◾ഇന്ത്യ - ഗള്‍ഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി വരുന്നു. ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്കു നീളുന്ന സാമ്പത്തിക ഇടനാഴിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കു സാമ്പത്തിക നേട്ടമുണ്ടാക്കാനാകും. ചൈനയുടെ വണ്‍ ബെല്‍റ്റ് പദ്ധതിക്കു ബദലായ പദ്ധതിയാണിത്. പുതിയ അവസരങ്ങള്‍ക്കു വഴി തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
◾ജി 20 ഉച്ചകോടിയില്‍ യുക്രെയിന്‍ സംഘര്‍ഷം കൂടി ഉള്‍പ്പെടുത്തി സംയുക്തപ്രഖ്യാപനം. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങള്‍ക്കെതിരെ താക്കീതു നല്കിയാണ് പ്രഖ്യാപനം. ഡല്‍ഹി ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
◾ആന്ധ്ര - തെലങ്കാന അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ജനസേനാ പാര്‍ട്ടി നേതാവും സിനിമാ താരവുമായ പവന്‍ കല്യാണ്‍ കസ്റ്റഡിയില്‍. തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ ആന്ധ്ര പൊലീസ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായാണ് പവന്‍ കല്യാണ്‍ എത്തിയത്. വാഹനവ്യൂഹം പോലീസ് തടഞ്ഞതോടെ റോഡിലൂടെ ഇറങ്ങി നടക്കാന്‍ തുടങ്ങി. ഇതും പൊലീസ് തടഞ്ഞതോടെ പവന്‍ കല്യാണ്‍ റോഡില്‍ നിലത്തു കിടന്ന് പ്രതിഷേധിച്ചു. ഇതിനെത്തുടര്‍ന്നാണ് പവന്‍ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
◾നെല്ല് സംഭരിച്ചതിനു കര്‍ഷകര്‍ക്കുള്ള തുക ഒരാഴ്ചയ്ക്കകം നല്‍കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പാലിക്കാത്തത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഈ മാസം 25 നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, സപ്ലൈക്കോ എം ഡി ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. കര്‍ഷകര്‍ക്ക് ഒരാഴ്ചയ്ക്കം പണം നല്‍കണമെന്ന് ഓഗസ്റ്റ് 24 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
◾സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന്റെ മുന്‍ എംപി പി.കെ. ബിജുവിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഇഡിയുടെ റിമാന്റ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. പികെ. ബിജു സാമ്പത്തിക ഇടപാട് നടത്തിയതിനു തെളിവുകളുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്. പാര്‍ളിക്കാട്ട് കൊട്ടാര സദൃശ്യമായ വീട്ടിലാണു ബിജു താമസിച്ചിരുന്നതെന്നും അനില്‍ അക്കര.
◾റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. നാളെ സംസ്ഥാനവ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. കിറ്റ് വിതരണം ചെയ്തതിനുള്ള 11 മാസത്തെ കുടിശിക ആവശ്യപ്പെട്ടാണ് സമരം.
◾മഴ ശക്തമാകും. മധ്യപ്രദേശിനു മുകളില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടു. അഞ്ചു ദിവസം മഴ തുടരും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട്.
◾ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റം കാണുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ബിജെപിയുടെ കോട്ടയായ യുപിയില്‍ ബിജെപിയെ തോല്‍പിക്കാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾പുതുപ്പള്ളിയില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിനു വോട്ട് ചെയ്തെന്ന് കെ.സി. വേണുഗോപാല്‍. ആറുമാസമായി മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പിണറായിക്കു കമ്മ്യൂണിസ്റ്റ് മുഖമില്ല. മോദിയില്‍ നിന്നാണ് പിണറായി പഠിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
◾ഗ്രോ വാസു വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗ്രോ വാസുവിനെതിരെ കള്ളക്കേസാണ്. നിയമസഭ തല്ലി തകര്‍ത്തവര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നവര്‍ ഗ്രോ വാസുവിനെതിരായ കേസ് എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നു വിഡി സതീശന്‍ ചോദിച്ചു.
