ഹൃദയം തകർന്ന് മൊറോക്കോ; മരണസംഖ്യ 2000 കടന്നു

റബറ്റ്: മൊറോക്കോയെ പിടിച്ചുലച്ച ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. കൂടുതൽ മരണം അൽ ഹാവുസ് പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്തത്. 1400ൽ അധികം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. 2100ൽ അധികം പേർക്ക് പരിക്കുകളുണ്ട്. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ സാധിച്ചിട്ടില്ല. തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളിലടക്കം രക്ഷാപ്രവർത്തനം തുടരുകയാണ്. മൊറോക്കയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ലോകരാജ്യങ്ങൾ മൊറോക്കൻ ദുരന്തത്തിൽ അനുശോചനം അറിയിച്ച് രം​ഗത്തെത്തി. ഇന്ത്യ, ഫ്രാൻസ്, സൗദി അറേബ്യ, ജർമനി, ഓസ്ട്രിയ അടക്കമുള്ള രാജ്യങ്ങൾ സഹായങ്ങൾ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ചരിത്ര ന​ഗരമായ മറാക്കഷിലും അടുത്തുള്ള പ്രാവശ്യകളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭയും അറിയിച്ചിട്ടുണ്ട്.

സെപ്തംബർ എട്ടിന് രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടർചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പർവത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂചലനം എന്നാണ് മൊറോക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജ്യോഗ്രഫി പറഞ്ഞത്