*പ്രഭാത വാർത്തകൾ**2023 സെപ്റ്റംബർ 02 ശനി*

◾പരമാവധി സീറ്റുകളില്‍ ഒന്നിച്ചു മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ മുംബൈയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. സഖ്യത്തെ നയിക്കാന്‍ 14 അംഗ സമിതി രൂപീകരിച്ചു. സമിതിക്കു കണ്‍വീനറില്ല. ഗാന്ധി കുടുംബത്തില്‍നിന്നും സിപിഎമ്മില്‍നിന്നും അംഗങ്ങളില്ല. കെ സി വേണുഗോപാലാണ് കോണ്‍ഗ്രസിന്റെ പ്രതിനിധി. സീറ്റ് വിഭജനം ഈ മാസം 30 നകം പൂര്‍ത്തിയാക്കാനാണു ധാരണ.

◾ഒരു രാജ്യം, ഒറ്റ വോട്ട് എന്ന നയം നടപ്പാക്കാനുള്ള നീക്കവുമായി ബിജെപി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി മോദി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠന റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം പുറത്തുവരും. ഈ മാസം 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാനാണ് മോദി സര്‍ക്കാരിന്റെ നീക്കം. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒറ്റയടിക്കു നടത്താനാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

◾കര്‍ണാടകയിലെ ഏക ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ കര്‍ണാടക ഹൈക്കോടതി അയോഗ്യനാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തു സംബന്ധിച്ച് വ്യാജവിവരങ്ങള്‍ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അയോഗ്യനാക്കിയത്. ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ പ്രജ്വല്‍, ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ ചെറുമകനാണ്.

◾നിയമ സാധുതയില്ലാത്ത വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങളിലെ പൂര്‍വിക സ്വത്തിനും അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമപ്രകാരം നിയമ സാധുതയില്ലാത്ത വിവാഹത്തിലുള്ള മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ സ്വത്ത് മാത്രമേ ലഭിക്കുമായിരുന്നുള്ളു. പാരമ്പര്യ സ്വത്തില്‍ ഇവര്‍ക്ക് അവകാശം നല്‍കിയിരുന്നില്ല. ഇതു ശരിവച്ച 2011 ലെ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

◾പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടു പോകേണ്ട. പോല്‍ ആപിലൂടെ പരാതി നല്‍കാമെന്നു കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പാണു പോല്‍ ആപ്. വെബ് പോര്‍ട്ടല്‍ തുണയിലൂടേയും പരാതി നല്‍കാം. പൊലീസ് സ്റ്റേഷന്‍ മുതല്‍ ഡിജിപി ഓഫീസിലേക്കു വരെ പരാതി നല്‍കാന്‍ പോല്‍ ആപിലൂടേയും തുണ വെബ് പോര്‍ട്ടലിലൂടേയും സാധിക്കും.  

◾കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പാലക്കാട് ഡിവിഷനില്‍നിന്ന് എത്തിയ എന്‍ജിനിയര്‍മാര്‍ക്കു കൈമാറി. ട്രെയിന്‍ ഇന്നു മംഗളൂരുവിലെത്തും.

◾വൈകുന്നേരം ആറു മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നു കെഎസ്ഇബി. വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഡാമുകളില്‍ വേണ്ടത്ര വെള്ളമില്ല. വന്‍തുക നല്‍കിയാണ് വൈദ്യുതി വാങ്ങുന്നതെന്നും കെഎസ്ഇബി ഓര്‍മിപ്പിച്ചു.

◾കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. ഗവിയുടെ പരിസര പ്രദേശങ്ങളില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു. റോഡിലെ മണ്ണും മരങ്ങളും ഇന്നു നീക്കം ചെയ്യും.  

◾ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം അഡീഷന്‍സ് സെഷന്‍സ് കോടതിയാണ് നിശിത വിമര്‍ശനങ്ങളോടെ ആലുവ പൊലീസ് എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞത്. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകള്‍ എന്തിനെന്നു കോടതി ചോദിച്ചു.

◾കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ. ഒരു കേസിനു പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ വേട്ടയാടുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ അറസ്റ്റിനായി ആലുവ പൊലീസ് തിരുവനന്തപുരത്ത് എത്തിയിരുന്നു.

