പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർക്ക് ക്രൂര ലൈംഗിക പീഡനം, തിരുവനന്തപുരത്ത് മുൻ സൈനികൻ അറസ്റ്റിൽ

തിരുവനന്തപുരം: പൂവാറിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർക്ക് ക്രൂര ലൈംഗിക പീഡനം. മുൻ സൈനികനായ പൂവാർ സ്വദേശി ഷാജി (56) പിടിയിലായി. സ്‌കൂളിൽ കുട്ടികൾക്ക് നടത്തിയ കൗൺസലിംഗിനിടെയാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്ത് വന്നത്. വനിതാ ശിശുവികസന കേന്ദ്രത്തിൽ നിന്നുള്ള കൗൺസലർ കഴിഞ്ഞ ദിവസമാണ് സ്കൂളിലെത്തിയത്. സഹോദരിമാരിൽ മൂത്ത പെൺകുട്ടിയാണ് കൗൺസിലിങ്ങിനിടെ പീഡന വിവരം പറഞ്ഞത്. പിന്നീട് സംശയം തോന്നിയ കൗൺസിലർ ഇളയ കുട്ടിയെയും വിളിച്ച് വരുത്തി ചോദിച്ചറിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ക്രൂര ലൈംഗിക പീഡനമാണ് ഇളയ പെൺകുട്ടി നേരിട്ടത്. മാനസികമായും ശാരിരികമായും കുട്ടി വളരെ മോശമായ അവസ്ഥയിലാണ്. 

കുട്ടികളുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് പീഡനം നടന്നത്. മാതാപിതാക്കൾക്ക് ഇയാൾ പണം സഹായം നൽകിയിരുന്നു. ഇത് മുതലെടുത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തുന്ന പ്രതി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.