*_പ്രഭാത വാർത്തകൾ_*```2023 | സെപ്റ്റംബർ 11 | തിങ്കൾ

◾ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഡാലോചന അടക്കമുള്ള വിഷയങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതിപക്ഷം. പുതുപ്പള്ളിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ രാവിലെ പത്തിനു സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രതികളാക്കുന്നതും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പും പ്രതിപക്ഷം വിഷയമാക്കും.

◾മുംബൈയില്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ക്കും വിമാനവാഹിനികള്‍ക്കും അറ്റകുറ്റപ്പണി നടത്താന്‍ അനുമതി നല്‍കുന്ന കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. രണ്ടാം മാസ്റ്റര്‍ ഷിപ്പ് റിപ്പയര്‍ കരാറനുസരിച്ച് മേഖലയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കും. ആദ്യ കരാര്‍ ജൂലൈയില്‍ നടപ്പാക്കിത്തുടങ്ങി. ഇതനുസരിച്ച് ചെന്നൈ കട്ടുപ്പള്ളിയിലെ എല്‍ആന്‍ഡ് ടി തുറമുഖത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താം. ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് ആദ്യ കരാറില്‍ ഒപ്പുവച്ചത്.

◾ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിക്ക് എത്തിയ ലോകരാഷ്ട്രങ്ങളുടെ മേധാവികളോടാണ് ഈ ആവശ്യം ഉന്നയിച്ചത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയിലും ജനാധിപത്യ രാജ്യമെന്ന നിലയിലും ഇന്ത്യക്ക് സ്ഥിരാംഗത്വത്തിനുള്ള അര്‍ഹതയുണ്ടെന്ന് മോദി പറഞ്ഞു.

◾സോളാര്‍ തട്ടിപ്പുകാരിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരും വേട്ടയാടിയവരും കണക്കു പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന്റെ ആശിര്‍വാദത്തോടെ നടന്ന നീചമായ ഗൂഢാലോചനയാണത്. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഢാലോചനയില്‍നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് സതീശന്‍ പറഞ്ഞു.  

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പികെ ബിജു. തനിക്കെതിരെ തെളിവുണ്ടങ്കില്‍ അനില്‍ മാധ്യമങ്ങള്‍ക്കു കൈമാറണം. എംപിയായിരിക്കെ താന്‍ താമസിച്ച വീടുകളുടെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം ആവശ്യമില്ല. താന്‍ ആരുടേയും പണം വാങ്ങിയിട്ടില്ല. സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ബിജു പറഞ്ഞു.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടു സംബന്ധിച്ച് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ അംഗമായിരുന്നില്ലെന്ന സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ. ബിജുവിന്റെ വാദം തള്ളി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ബിജുവിനെ കമ്മീഷനായി നിയമിച്ച പാര്‍ട്ടി രേഖ അനില്‍ അക്കര പുറത്തുവിട്ടു. പാര്‍ട്ടി ഓഫീസിലുള്ള അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ അരിയങ്ങാടിയില്‍പോലും കിട്ടുമെന്നും അനില്‍ അക്കര പറഞ്ഞു.

◾ആലുവയില്‍ അതിക്രമത്തിനിരയായ എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി പി രാജീവ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. എല്ലാ സഹായവും സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് കുട്ടിയുടെ കുടുംബത്തിന് ഉറപ്പു നല്‍കിയെന്ന് മന്ത്രി അറിയിച്ചു.

◾റേഷന്‍ വ്യാപാരികള്‍ ഇന്നു കടകള്‍ അടച്ചിട്ടു സമരം ചെയ്യും. കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ ആവശ്യപ്പെട്ടാണു സമരം. റേഷന്‍ വിതരണം തടസപ്പെടുത്തിയാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍.

◾പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. രാവിലെ 11 ന് സുധാകരന്‍ ഹാജരാകും. രണ്ടാം തവണയാണ് ഇഡിക്കു മുന്നില്‍ കെ സുധാകരന്‍ ഹാജരാകുന്നത്.

