ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും.വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. നിലവിൽ ചന്ദ്രയാൻ -3 ചന്ദ്രനിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ്. ഏറെ നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ മറ്റന്നാളാണ്.ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ കുതിച്ചത്. 2019 ൽ ചന്ദ്രയാൻ 2 ദൗത്യം സോഫ്റ്റ് ലാൻഡിംഗ് സമയത്ത് വെല്ലുവിളികൾ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആർ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കൽ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്.
2019ൽ വിക്ഷേപിച്ച ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയെങ്കിലും റോവറിൽ നിന്ന് ലാൻഡർ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്.