്തില്‍ യുഡിഎഫ് എംപിമാര്‍ ഒപ്പിടാത്തതിനെച്ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്പോര്. കേന്ദ്രം സംസ്ഥാനത്തിനു പണം നല്‍കാതെ ഞെരുക്കുന്നതിനാലാണ് സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, സത്യാവസ്ഥ പുറത്തറിയിക്കാന്‍ അവസരമൊരുക്കിയതിന് പ്രതിപക്ഷത്തിന് നന്ദിയെന്നായിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലന്റെ മറുപടി.
◾ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സര്‍ക്കാര്‍ വേറെയില്ലന്ന് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരന്റെ തലയില്‍ അധികഭാരം ചുമത്തുകയാണ്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് ചെന്നിത്തലയുടെ വിമര്‍ശനം.
◾പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെയാണെന്നു ജയില്‍ മോചിതനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു 45 ദിവസത്തെ ജയില്‍വാസമെന്ന് അദ്ദേഹം പറഞ്ഞു. ജയിലിനു മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയാണ് ഗ്രോ വാസുവിനെ സ്വീകരിച്ചത്.
◾സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചു. 19 നു ഹാജരാകണമെന്നാണു നിര്‍ദേശം.
◾പി.വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിലെ കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ഹൈക്കോടതി. ഇക്കാര്യം ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്നും വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായ പൂള്‍ അടക്കം പ്രവത്തിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ മാത്രമാണ് അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
◾വിവാഹ മോചന കേസിനു തൊടുപുഴ കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനുമെതിരെ ഭര്‍ത്താവിന്റെ കൈയേറ്റം. കൗണ്‍സില്‍ ഹാളിലാണ് മൂലമറ്റം സ്വദേശി ജുവലിനേയും പിതാവ് തോമസിനേയും ഭര്‍ത്താവ് അനൂപ് കൈയേറ്റം ചെയ്തത്. അനൂപ് ഫയല്‍ ചെയ്ത വിവാഹമോചന അപേക്ഷയില്‍ കൗണ്‍സിലിംഗിന് എത്തിയതായിരുന്നു ജുവലും പിതാവും. കൗണ്‍സിലിംഗില്‍ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ജുവല്‍ നിലപാടെടുത്തതോടെയാണ് മര്‍ദിച്ചത്.
◾സോളാര്‍ കേസില്‍ സി ബി ഐ ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കള്ളം പറഞ്ഞെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഇക്കഴിഞ്ഞ ജൂണ്‍ 19 ന് റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയതാണെന്ന് സുധാകരന്‍ പറഞ്ഞു.
◾സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംപിയുമായ പി കെ ബിജുവിന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ വക്കീല്‍ നോട്ടീസ്. തൃശൂരില എല്‍ഡിഎഫ് സഹകാരി യോഗത്തില്‍ അപകീര്‍ത്തി പ്രസംഗം നടത്തിയെന്നാരോപിച്ചാണ് നോട്ടീസയച്ചത്. ബിജു പരസ്യമായി മാപ്പുപറയുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
◾പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തോടെ യുവാവ് വെട്ടി പരിക്കേല്‍പിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുമ്പാവൂര്‍ രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. പെണ്‍കുട്ടിയ വെട്ടിയ പ്രതി ബേസില്‍ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു.
◾നിരോധിക്കപ്പെട്ട കോളാമ്പി മൈക്കുകള്‍ കൊല്ലം ജില്ലയിലെ ആരാധനാലയങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെ ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നടപടിയെടുത്ത ശേഷം കൊല്ലം ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദേശിച്ചു.
◾വിയ്യൂര്‍ ജയിലിലെ ജയിലറെ ആക്രമിച്ച ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കാപ്പ തടവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയവേ ജയിലറെ മര്‍ദിച്ച കേസില്‍ ആണ് നടപടി. വധക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ആകാശ് ആദ്യ കാപ്പ കാലാവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ മകന്റെ പേരിടല്‍ ചടങ്ങിനിടെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
◾സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്. സിനിമ കഥ പറയാന്‍ എത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.