◾പുതുപ്പള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ അനുഗ്രഹം തേടി കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദര്‍ശിച്ചു. 'തന്റെ കൂടെ നിയമസഭയില്‍ വന്ന ഉമ്മന്‍ചാണ്ടി ഇന്നില്ല. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മനാണെ'ന്ന് എകെ ആന്റണി പറഞ്ഞു. തിരുവനന്തപുരത്തെ എകെ ആന്റണിയുടെ വീട്ടില്‍ സന്ദര്‍ശിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.

◾തൃശൂര്‍ മൃഗശാലയില്‍നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പക്ഷി മൃഗാദികളെ അടുത്ത മാസം മാറ്റി തുടങ്ങുമെന്ന് മന്ത്രി കെ രാജന്‍. 48 ഇനങ്ങളിലായി 117 പക്ഷികള്‍, 279 സസ്തനികള്‍, 43 ഉരഗ വര്‍ഗ്ഗജീവികള്‍ എന്നിങ്ങനെ 479 പക്ഷി മൃഗാദികളെ മാറ്റാനുള്ള കേന്ദ്ര അനുമതി ലഭിച്ചു. ആദ്യം മയിലിനെ മാറ്റും. തുടര്‍ന്ന് തത്ത വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികള്‍, ജലപക്ഷികള്‍ എന്നിവയെ മാറ്റും. ബോണറ്റ് കുരങ്ങുകളേയും തിരുവനന്തപുരം നെയ്യാറില്‍ നിന്നു ചീങ്കണ്ണികളെയും കൊണ്ടുവരും. നവംബര്‍ മുതല്‍ മാനുകളെ മാറ്റും.

◾പൊലീസ് ബാന്‍ഡ് പരീക്ഷയ്ക്കു വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനത്തിനെതിരെ നെയ്യാറ്റിന്‍കര പൊലിസ് കേസെടുത്തു. നെയ്യാറ്റിന്‍കര ജീവന്‍ മ്യൂസിക് അക്കാദമിയെന്ന സ്ഥാപനത്തിന് എതിരേയാണു കേസ്.

◾കൊച്ചി കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷി(38)നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന് വിശ്വസിപ്പിച്ച് കണ്ടിജന്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

◾സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളും ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ബന്ധത്തെ പരിഹസിച്ചു സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ്ബുക് പോസ്റ്റുകള്‍. ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിനെതിരെയാണ് പോസ്റ്റ്. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ജയിന്‍ രാജിനെതിരെ രംഗത്തെത്തി.

◾താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ പ്രവാസിയുടെ വീട്ടിലെത്തി ലഹരി മാഫിയാ സംഘം ആക്രമിച്ചെന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. ചുടലമുക്ക് കരിങ്ങമണ്ണ സ്വദേശികളായ തേക്കുംതോട്ടം തട്ടൂര്‍ വീട്ടില്‍ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാന്‍ (33), മേലെ കുന്നപ്പള്ളി വീട്ടില്‍ മോന്‍ട്ടി എന്ന മുഹമ്മദ് ഷാഫി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾കോഴിക്കോട് കാപ്പാട്ടെ സവാരിക്ക് ഉപയോഗിച്ചിരുന്ന കുതിര നായയുടെ കടിയേറ്റു ചത്തു. രണ്ടാഴ്ച മുമ്പാണ് കുതിരയ്ക്കു നായയുടെ കടിയേറ്റത്.

◾കൊല്ലം ചിതറയില്‍ ബൈക്ക് കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് ബെക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. 34 വയസുള്ള ചിതറ ഇരപ്പില്‍ സ്വദേശി ബൈജുവാണ് മരിച്ചത്.

◾കര്‍ണാടകത്തില്‍നിന്നു കാറില്‍ കടത്തിക്കൊണ്ടുവന്ന 172.8 ലിറ്റര്‍ മദ്യവുമായി രണ്ടു പേര്‍ മഞ്ചേശ്വരത്ത് പിടിയില്‍. ഹോസ്ദുര്‍ഗ് പെരിയ സ്വദേശി ദാമോദരന്‍, തെക്കില്‍ സ്വദേശി മനോമോഹന്‍ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. 960 ടെട്രാ പാക്കറ്റുകളിലായാണ് മദ്യം ഉണ്ടായിരുന്നത്.

◾മലപ്പുറം വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശില്‍ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.

