കുത്തിവയ്പ്പ് എടുത്ത കുട്ടികള്‍ക്ക് ഉള്‍പ്പെടെ ദേഹാസ്വാസ്ഥ്യം; പുനലൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ പരാതി

പുനലൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ രോഗികളുടെ പരാതി. കുത്തിവയ്പ്പിന് ശേഷം പലര്‍ക്കും ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതാണ് പരാതിയ്ക്ക് കാരണം. മരുന്ന് മാറി കുത്തിവച്ചത് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 11 പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണമായെന്നാണ് പരാതി. എന്നാല്‍ മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളേയും മുതിര്‍ന്നവരേയും വിദ്ഗധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചിലരെ താലൂക്ക് ആശുപത്രിയില്‍ തന്നെ നിരീക്ഷിച്ച് ചികിത്സ നല്‍കി വരികയാണ്. ഇന്ന് വൈകിട്ട് എടുത്ത കുത്തിവെയിപ്പിന് ശേഷമാണ് കുട്ടികള്‍ ഉള്‍പ്പടെയുള്ള പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടത്.ആന്റി ബയോട്ടിക്കുമായി മിക്‌സ് ചെയ്ത ഡിസ്റ്റില്‍ഡ് വാട്ടറില്‍ നിന്നാകാം അണുബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം. ആരുടേയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.