◾വിനോദ സഞ്ചാരികളായ ദമ്പതികളെ ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ നെറ്റിമേട് സ്വദേശി പി ഗോകുല്‍ (21) നെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ കുമളി സ്വദേശി സലീം (54), ഭാര്യ അനീഷ (46) എന്നിവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾നേര്യമംഗലം വനമേഖലയില്‍ വാളറ വെള്ളച്ചാട്ടത്തിനു സമീപം കാര്‍ കത്തിനശിച്ചു. അടിമാലിയില്‍നിന്നു കോതമംഗലത്തെ ചെറുവട്ടൂരിലേക്കു പോകുമ്പോള്‍ കാര്‍ അമിതമായി ചൂടാകുന്നതു കണ്ട് കാര്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനു പിറകേ കത്തുകയായിരുന്നു. ചെറുവട്ടൂര്‍ നിരപ്പേല്‍ നിസാമുദീന്റെ 2013 മോഡല്‍ ഫോര്‍ഡ് കാറാണ് കത്തിയത്.
◾തിരുവനന്തപുരം പാലോട് പെരിങ്ങമ്മല താന്നിമൂടില്‍ കെട്ടിടത്തിനു മുകളിലിരുന്നു കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ താഴേയ്ക്കു വീണ് യുവാവ് മരിച്ചു. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായ താന്നിമൂട് സ്വദേശി സുഭാഷ് കുമാര്‍ (42) ആണ് മരിച്ചത്. കൂട്ടുകാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
◾ഉജ്ജ്വല സ്‌കീമില്‍ പുതിയ എല്‍പിജി കണക്ഷനുകള്‍ക്കു സബ്സിഡി നല്‍കാന്‍ 1,650 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചു. 75 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കും. ഇതോടെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയാകും.
◾വായ്പാ തുക തിരിച്ചടച്ചശേഷം പണയവസ്തുവിന്റെ രേഖകള്‍ ഉടനേ തിരിച്ചുനല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചുനല്‍കാതിരുന്നാല്‍ ഓരോ ദിവസത്തിനും 5,000 രൂപ നിരക്കില്‍ വായ്പക്കാരന് ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണമെന്നു ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
◾മണിപ്പൂരില്‍ ഇന്നലെ വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. സബ് ഇന്‍സ്പെക്ടറാണു കൊല്ലപ്പെട്ടത്. രണ്ട് സാധരണക്കാര്‍ക്കും പരിക്കേറ്റു.
◾ജമ്മുകാഷ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കു വീരമൃത്യു. ഒരു മേജറും കേണലും ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്റുമാണ് കൊല്ലപ്പെട്ടത്.
◾ഇന്ത്യന്‍ റീറ്റെയ്ല്‍ വ്യവസായം 2019-20 സാമ്പത്തിക വര്‍ഷത്തിലെ 830.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2025-26ഓടെ 1,225 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഇ-കൊമേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ നേറ്റീവ് സമ്മിറ്റിലെ 'ദി ഫ്യൂച്ചര്‍ ഓഫ് ഇ-കൊമേഴ്സ്' റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഭക്ഷണം, പലചരക്ക് സാധനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ മുന്നിട്ടുനില്‍ക്കുന്നതോടെ ഇന്ത്യന്‍ റീറ്റെയ്ല്‍ വ്യവസായം 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 10 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ മെച്ചപ്പെടും. നിലവില്‍ രണ്ടാം നിര നഗരങ്ങളിലെ വില്‍പ്പന ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, സോഷ്യല്‍ മീഡിയ സ്വാധീനം തുടങ്ങിയ കാരണങ്ങളാല്‍ ഇന്ത്യയിലെ ഇ-റീറ്റെയ്ല്‍ വളര്‍ച്ചയുടെ വളരെ മെച്ചപ്പെട്ട നിലയിലാണ് മുന്നോട്ട് പോകുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നിലവില്‍ ഇ-കൊമേഴ്സ് വിഭാഗത്തിലേക്ക് 20 ശതമാനം സംഭാവന ചെയ്യുന്ന 15 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഡി2സി വിഭാഗം 2025-26 സാമ്പത്തിക വര്‍ഷത്തോടെ 45 ശതമാനം സി.എ.ജി.ആറില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ-പലചരക്ക് ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും രാജ്യത്തെ ഡി2സി വിഭാഗത്തിന്റെ വില്‍പ്പന വളര്‍ച്ചയെ നയിക്കുന്നത്. ഇതില്‍ പാക്കേജ്ഡ് ഫുഡ് പോലുള്ള മുന്‍നിര ഉപവിഭാഗങ്ങളും ഫ്രഷ് മീറ്റ് ഡെലിവറി, ക്ലൗഡ് കിച്ചണുകള്‍ എന്നിവ പോലുള്ള ഉയര്‍ന്നുവരുന്നതും പ്രധാനവുമായ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഫാഷന്‍, ലൈഫ്സ്റ്റൈല്‍, സൗന്ദര്യ സംരംക്ഷണം, വ്യക്തിഗത പരിചരണം തുടങ്ങിനയാണ് വില്‍പ്പന വളര്‍ച്ചയില്‍ രണ്ടാമത്തെ വലിയ വിഭാഗം.
