പല ബ്രാന്‍ഡുകളുടെയും അരിപ്പൊടികളില്‍ അളവിലധികം കീടനാശിനി അവശിഷ്ടങ്ങൾ; സംസ്ഥാന വ്യാപകമായി പരിശോധനയും നടപടികളും

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 
അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി നിര്‍മ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. 
ഓണത്തോടനുബന്ധിച്ച് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒന്നാണ് അരിപ്പൊടി. ലഭ്യമാകുന്ന ചില അരിപ്പൊടി ബ്രാന്‍ഡുകളില്‍ കീടനാശിനി അവശിഷ്ടം നിശ്ചിത അളവില്‍ കൂടുതലായി കാണപ്പെടുന്നു എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ പരിശോധന ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാന വ്യാപകമായി 68 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 199 പരിശോനകള്‍ നടത്തി. കൊല്ലം, കോട്ടയം എന്നീ ജില്ലകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കാന്‍ നടപടി സ്വീകരിച്ചു. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്‍കി. ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 104 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 75 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് ലാബുകളില്‍ പരിശോധനക്കായി അയച്ചു. ഇടുക്കി ജില്ലയില്‍ മറ്റൊരു ദിവസം പരിശോധന നടത്തുന്നതാണ്.പല സ്ഥാപനങ്ങളും വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരമല്ലാതെ ഉല്പാദിപ്പിക്കുന്ന അരിപ്പൊടി പിടിച്ചെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നും പരിശോധനകള്‍ നടത്തി നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.