ബോണസും ശമ്പള വർദ്ധനവും ആവശ്യപ്പെട്ട് ജടായു ടൂറിസത്തിൽ സമരം ശക്തമാക്കും-സംയുക്ത തൊഴിലാളി യൂണിയൻ

ചടയമംഗലം: ജടായു ടൂറിസത്തിൽ ജീവനക്കാരുടെ ഓണം ബോണസും, ശമ്പള വർദ്ധനവും, മറ്റാനുകൂല്യങ്ങളും നിഷേധിക്കുന്നതായി പരാതി.
ഇതിനെതിരെ തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി യൂണിയൻ പ്രതിനിതികൾ സംയുക്തമായി യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. അഞ്ച് വർഷമായി ടൂറിസത്തിലെ ജീവനക്കാർക്കും കരാർ കമ്പനികളിലും ശമ്പള വർദ്ദനവോ ബോണസോ നൽകിയിട്ടില്ല. കരാർ കമ്പനിയിലെ ജീവനക്കാർക്ക് മിനിമം വേജസും ആനുകൂല്യങ്ങളും തുടർച്ചയായി നിഷേധിക്കുകയാണ്.
ഓണം, ക്രിസ്മസ് തുടങ്ങിയ ഫെസ്റ്റിവൽ സീസണുകളിൽ മുന്നറിയിപ്പില്ലാതെ 100-രൂപവരെ കമ്പനി ടിക്കറ്റ് നിരക്ക് ഉയർത്തി സഞ്ചാരികളെ ചൂഷണം ചെയ്യുന്നത് അനുവദിക്കാൻ കഴിയില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
പദ്ധതി ആരംഭിച്ചപ്പോൾ ഒഴിവുകളിൽ പൂർണ്ണമായും തദ്ദേശീയരെ നിയമിക്കും എന്ന്‌ പറഞ്ഞിരുന്നെങ്കിലും നടപ്പിലാക്കിയിട്ടില്ല എന്നും നേതാക്കൾ ആരോപിക്കുന്നു. 
ടൂറിസത്തിലെ സെക്യൂരിറ്റി, ഹൗസ്‌കീപ്പിംങ് ജീവനക്കാർക്ക് മിനിമം വേജസ് പോലും ലഭിക്കുന്നില്ല. പ്രതിദിനം ലക്ഷങ്ങൾ വരുമാനമുളള ടൂറിസത്തിലെ ജീവനക്കാർക്ക് ലേബർ നിയമപ്രകാരമുളള ആനുകൂല്യങ്ങൾ പോലും നൽകാതെ ചൂഷണം ചെയ്യുന്നത്‌ ഒരു തൊഴിലാളി സംഘടനയ്ക്കും അഗീകരിക്കാൻ കഴിയില്ല എന്നും നേതാക്കൾ വ്യക്‌തമാക്കുന്നു. ഈ വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിനും സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.
തൊഴിലാളികൾക്ക് ശമ്പള വർദ്ധനവിനോടൊപ്പം ഈ വർഷത്തെ ബോണസ് തുക വാർഷിക ശമ്പളത്തിന്റെ 15 ശതമാനമായി നിശ്ചയിക്കാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓണനാളുകളിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ഡി.സന്തോഷ്, വി.ഒ സാജൻ, ബി.വിമൽകുമാർ തുടങ്ങിയവർ അറിയിച്ചു.