ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്‌ച്ച മുതൽ തുടങ്ങും; വിതരണം ചെയ്യുന്നത് മെയ്‌, ജൂൺ മാസങ്ങളിലെ പെൻഷൻ തുക.

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. മെയ്‌, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും 14 മുതൽ വിതരണം ചെയ്യാൻ ഉത്തരവായി. 23നു മുൻപ് വിതരണം പൂർത്തിയാക്കും.
രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ചു നൽകുന്നതിനാൽ 3200 രൂപ ഓണത്തിന് മുൻപ് 57 ലക്ഷം പേരുടെ കൈകളിലെത്തും. സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെൻഷനിൽ രണ്ട് മാസത്തേത് ഓണം പ്രമാണിച്ചാണ് ഒരുമിച്ച് നൽകുന്നത് 1762 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഇതിനായി 1000 കോടി രൂപ കടമെടുക്കും. ജൂലൈ മാസത്തെ പെൻഷനാണ് ഇനി കുടിശികയായുള്ളത്.