'ജെൻഡർ സ്റ്റീരിയോടൈപ്പുടകളെ ചെറുക്കുന്നതിനുള്ള ശൈലീപുസ്തകം' എന്നാണ് പ്രകാശന വേളയിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇതിനെ വിശേഷിപ്പിച്ചത്. പുസ്തകത്തിന്റെ പ്രകാശന വേളയിൽ, മുൻകാല കോടതി വിധികളിൽ സ്ത്രീകളെ കുറിച്ച് ഉപയോഗിച്ചിരുന്ന നിന്ദ്യമായ നിരവധി വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു. കോടതി വിധികളിൽ സ്ത്രീകളെ വിശേഷിപ്പിച്ച ഈ വാക്കുകൾ അനുചിതമാണ്.
എന്നാൽ വിധിന്യായങ്ങളെ വിമർശിക്കുകയോ സംശയിക്കുകയോ അല്ല, ഈ ശൈലീ പുസ്തകത്തിന്റെ ലക്ഷ്യം. ലിംഗപരമായ സ്റ്റീരിയോടൈപ്പ് പ്രയോഗങ്ങൾ അശ്രദ്ധമായി എങ്ങനെ നിലനിൽക്കുന്നുവെന്ന് അടിവരയിടുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പ്രയോഗങ്ങൾ നിർവചിക്കുകയും അത് അനുചിതമായ പ്രയോഗമാണെന്ന അവബോധം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പുസ്തകം കൊണ്ട് ലക്ഷ്യമാക്കുന്നത്. സ്ത്രീകളെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് പ്രയോഗങ്ങളും വാക്കുകളും തിരിച്ചറിയാൻ ഇത് ജഡ്ജിമാരെ സഹായിക്കും. കൈപ്പുസ്തകം സുപ്രീംകോടതിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.മാർച്ചിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ ലിംഗപരമായ സ്റ്റീരിയോ ടൈപ്പ് പ്രയോഗങ്ങൾ തടയുന്നതിനുള്ള ഒരു ശൈലീ പുസ്തകം പണിപ്പുരയിലാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞിരുന്നു. ഒരാളുമായി ഒരു സ്ത്രീ ബന്ധത്തിലായിരിക്കുമ്പോൾ 'വെപ്പാട്ടി' എന്ന് പരാമർശിക്കുന്ന വിധിന്യായങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. മറ്റു ചില വിധികളിൽ സ്ത്രീകളെ 'കീപ്പ്' എന്ന് വിശേഷിപ്പിക്കുന്നതും കണ്ടു എന്നുമായിരുന്നു ഈ കൈപ്പുസ്തകം തയ്യാറാക്കുന്നതിനുള്ള കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.