കരകുളം കായ്പ്പാടിയിൽ കെ-സ്റ്റോർ തുറന്നു

കരകുളം ഗ്രാമപഞ്ചായത്തിലെ കായ്പ്പാടിയിൽ ഓണസമ്മാനമായി കെ-സ്‌റ്റോർ തുറന്നു. കായ്പ്പാടിയിലെ 347ആം നമ്പർ റേഷൻകട കെ-സ്റ്റോറായി ഉയർത്തിയതിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. പൊതുവിതരണ രംഗത്തെ വിപ്ലവമാണ് പരമ്പരാഗത റേഷൻ കടകളിൽ നിന്നും കെ-സ്റ്റോറിലേക്കുള്ള മാറ്റമെന്ന് മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് രണ്ടാംഘട്ടമായി 200 കെ- സ്റ്റോറുകളാണ് ആരംഭിക്കുന്നത്. അതിൽ നെടുമങ്ങാട് താലൂക്കിലെ അഞ്ചു റേഷൻ കടകളെ കൂടി ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. 
നിലവിൽ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങളും, മിൽമ ഉത്പന്നങ്ങളും, 5 കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്‌റ്റോറിലൂടെ ലഭിക്കും. വൈദ്യുതി ബില്ല്, ടെലഫോൺ ബില്ല് എന്നിവ അടയ്ക്കുന്നതിനുള്ള സൗകര്യവും പഞ്ചായത്ത്, വില്ലേജ്, സപ്ലൈ ഓഫീസുകളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ 52ഓളം സേവനങ്ങളും 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. വ്യവസായ വകുപ്പിന്റെ 96 ഉത്പന്നങ്ങളെ കൂടി ഉൾപ്പെടുത്തി വിതരണം നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 
കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർ, ജില്ലാ സപ്ലൈ ഓഫീസർ അജിത് കുമാർ എന്നിവരും പങ്കെടുത്തു.