◾ഓണത്തോടനുബന്ധിച്ച് ഓണച്ചന്തകള്‍ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സി ഡി എസ് തല ഓണച്ചന്തകള്‍, 17 ജില്ലാതല ഓണച്ചന്തകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 1087 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്.

◾പത്തനംതിട്ട ജില്ലയില്‍ ഇന്നു പ്രാദേശിക അവധി. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോട് അനുബന്ധിച്ചാണ് അവധി.

◾നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വാഹനത്തില്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മനപൂര്‍വം ഇടിപ്പിച്ചെന്നു പരാതി. വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും പന്തളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

◾കര്‍ഷകര്‍ക്കു നെല്ലിന്റെ വില കൊടുക്കണമെന്നു നിര്‍ദേശിച്ച നടന്‍ ജയസൂര്യ കേരളത്തെ ഇകഴ്ത്തി കാണിച്ചെന്ന് എഐവൈഎഫ്. സര്‍ക്കാരിനെ ഇകഴ്ത്തി കാണിക്കാന്‍ സംഘ പരിവാര്‍ സിനിമ മേഖലയെ ഉപയോഗിക്കുകയാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ആരോപിച്ചു.

◾കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുതെന്നാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മറയും ഇല്ലാതെ ബിജെപിയുമായി കോണ്‍ഗ്രസ് യോജിക്കുകയാണെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പ്രസംഗിച്ചു.

◾റബറിന്റെ സംഭരണ വില 250 ആകുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. 20 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ചെറുപ്പക്കാര്‍ തൊഴില്‍തേടി വിദേശത്തേക്ക് പോകുകയാണെന്നും ആന്റണി പുതുപ്പള്ളിയില്‍ പ്രസംഗിക്കവേ പറഞ്ഞു.

◾പിണറായി വിജയന് പുതുപ്പള്ളിയില്‍ പ്രചാരണം നടത്താമെങ്കില്‍ തനിക്കും ആകാമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി. യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതു കൊലക്കേസ് പ്രതിയാണെന്ന ആക്ഷേപങ്ങളോടു പ്രതികരിക്കുകയായിരുന്നു നിഖില്‍ പൈലി. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാംപ്രതിക്ക് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനു വരാമെങ്കില്‍ തനിക്കും പങ്കെടുക്കാമെന്നാണ് നിഖില്‍ പൈലിയുടെ വിശദീകരണം.

◾ഇടുക്കി ചിന്നക്കനാലില്‍ കായംകുളം പൊലീസിനെ ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍. കായംകുളം സ്വദേശി കൊച്ചുമോന്‍, കൃഷ്ണപുരം സ്വദേശി പി. സജീര്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കൃഷ്ണപുരത്തെ ഹോട്ടല്‍ ഉടമയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസിലെ പ്രതികളെ തേടി എത്തിയ പോലീസിനെ ആക്രമിച്ച സംഘത്തിലെ നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

◾സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തു പീഡനത്തിന് ഒത്താശ ചെയ്ത പരാതിക്കാരിയുടെ സുഹൃത്തായ യുവതി അറസ്റ്റിലായി. കണ്ണൂര്‍ മുണ്ടയാട് സ്വദേശിനിയായ 29 കാരി പി.പി. അഫ്സീനയാണു പിടിയിലായത്. കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.

◾അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റു നേതാവ് ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ ഭാര്യ കെ.എന്‍. സരസ്വതിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. സംസ്‌കാരം ഇന്നു 11 ന്.

◾സീരിയല്‍-സിനിമ താരം അപര്‍ണ നായരുടെ ആത്മഹത്യയ്ക്കു കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്ഐആര്‍. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലിസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്. ഭര്‍ത്താവ് സഞ്ജിതിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപര്‍ണയുടെ താമസം. സ്വകാര്യ ആശുപത്രിയിലെ ജോലി അപര്‍ണ ഒരു മാസം മുമ്പ് രാജി വച്ചിരുന്നു. അപര്‍ണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു.