◾രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുമെന്ന് ബിജെപി എംപി ദിലീപ് ഘോഷ്. പേരുമാറ്റത്തെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യം വിട്ടുപോകാം. കൊല്‍ക്കത്തയിലെ വിദേശികളുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്നും പശ്ചിമ ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

◾കോടതി റിമാന്‍ഡു ചെയ്തതോടെ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയിലിലായി. വിജയവാഡയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണു 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തത്. ഹൈക്കോടതിയെ സമീപിക്കുമെന്നു തെലുങ്കു ദേശം പാര്‍ട്ടി. ആന്ധ്രപ്രദേശില്‍ ഇന്നു ഹര്‍ത്താലിന് തെലുങ്കുദേശം ആഹ്വാനംചെയ്തു.

◾കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചെന്ന അഭ്യൂഹം നിഷേധിച്ച് ബിജെപി മുതിര്‍ന്ന നേതാവും പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗ്. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയോടുമാണ് തനിക്കു പ്രതിബദ്ധതയെന്ന് അമരീന്ദര്‍ പറഞ്ഞു.

◾ബിജെപി വിഷപ്പാമ്പെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ബിജെപിക്ക് ഒളിക്കാനിടമൊരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെ. രണ്ടിനും തമിഴ്നാട്ടില്‍ ഇടം നല്‍കരുതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

◾വൈസ് ചാന്‍സലറായി നിയമിക്കാന്‍ അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും പട്ടികയാണ് ബംഗാള്‍ സര്‍ക്കാര്‍ തന്നതെന്ന് ഗവര്‍ണര്‍ സി വി ആനന്ദബോസ്. ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത കിട്ടാതെ സര്‍ക്കാര്‍ ബില്ലുകളില്‍ ഒപ്പുവയ്ക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

◾അയോധ്യ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നവംബറില്‍ ആരംഭിക്കും. 'മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' എന്നാണ് വിമാനത്താവളത്തിന് പേരിടുന്നത്.

◾ഹൗറയില്‍നിന്ന് ഗ്വാളിയോറിലേക്കുള്ള ചമ്പല്‍ എക്‌സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ പാമ്പാട്ടികള്‍ പാമ്പുകളെ തുറന്നു വിട്ടു. അഞ്ചു പാമ്പുകളെയാണ് ഇവര്‍ തുറന്നു വിട്ടത്. പാമ്പുകളെ പ്രദര്‍ശിപ്പിച്ച് പണം ചോദിച്ചപ്പോള്‍ യാത്രക്കാര്‍ സംഭാവന നല്‍കാത്തതില്‍ പ്രകോപിതരായാണ് പാമ്പുകളെ തുറന്നുവിട്ടത്. യാത്രക്കാര്‍ ബഹളംവച്ചതോടെ പാമ്പാട്ടികള്‍ പാമ്പുകളെ പിടിക്കാതെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെട്ടു.

◾ഡല്‍ഹിയില്‍ 20 വയസുകാരനെ കുത്തികൊന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത എട്ട് അയല്‍വാസികള്‍ അറസ്റ്റില്‍. ദില്‍ഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

◾യുഎസില്‍ വിമാനത്തില്‍ കോക്ക്പിറ്റില്‍ പ്രവേശിച്ച് എക്സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചു പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്തു. ചിക്കാഗോയില്‍നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്തതിനു പിറകേയാണ് ഇയാള്‍ അതിക്രമം നടത്തിയത്.

◾ചൈന ആപ്പിള്‍, ഐഫോണുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആപ്പിളിന്റെ വിപണി മൂലധനത്തില്‍ ഇരുപതിനായിരം കോടി രൂപയുടെ തകര്‍ച്ച. ചൈന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഐഫോണ്‍ വിലക്കിയിരിക്കുകയാണ്.

◾ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം മഴ തടസപ്പെടുത്തി. മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് 3 മണി മുതലാണ് മത്സരം. 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലെത്തിയപ്പോഴാണ് മഴയെത്തിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെ 56 റണ്‍സും ശുഭ്മന്‍ ഗില്ലിന്റെ 58 റണ്‍സുമാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്.

◾അണ്ടര്‍ 16 സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക് . ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്.

