പല റേഷൻകടകളിലും ഇന്നും ഓണക്കിറ്റില്ല; ഉടൻ എത്തുമെന്ന് സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഭൂരിഭാഗം റേഷൻകടകളിലും ഇന്നും ഓണക്കിറ്റ് എത്തിയില്ല. ഇന്ന് വൈകിട്ടോടെയോ നാളെയോ കിറ്റ് കിട്ടുമെന്നാണ് സപ്ലൈകോയുടെ വിശദീകരണം. തിരുവനന്തപുരം നഗരപരിധിയിൽ കിറ്റ് വിതരണം നടക്കുന്നുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. സാധനങ്ങളെത്താത്തതാണ് കിറ്റ് വിതരണത്തിന് തടസമാകുന്നതെന്നാണ് ലഭിക്കുന്ന വിവരം.

പത്തനംതിട്ടയിലെ ഒരിടത്തും ഓണക്കിറ്റ് എത്തിയിട്ടില്ല. ഇന്ന് കിട്ടാൻ സാധ്യതയുണ്ടെന്ന് റേഷൻ കട ഉടമകൾ പറയുന്നു. കണ്ണൂർ ജില്ലയിലെ ചില റേഷൻകടകളിലും ഓണക്കിറ്റ് എത്തിയിട്ടില്ല. മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള ഓണക്കിറ്റ് വിതരണമാണ് പലയിടങ്ങളിലുമിപ്പോൾ മുടങ്ങിയിരിക്കുന്നത്. കിറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ റേഷൻ കടയിലെത്തിയവർക്ക് വെറും കൈയോടെ മടങ്ങേണ്ടിവന്നു. പതിനാല് ഇനങ്ങളടങ്ങിയ കിറ്റ് നൽകുമെന്നായിരുന്നു പ്രഖ്യാപനം.