◾പെട്രോ കെമിക്കല്‍ പാര്‍ക്കില്‍ രണ്ടാമത്തെ യൂണിറ്റ് ആരംഭിച്ചു. പാര്‍ക്ക് സുപ്രധാന മുന്നേറ്റമാണെന്ന് മന്ത്രി പി രാജീവ്. മൂന്നാമത്തെ യൂണിറ്റിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
◾കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം എംഎസ്എഫ് പ്രതിനിധി അമീന്‍ റാഷിദിനെ അയോഗ്യനാക്കി. റഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന എസ്എഫ്ഐയുടെ പരാതി അംഗീകരിച്ചാണ് സര്‍വകലാശാല രജിസ്ട്രാറുടെ നടപടി. സംഭവത്തില്‍ നിയമ നടപടിയെടുക്കുമെന്ന് എംഎസ്എഫ് അറിയിച്ചു.
◾കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍നിന്ന് അയോഗ്യനാക്കപ്പെട്ട എംഎസ്എഫ് നേതാവ് അമീന്‍ റാഷിദിന്റെ വ്യാജരേഖ നിര്‍മ്മാണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐ. വ്യാജരേഖ നിര്‍മാണത്തില്‍ യു.ഡി.എഫ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി.എം ആര്‍ഷോയും ആവശ്യപ്പെട്ടു.
◾തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയത് ക്ഷേത്രമതിലിനരികില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെന്നു പോലീസ്. പൂവച്ചല്‍ സ്വദേശിയായ 15 വയസുകാരന്‍ ആദി ശേഖറാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ടത്. അകന്ന ബന്ധു പൂവ്വച്ചല്‍ സ്വദേശി പ്രിയരഞ്ജനെതിരെയാണ് കേസ്. പ്രിയരഞ്ജനെ കണ്ടെത്തിയിട്ടില്ല.
◾തിരുവനന്തപുരം കണ്ണമ്മൂല ആമയിഴഞ്ചാന്‍ തോട്ടില്‍ സര്‍ക്കാര്‍ ഡോക്ടര്‍ മരിച്ച നിലയില്‍. ജനറല്‍ ആശുപത്രിയി അനസ്തേഷ്യ വിഭാഗത്തിലെ ഡോ. വിപിനാണ് മരിച്ചത്. 50 വയസായിരുന്നു.
◾മദ്യത്തില്‍ വെള്ളമെന്നു കരുതി ബാറ്ററി വെള്ളം ചേര്‍ത്തു കഴിച്ചയാള്‍ മരിച്ചു. ഇടുക്കി തോപ്രാംകുടിയില്‍ മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന്‍ എന്ന 62 കാരനാണ് മരിച്ചത്.
◾അതിരപ്പിള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ ഇരുമ്പന്‍ കുമാരനാണ് കൊല്ലപ്പെട്ടത്.
◾മലയാളി വിദ്യാര്‍ത്ഥിയെ കര്‍ണാടക കോളാറിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോളാര്‍ ശ്രീദേവരാജ് യുആര്‍എസ് മെഡിക്കല്‍ കോളജിലെ ബിപിടി 2-ാം വര്‍ഷ വിദ്യാര്‍ത്ഥിയായ ചെങ്ങന്നൂര്‍ തോനയ്ക്കാട് മധുസദനത്തില്‍ എം.അഖിലേഷ് (20) ആണ് മരിച്ചത്.
◾ജി 20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തില്‍ സമവായമൊരുക്കാന്‍ കഠിനാധ്വാനം ചെയ്ത ഷെര്‍പ്പ, മന്ത്രിമാര്‍ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
◾ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടെങ്കിലും സീറ്റ് വിഭജന കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നു ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ജെഡിഎസിനു നാലു ലോക്സഭാ സീറ്റു നല്‍കുമെന്ന് ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സീറ്റുകാര്യം ചര്‍ച്ച ചെയ്തുതീരുമാനിക്കുമെന്നു കുമാരസ്വാമി പറഞ്ഞു.
◾ഭാരതമെന്ന പേരിനോട് ആര്‍ക്കും വിയോജിപ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ 'ഇന്ത്യ' സഖ്യം രൂപീകരിച്ചതാണു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകോപിപ്പിച്ചത്. സഖ്യത്തിന്റെ രൂപീകരണത്തോടെ അധികാരക്കസേര ഇളകുമെന്ന അങ്കലാപ്പിലാണ് നരേന്ദ്ര മോദിയെന്നും വേണുഗോപാല്‍ പറഞ്ഞു.
◾മണിപ്പൂരില്‍ വീണ്ടും കലാപം. തെഗ്നോപാല്‍ ജില്ലയിലെ പലേല്‍ മേഖലയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സൈനിക ഉദ്യോഗസ്ഥരടക്കം എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
◾വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളം ബോംബുവച്ച് തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍നിന്നാണ് പ്രതി അശോകിനെ പിടികൂടിയത്. ഇയാള്‍ മാനസിക രോഗിയാണെന്നു കുടുംബം.