◾നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന് നടി നവ്യനായര്‍ ഇന്‍സ്റ്റഗ്രാമില്‍. എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലിരിക്കേ സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനങ്ങളോടു പ്രതികരിക്കുകയായിരുന്നു നവ്യനായര്‍. പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമിയുടെ വരികളാണ് നവ്യ കുറിച്ചത്. നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. മുറിവിലെ കെട്ട് അഴിഞ്ഞുപോകുമ്പോള്‍ നൃത്തം ചെയ്യുക. പോരാട്ടങ്ങളുടെ മധ്യേ നൃത്തം ചെയ്യുക. നിങ്ങളുടെ ചോരയില്‍ ചവിട്ടി നൃത്തം ചെയ്യുക, എന്നാണ് വരികള്‍. ഒപ്പം താന്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോയും നവ്യ ചേര്‍ത്തിട്ടുണ്ട്.

◾ചടയമംഗലത്ത് ഫര്‍ണിച്ചര്‍ കടയുടെ ഒന്നാം നിലയില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ നിര്‍മ്മിച്ച വിടവിലൂടെ താഴെ വീണ് കടന്നൂര്‍ സ്വദേശി രാജീവ് (46) മരിച്ചു. വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ഭാര്യയും മകളുമൊന്നിച്ച് കടയില്‍ എത്തിയതായിരുന്നു രാജീവ്.

◾അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമ വിഗ്രഹത്തിന്റെ പ്രതിഷ്ഠ ജനുവരി 14 നും 24 നും ഇടയില്‍ നടക്കുമെന്ന് ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുന്ന ദിവസമായിരിക്കും പ്രതിഷ്ഠ നടത്തുക.

◾രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ എംപിയുമായ പ്രഭുനാഥ് സിംഗിന് ഇരട്ടക്കൊലക്കേസില്‍ സുപ്രീംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 1995 ല്‍ തന്റെ താത്പര്യത്തിന് വിരുദ്ധമായി വോട്ട് ചെയ്തതിനായിരുന്നു കൊലപാതകം. 2008 ല്‍ വിചാരണ കോടതി വെറുതെ വിട്ട ഉത്തരവ് പട്ന ഹൈക്കോടതി ശരിവച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാളായ രാജേന്ദ്ര റായിയുടെ സഹോദരന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി ശിക്ഷ വിധിച്ചത്.  

◾ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കേണ്ടതില്ല. രണ്ട് മുഖങ്ങള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മിലാണു മത്സരം. ഒരു രാജ്യം, ഒറ്റ വോട്ട് എന്ന ബിജെപിയുടെ ആശയം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അദ്ദേഹം തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾നടന്‍ ആര്‍ മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനും മാധവനാണ്.

◾ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്. മുംബൈയില്‍ എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു ചെയ്തത്. സിബിഐയും കേസെടുത്തിട്ടുണ്ട്.

◾നിരോധിച്ച രണ്ടായിരം രൂപയുടെ കറന്‍സികളില്‍ 93 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഓഗസ്റ്റ് 31 വരെ 3.32 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തി. 24,000 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണു തിരിച്ചെത്താത്തത്.

◾അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാനി യുവാവ് ഹൈദരാബാദില്‍ പൊലീസിന്റെ പിടിയിലായി. 24 വയസുകാരന്‍ ഫായിസ് മുഹമ്മദ് ആണ് അറസ്റ്റിലായത്. ഇയാള്‍ പത്തു മാസമായി ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം ഹൈദരാബാദില്‍ താമസിക്കുകയായിരുന്നു.

◾കര്‍ണാടകയില്‍ മയക്കുവെടി വയ്ക്കാന്‍ എത്തിയ ആന വിദഗ്ധനെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ആളുരുവിലായിരുന്നു സംഭവം. 'ആനെ വെങ്കിടേഷ്' എന്നറിയപ്പെടുന്ന എച്ച് എച്ച് വെങ്കിടേഷ് ആണ് മരിച്ചത്. മയക്കുവെടിയേറ്റ ആന പിന്തിരിഞ്ഞോടി വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു.  

◾മണിപ്പൂരിലെ കോം ഗ്രാമങ്ങളുടെ സംരക്ഷണത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബോക്സിങ് താരം മേരി കോം കത്തയച്ചു. പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ കോം ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറുന്നതു തടയണമെന്നാണ് ആവശ്യം.

