യു.പിയില്‍ സന്യാസവേഷത്തിലെത്തിയയാള്‍ അഞ്ച് വയസുകാരനെ നിലത്തടിച്ചു കൊന്നു

ഉത്തര്‍പ്രദേശ് മഥുരയില്‍ അഞ്ച് വയസുകാരനെ നിലത്തടിച്ച് കൊലപ്പെടുത്തി. സന്യാസവേഷത്തില്‍ എത്തിയ 52കാരനായ ഓം പ്രകാശ് എന്നയാളാണ് കുട്ടിയെ കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി റോഡിലൂടെ നടന്നുപോകവെയായിരുന്നു ഓം പ്രകാശിന്റെ ആക്രമണം.പ്രകാശ് കുട്ടിയെ എടുത്ത് നിലത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധിയാളുകള്‍ തെരുവില്‍ കൂടി നില്‍ക്കുമ്പോഴാണ് ഓംപ്രകാശ് കുട്ടിയെ അക്രമിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചു. കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.