പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ശാരീരികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവഴന്നൂർ , പുല്ലയിൽ , പുതുവിളാകത്തുവീട്ടിൽ വസന്തകുമാർ (60) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. കൊടുവഴന്നൂർ സ്വദേശിനിയായ പതിനാറുകാരിയെയാണ് പ്രതി ഏഴാംക്ലാസ് മുതൽ പീഡനം തുടർന്നു വന്നത്. കൊടുവഴന്നൂരിൽ പെൺകുട്ടി പഠിക്കുന്ന ട്യൂഷൻ സ്ഥാപനത്തിലെ അധ്യാപകനോടാണ് പെൺകുട്ടി പീഡനം വിവരം അറിയിച്ചത്. സ്ഥാപനത്തിലെ അധ്യാപകൻ പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവും പ്രദേശത്തെ വാർഡംഗവും നഗരൂർ പൊലീസിൽ പരാതി നല്കുകയായിരുന്നു. കുട്ടിയെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ നടത്തിയ വിശദമായ കൗൺസിലിംഗിലാണ് പ്രതിയുടെ ക്രൂര പീഡന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. പീഡനം പകർത്തിയ ചിത്രങ്ങളും വീഡിയോകളും കൈയിലുണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടിയെ പ്രതി ജോലി ചെയ്തിരുന്ന പാൽവിതരണ സ്ഥാപനത്തിൽ വെച്ച് പീഡിപ്പിച്ചിരുന്നത്. കമ്പ്യൂട്ടർ പഠിപ്പിച്ച് നല്കാമെന്ന വ്യാജേനയാണ് ഏഴാംക്ലാസിൽ പഠിക്കുന്ന ഘട്ടത്തിൽ പെൺകുട്ടി പ്രതിയുമായി ചങ്ങാത്തം സ്ഥാപിച്ചത്. പെൺകുട്ടി പഠനത്തിൽ ഒട്ടും ശ്രദ്ധയില്ലാതാകുകയും പെരുമാറ്റത്തിൽ സംശയം ജനിച്ചപ്പോഴുമാണ് ട്യൂഷൻ സ്ഥാപനത്തിലെ അധ്യാപകൻ കുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. തുടർന്ന് പോക്സോ വകുപ്പുപ്രകാരം നഗരൂർ പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ ആറ്റിങ്ങൽ പോക്സോ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അറസ്റ്റിന് നഗരൂർ എസ്എച്ച്ഒ അമൃത് സിംഗ് നായകം , സബ്ഇൻസ്പെക്ടർ സജു, ഗ്രേഡ് എസ്ഐ മാരായ സുനിൽകുമാർ, ഹക്കീം, റീജ സീനിയർ സിപിഒ മാരായ വിനോദ്, മനോജ്, മഹേഷ് സിപിഒ പ്രതീഷ് എന്നിവർ നേതൃത്വം നല്കി.