ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി തലസ്ഥാന നഗരി. കവടിയാർ മുതൽ മണക്കാട് വരെയും ശാസ്തമംഗലം വരെയും കനകക്കുന്നിനെയും പ്രകാശപൂരിതമാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും ടൂറിസം വകുപ്പിന്റെ പതാക ഉയർത്തലും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
കഴിഞ്ഞ വർഷത്തെ ദീപാലങ്കാരം ലോകശ്രദ്ധ നേടുകയും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. ഇത്തവണയും അത് ആവർത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കനകക്കുന്ന് വികസനത്തിന്റെ പാതയിലാണ്. കനകക്കുന്നിലെ നവീകരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. നിലവിലെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതും സർക്കാർ പരിഗണയിലാണ്. ഫുഡ് കിയോസ്‌ക്കുകൾ, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള മൂന്നു പെർഫോമിങ് സ്റ്റേജുകൾ, ഡിജിറ്റൽ മ്യൂസിയം തുടങ്ങിയവ അടുത്ത ഓണക്കാലത്തോടെ സാധ്യമാകും. കനകക്കുന്നിലേക്കുള്ള റോഡുകൾ പരിപാലിക്കുന്നതിനും ഭിന്നശേഷി സൗഹൃദമായി നവീകരിക്കുന്നതിനും രണ്ട് കോടി 60 ലക്ഷം രൂപ സർക്കാർ വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
കനകക്കുന്ന് കൊട്ടാര വളപ്പിൽ നടന്ന ചടങ്ങിൽ പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി. കെ ഹരീന്ദ്രൻ, പ്രശാന്ത്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, ടൂറിസം വകുപ്പ് ഡയറക്ടർ പി. ബി നൂഹ് തുടങ്ങിയവർ പങ്കെടുത്തു.
#onam #trivandrum #muhammedriyas #antonyraju