◾തികഞ്ഞ കമ്യുണിസ്റ്റായ വട്ടക്കുട്ടായില്‍ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ അടിമുടി എതിര്‍ക്കുന്ന മകന്‍ ബെന്നിയുടേയും കഥ പറയുന്ന 'തീപ്പൊരി ബെന്നി'യുടെ രസികന്‍ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ജഗദീഷും അര്‍ജുന്‍ അശോകനുമാണ് ചിത്രത്തില്‍ അച്ഛനും മകനുമായെത്തുന്നത്. സെപ്റ്റംബര്‍ 22നാണ് സിനിമയുടെ റിലീസ്. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെയും അവരുടെ ജീവിതത്തിലെ തമാശകളുടേയും കഥ പറയുന്ന ചിത്രമൊരുക്കുന്നത് വന്‍വിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായ പൊന്നില എന്ന കഥാപാത്രമായെത്തുന്നത്. ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.
◾ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രം 'ലിയോ' റെക്കോര്‍ഡ് ഫാന്‍സ് ഷോകളിലൂടെ വിസ്മയിപ്പിക്കാന്‍ എത്തുന്നു. റിലീസ് ദിനത്തില്‍ ലിയോയ്ക്ക് 24 മണിക്കൂര്‍ നീളുന്ന മാരത്തോണ്‍ ഫാന്‍സ് ഷോകളാണ് നടക്കുക. വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ്.എ മള്‍ട്ടിപ്ലെക്സിലാണ് മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ബിഗ് റിലീസുകളുടെ ഫാന്‍സ് ഷോകള്‍ പുലര്‍ച്ചെ നാലിനാണ് ആരംഭിക്കാറ്. ലിയോ റിലീസ് ചെയ്യുന്ന ഒക്ടോബര്‍ 19ന് പുലര്‍ച്ചെ 4ന് ആരംഭിച്ച് 7, 11, 2, 6, 9.30, 11.59, ഒക്ടോബര്‍ 20ന് പുലര്‍ച്ചെ 4 എന്നിങ്ങനെയാണ് ഷോകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രം ആക്ഷന്‍- ത്രില്ലര്‍ ജോണറിലായിരിക്കും പുറത്തിറങ്ങുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിജയ്നെ കൂടാതെ തൃഷ, സഞ്ജയ് ദത്ത്, അര്‍ജ്ജുന്‍ സര്‍ജ, പ്രിയ ആനന്ദ്, ഗൌതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ്, സാന്‍ഡി, മിഷ്‌ക്കിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
◾ഓഗസ്റ്റ് മാസവും ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വില്‍പന വളര്‍ച്ചയുടെ പാതയിലാണ്. ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തുകാറുകളില്‍ എട്ടും മാരുതി സുസുക്കി തന്നെ. പാസഞ്ചര്‍ കാര്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 9.8 ശതമാനവും ഈ വര്‍ഷം ജൂലൈയെ അപേക്ഷിച്ച് 2.4 ശതമാനവും വളര്‍ച്ച ലഭിച്ചു. വില്‍പന കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ കാര്‍ വിപണിയിലെ 43.3 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്. മാരുതി സുസുക്കി ജൂലൈയില്‍ 156114 കാറുകള്‍ വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 53830 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 45515 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 37270 കാറുകളുമാണ് വിറ്റത്. അഞ്ചാം സ്ഥാനത്ത് ടൊയോട്ടയാണ് 20970 കാറുകള്‍. ആദ്യ പ്ത്തില്‍ ഇടം പിടിച്ചവയില്‍ ഒന്നാം സ്ഥാനത്ത് 18653 യൂണിറ്റ് വില്‍പനയുമായി മാരുതി സ്വിഫ്റ്റാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് വില്‍പനയില്‍ 65 ശതമാനം വളര്‍ച്ച. രണ്ടാം സ്ഥാനം പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക്. വില്‍പന 18516 യൂണിറ്റ്. മൂന്നാം സ്ഥാനത്ത് മാരുതി ടോള്‍ബോയ് ഹാച്ച്ബാക്ക് വാഗണ്‍ആര്‍, വില്‍പന 15578 എണ്ണം. മാരുതിയുടെ ചെറു എസ്യുവി ബ്രസയാണ് നാലാമത്, 14572 യൂണിറ്റ് വില്‍പന. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 4 ശതമാനമാണ് ഇടിവ്. അഞ്ചാം സ്ഥാനത്ത് ടാറ്റ പഞ്ച്. ആറാം സ്ഥാനത്ത് ഹ്യുണ്ടേയ് എസ്യുവി ക്രേറ്റ. ഏഴാം സ്ഥാനത്ത് മാരുതി സുസുക്കി ഡിസയര്‍. മാരുതി എര്‍ട്ടിഗ എട്ടാം സ്ഥാനത്തും ഫോങ്സ് ഒമ്പതാം സ്ഥാനത്തുമുണ്ട്. പത്താമത് എത്തിയത് മാരുതി ഈക്കോയാണ്.