◾ഇന്ത്യന്‍ നാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍ മഹേന്ദ്രഗിരി മുംബൈയില്‍ കമ്മീഷന്‍ ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ഭാര്യ സുദേഷ് ധന്‍ഖറാണ് യുദ്ധക്കപ്പല്‍ ഉദ്ഘാടനം ചെയ്തത്. ഉപരാഷ്ട്രപതി മുഖ്യാതിഥിയായി.

◾പ്രതിപക്ഷ ഐക്യമായ ഇന്ത്യ സഖ്യം വിജയിക്കണമെങ്കില്‍ ഗോമൂത്ര വിരുന്നുകള്‍ സംഘടിപ്പിക്കുകയും ഗോമൂത്രം കുടിക്കുകയും ചെയ്യണമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. സഖ്യമുണ്ടാക്കാന്‍ ഒന്നിച്ച പാര്‍ട്ടികളെല്ലാം ഹിന്ദു വിരുദ്ധരാണെന്നും ചക്രപാണി പറഞ്ഞു.

◾ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരന്‍. ജമ്മു കാഷ്മീരിലെ വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങാനുള്ള കരാറിലേര്‍പ്പെട്ടത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണാര്‍ രജിസ്ട്രി വഴിയാണ് ഓഗസ്റ്റ് 25 ന് സ്ഥലമിടപാട് നടത്തിയത്. ഇദ്ദേഹം പറഞ്ഞു. ചന്ദ്രനില്‍ ലാക്കസ് ഫെലിസിറ്റാറ്റിസ് (സന്തോഷത്തിന്റെ തടാകം) എന്നറിയപ്പെടുന്ന ലൂണ എര്‍ത്ത്സ് മൂണ്‍, ട്രാക്റ്റ് 55-പാഴ്സല്‍ 10772 ലാണ് സ്ഥലം വാങ്ങിയതെന്ന് രൂപേഷ് പറഞ്ഞു.

◾റഷ്യയുടെ ചാന്ദ്ര പര്യവേഷണ പേടകമായ ലൂണ 25 തകര്‍ന്നുവീണ് ചന്ദ്രനില്‍ ഗര്‍ത്തം രൂപപ്പെട്ടെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. പത്തു മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണു രൂപപ്പെട്ടതെന്ന് ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് നാസ അറിയിച്ചു. ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുമെന്നു കരുതിയിരുന്ന ലൂണ കഴിഞ്ഞ മാസം 19 നാണു തകര്‍ന്നുവീണത്.

◾പ്രതികൂല കാലാവസ്ഥ മൂലം ചില വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള ചില സര്‍വീസുകളാണ് രണ്ടു ദിവസത്തേക്കു റദ്ദാക്കിയത്.

◾അന്താരാഷ്ട്ര മത്സരത്തിനിടെ ഇസ്രായേല്‍ താരത്തിന് കൈ കൊടുത്തതിനെത്തുടര്‍ന്ന് ഇറാന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനായ മൊസ്തഫ രാജായിയ്ക്ക് ഇറാന്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്റെ ആജീവനാന്ത വിലക്ക്. 36 കാരനായ മൊസ്തഫ പോളണ്ടില്‍വെച്ചുനടന്ന വേള്‍ഡ് മാസ്റ്റര്‍ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിനിടെ ഇസ്രായേല്‍ താരമായ മാക്‌സിം സ്വിര്‍സ്‌കിയ്ക്ക് ഹസ്തദാനം നല്‍കിയതാണ് വിലക്കിന് കാരണമായത്.