◾ത്രിപുരയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ധര്‍മനഗറില്‍നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് പ്രഭാവകേന്ദ്രം
◾ഉത്തര കൊറിയ ആദ്യ ആണവ മുങ്ങിക്കപ്പല്‍ നീറ്റിലിറക്കി. കടലിനടിയില്‍നിന്ന് അണ്വായുധങ്ങള്‍ തൊടുക്കാവുന്ന അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണു പുറത്തുവിട്ടത്. കൊറിയന്‍ പെനിസുലയിലും ജപ്പാന്‍ തീരത്തിനോട് ചേര്‍ന്നുമാണ് പുതിയ ആണവ അന്തര്‍ വാഹിനി.
◾വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഭൂകമ്പത്തില്‍ മരണം 2000 കടന്നു. പൗരാണിക നഗരങ്ങള്‍ അടക്കം നിലംപൊത്തിയ ദുരന്തത്തില്‍ നിരവധി ആളുകള്‍ മണ്ണിനടിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
◾വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി പ്രിഗോഷിന്‍ കൊലപ്പെട്ടിട്ടില്ലെന്ന വാദവുമായി റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ വലേരി സൊളോവി. കരീബിയന്‍ ദ്വീപായ മാര്‍ഗരിറ്റയില്‍ പ്രിഗോഷിന്‍ ഒളിവില്‍ കഴിയുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റായ വ്ലാദിമിര്‍ പുടിന്റെ മരണശേഷം പ്രിഗോഷിന്‍ തിരിച്ചുവരും. വിമാന അപകടത്തിലൂടെ വധിക്കുമെന്നു മനസിലാക്കിയിരുന്ന പ്രിഗോഷിന്‍ ആ യാത്ര ഒഴിവാക്കിയിരുന്നെന്നാണ് ഒരു അഭിമുഖത്തില്‍ സൊളോവി പറഞ്ഞത്.
◾ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് 21 റണ്‍സിന്റെ ജയം. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിനായിറങ്ങിയ ബംഗ്ലാദേശ് 48.1 ഓവറില്‍ 236 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.
◾ബ്രസീലിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇനി സൂപ്പര്‍താരം നെയ്മറിന് സ്വന്തം. 77 ഗോളുകള്‍ നേടിയ പെലെയുടെ റെക്കോഡാണ് നെയ്മര്‍ ഇന്നലെ ബൊളീവിയക്കെതിരായ പ്രകടനത്തിലൂടെ തകര്‍ത്തത്. ബൊളീവിയക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളുകളടിച്ച നെയ്മറിന്റെ എക്കൗണ്ടില്‍ ഇപ്പോള്‍ 79 ഗോളുകളാണുള്ളത്.
◾ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ബാങ്കിംഗ് സേവനം ഉറപ്പുവരുത്തുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള പൊതുമേഖല ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. ഇത്തവണ യുപിഐ സേവന രംഗത്തെ സാധ്യതകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്കാണ് ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ ഉള്ള ഏതൊരു ഉപഭോക്താക്കള്‍ക്കും യുപിഐ ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും നടത്താന്‍ സാധിക്കും. ഈ സാധ്യത കണക്കിലെടുത്ത് ക്യുആര്‍ കോഡ് എടിഎം മെഷീനുകള്‍ക്കാണ് ബാങ്ക് ഓഫ് ബറോഡ രൂപം നല്‍കിയിരിക്കുന്നത്. രാജ്യത്തുടനീളം 6000- ത്തിലധികം എടിഎമ്മുകളില്‍ യുപിഐ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. ഇതോടെ, രാജ്യത്ത് യുപിഐ എടിഎമ്മുകള്‍ സ്ഥാപിക്കുന്ന ആദ്യ പൊതുമേഖല ബാങ്ക് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും, എന്‍സിഇആര്‍ കോര്‍പ്പറേഷന്റെയും പിന്തുണയോടെയാണ് ബാങ്ക് ഓഫ് ബറോഡ ഈ നേട്ടം കൈവരിച്ചത്. ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡിലെ കാര്‍ഡ്ലെസ് ക്യാഷ് വിത്ത്ഡ്രേവല്‍ സാങ്കേതിക വിദ്യയിലൂടെ യുപിഐ എടിഎമ്മുകളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കാന്‍ സാധിക്കും.