◾യു.എസ്. ഓപ്പണ്‍ കിരീടം അമേരിക്കയുടെ കൊക്കോ ഗഫിന്. ഫൈനലില്‍ ബെലറൂസിന്റെ രണ്ടാം സീഡ് ആര്യാന സബലേങ്കയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് 19 കാരിയായ കൊക്കോ ഗഫ് തന്റെ കന്നി ഗ്രാന്‍സ്ലാം കിരീടമുയര്‍ത്തിയത്.

◾ഓഗസ്റ്റ് മാസത്തില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. നാഷണല്‍ ഡെപ്പോസിറ്ററി സര്‍വീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഓഗസ്റ്റില്‍ മാത്രം 31 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. ജൂലൈയില്‍ 29.7 ലക്ഷമായിരുന്നു പുതുതായി തുറന്ന ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം. ഇതോടെ, ആകെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 12.66 കോടിയായി. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം ഉയര്‍ത്തിയത് അക്കൗണ്ടുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായി. ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ച, ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം, സ്വകാര്യ മേഖലയുടെ മൂലധന നിക്ഷേപം തുടങ്ങിയ ഘടകങ്ങള്‍ വിപണിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. പ്രധാന സൂചികകളായ സെന്‍സെക്സും, നിഫ്റ്റിയും ഓഗസ്റ്റില്‍ നേരിയ നഷ്ടം നേരിട്ടെങ്കിലും ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ നഷ്ടം നികത്താന്‍ സഹായിച്ചിട്ടുണ്ട്.

◾ആര്‍ഡിഎക്‌സിനു ശേഷം ഷെയ്ന്‍ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം 'ഖുര്‍ബാനി'യുടെ ടീസര്‍ എത്തി. റൊമാന്റിക്ക് ചിത്രമാകും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നവാഗതനായ ജിയോ വി ആണ് തിരക്കഥയും സംവിധാനവും. ആര്‍ഷ ബൈജു ആണ് നായികയായി എത്തുന്നത്. യഥാര്‍ത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല എന്ന ടാഗ് ലൈനോടെയാണ് ഖുര്‍ബാനിയുടെ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാരുഹാസന്‍, സൗബിന്‍ ഷാഹിര്‍, ഹരിശ്രീ അശോകന്‍, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, മന്‍രാജ്, രാജേഷ് ശര്‍മ്മ, ജെയിംസ് ഏലിയ, അജി, കോട്ടയം പ്രദീപ്, സതി പ്രേംജി, നന്ദിനി, നയന, രാഖി തുടങ്ങി താരനിരയും ചിത്രത്തിലുണ്ട്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് നിര്‍മാണം. സുനോജ് വേലായുധന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.

◾ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ലിയോ'യില്‍ കത്രികവെച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ പാട്ടുകള്‍ക്ക് മാറ്റം വരുത്തണമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിലെ 'നാ റെഡി താ വരവാ' എന്ന ഗാനത്തിലെ പുകവലി രംഗങ്ങളും മദ്യത്തെ പറ്റി പരാമര്‍ശിക്കുന്ന വരികളും മാറ്റണമെന്നാണ് ഉത്തരവ്. ഗാനത്തിലെ വിജയ് പുകവലിക്കുന്ന രംഗങ്ങളുടെ ക്ലോസ് അപ്പ് ഷോട്ടുകള്‍ മാറ്റുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസം മുന്നെയിറങ്ങിയ ഗാനം യൂട്യൂബില്‍ ഇതുവരെ 124 മില്ല്യണ്‍ ആളുകളാണ് കണ്ടിട്ടുള്ളത്. പാട്ടിറങ്ങിയ അന്ന് തന്നെ ഗാനത്തിലെ പുകവലി രംഗങ്ങളും മറ്റും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അത്തരം രംഗങ്ങള്‍ ചിത്രത്തിന്റെ തിരക്കഥ ആവശ്യപ്പെടുന്നത് കൊണ്ടാണ് ഉള്‍പ്പെടുത്തിയത് എന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ നിലപാട്. സി. ബി. എഫ്. സി ഉത്തരവ് വന്നതോടുകൂടി ഇനി എന്തായാലും രംഗങ്ങള്‍ മാറ്റേണ്ടിവരും. ആനൈത്തു മക്കള്‍ കച്ചി പാര്‍ട്ടിയിലെ രാജേശ്വരി പ്രിയ നല്‍കിയ പരാതിയിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. ഉത്തരവിന്റെ പകര്‍പ്പ് എക്സില്‍ അവര്‍ തന്നെ പങ്കുവെച്ചിരുന്നു.