◾കഴിഞ്ഞമാസം ദേശീയതലത്തില്‍ ചരക്ക്-സേവന നികുതി സമാഹരണം കുറഞ്ഞു. ജൂലൈയിലെ 1.65 ലക്ഷം കോടി രൂപയില്‍ നിന്ന് ഓഗസ്റ്റില്‍ 1.59 ലക്ഷം കോടി രൂപയായാണ് ജിഎസ്ടി സമാഹരണം താഴ്ന്നതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ട് മാസം 1.6 ലക്ഷം കോടി രൂപയ്ക്കുമേല്‍ തുടര്‍ന്ന ശേഷമാണ് കഴിഞ്ഞമാസം പിരിവ് താഴെയായത്. അതേസമയം, സമാഹരണം 1.5 ലക്ഷം കോടി രൂപയ്ക്കുമേല്‍ എത്തുന്നത് തുടര്‍ച്ചയായ ആറാം മാസമാണ്. കഴിഞ്ഞമാസത്തെ മൊത്തം ജി.എസ്.ടി സമാഹരണത്തില്‍ 28,328 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി. സംസ്ഥാന ജി.എസ്.ടിയായി 35,794 കോടി രൂപയും സംയോജിത ജി.എസ്.ടിയായി 83,251 കോടി രൂപയും പിരിച്ചെടുത്തു. സെസ് ഇനത്തില്‍ ലഭിച്ചത് 11,695 കോടി രൂപ. കേരളത്തില്‍ കഴിഞ്ഞമാസം 2,306 കോടി രൂപ ജി.എസ്.ടിയായി പിരിച്ചെടുത്തു. 2022 ഓഗസ്റ്റിലെ 2,036 കോടി രൂപയേക്കാള്‍ 13 ശതമാനം അധികമാണിത്. കേരളത്തിന് ഓഗസ്റ്റിലെ ജി.എസ്.ടി വിഹിതമായി ആകെ 2,472 കോടി രൂപ കേന്ദ്രം അനുവദിച്ചു. മഹാരാഷ്ട്ര തന്നെയാണ് ജി.എസ്.ടി പിരിവില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞമാസം 23 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 23,282 കോടി രൂപ മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ചു. 16 ശതമാനം വളര്‍ച്ചയോടെ 11,116 കോടി രൂപയുമായി കര്‍ണാടകയാണ് രണ്ടാമത്. ഗുജറാത്ത് 12 ശതമാനം വളര്‍ച്ചയോടെ 9,765 കോടി രൂപയും തമിഴ്‌നാട് 13 ശതമാനം വളര്‍ച്ചയോടെ 9,475 കോടി രൂപയും പിരിച്ചെടുത്തു. ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്; വെറും മൂന്ന് കോടി രൂപ.

◾അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റത്തിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കിംഗ് ഓഫ് കൊത്ത' ആദ്യ വാരം ചിത്രം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 14.5 കോടിയിലേറെയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കളക്ഷന്‍ 7 കോടിക്ക് മുകളിലാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 15 കോടിയും, ഇങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 36 കോടിയിലേറെ ഗ്രോസ് ആണ് കിംഗ് ഓഫ് കൊത്ത നേടിയിരിക്കുന്നത്. ആദ്യദിനം സമ്മിശ്ര, നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ച ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. അതേസമയം രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കേരളത്തിലെ ഇരുനൂറിലധികം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

◾ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് 'നേര്'. മോഹന്‍ലാല്‍ 'നേരി'ല്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഒരു കോര്‍ട്ട് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു. 'നീതി തേടുന്നു'വെന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ശാന്തി മായാദേവിയും ജീത്തുവും ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്ണു ശ്യാമാണ് സംഗീത സംവിധാനം. മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം 'വൃഷഭ'യും ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. 'മലൈക്കോട്ടൈ വാലിബന്‍' എന്ന പുതിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

◾റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ന്റെ പുതിയ പതിപ്പ് വിപണിയില്‍. 1.73 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ക്ലാസിക്ക് 350നെക്കാള്‍ ഏകദേശം 19,000 രൂപ കുറവും ഹണ്ടറിനെക്കാള്‍ 24,000 രൂപ കൂടുതലുമാണ് ബുള്ളറ്റ് 350ന്. പുതിയ മോഡലിന്റെ മിലിറ്ററി റെഡ്, മിലിറ്ററി ബ്ലാക് നിറങ്ങള്‍ക്ക് 1,73,562 രൂപയും സ്റ്റാന്റേര്‍ഡ് മെറൂണ്‍, സ്റ്റാന്റേര്‍ഡ് ബ്ലാക്ക് നിറങ്ങള്‍ക്ക് 1,97,436 രൂപയും ബ്ലാക് ഗോള്‍ഡിന് 2,15,801 രൂപയുമാണ് വില. അടിസ്ഥാന വകഭേദമായ മിലിറ്ററിയില്‍ പിന്നില്‍ ഡ്രം ബ്രേക് ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് പിന്നില്‍ ഡിസ്‌ക് ബ്രേക്കാണ്. 349 സിസി ജെ പ്ലാറ്റ്ഫോം എന്‍ജിനാണ് പുതിയ ബുള്ളറ്റില്‍. ഇതോടെ റോയല്‍ എന്‍ഡീല്‍ഡിന്റെ എല്ലാ 350 ബൈക്കുകളും ജെ പ്ലാറ്റ്ഫോമിലേക്ക് മാറി. 20 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഹണ്ടര്‍ 350, ക്ലാസിക് 350, മീറ്റിയോര്‍ 350 തുടങ്ങിയ മോഡലുകളിലെ ജെ പ്ലാറ്റ്ഫോം ആര്‍കിടെക്ച്ചറില്‍ തന്നെയാണ് പുതിയ ബുള്ളറ്റിന്റെ നിര്‍മാണം. മുന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 270 എംഎം ഡിസ്‌ക്കും ഉപയോഗിക്കുന്നു.

