‘ജീവിച്ചിരിക്കുന്നുണ്ട്’; ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല; വാട്‌സപ്പ് ചാറ്റ് പങ്കുവച്ച് ഹെന്റി ഒലോങ്ക

സിംബാബ്‌വെയുടെ മുന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത വ്യാജം. ഇന്ന് രാവിലെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സിംബാബ്‌വെ പേസറായ ഹെന്റി ഒലോങ്ക.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സ്ട്രീക്ക് മരണപ്പെട്ടട്ടില്ലെന്ന സ്ഥിരീകരണം അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്. സ്ട്രീക്കുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും ഒലോങ്ക പങ്കുവെച്ചിട്ടുണ്ട്. സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് കരളിന് അര്‍ബുദം ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ബൗളിങ് ഓള്‍റൗണ്ടറായ സ്ട്രീക്ക് ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച സിംബാബ്‌വെ താരങ്ങളിലൊരാളാണ്.അര്‍ബുദത്തിന്റെ ചികിത്സ ദക്ഷിണാഫ്രിക്കയില്‍ നടന്നുവരവെയാണ് അദ്ദേഹം വിടപറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളെത്തിയത്. 49കാരനായ സ്ട്രീക്ക് മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം ഹീത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഒലോങ്കയും ഹീത്തിന്റെ വിയോഗത്തിന്റെ ദുഖം പങ്കുവെച്ചിരുന്നു.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 200-ലധികം വിക്കറ്റുകള്‍ (216) നേടിയ ഏക സിംബാബ്വെ കളിക്കാരനാണ് അദ്ദേഹം, റണ്‍സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. 2009-13 വരെയും 2016-18 വരെയും അദ്ദേഹം സിംബാബ്വെയുടെ പരിശീലകനായിരുന്നു.