◾ബോളിവുഡിലെ ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നായ വെല്‍കം സിനിയമയ്ക്ക് മൂന്നാം ഭാഗം വരുന്നു. വെല്‍കം ടു ദ് ജംഗിള്‍ എന്നാണ് ചിത്രത്തിന്റെ പേര്. അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, അര്‍ഷാദ് വര്‍സി, സുനില്‍ ഷെട്ടി, ദിഷ പഠാണി, രവീണ ടണ്ടോന്‍, ലാറ ദത്ത, പരേഷ് റാവല്‍ തുടങ്ങിയ ഹിന്ദി സിനിമയിലെ പ്രധാന 24 താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അഹമദ് ഖാന്‍ ആണ് സംവിധാനം. ജിയോ സ്റ്റുഡിയോസും ബേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നിര്‍മണം ജ്യോതി ദേശ്പാണ്ഡെയും എ. ഫിറോസ് നദിയാവാലയും. 2007ലാണ് വെല്‍കം ആദ്യ ഭാഗം റിലീസിനെത്തുന്നത്. പിന്നീട് 2015ല്‍ ഇതിന്റെ രണ്ടാം ഭാഗം വെല്‍കം ബാക് തിയറ്ററുകളിലെത്തി. വെല്‍കം ആദ്യ ഭാഗത്തില്‍ അക്ഷയ് കുമാര്‍ അഭിനയച്ചെങ്കിലും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആദ്യ രണ്ട് ഭാഗങ്ങളിലും അഭിനയിച്ച അനില്‍ കപൂര്‍ മൂന്നാം ഭാഗത്തില്‍ ഉണ്ടാകില്ല.
◾ആഗോള ബോക്‌സ് ഓഫീസില്‍ 236 കോടി നേടി ഷാരൂഖ് ചിത്രം 'ജവാന്‍'. സെപ്തംബര്‍ 7 ന് റിലീസ് ചെയ്ത ചിത്രം വെറും രണ്ടു ദിവസം കൊണ്ടാണ് 236 കോടി നേടി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നത്. വാരാന്ത്യത്തില്‍ കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വരുമാനം കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനത്തില്‍ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദിയില്‍ നിന്ന് 65 കോടിയും തമിഴ്, തെലുങ്ക് ഡബ്ബിങ്ങില്‍ നിന്ന് 10 കോടിയോളവും ജവാന്‍ നേടിയിരുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിലീസ് ദിനത്തില്‍ ഒരു ചിത്രം ഇത്രയധികം വരുമാനം നേടുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോഡാണ് ജവാന്‍ തകര്‍ത്തത്. അതേസമയം വന്‍ പ്രതീക്ഷയോടെ ബോക്‌സ് ഓഫീസിലേക്ക് എത്തിയ 'ജവാന്‍' സിനിമയുടെ എച്ച് ഡി പതിപ്പ് ചോര്‍ന്നുവെന്ന് അവര്‍ത്തകള്‍ ഇതിനിടെ വന്നിരുന്നു. സിനിമയുടെ എച്ച്ഡി പതിവ് വിവിധ സൈറ്റുകളിലും ടെലഗ്രാമിലും എത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും ബുക്കിങ്ങില്‍ ഇടിവ് സംഭവിച്ചിട്ടില്ല എന്നതാണ് ആശ്വാസം നല്‍കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. കൂടാതെ വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിലുണ്ട്.