◾'ഇദം പാരമിത'ത്തിലെ ഓരോ അനുച്ഛേദത്തിലൂടെയും കടന്നുപോകുമ്പോള്‍ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമല്ലേ നമ്മെ തഴുകുക എന്നു ചിന്തിച്ചുപോവുകയാണ്. ലെവിന്റെ നിലയ്ക്കാത്ത അന്വേഷണങ്ങള്‍ക്കൊക്കെയും മന്ദ്രമായ ഒരു പിന്‍ശ്രുതിയായി ഗോകര്‍ണ്ണത്തില്‍ എന്തോ ഒന്ന് ഉപേക്ഷിക്കുമ്പോഴും ഉയരുക ആ വിചിത്രഗന്ധമാണ്... അപ്പുറമെന്തെന്നാരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. - ആഷാമേനോന്‍. കവി വി.ജി. തമ്പിയുടെ ആദ്യ നോവല്‍. 'ഇദം പാരമിതം'. മാതൃഭൂമി. വില 467 രൂപ.

◾ശരീരവും ചര്‍മ്മവും പോലെ തന്നെ മുടിയുടെ ആരോഗ്യവും പ്രധാനമാണ്. തിരക്കേറിയ ജീവിതരീതിയില്‍ പലര്‍ക്കും വേണ്ടതുപോലെ മുടിക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കാറില്ല. ചെറുപ്പത്തില്‍ നിത്യേന എണ്ണ തേച്ച് പരിപാലിച്ചിരുന്ന മുടി പിന്നീട് ഷാമ്പുവിന് വിട്ടു കൊടുക്കുന്നവരാണ് അധികവും. എന്നും തലയില്‍ എണ്ണ തേച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍ അറിയാം. മുടി പെട്ടെന്ന് തന്നെ വരണ്ടുപോകാറുണ്ട്. അങ്ങനെയുള്ള വരള്‍ച്ച മുടി വിണ്ടുപൊട്ടുന്നതിലേക്കും മുടി കൊഴിച്ചിലിലേക്കും നയിക്കും. എന്നാല്‍, പതിവായി എണ്ണ തേച്ചാല്‍ മുടിക്ക് ജലാംശം ലഭിക്കുകയും ആരോഗ്യത്തോടെ മുടി നിലനില്‍ക്കുകയും ചെയ്യും.
എണ്ണയും ജലാംശവുമില്ലാതെ വരണ്ട തലമുടിയിലേക്കാണ് പേനും താരനും ആകര്‍ഷിക്കപ്പെടുന്നത്. എണ്ണ തേക്കുകയും തല മസ്സാജ് ചെയ്യാന്‍ സമയം കണ്ടെത്തുകയും ചെയ്താല്‍ മുടിയുടെ പൊതുവായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ചുരുണ്ട മുടി ഉള്ളവര്‍ പൊതുവെ നേരിടുന്ന പ്രശ്‌നമാണ് വരള്‍ച്ച. ദിവസവും ഇങ്ങനെയുള്ള തലമുടിയില്‍ എണ്ണ നന്നായി പുരട്ടുന്നത് ഗുണം ചെയ്യും. എല്ലാ തരത്തിലുള്ള മുടിയ്ക്കും അത്യാവശ്യമാണ് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മസ്സാജ്. നന്നായി എണ്ണ പുരട്ടി 10-15 മിനിറ്റ് വരെ മസ്സാജ് ചെയ്യുന്നത് മികച്ച ഫലം തരും.