പ്രാങ്ക് കാര്യമായി; കാഴ്ചയില്ലാത്ത അമ്മയ്ക്കും സഹോദരങ്ങൾക്കും മുൻപാകെ 13കാരന് ദാരുണാന്ത്യം

കഴുത്തിൽ കുരുങ്ങിയുള്ള പ്രാങ്ക് കൈവിട്ടുപോയതോടെ കാഴ്ചയില്ലാത്ത അമ്മയ്ക്ക് മുൻപാകെ 13കാരന് ദാരുണാന്ത്യം. ഉത്തർപ്രേദേശിലെ ജലൗനിലാണ് മനസ്സാക്ഷിയെ നടുക്കിയ ധാരുണസംഭവം അരങ്ങേറുന്നത്.അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജാസ് ആണ് മരിച്ചത്. ഒറായി കാൻഷിറാം കോളനിയിലെ വീട്ടിൽ തന്റെ സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്നു ജാസ്. തമാശയ്ക്ക് കഴുത്തിൽ കുരുക്കിട്ടായിരുന്നു ഇവർ കളിച്ചിരുന്നത്. എന്നാൽ കഴുത്തിൽ കുരുക്കിട്ട ശേഷം ജാസിന്റെ കാൽ അബദ്ധത്തിൽ സ്റ്റൂളിൽനിന്ന് വഴുതിപ്പോകുകയും ശ്വാസംമുട്ടി പിടയുകയുമായിരുന്നു. പ്രാങ്ക് ആണെന്ന് വിചാരിച്ചുനിന്ന സഹോദരങ്ങൾക്ക് ജാസിന്റെ മൂക്കിൽനിന്നും രക്തം വരുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് അപകടം മനസിലായത്‌.സംഭവം നടക്കുമ്പോൾ ജന്മനാ കാഴ്ചയില്ലാത്ത കുട്ടികളുടെ അമ്മ സംഗീതയും വീട്ടിലുണ്ടായിരുന്നു. കുട്ടികളുടെ അലർച്ചകേട്ട് ഓടിയെത്തിയ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രദേശവാസികൾ ഓടിയെത്തുകയും ജാസിന്റെ കഴുത്തിലെ കുരുക്ക് നീക്കി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ജാസ് മരിച്ചിരുന്നു.കുട്ടികളുടെ അച്ഛൻ ജോലിക്ക് പോയ സമയത്താണ് ധാരുണസംഭവം ഉണ്ടായത്. ദൈവം തനിക്ക് കാഴ്ച നൽകിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും തന്റെ കണ്മുന്നിൽവെച്ച് നടന്നിട്ടും തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അമ്മ സംഗീത വിലപിക്കുകയായിരുന്നു. കുടുംബത്തിലെ മൂത്ത കുട്ടിയായ ജാസ് പഠനശേഷം കുടുംബകാര്യങ്ങളിലും അമ്മയെയും അച്ഛനെയും സഹായിക്കാറുള്ള കുട്ടിയായിരുന്നു.