◾ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ അപ്രീലിയ ഏറെ കാത്തിരുന്ന മോട്ടോര്‍സൈക്കിളായ അപ്രീലിയ ആര്‍എസ് 457 പുറത്തിറക്കി. കമ്പനിയുടെ നിരയിലെ അപ്രീലിയ ആര്‍എസ് 660 ന് താഴെയാണ് പുതിയ അപ്രീലിയ ആര്‍എസ് 457 ഫുള്‍ ഫെയര്‍ സ്പോര്‍ട്സ് ബൈക്ക് എത്തുന്നത്. മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കും. ഇന്ത്യന്‍ വിപണിയിലെ ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഓഫറായിരിക്കും അപ്രീലിയ ആര്‍എസ് 457. പുതിയ ആര്‍എസ് 457 ന് നാല് ലക്ഷം മുതല്‍ 4.5 ലക്ഷം രൂപ വരെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. അപ്രീലിയ ആര്‍എസ് 457 ന് 457 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍, ഡോക് എഞ്ചിന്‍ ആണ് കരുത്ത് പകരുന്നത്. ഇത് 47 ബിഎച്ച്പിയില്‍ ട്യൂണ്‍ ചെയ്ത 4-വാല്‍വ് എഞ്ചിനില്‍ നിന്ന് പവര്‍ എടുക്കുന്നു. പുതിയ 457 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന് 48 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിന് 41 എംഎം യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കും ഉണ്ട്. 320 എംഎം ഫ്രണ്ട് ഡിസ്‌കും 220 എംഎം റിയര്‍ ഡിസ്‌കും സൂപ്പര്‍മോട്ടോ മോഡിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്. വെറും 175 കിലോഗ്രാം ഭാരമുള്ള ബൈക്ക് മികച്ച പവര്‍-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നു.

◾സാന്ദ്രതയുടെ വ്യത്യസ്തമേഖലയിലൂടെ ഭൂമിയിലേക്കെത്തുന്ന നക്ഷത്രവെട്ടത്തെ ചിന്തകളുടെ ഊര്‍ജ്ജമാക്കിയുള്ള ഈ കാവ്യ സഞ്ചാരവേളകള്‍ പഞ്ചേന്ദ്രിയരുചികള്‍ക്ക് അപരിചിതവികാരങ്ങള്‍. സ്വര്‍ഗ്ഗം നരകമാകുന്നു, നരകത്തില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നു. വേദവും ഗൂഗിളും ഒരേ പന്തിയിലിരുന്ന് രണ്ട് ബ്രാന്‍ഡുകളുടെ അംബാസഡര്‍മാരാകുന്നു. ഈ അക്ഷരശില്പശാലയില്‍ എപ്പോഴും ഇരിക്കുവാന്‍ കഴിയുന്നില്ല. കാറ്റത്ത് പറക്കുന്ന കൊടിക്കും ബന്ധനമുണ്ടല്ലോ. ഇനിയും കവിയോടൊപ്പം കൂടണമെന്നുണ്ട്. സന്ധ്യയിലേതെങ്കിലും കടല്‍ക്കരയിലോ രാമവര്‍മ്മ ഹോസ്റ്റലിലോ രാമവര്‍മ്മയുടെ വീടായെ ഇവിടെയോ... എവിടെയായാലും നിലാക്കണങ്ങള്‍ വീണ് പതയുന്ന അക്ഷരങ്ങളാകട്ടെ ശിരസ്സ് തണുപ്പാക്കുന്ന ധാര. മുള്‍മുടിയും മുള്ളാണിയും മന്ദാരപ്പൂക്കള്‍പോലെ മൃദുലമായെതിരേല്‍ക്കട്ടെ. തിരികെ നടക്കുമ്പോള്‍ രണ്ടു കടലുകള്‍ ഇരമ്പട്ടെ, ഇനി... 'കാനല്‍ കവിതകള്‍'. കെ.വി പ്രദീപ് കുമാര്‍. ഗ്രീന്‍ ബുക്സ്. വില 513 രൂപ.

ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനും കരളിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും കയ്പക്ക അഥവാ പാവയ്ക്ക സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പാവയ്ക്കയ്ക്ക് ആന്റി വൈറല്‍ ഗുണങ്ങളുമുണ്ട്. അതിനാല്‍, പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതിനാല്‍, ഹൃദയത്തിന്റെ ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. പതിവായി പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളാണ് ഇതിന് സഹായിക്കുന്നത്. പാവയ്ക്കയില്‍ നാരുകള്‍ അഥവാ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇത് മലബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുകൊണ്ടുതന്നെ, മലബന്ധ പ്രശ്‌നമുള്ളവര്‍ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം പാവയ്ക്കയില്‍ 17 കാലറി മാത്രമേ ഉള്ളൂ.

*ശുഭദിനം*

ആ ദേശത്ത് പ്രസിദ്ധമായ ഒരു ഗുരുകുലമുണ്ട്. അവിടെ ആഴ്ചയില്‍ ഒരിക്കല്‍ പൊതുജനങ്ങളുടെ സംശയ നിവൃത്തി വരുത്തുന്നതിനും ഉപദേശം നല്‍കുന്നതിനുമായി ഗുരുജു എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഒരുദിവസം ഒരാള്‍ ചോദിച്ചു: ഗുരുജി, ഒരുവന് സമ്പത്ത് എത്രവരെയാകാം? സമ്പാദിക്കുന്നത് ഒരു തെറ്റാണോ? ഗുരുജി പറഞ്ഞു: സമ്പാദിക്കുന്നത് തെറ്റല്ല, പക്ഷേ, അമിതമായും അന്യായമായും ഒരു നാണയം പോലും ആരും സമ്പാദിക്കാന്‍ പാടില്ല. അതിനുശേഷം ഗുരുജി എണീറ്റുപോയി. അവിടെ താമസിക്കുന്ന കുട്ടികള്‍ക്ക് മുട്ടകൊടുക്കാനായി അദ്ദേഹം ധാരാളം കോഴികളെ വളര്‍ത്തിയിരുന്നു. കോഴിക്കൂട്ടില്‍ നിന്നും ഒരു കൂടനിറച്ചുമുട്ടയുമായി അദ്ദേഹം തിരികെയെത്തി. എന്നിട്ട് സംശയം ചോദിച്ചയാളിനോട് കൈനീട്ടാന്‍ ആവശ്യപ്പെട്ടു. അയാളുടെ കയ്യിലേക്ക് മുട്ടകള്‍ ഒന്നൊന്നായി വെക്കാന്‍ തുടങ്ങി. ആദ്യമൊക്കെ മുട്ടകള്‍ ഇരുകയ്യും ചേര്‍ത്ത് പിടിച്ച് ശേഖരിച്ചു. എന്നാല്‍ ഗുരുജി ഒന്നും മിണ്ടാതെ മുട്ടകള്‍ കൊടുത്തുകൊണ്ടേയിരുന്നു. അയാള്‍ പറഞ്ഞു: ഗുരുജി എനിക്കുപിടിക്കാന്‍ ആകുന്നില്ല, ദയവായി നിര്‍ത്തൂ. ഗുരുജി ഇത് കേട്ടതായി ഭാവിച്ചതേയില്ല. മുട്ടകളെല്ലാം ഒന്നിനുപിറകേ ഒന്നായി താഴെ വീണു പൊട്ടിച്ചിതറി. അതിനുശേഷം ഗുരുജി എല്ലാവരോടുമായി പറഞ്ഞു: സമ്പത്ത് സമ്പാദിക്കുന്നതും ഇതുപോലെയാണ്. നമുക്ക് വേണ്ടതുമാത്രമേ ശേഖരിക്കാവൂ. കൂടുതല്‍ സമ്പത്താകുമ്പോള്‍ ആദ്യം ഇതെല്ലാം കൈവിട്ട് താഴെപോകുമോ എന്ന പേടി തുടങ്ങും പിന്നെ മനസമാധാനം പോകും, ദുഃഖിക്കും, അത് രോഗങ്ങളില്‍ ചെന്നെത്തിക്കും . ശാരീരിക ആരോഗ്യം നേടുക എന്നപോലെ മാനസിക ആരോഗ്യവും പ്രധാനമാണ്. മനസമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുക എന്നതും വലിയൊരു വരമാണ് - *ശുഭദിനം.*