◾കുളിമുറിയില്‍ കാണപ്പെടുന്ന അജ്ഞാതജഡവും കൊലയ്ക്കു പിന്നിലെ അവ്യക്തമായ പ്രേരണയും ദുരൂഹത സൃഷ്ടിക്കുമ്പോള്‍, ആരാണു കൊലയാളിയെന്ന അന്വേഷണത്തിന് ഉത്തരം കണ്ടെത്തുന്നത് വെല്ലുവിളിയാകുന്നു. ശാസ്ത്രബോധവും സാമൂഹികാന്തരീക്ഷവും നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് ഡൊറോത്തി എല്‍. സായെര്‍സിന്റെ കഥാലോകത്തിന്റെ സവിശേഷത. ലോക കുറ്റാന്വേഷണസാഹിത്യത്തിലെ 'നാല് രാജ്ഞിമാരി'ലൊരാളെന്ന്, അഗതാ ക്രിസ്റ്റിക്കൊപ്പം വിഖ്യാതയായ ഡൊറോത്തി എല്‍. സായെര്‍സിന്റെ നോവല്‍ ആദ്യമായി മലയാളത്തില്‍. 'ആരാണു കൊലയാളി?'. പരിഭാഷ - ദേവി ജെ.എസ്. മാതൃഭൂമി. വില 255 രൂപ.
◾രാത്രിയില്‍ വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും പ്രമേഹരോഗ സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുമെന്ന് പഠനം. അമേരിക്കയിലെ ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചു. ശരിയായ ഉറക്ക ശീലങ്ങള്‍ ഇല്ലാത്തവര്‍ക്ക് പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 63676 നഴ്‌സുമാരില്‍ 2009-2017 കാലയളവിലാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 11 ശതമാനം പേര്‍ തങ്ങള്‍ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേല്‍ക്കുന്നവരുമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 35 ശതമാനം പേര്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന വിഭാഗത്തിലും പെടുന്നു. ശേഷിക്കുന്നവര്‍ തങ്ങള്‍ ഈ രണ്ട് വിഭാഗത്തിലും കൃത്യമായി പെടുന്നവരല്ലെന്നും രണ്ടിന്റെയും ഇടയിലുള്ള സമയമാണ് പാലിക്കാറുള്ളതെന്നും റിപ്പോര്‍ട്ട് ചെയ്തു. വൈകി ഉറങ്ങുന്ന 11 ശതമാനം പേരില്‍ പ്രമേഹ സാധ്യത മറ്റ് രണ്ട് സംഘങ്ങളെ അപേക്ഷിച്ച് 19 ശതമാനം അധികമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ അമിതമായി മദ്യപിക്കാനും പുകവലിക്കാനും നിലവാരം കുറഞ്ഞ ഭക്ഷണം കഴിക്കാനും അലസമായ ജീവിതശൈലി നയിക്കാനും സാധ്യത അധികമാണെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും വെളുത്ത വംശജരായ നഴ്‌സുമാരാണെന്നത് ഗവേഷണത്തിലെ ഒരു പരിമിതയാണ്. മറ്റ് ജനവിഭാഗങ്ങളിലും ഇതേ ട്രെന്‍ഡ് ആവര്‍ത്തിക്കപ്പെടുമോ എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.