◾ജാവ മോട്ടോര്‍സൈക്കിള്‍സ് 42 ബോബറിന്റെ പുതിയ ടോപ്പ് എന്‍ഡ് പതിപ്പ് പുറത്തിറക്കി. ബ്ലാക്ക് മിറര്‍ എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ എക്‌സ്‌ഷോറൂം വില 2.25 ലക്ഷം രൂപയാണ്. 42 ബോബര്‍ ബ്ലാക്ക് മിററിന്റെ ബുക്കിംഗ് ജാവ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. 2.25 ലക്ഷം രൂപയാണ് ഇന്ത്യയിലെ പുതിയ ജാവ 42 ബോബര്‍ ബ്ലാക്ക് മിററിന്റെ എക്സ് ഷോറൂം വില. ബ്ലാക്ക് മിററിനേക്കാള്‍ 10,000 മുതല്‍ 12,000 രൂപ വരെ കുറവാണ് ജാവ 42 ന്റെ നിലവിലുള്ള മറ്റ് മൂന്ന് കളര്‍ വേരിയന്റുകളുടെ വില. 29.49 ബിഎച്ച്പി പരമാവധി കരുത്തും 32.7 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന അതേ 334 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് എഞ്ചിന്‍. ഡ്യൂട്ടിയിലുള്ള ഗിയര്‍ബോക്‌സ് 6-സ്പീഡ് ഗിയര്‍ബോക്‌സാണ്, അത് ഇപ്പോള്‍ സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ലഭിക്കുന്നു. ജാവ 42 ബോബറിന്റെ മറ്റ് മൂന്ന് വര്‍ണ്ണ വകഭേദങ്ങളില്‍ മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്പര്‍ റെഡ് എന്നീ നിറങ്ങള്‍ ഉള്‍പ്പെടുന്നു. അവയ്ക്ക് 2.12 ലക്ഷം മുതല്‍ 2.15 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. 2.12 ലക്ഷം രൂപ വിലയുള്ള മിസ്റ്റിക് കോപ്പര്‍ നിറമാണ് ഏറ്റവും വിലകുറഞ്ഞ വേരിയന്റ്. ടാങ്കിന്റെ മധ്യഭാഗത്ത് നീല വരയുള്ള മൂണ്‍സ്റ്റോണ്‍ വൈറ്റ് ഷേഡിന് 2.13 ലക്ഷം രൂപ വിലവരും. ചുവപ്പും വെള്ളയും ചേര്‍ന്ന ജാസ്പര്‍ റെഡ് നിറത്തിന് 2.15 ലക്ഷം രൂപയാണ് വില.
◾സമാനതകളില്ലാത്ത ഈ പുസ്തകം നദികളോട് സംവദിക്കുന്ന ഒരാളുടെ ആത്മഭാഷണമാണ്. ആ ആത്മഭാഷണത്തില്‍ ധാരാളം സ്തുതകളുണ്ട്, പുരാണേതിഹാസങ്ങളോടുള്ള ബന്ധമുണ്ട്, നാഗരികതകളുടെ ചരിത്രമുണ്ട്, സാഹിത്യ-ശില്പ- നൃത്തകലകള്‍ വിരിഞ്ഞാടിയ ഭൂതകാലസ്മൃതികളുണ്ട്, ഉര്‍വ്വരതയുടെ ഹരിതകേളിയുണ്ട്, ആധുനികതയുടെ ആശങ്കകളുണ്ട്, സര്‍വ്വോപരി നദികളുടെ ജൈവ വ്യക്തിത്വത്തെ അറിയാനുള്ള അന്വേഷണകൗതുകമുണ്ട്. ഓരോ നദിയെക്കുറിച്ചെഴുതുമ്പോഴും ആ നദി എങ്ങനെ മറ്റു നദികളില്‍നിന്ന് വ്യത്യസ്തയായിരിക്കുന്നുവെന്ന് അടയാളപ്പെടുത്താനുള്ള ഗ്രന്ഥകാരന്റെ നിര്‍ബ്ബന്ധം, ഒരേ പ്രമേയത്തെ അധികരിച്ചിട്ടുള്ളതെങ്കിലും ഈ പതിനെട്ട് അദ്ധ്യായങ്ങളെയും അങ്ങേയറ്റം പാരായണക്ഷമമാക്കുന്നു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ഊടുംപാവുംകൊണ്ട് നെയ്‌തെടുത്ത കംബളമാണ് ഈ കൃതി. 'നദികള്‍-മഹാസംസ്‌കൃതിയുടെ തീരഭൂമികളിലൂടെ'. പി എ രാമചന്ദ്രന്‍. മാതൃഭൂമി ബുക്സ്. വില 285 രൂപ.
◾ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു പെരും ജീരകം ചവയ്ക്കുന്നത് നല്ലതാണ് എന്നാല്‍, അതുകൊണ്ടുള്ള ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. പോഷകങ്ങളുടെ ഒരു കലവറയായ പെരുംജീരകം ഭക്ഷണത്തിന് സുഗന്ധം നല്‍കുന്ന ഒന്നാണ്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ജീരകം. അതുകൊണ്ട് ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകള്‍ക്കും പരിഹാരമാകാന്‍ ജീരകത്തിനു കഴിയും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ സഹായിക്കുന്ന ജീരകം ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കുകയും ചെയ്യും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ജീരകത്തില്‍ വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളുമുണ്ട്.