പുതുപ്പള്ളിയിലെ എക്‌സിറ്റ് പോള്‍ ഫലമെത്തി; ആക്‌സിസ് മൈ ഇന്ത്യ പ്രവചനത്തിൽ 14 ശതമാനം കൂടുതല്‍ വോട്ടിന് യുഡിഎഫ്

കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെക്കാള്‍ 14 ശതമാനം വോട്ട് അധികം നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. യുഡിഎഫ് 53 ശതമാനം വോട്ട് നേടുമ്പോള്‍, എല്‍ഡിഎഫ് 39 ശതമാനവും എന്‍ഡിഎ 5 ശതമാനവും മറ്റുള്ളവര്‍ മൂന്ന് ശതമാനവും നേടുമെന്നാണ് സര്‍വേ ഫലം. 

ഉപതെരഞ്ഞെടുപ്പില്‍ 74.27 ശതമാനമാണ് പോളിങ്. ആകെയുള്ള 1,76,412 വോട്ടര്‍മാരില്‍ 1,28,624 പേര്‍ വോട്ട് ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവാണിത്. 2021 ല്‍ പോളിങ് 75.35 ശതമാനമായിരുന്നു. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 74.4 ആണ്. 86,131 പേരില്‍ 64,084 പേര്‍ വോട്ട് രേഖപ്പെടുത്തി. സ്ത്രീകളുടേത് 71.48 ശതമാനം. 90,277 പേരില്‍ 64,538 പേര്‍ വോട്ട് ചെയ്തു.


ഉമ്മന്‍ചാണ്ടിയുടെ മരണത്തെതുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ലിജിന്‍ ലാല്‍, ആം ആദ്മി പാര്‍ടിയുടെ ലൂക്ക് തോമസ് എന്നിവരടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വെള്ളിയാഴ്ച കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍. രാവിലെ എട്ടിന് ആരംഭിക്കും.