അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് പരിശോധന:കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

ഓപ്പറേഷന്‍ ഇ- സേവയുടെ ഭാഗമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ അക്ഷ സെന്ററുകളില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍. ഇന്നലെ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ ഇരട്ടി തുക അക്ഷയ സെന്ററുകള്‍ ഫീസ് ഇടാക്കുന്നുവെന്നതാണ് പരിശോധനയിലൂടെ വിജിലന്‍സ് പ്രധാനമായും കണ്ടെത്തിയത്.പലയിടത്തും കൃത്യമായി ബില്ലുകള്‍ നല്‍കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകളും മിന്നല്‍ പരിസോധനയിലൂടെ വിജിലന്‍സ് കണ്ടെത്തി. പല അക്ഷയ സെന്ററുകളിലും പരാതി രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ല. അക്ഷയ കോര്‍ഡിനേറേറ്റര്‍മാര്‍ പല സെന്ററുകളിലും പരിശോധന നടത്തിയിട്ടില്ല. ചിലയിടത്ത് അക്ഷയ സെന്റര്‍ പ്രവര്‍ത്തിക്കുന്ന മുറികളില്‍ മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയാണ് സംസ്ഥാന വ്യാപകമായി അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.സംസ്ഥാനത്തെ അക്ഷയ സെന്ററുകള്‍ നല്‍കുന്ന സേവനങ്ങളേയും നല്‍കുന്ന ബില്ലുകളേയും സംബന്ധിച്ച് മുന്‍പ് തന്നെ പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധനയിലേക്ക് കടന്നത്. ഡിജിറ്റല്‍ ബില്ലുകള്‍ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പല അക്ഷയ സെന്ററുകളും പാലിക്കുന്നില്ലെന്നും വിജിലന്‍സ് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.