ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിറ്റിഡ്‌സനോടാണ് താരം പരാജയപ്പെട്ടത്. മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയിയുടെ തോല്‍വി.രണ്ടും മൂന്നും ഗെയിമില്‍ വിറ്റിഡ്‌സന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രണോയ്ക്ക് കഴിഞ്ഞില്ല. സ്‌കോര്‍: 21-18, 13-21, 14-21. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരനും നിലവിലെ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനെയാണ് പരാജയപ്പെടുത്തി പ്രണോയ് സെമിയിലെത്തിയത്.
പ്രീ ക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്റെ മുന്‍ ലോക ചാമ്പ്യന്‍ ലോ കീന്‍ യൂവിനെയാണ് പ്രണോയ് അട്ടിമറിച്ചത്. സെമിയില്‍ തോറ്റെങ്കിലും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ താരം പുറത്തെടുത്തത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ ആദ്യ മെഡലാണിത്.
കുന്‍ലവുത് വിറ്റിഡ്‌സന്റെ തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. ജപ്പാന്റെ കൊടായ് നരോക്ക, ഡാനിഷ് താരം ആന്റേഴ്സ് ആന്റണ്‍സെന്‍ സെമി ഫൈനല്‍ വിജയിയാകും കാലശപ്പോരില്‍ വിറ്റിഡ്‌സന്റെ എതിരാളി.